ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ കോവിഡ് 19 : ആസ്വാദനങ്ങളും ആകുലതകളും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 : ആസ്വാദനങ്ങളും ആകുലതകളും

വായന, പഠനം, എഴുത്ത് ഇവയെക്കാൾ എന്നും എനിക്കു പ്രിയം കളികളോടു തന്നെയാണ്. വീടും നാടും ഭീതിയിലാണ്ടിരിക്കയാണെന്ന ബോധവും ഭീതിയുമൊക്കെ എന്നെയും നേരിയ തോതിലൊക്കെ അലട്ടുന്നുണ്ടായിരുന്നു. ഉപ്പയുടെ നിർബ്ബന്ധത്തിനു വഴങ്ങിയുള്ള രാവിലത്തെ പത്രവായനയിൽ നിന്നും ചിലതൊക്കെ ഞാനും തിരിച്ചറിഞ്ഞു. വന്യമൃഗങ്ങളെ പോലെ കടിച്ചു കീറാൻ മടിയില്ലാത്ത മനുഷ്യനെ കണ്ണുകൾ കൊണ്ടു കാണാൻ കഴിയാത്ത ഇത്തിരിക്കുഞ്ഞൻ വൈറസ് അടക്കി വീട്ടിലിരുത്തി ഭരിക്കുന്നതിന്റെ പല വാർത്തകളും ഫോട്ടോസും ഞാനും വായിച്ചെടുത്തു.

കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും അവധിക്കാലം കുറച്ചു നീണ്ടുകിട്ടിയതിന്റെ സന്തോഷം ഇടക്കിടക്ക് പുറത്തുചാടും. ഉമ്മ ഉണ്ടാക്കിത്തന്ന സമയ വിവരപ്പട്ടിക ഒരു വില്ലനായിരുന്നെങ്കിലും എന്റെ കളികൾക്കൊന്നും ഞാൻ മുടക്കം വരുത്തിയില്ല. പ്രകൃതിയോട് കൂടുതൽ അടുക്കാനും അവസരമുണ്ടായി.

ആറു വയസ്സുകാരൻ അനിയൻ വീടിനുള്ളിൽ കസേരകൾ കൊണ്ടും മറ്റും വെച്ചുകെട്ടുന്ന അവന്റെ സങ്കൽപ വീടുകളും കൊച്ചു കൊട്ടാരങ്ങളും പലപ്പോഴും ഉമ്മയുടെ അടുക്കും ചിട്ടക്കും ഒരു ശല്യമായിത്തോന്നിയതോടെ ഉമ്മ തന്നെ മുൻകയ്യെടുത്ത് പുറത്ത് ഒരു തണലുള്ള മരച്ചുവട്ടിൽ ഒരു 'കുറ്റിപ്പെര വെച്ചു. കുറ്റിപ്പെരയാണോ കുട്ടിപ്പെരയാണോ ഈ പുരയുടെ ശരിയായ പേര് എന്നതും എന്റെ ഗവേഷണ നിരീക്ഷണ ഗണത്തിൽപ്പെടും.

തെക്കുപട്ടയുടെ തലപ്പുകൾ കൊണ്ടു മേഞ്ഞ നേരത്തെ പറഞ്ഞ കുറ്റിപ്പുരക്ക് ഉമ്മയുടെ പഴയ തട്ടങ്ങൾ കൊണ്ടുള്ള കൊണ്ടുള്ള സീലിങ്ങും, മേൽക്കൂരയോട് മുട്ടാതെ ഇലകളും ഹാഡ് ബോർഡും കൊണ്ടു മറച്ചു കെട്ടിയ വശങ്ങളും തീർത്തപ്പോൾ വലിയ കൗതുകം തോന്നി. ഇത്തരം കാര്യങ്ങളിൽ സഹായിക്കാൻ ഞാനെന്നും അതീവ തത്പരനാണ്. അല്ലെങ്കിലും വായനയിൽ നിന്ന് രക്ഷപ്പെടാനും പടച്ചോന്റെടുത്തു നിന്ന് കൂലി കിട്ടാനും പലപ്പഴും ഉമ്മയെ സഹായിക്കൽ എനിക്കൊരു ശീലമാണ്. കുട്ടിപ്പുര പണിയുന്നതിനിടയിൽ ഉമ്മയുടെ ചെറുപ്രായത്തിൽ ഉമ്മയും അവൽ വാസികളായ കൂട്ടുകാരും കളിച്ചിരുന്ന ഇത്തരം കളികളെ കുറിച്ചു പറഞ്ഞപ്പോൾ വല്ലാത്ത കൊതി തോന്നി. ഒപ്പം അസൂയയും.

ഇന്ന് ഒരു പാട് സമയം ഞാനാ കുറ്റിപ്പുരക്കുള്ളിലിരുന്നു. അതിൽ വിരിച്ച പേപ്പർ പരവതാനിയിൽ കിടന്നാൽ ചുററു ഭാഗത്തെ മരങ്ങളിൽ നിന്നും അണ്ണാനും പക്ഷികളും ഒക്കെ ചില ക്കുന്നതു കേൾക്കാം. വീടിനുള്ളിലെ ഫാനിന്റെ ചൂടുകാറ്റിനെക്കാൾ എത്രയോ കുളിർമ്മയേകുന്ന സുഖമുള്ള കുളിർതെന്നുകളും ആസ്വദിക്കാം. ഒരു വല്ലാത്ത സുഖം ഞാനനുഭവിച്ചു. ഈ ചുറ്റുവട്ടത്തല്ലെ ഞാനും ഇതുവരെ കഴിഞ്ഞു കൂടിയിരുന്നതെന്നോർത്തപ്പോൾ എനിക്കെന്നോടു തന്നെ പുഛം തോന്നി.

ലോക്ക് ഡൗണായത് കാരണം ഉപ്പയും ഉമ്മയും മിക്ക സമയവും വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് ഉപ്പയിൽ നിന്ന് ഒരു പാട് കടങ്കഥകളും കണക്കുകളികളും ഒക്കെ പലപ്പോഴായി കിട്ടിക്കൊണ്ടിരുന്നു. കൂട്ടത്തിൽ ഉപ്പയുടെ കുട്ടിക്കാല അനുഭവങ്ങളും കുറേ കേൾക്കാനായി. അതൊക്കെ കേട്ടപ്പോഴാണ് ഞാനൊക്കെ എന്തു ഭാഗ്യമുള്ള കുട്ടിയാണെന്ന് മനസ്സിലായത്. അവരൊക്കെ ഉണ്ണാനും ഉടുക്കാനുമൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരു രാത്രി ഓരോന്നു സംസാരിച്ചോണ്ടിരിക്കുന്നതിനിടയിലേക്കാണ് ഉമ്മ മറ്റൊരു പഴയ കളിയുമായി വന്നത്. 'കള്ളനും പോലീസും', തറവാട്ടിലെ കൂട്ടുകാരുമൊത്ത് ഈ കളി ഞാൻ കളിച്ചിരുന്നെങ്കിലും ഉപ്പയും ഉമ്മയും അനിയനും കാക്കുവും ഒത്തുള്ള ഈ കളി ഒരു വേറിട്ട അനുഭവമായി.


പിന്നെ എന്നും കുറച്ചു നേരമെങ്കിലും കള്ളനും പോലീസും കളിക്കൽ ഒരു ശീലമായി. ഇല്ലെങ്കിൽ അനിയൻ ആരെയും വെറുതെ വിടില്ല. അപ്പഴാണ് ഉമ്മ മറ്റൊരു ഐറ്റം പുറത്തെടുത്തത് 'പൂജ്യം വെട്ടിക്കളി'. അതും വളരെ ആസ്വാദ്യകരമായിത്തോന്നി. അപ്പോഴൊക്കെ ഞാൻ ആലോചിക്കുകയായിരുന്നു ഇവരുടെയൊക്കെ കുട്ടിക്കാലങ്ങൾ എന്തു രസമായിരുന്നിരിക്കും. പറഞ്ഞുകേൾക്കാൻ തന്നെ ബഹുരസം. എന്റെ തലമുറയിലെ കുട്ടികളുടെ കളിക്കൂട്ടുകാരെല്ലാം TV, Tab, Mobile Phone ഒക്കെയാണല്ലൊ. അതാണല്ലൊ എല്ലാർക്കും ഇഷ്ടവും. എന്നാലും എന്നെ പോലെ ചിലരെങ്കിലും കാണില്ലെ മണ്ണിൽ കളിച്ച് മണ്ണിനോട് ഇണങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നവർ?!

കുളമുണ്ടാക്കി മീൻ വളർത്താനും, പൂച്ച, മുയൽ, അണ്ണാൻ ഇവയെ ഒക്കെ വീട്ടിൽ വളർത്താനും എനിക്കു വലിയ ഇഷ്ടമാണ്. ഞാനത് ഇടക്ക് ഉമ്മയോടു പറയാറുമുണ്ട്. പക്ഷേ ഉമ്മ പറയും "സ്ക്കൂൾ തുറന്നാൽ നമ്മളാരും പകൽ വീട്ടിലുണ്ടാകില്ലല്ലോ അപ്പൊ അതൊന്നും ശരിയാകില്ല" എന്ന്. അങ്ങനെയാണെങ്കിൽ സ്ക്കൂളും പഠനവുമൊക്കെ മാറ്റി വെച്ച് സഹജീവികളോട് ഇണങ്ങി ജീവിക്കാൻ ഞാൻ എപ്പഴേ റെഡിയാണ്. പക്ഷേ..., ആരോടു പറയാൻ....? ആരു കേൾക്കാൻ.....?

മുഹമ്മദ് അഹ്സൻ
6 A ഡി എൻ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം