ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന/അക്ഷരവൃക്ഷം/ആരോഗ്യം തന്നെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം തന്നെ സമ്പത്ത്

കുന്നും മലയും പുഴകളും കുരുവികളുടെ കളകളനാദവും മുഴങ്ങുന്ന പ്രകൃതിസുന്ദരമായ ഒരു കൊച്ചുഗ്രാമത്തിലെ കർഷകനാണ് അപ്പു. അപ്പുവിന് രണ്ടാൺമക്കൾ. അമ്മയില്ലാത്ത അവരെ ആ ദുഖങ്ങളൊന്നും അറിയിക്കാതെയാണ് അപ്പു വളർത്തിയത്. തനിക്ക് കിട്ടാത്ത സുഖസൌകര്യങ്ങളും അപ്പു അവർക്ക് നൽകി. മൂത്ത മകൻ അനൂപിന് അച്ഛൻ കർഷകനാണെന്ന് പറയുന്നതു തന്നെ നാണക്കേടായിരുന്നു. അവനെപ്പോഴും പ്രിയം തിരക്കേറിയ നഗരത്തോടായിരുന്നു. മണ്ണിലിറങ്ങാനോ അച്ഛനെ സഹായിക്കാനോ അവന് നേരമുണ്ടായിരുന്നില്ല. അപ്പുവിന്റെ രണ്ടാമത്തെ മകനായ ഗോകുലിനാണെങ്കിൽ അച്ഛനെ പോലെ കർഷകനാകാനാണ് പ്രിയം. പ്രകൃതിയെ സ്നേഹിച്ച്, മണ്ണിൽ പൊന്നു വിളയിച്ച് കാലം കടന്നു പോയി.

പെട്ടന്നാണ് അപ്പുവിന്റെ അന്ത്യം ഉണ്ടായത്. അത് അപ്പുവിന്റെ കുടുംബത്തെ പിടിച്ചുലച്ചു. ഗോകുൽ അച്ഛന്റെ പാത പിന്തുടർന്ന് നല്ല കർഷകനായി മാറി. അനൂപാകട്ടെ സ്ഥലങ്ങളെല്ലാം വിറ്റ് നഗരത്തിലേക്ക് ചേക്കേറി. ഗോകുൽ മണ്ണറിഞ്ഞ് വിത്ത് വിതറി. അച്ഛനിൽ നിന്ന് പകർന്ന് കിട്ടിയ അറിവിലൂടെ നല്ല കർഷകനായി. ഗോകുലിന്റെ പച്ചക്കറിത്തോട്ടം കാണാനും വിഷമില്ലാത്ത പച്ചക്കറികൾ വാങ്ങാനും നഗരത്തിൽനിന്നുവരെ ആളുകൾ അന്വേഷിച്ചെത്തി.

അനൂപ് ഒരു നഗരവാസിയായിക്കഴിഞ്ഞിരുന്നു. എപ്പോഴും തിരക്ക്, പാക്കറ്റ് ഭക്ഷണം, ഫാസ്റ്റ് ഫുഡ്... പണത്തിനു പിന്നാലെ എന്നും ചീറിപാഞ്ഞു. വർഷങ്ങൾ പിന്നിട്ടു.

പ്രതീക്ഷിക്കാതെ ഗോകുലിന് ഒരു ഫോൺ കോൾ.. സിറ്റി ഹോസ്പിറ്റലിൽ നിന്ന്. അനൂപിന്റെ രണ്ട് വൃക്കകളും തകരാറിലായി അവൻ മരണത്തോട് മല്ലടിക്കുകയാണെന്നായിരുന്നു സന്ദേശം.

ഗോകുൽ ആശുപത്രിയിലേക്ക് ഓടിയെത്തി. അനൂപ് ആശുപത്രികിടക്കയിൽ തളർന്ന് കിടക്കുകയായിരുന്നു.

ഗോകുൽ അനൂപിനെ ആശ്വസിപ്പിച്ചു. ചിട്ടയില്ലാത്ത ജീവിതക്രമം ആണ് തന്നെ ഈ വിധം രോഗിയാക്കിയതെന്ന് അനൂപ് തിരിച്ചറിഞ്ഞു. ഗോകുലിന്റെ ഇരുകൈകളും പിടിച്ച് അനൂപ് പറഞ്ഞു, ഗോകുൽ ഞാൻ തിരിച്ചു വരികയാണ്, നമ്മുടെ ഗ്രാമത്തിലേക്ക്.., അവിടെ അച്ഛന്റെ പാത പിന്തുടർന്ന് എനിക്ക് ജീവിക്കണം.

ഗോകുലിന് ഇത് കേട്ടപ്പോൾ സന്തോഷമായി. വൈകിയാണെങ്കിലും അച്ഛനേയും പ്രകൃതിയേയും ചേട്ടൻ സ്നേഹിക്കാൻ തുടങ്ങിയതിന് ദൈവത്തിനോട് നന്ദി പറഞ്ഞു.

ശ്രീനന്ദ വി പ്രതീഷ്
2 ബി ഡി.എസ്.എസ് പഴുന്നാന
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ