ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഇനിയും കിനാവുകൾ കണ്ട് ചിരിയ്കാം….
ഇനിയും കിനാവുകൾ കണ്ട് ചിരിക്കാം
ലോകം മുഴുവൻ ഇന്ന് ഒരു അദൃശ്യ ശത്രുവിനെതിരെ പട പൊരുതിക്കൊണ്ടിരിക്കുകയാണ്. പല മേഖലകളിലും കഴിവും വീര്യവും തെളിയിച്ച പല ഉന്നത രാജ്യങ്ങളും ഇന്ന് ഈ കുഞ്ഞൻ ഭീകരന് മുന്നിൽ തലകുനിച്ചിരിക്കുന്നു .നശിപ്പിക്കാനോ തടയാനോ കഴിയാൻ തക്ക പ്രതിരോധ മരുന്നുകൾ ഒന്നും ഇല്ലാത്ത ഈ അപൂർവ്വ രോഗത്തിന് ഏക പ്രതിവിധി സാമൂഹിക അകലം പാലിക്കുക എന്നതാണ് എന്ന് വിദഗ്ധർ നിർദ്ദേശം നൽകി കഴിഞ്ഞിരിക്കുന്നു. മഹാമാരികൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട് .വസൂരി, സ്പാനിഷ് ഫ്ളു എന്നീ ഒട്ടനവധി മഹാവ്യാധികെള മനുഷ്യരാശി നേരിടേണ്ടി വന്നിട്ടുണ്ട്. ഇവയെല്ലാം അതിജീവിച്ച ചരിത്രവും നമുക്കുണ്ട് .ഈ മഹാ ദുരന്തങ്ങളെല്ലാം നമ്മെ പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കേണ്ട ഈ സാഹചര്യത്തിൽ എല്ലാവരും അവരുടെ വീടുകളിൽ ഒതുങ്ങി കൂടേണ്ടി വന്നു. ക്ഷേത്രസന്ദർശനം ഇല്ല .കുർബാനകൾ ഇല്ല .കൂട്ട പ്രാർത്ഥനകൾ ഇല്ല. കല്യാണങ്ങൾ ഇല്ല .ഉത്സവങ്ങൾ ഇല്ല. ആഘോഷങ്ങളോ മറ്റ് ചടങ്ങുകളോ ഇല്ലാത്ത കുറച്ച് അടച്ചുപൂട്ടൽ ദിനങ്ങൾ .ഒരു രാജ്യത്തെ ജനങ്ങൾ മുഴുവൻ വീടിനുള്ളിൽ കഴിച്ചുകൂട്ടുന്നു .ചുമർ ഉണ്ടെങ്കിലേ ചിത്രം ഉണ്ടാവൂ .എന്ന സത്യം എല്ലാവരും ഉൾക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത് .ജാതി എന്നോ മതം എന്നോ വലിയവനെന്നോ ചെറിയവനെന്നോ ഭേദം ഇല്ലാതെ ലോകത്തെതന്നെ തലകീഴായി മറിക്കുകയാണ് കൊറോണ വൈറസ് എന്ന ഒരു കുഞ്ഞൻ ശത്രു.ഓരോ ദുരന്തങ്ങളും നമ്മെ ഓരോ പാഠങ്ങൾ പഠിപ്പിക്കും. സാമൂഹിക തലം പാലിക്കുവാനായി വീടുകളിൽ ഇരിക്കേണ്ടി വന്ന ഈ സാഹചര്യത്തിൽ നമ്മളിൽ പലർക്കും മൊബൈൽ ഫോണിനും അപ്പുറം വിശാലമായ ഒരു ലോകം ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു .വീട്ടിലെ കുടുംബാംഗങ്ങളും ഒത്ത് കുറച്ചു സന്തോഷം നിറഞ്ഞതും ഓർമ്മയിൽ സൂക്ഷിക്കാവുന്നതുമായുള്ള നിമിഷങ്ങൾ സമ്മാനിച്ചു. കഴിഞ്ഞ ദിവസങ്ങൾ തിരക്ക് കാരണം നമ്മൾ മാറ്റിവച്ചിരുന്ന ശീലമായ പുസ്തക വായനയിലേക്ക് തിരിച്ച് പോകാനുള്ള ഒരു അവസരം കൂടിയാണ് ഈ ലോക് ഡൗൺ കാലം. കൊറോണ എന്ന ക്ഷണിക്കപ്പെടാത്ത അതിഥി മനുഷ്യരിലെ ആർഭാടം എന്ന ലഹരിയെ തട്ടിത്തെറിപ്പിച്ചു. ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള ഓരോ സന്ദർഭങ്ങളിലും ആർഭാട ത്തിനുള്ള വേദിയാക്കിയിരുന്നു മനുഷ്യൻ. തനിക്ക് ലളിതമായും ജീവിക്കാൻ സാധിക്കും എന്ന് തിരിച്ചറിഞ്ഞു .പിസാ, ബർഗർ തുടങ്ങിയ ആധുനിക ഭക്ഷ്യ വസ്തുക്കളുടെ ദൗർലഭ്യം നേരിടാൻ തുടങ്ങിയത് കാരണം പലരും പ്രകൃതിയോടും പ്രകൃതിവിഭവങ്ങളോടും കൂടുതൽ താല്പര്യം കാണിച്ച് തുടങ്ങി. “ തന്നാനെ താന തിന തന്നാനം താനാ മൃത്യുവിൻ കാലൊച്ച പഠിക്കൽ എത്തിനിൽക്കുന്നതിന്റെ വേദന ഓരോ മുഖങ്ങളിലും ഉണ്ട് ."മാത ജാതിഭേദം ഇല്ലാത്ത" എന്നൊക്കെ പറയുന്നത് കേൾക്കുന്നത് തന്നെ ചിലർക്ക് അലർജി ആയിരുന്നു. എന്നാൽ അതെല്ലാം ഇപ്പോൾ നമ്മൾ തിരിച്ചറിയുന്നു .ജീവന് വേണ്ടിയുള്ള നിലവിളികളിൽ എല്ലാ ചിന്തകളും മനുഷ്യർ മറക്കുകയാണ്. ജാതി ഭേദം മത ദ്വേഷംഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്. എന്ന ഗുരുദേവ വചനങ്ങൾ പ്രസക്തിയോടെ പുനർ വായിക്കുകയാണ്. ആരാധനാലയങ്ങൾ ഇല്ല ,കൂട്ട് പ്രാർത്ഥനകൾ ഇല്ല ,ആൾദൈവങ്ങൾ ഇല്ല ,പകരം ഡോക്ടർമാർ ദൈവങ്ങളും നഴ്സുമാരും ആരോഗ്യപ്രവർത്തകരും വെള്ളവസ്ത്രം ധരിച്ച മാലാഖമാരുമാണ്. അവർ എല്ലാവരും നമ്മുടെ സന്തോഷത്തിനും ആരോഗ്യത്തിനു മായി സ്വന്തം കുടുംബങ്ങളി ൽ നിന്നൊക്കെ അകന്ന് രാവെന്നോ പകലെന്നോ ഇല്ലാതെ നമ്മുടെ ജീവന് കാവൽ നിൽക്കുന്നു .അവരുടെ ത്യാഗത്തിന് മുന്നിൽ ഒ.എൻ.വി .സാറിന്റെ വരികൾ സമർപ്പിച്ച് കൈ കൂപ്പി നിൽക്കാം . ഇനി ഞാനുണർന്നിരിക്കാംനീയുറങ്ങുക ഇനിയും കിനാവുകൾ കണ്ടു ചിരിക്കുക.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |