ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ ഐഡിയ

Schoolwiki സംരംഭത്തിൽ നിന്ന്


ഒരു ലോക്ക് ഡൗൺ ഐഡിയ

 
ലോക്ക് ഡൗൺ ! എന്താണീ ലോക്ക് ഡൗൺ? അമ്മയോട് ചോദിച്ചു. ചൈനയിൽ നിന്നും ഒരു മാരക വൈറസ് ,രോഗം പരത്താൻ ആയി ലോകം മുഴുവൻ പറഞ്ഞിട്ടുണ്ടെന്നും അതിനോട് യുദ്ധം ചെയ്യാൻ നമ്മുടെ കയ്യിൽ ആയുധം ഇല്ലാത്തതുകൊണ്ട് നാം നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ രാജ്യം മണിച്ചിത്രത്താഴിട്ടു പൂട്ടിയതാണ് ലോക്ക് ഡൗൺ എന്ന് അമ്മ പറഞ്ഞു. ആ പൂട്ടിന്റെ താക്കോൽ നമ്മളോരോരുത്തരും ആണത്രേ ആ പൂട്ട് തുറക്കാൻ ശ്രമിക്കാതെ കുറച്ചുകാലം പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരുന്നാൽ കൊറോണാ (കൊവിഡ്- 19 )വൈറസിനെ ഓടിക്കാം എന്ന് അമ്മ പറഞ്ഞു. എൻറെ പരീക്ഷ പോലും മുടക്കാൻ കഴിവുള്ള ആ വൈറസ് ഭീകരൻ തന്നെയാവും സംശയം ഇല്ല.
             എന്നും രാവിലെ കൃത്യമായി പാലു തരുന്ന വീട്ടിലെ വല്യച്ഛന് വയ്യാത്തത് കാരണം വല്യമ്മയും വരാറില്ല. പാലു മുടങ്ങി. പശുവിൻപാലിൽ ഉണ്ടാക്കുന്ന ചായയുടെ രസം അപ്പോഴാണ് ശരിക്കും മനസ്സിലായത്. പാൽപ്പൊടി ചായയും കുടിച്ച് കൊറോണ കലർന്ന നിറംമങ്ങിയ വാർത്തകളും നോക്കി നെടുവീർപ്പിട്ട് ഇരിക്കുമ്പോഴാണ് അമ്മയുടെ വിലാപം. പാലു തന്നെ തിരിച്ചു പോകുമ്പോൾ വല്യമ്മ പശുക്കൾക്കുള്ള കാടിയും കൊണ്ടുപോയിരുന്നു ഇനി ഈ പച്ചക്കറി വേസ്റ്റും കഞ്ഞി വെള്ളവും ഒക്കെ എന്തു ചെയ്യും?
           ഒരിത്തിരി നെല്ലു വെയിലത്തിട്ട് അതുകാരണം വിരുന്നുവന്ന കാക്കകളെ മുഴുവൻ എറിഞ്ഞോടിച്ചു. അഭിമാനികൾ ഇനി വിളിച്ചാലും വരുമോ ആവോ ?ഒറ്റ കിളി കളേയും കാണാൻ ഇല്ല. ഇന്നലെ പാടത്തിലൂടെ പറന്നു പോയത് കിളി ആണോ എന്ന് വിചാരിച്ചു നോക്കിനിൽക്കുമ്പോൾ അമ്മ പറഞ്ഞു വരുന്ന ചെറുക്കൻ മാരെ പിടിക്കാൻ പോലീസ് ഡ്രോൺ പറത്തിയത് ആണത്രേ.
           അടുക്കളയിൽ സ്ഥിരം കാവലിന് ഒരു അമ്മ പൂച്ചയും മൂന്നാലു കുഞ്ഞു പൂച്ചകളും ഉണ്ടായിരുന്നു ആരോ വച്ച വിഷം തിന്ന് (അതോ ഫോർമാലിൻ കലർന്ന പച്ച മീൻ തിന്നിട്ടോ ) ചത്തു എന്ന് പറയുന്നത് കേട്ടു. അതിലൊരെണ്ണം ഞങ്ങളുടെ വിറകിനടിയിൽ ആയിരുന്നു അപ്പോഴും ഒരു കാക്കകുട്ടിയെ പോലും ആ വഴി കണ്ടില്ല. ചീഞ്ഞുനാറിയ അതിനെ എങ്ങനെയോ ഞങ്ങൾ കുഴിച്ചുമൂടി.
            പിന്നെ വരാനുള്ളത് അടുത്ത വീട്ടിലെ കോഴികൾ ആണ് എൻറെ റോസാപ്പൂ മുഴുവൻ കൊത്തിത്തിന്ന ദേഷ്യത്തിന് അമ്മ തേങ്ങ ചിരകിയിട്ട് ചിരട്ടകൾ എടുത്ത് എറിഞ്ഞു. അതിലൊന്നിന്റെ കാലൊടിഞ്ഞ ദേഷ്യത്തിന് അവിടുത്തെ ചേച്ചി വേലി കെട്ടി അതിർത്തി അടച്ചു. പോയി മാപ്പു പറഞ്ഞിട്ടും അതിർത്തി തുറന്നിട്ടില്ല.
             അപ്പോ എന്താ പറഞ്ഞു വന്നത് എന്ന് വെച്ചാൽ അമ്മയ്ക്ക് കഞ്ഞി വെള്ളം തൊടിയിൽ കളഞ്ഞാൽ അത് തിന്നാൻ ആളില്ല. അതു തൊടിയിൽ കിടന്നു നാറും ഒരു പോംവഴി കണ്ടുപിടിക്കാൻ ഞാനും അമ്മമ്മയും അച്ഛനും ഏട്ടനും ഇരുന്നും കിടന്നും ആലോചിച്ചു. ലോക്ക് ഡൗൺ കാരണം സമയത്തിനു വീട്ടുജോലി തീരണം എന്ന നിബന്ധന ഇല്ലാത്തതുകൊണ്ട് ആലോചനയ്ക്ക് അമ്മയും കൂടി. കുഴിച്ചിടാം എന്നും ഉണക്കി കത്തിക്കാം എന്നുമൊക്കെ അഭിപ്രായങ്ങൾ വരാൻ തുടങ്ങി. പണ്ട് നാലു ദിക്കിൽ നിന്നും വന്നിരുന്ന അഭിപ്രായങ്ങൾ ഇപ്പോൾ ഒരൊറ്റ ദിക്കിൽ നിന്നും വരാൻ തുടങ്ങിയല്ലോ എന്ന് അമ്മമ്മ കളിയായി പറഞ്ഞു സ്മാർട്ട് ഫോണും ലാപ്ടോപ്പും ഇല്ലാത്ത അമ്മയുടെ ട്രോളിന് ഫേസ്ബുക് ട്രോളിനേക്കാൾ ലൈക്കും കിട്ടി.
           അവസാനം ഞാൻ തന്നെ ഒരു വഴി കണ്ടുപിടിച്ചു സ്കൂളിൽ നിന്നും കിട്ടിയ വെണ്ടയ്ക്ക പാവയ്ക്ക വിത്തുകൾ ഒക്കെ അലമാരിയിൽ ഭദ്രമായി വച്ചിട്ടുണ്ടായിരുന്നു. തോട്ടം വൃത്തിയായി കിളച്ച് ആ വിത്തുകൾ എടുത്ത് മണ്ണിലും കവറുകളിലും (ഹാവൂ പ്ലാസ്റ്റിക് കത്തിച്ച് അന്തരീക്ഷം മലിനമാക്കാതിരുന്നത് എത്ര നന്നായി ) മറ്റുമായി കുഴിച്ചിടുക. ചെറിയ വായിലെ വലിയ വർത്തമാനം ആണെങ്കിലും നന്മയുള്ള തുകൊണ്ട് ആ അഭിപ്രായം എല്ലാവരും അംഗീകരിച്ചു.
          എന്നും നേരം വെളുപ്പിനെ അമ്മ അടുക്കളയിൽ കയറുമ്പോൾ മൂടി പുതച്ചു കിടന്നിരുന്ന ഞങ്ങൾ പിറ്റേന്ന് എഴുന്നേറ്റ് തോട്ടം വൃത്തിയാക്കി. വെണ്ടയ്ക്ക പാവയ്ക്ക ചീര സകലരേയും സന്തോഷത്തോടെ മണ്ണിട്ട് മൂടി .ദിവസങ്ങൾ കഴിഞ്ഞപ്പോൾ പച്ചക്കറി വേസ്റ്റും കഞ്ഞിവെള്ളവും തിന്നും കുടിച്ചും തൈകൾ വളർന്ന് പുഷ്പിച്ച് കായ്കറികൾ ആയി. ഞങ്ങൾക്കും അടുത്ത വീടുകളിൽ കൊടുക്കാനും മാത്രം നിറയെ പച്ചക്കറി !
           വീണ്ടും പാലുമായി വല്യമ്മ വരാൻ തുടങ്ങി പക്ഷെ അവർ കഞ്ഞി വെള്ളം കൊണ്ടു പോയില്ല. പകരം അവരുടെ കൈകളിൽ ഞങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പച്ചക്കറി കവറിൽ ഇട്ടു കൊടുത്തപ്പോൾ അമ്മയുടെ ചിരിക്ക് ആ പാലിനേക്കാൾ മധുരം ഉള്ളതായി തോന്നി.


അനാമിക എസ് രാമചന്ദ്രൻ
7 F ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ