ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/എന്റെ ഗ്രാമം/കൂടുതലറിയാൻ
ജനങ്ങളും ജീവിതരീതിയും
പണ്ടുകാലത്ത് ഇവിടെയുള്ളവർ ജീവിച്ചിരുന്നത് ഒത്തിരി പ്രാരാബ്ധങ്ങൾ സഹിച്ചുകൊണ്ടാണ്. അന്ന് പലരും മുഴു പട്ടിണിയായിരുന്നു. തൊഴിലാളികൾക്ക് കൂലിയായി നൽകിയിരുന്നത് അരസേർ നെല്ലായിരുന്നു. സ്ത്രീകൾക്ക് കാൽസേറും. വീട്ടിൽ കൊണ്ടുവന്ന് കുത്തി അരിയാക്കി കഞ്ഞിവെച്ച് കുടിച്ചാണ് പല കുടുംബങ്ങളും വിശപ്പടക്കിയത്. എന്നാൽ ഇന്ന് പ്രദേശത്തിന്റെ ചിത്രം ഏറെ മാറി. വിദ്യാഭ്യാസ സമ്പന്നരുടെ എണ്ണം കൂടി ഉദ്യോഗസ്ഥരും മറ്റ് സ്ഥിര വരുമാനക്കാരും വർദ്ധിച്ചു. ഗൾഫിലും മറ്റു വിദേശ നാടുകളിലും ജോലി ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചു കച്ചവടക്കാരും വ്യാപാരവ്യവസായിക മേഖലകളിൽ പ്രവർത്തിക്കുന്നവരും വർദ്ധിച്ചു.ഇത് മുട്ടിലിന്റെ ദുരിതപൂർണമായ ജീവിതത്തിൻറെ മുഖം മാറുന്നതിനിടയാക്കി.
സാംസ്കാരിക പൈതൃകം
മത സാമൂഹ്യ സാംസ്കാരിക രംഗത്ത് ഏറെ പേരുകേട്ട പ്രദേശം കൂടിയാണ് മുട്ടിൽ ഗ്രാമം. എ. വി. കുട്ടിമാളു അമ്മയുടെ സഹോദരൻ ശ്രീ .എ. വി. രാധാഗോപി മേനോൻ എന്ന മഹത് വ്യക്തി മുസ്ലിം പള്ളിയുടെ പ്രസിഡൻറ് ആയിരുന്നു എന്നത് ഏറെ പ്രാധാന്യമുള്ള ഒരു ചരിത്ര സംഭവമാണ്. വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് മുസ്ലീങ്ങളുടെ പ്രാർത്ഥനാ സമയത്ത് രാധാഗോപി മേനോൻ പള്ളിയുടെ മുറ്റത്ത് നില്ക്കുന്ന കാഴ്ച മതസൗഹാർദത്തിന് നേർക്കാഴ്ചയായിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ രാത്രികാല പ്രസംഗങ്ങൾ ആയിരുന്നു പ്രധാന മതവിജ്ഞാനരംഗം. മദ്രസകളിൽ അറബിമലയാളം ആണ് ഉപയോഗിച്ചിരുന്നത്. കല്യാണ സദസ്സുകളിൽ മാപ്പിളപ്പാട്ട് ആലപിക്കുന്ന പലരും ഇവിടെയുണ്ടായിരുന്നു.ഈ പ്രദേശത്ത് നടുവടി കോളനി, മുത്തേടം കോളനി, ചെറുമൂല കോളനി ,പഴശ്ശികോളനി തുടങ്ങിയ കോളനികളിൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്നുണ്ട്. അവരും പുരോഗമിച്ചു വരികയാണ്. അവിടുത്തെ കുട്ടികൾ എല്ലാം വിദ്യ അഭ്യസിച്ചു വരുന്നു. ആദിവാസികളുടെ ആഘോഷങ്ങളും ആചാരങ്ങളും പ്രത്യേകരീതിയിലാണ്. വസ്ത്രങ്ങളും ആഭരണങ്ങളും കാണാൻ നല്ലചന്തമാണ്.
പ്രദേശത്തിൻറെ വിദ്യാഭ്യാസപുരോഗതിക്ക് സഹായിച്ച മഹത് വ്യക്തികൾ, പ്രസ്ഥാനങ്ങൾ സ്ഥാപനങ്ങൾ
വ്യക്തികൾ: സ്വാതന്ത്ര്യസമരസേനാനി എ .വി കുട്ടിമാളു അമ്മയുടെ സഹോദരനും ഗോവിന്ദമേനോന്റെയും മാധവിക്കുട്ടി അമ്മയുടെയും മകനായ എ. വി രാധാ ഗോപി മേനോൻ പ്രദേശത്തിൻറെ വിദ്യാഭ്യാസപുരോഗതിക്ക് ഏറ്റവും മഹനീയമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു. മുട്ടിൽ എ.യു.പി സ്കൂൾ എന്ന പേരിൽ മുമ്പുണ്ടായിരുന്ന സ്കൂൾ ഇദ്ദേഹത്തിൻറെ മാനേജ്മെന്റിന്റെ കീഴിൽ ആയിരുന്നു പിന്നീട് സി. എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് WMO യ്‌ക്ക് 8,9,10 ക്ലാസുകൾ തുടങ്ങാൻ അനുവാദം നൽകി. എൽ.പി ,യു.പി വിഭാഗം മാനേജ്മെൻറ് നിലവിലുള്ള അധ്യാപകർ അടക്കം WMO യ്‌ക്ക്കൈമാറി.മുട്ടിൽ AUPസ്കൂൾ നിലനിന്ന സ്ഥലം വിവേകാനന്ദ മെഡിക്കൽ മിഷൻ ആയി പ്രവർത്തിക്കുന്നു. ഇദ്ദേഹത്തിന് ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നെങ്കിലും അതിൽ ഭൂരിഭാഗവും ആശ്രിതർക്ക് ദാനം ചെയ്തു.
വൈദേശിക ബന്ധം
പഴശ്ശി കലാപവും അടിച്ചമർത്തപ്പെട്ടതി നുശേഷമാണ് ആസൂത്രിതമായ ഒരു കൊളോണിയൽ ചൂഷണ വ്യവസ്ഥയ്‌ക്ക് മുട്ടിലിൽ തുടക്കമിടാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞത്. ആധുനിക രീതിയിലുള്ള ഒരു ഭരണസംവിധാനം വയനാട്ടിൽ നടപ്പിലാക്കാൻ തീരുമാനിച്ചതോടെ മുട്ടിലിലും അത് പ്രാവർത്തികമായി. സമൃദ്ധിയായി വിളഞ്ഞിരുന്ന സുഗന്ധദ്രവ്യം ആയ ഏലത്തിന് പണ്ടുമുതൽ തന്നെ ലോക വിപണിയിൽ ഒന്നാം സ്ഥാനമായിരുന്നു തടിക്കുവേണ്ടി കാടുകൾ ചൂഷണം ചെയ്യാൻ തുടങ്ങിയതോടെ ഏലം നശിച്ചു. സ്വാഭാവികമായി ഏലം കിട്ടാതെ വന്നപ്പോൾ ഏലം കൃഷി ചെയ്യാൻ തുടങ്ങി .ഏലം മാത്രമല്ല കുരുമുളകും കാപ്പിയും കയറ്റിയയക്കാൻ തുടങ്ങി. മുട്ടിലിലും വാര്യടും കാപ്പി എസ്റ്റേറ്റുകൾ സ്ഥാപിച്ചതും വിദേശികളാണ്.
ചരിത്രശേഷിപ്പുകൾ
ഐതിഹ്യങ്ങളുടെയും ചരിത്ര ശേഷിപ്പുകളുടെ യും സ്വപ്ന ഭൂമിയാണ് വയനാട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് എടക്കൽ ഗുഹ. എന്നാൽ മുട്ടിൽ പ്രദേശത്തെ ചരിത്ര ശേഷിപ്പായി ഇന്നും നിലനിൽക്കുന്നത് മുട്ടിൽ അമ്പുകുത്തി മഹാവിഷ്ണു ക്ഷേത്രമാണ്. എന്തെന്നാൽ ഈ അമ്പലം നിലനിൽക്കുന്നതിന് ഐതിഹ്യം ഉള്ളതായി കണക്കാക്കുന്നു. മലയുടെ മുകളിൽ വിഷ്ണുവിന്റെ ഒരു പ്രതിമ ഉണ്ടായിരുന്നു. ഇതു പൂജിക്കാനായി പൂജാരി ദിവസവും പുലർച്ചെ മലചവിട്ടുമായിയിരുന്നു. എന്നാൽ ഒരു ദിവസം പൂജാരി എന്നും മല ചവിട്ടുന്നത് പ്രയാസമായതിനാൽ ദൈവത്തിനോട് കരഞ്ഞു പ്രാർത്ഥിച്ചു .അങ്ങനെ അടുത്ത ദിവസം പൂജ ചെയ്യാനായി പൂജാരി മലചവിട്ടാൻ എത്തിയപ്പോൾ ആ മഹാ വിഷ്ണു പ്രതിമ ഉതിർന്നു താഴെ എത്തിയതായി പറയപ്പെടുന്നു. ആ സ്ഥലത്താണ് ഇന്ന് കാണുന്ന മുട്ടിൽ അമ്പുകുത്തി മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇന്നും അമ്പലത്തിൽ ജനങ്ങൾ വരികയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇന്നും ചരിത്രശേഷിപ്പായി അവശേഷിക്കുന്നു. ഇവിടെ ചരിത്രശേഷിപ്പായി കാണപ്പെട്ടിരുന്നത് പാമ്പും പാറ എന്നതായിരുന്നു. ഇവിടെ പാറയുടെ മുകളിൽ പാമ്പിൻറെ ചിത്രങ്ങൾ കൊത്തി വെച്ചിരിക്കുകയാണ്. ഇത് ഇന്ന് ചരിത്രശേഷിപ്പായി അവശേഷിക്കുന്നില്ല. ഈ പാറ തകർത്ത് ജനങ്ങൾ ഇവിടെ ജനവാസകേന്ദ്രം ആക്കി മാറ്റി.