ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇപ്പോഴത്തെ ഒറ്റപ്പാലം താലൂക്കിൽപ്പെടുന്ന വെള്ളിനേഴി പഞ്ചായത്തിലെ കുറുവട്ടൂർ ദേശത്തുള്ള തേനേഴി മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകനായി 1909 ഫെബ്രുവരി 16ന് ജനിച്ച ശങ്കരൻ നമ്പുതിരിപ്പാട്, തറവാട് ഭാഗിച്ചപ്പോൾ തനിയ്ക്കു ലഭിച്ച, ഇപ്പോഴത്തെ കരിമ്പുഴ പഞ്ചായത്തിന്റെ വടക്കേ അതിരിൽ ഒരു പുര പണിത് കുടുംബ സമേതം അവിടെ താമസമാക്കി. വിദ്യാഭ്യാസസൗകര്യങ്ങൾ ആ ചുറ്റുവട്ടത്തൊന്നും ഇല്ലെന്നതു കണ്ട അദ്ദേഹം തച്ചനാട്ടുകാര പഞ്ചായത്തിന്റെ തെക്കേ അതിരിൽ 1949 ഓഗസ്റ്റ് 9ന് രണ്ടു ഡിവിഷനിൽ ഒന്നാം ക്ലാസ്സോടെ ഒരു പ്രൈമറി സ്കൂൾ തുടങ്ങി - ഒരു നാലുകാലോലപ്പുര. ആദ്യത്തെ പ്രധാനാദ്ധ്യാപകനായി കെ. ഗോപാലൻ നായർ മാസ്റ്ററെ നിയമിയ്ക്കുകയും ചെയ്തു.
തുടർന്ന്, കൊല്ലം തോറും ഓരോ ക്ലാസ്സെന്ന ക്രമത്തിൽ കൂട്ടിച്ചേർത്ത് അഞ്ചു കൊല്ലം കൊണ്ട് അഞ്ചു ക്ലാസ്സുകളുള്ള ഒരു പരിപൂർണ്ണ ലോവർ പ്രൈമറി സ്കൂളായി വളർന്നു. 1956 ൽ ഇത് വിദ്യാപ്രദായിനി യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. പിന്നീട് 1962 ജൂണിൽ ഇതിനോടു ചേർന്ന് ഒരു ഹൈ സ്കൂളും സ്ഥാപിതമായി. ടി.എസ്. നമ്പൂതിരിപ്പാടിന്റെ സഹധർമ്മിണി ശ്രീമതി ദേവകി അന്തർജ്ജനം ഹൈ സ്കൂൾ മാനേജരായും സ്കൂൾ സ്ഥാപകനായ ടി.എസ്. നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠപുത്രനായ ടി.എം.എസ്. നമ്പൂതിരിപ്പാട് പ്രധാനാദ്ധ്യാപകനായും ചുമതലയേറ്റു. തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ഹൈ സ്കൂൾ (ടി.എസ്.എൻ.എം. ഹൈസ്കൂൾ) എന്നു പിൽക്കാലത്തു നാമകരണം ചെയ്യപ്പെട്ട ഈ ഹൈ സ്കൂൾ 2010 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടതോടൊപ്പം എൽ.പി. വിഭാഗത്തോടു ചേർന്ന് പ്രീ പ്രൈമറി വിഭാഗം കൂടി പ്രവർത്തിച്ചു തുടങ്ങിയതോടെ, സാങ്കേതികമായി രണ്ടു സ്ഥാപനങ്ങളായ ഈ രണ്ടു വിദ്യാലയങ്ങളും കുണ്ടൂർക്കുന്നിൽ അറിവിന്റെ നിറദീപങ്ങളായി മാറി. ടി.എസ്. നമ്പൂതിരിപ്പാടിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനും തൃശ്ശൂർ എസ്. എൻ. എ. ഔഷധശാലയുടെ മാനേജരുമായിരുന്ന ശ്രീ. ടി. എം. നാരായണൻ യു. പി. സ്കൂളിന്റെ മാനേജരുടെ ചുമതല വഹിച്ചു. ടി. എസ്. നമ്പൂതിരിപ്പാടിന്റെ തന്നെ മകനും ടി. എസ്. എൻ. എം. ഹൈസ്കൂൾ മുൻ അദ്ധ്യാപകനുമായ ശ്രീ. ടി. എം. അനുജൻ മാസ്റ്റർ ആണ് ഹയർ സെക്കന്ററി സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. അദ്ദേഹത്തിന്റെ പത്നിയും ഹൈസ്കൂളിലെ മുൻ പ്രധാനാദ്ധ്യാപികയുമായ ശ്രീമതി വസുമതി ടീച്ചർ യു. പി. സ്കൂളിന്റെ മാനേജരുടെ ചുമതലയും വഹിയ്ക്കുന്നു. ദിവംഗതനായ സി. രാമകൃഷ്ണൻ മാസ്റ്റർ, ശ്രീ. വി.വി. നീലകണ്ഠൻ മാസ്റ്റർ, ശ്രീ. കെ.ടി. വിജയൻ മാസ്റ്റർ, ദിവംഗതനായ ടി. സുരേഷ് മാസ്റ്റർ, ശ്രീമതി വി.എം. വസുമതി ടീച്ചർ എന്നിവർക്കു ശേഷം ശ്രീ. എം.എൻ. നാരായണൻ മാസ്റ്ററാണ് ഇപ്പോൾ ഹൈ സ്കൂളിലെ പ്രധാനാദ്ധ്യാപകൻ. ശ്രീ. എം.വി. ശശിധരൻ മാസ്റ്റർക്കു ശേഷം ഇപ്പോൾ ശ്രീ. പി.ജി. പ്രശാന്ത് കുമാർ മാസ്റ്റർ ഹയർ സെക്കന്ററി പ്രിൻസിപ്പാളായി ചുമതല വഹിയ്ക്കുന്നു.
കെട്ടിടങ്ങളുടെയും മറ്റു പ്രാഥമികസൗകര്യങ്ങളുടെയും വിജയശതമാനത്തിന്റെയും പാഠ്യാനുബന്ധമേഖലകളുടെയും കാര്യത്തിൽ മികച്ച നിലവാരം പുലർത്താൻ ഇന്ന് ഈ വിദ്യാലയത്തിനു സാധിയ്ക്കുന്നുണ്ട് എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിയ്ക്കുന്നു.