ജി യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/ആത്മനൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മനൊമ്പരം
മാളൂ, വേഗം എഴുന്നേൽക്കൂ,അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ട് മാളവികയ്ക്ക് സുന്ദരസ്വപ്നം പകുതിയാക്കേണ്ടി വന്നു.കണ്ണുതിരുമ്മിക്കൊണ്ട് അവൾ എഴുന്നേറ്റു.അപ്രതീക്ഷിതമായി കിട്ടിയ അവധിയാണ്,എന്നിട്ടും കുറച്ചുനേരം കൂടി ഉറങ്ങാൻ കഴിയുന്നില്ലല്ലോ എന്ന അമർഷം മനസ്സിൽ തോന്നുന്നതിന് മുൻപു തന്നെഅമ്മയുടെ നിർദ്ദേശങ്ങൾ ഓരോന്നായി വന്നുതുടങ്ങി.‍ഞാൻ അതെല്ലാം കേൾക്കുന്നുണ്ടോ എന്നുപോലും അമ്മ ശ്രദ്ധിക്കുന്നില്ല.പലഹാരം എടുത്തുവെച്ചിട്ടുണ്ട്,ഉച്ചഭക്ഷണം തയ്യാറാക്കി വെച്ചിട്ടുണ്ട്,മോനു കുസൃതി കാട്ടാതെ നോക്കണേ,അവന് ഇഷ്ടമുള്ള ചാനൽ വെച്ചുകൊടുക്കണേ,എന്ന് എന്തൊക്കെയോ പറ‍‍‍‍‍‍‍‍‍‍‍ഞ്ഞുകൊണ്ട് അമ്മ ധൃതിയിൽ ഒരുങ്ങി ടൂ വീലറിൽ കയറി ഹെൽമറ്റ് വെച്ചു.കാലം വല്ലാത്തതാണ് ,ആരു വന്നാലും കതക് തുറക്കരുതെന്ന പതിവ് ഓർമ്മപ്പെടുത്തലും.അമ്മ ജനാലയിലൂടെ കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു.ആ കണ്ണുകളിലെ നനവും ആശങ്കയും എനിക്ക് കാണാമായിരുന്നു.

മുറിയിൽ മോനു സുഖമായി ഉറങ്ങുകയാണ്.പത്തു വയസ്സിന്റെ വ്യത്യാസമുള്ളതുകൊണ്ട് ഞാൻ അവന് ചേച്ചിയമ്മയാണ്.

കോവിഡ് 19 എന്ന വൈറസിൽ നിന്നും ജനതയെ രക്ഷിക്കാൻ പാടുപെടുന്ന ഒരു കൂട്ടം ആരോഗ്യ പ്രവർത്തകരിൽ ഒരാളാണ് എന്റെ അമ്മ.തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിൽ അമ്മയ്ക്ക് ജോലി കിട്ടിയപ്പോൾ എനിക്ക് എന്തു സന്തോഷമായിരുന്നു.ഇപ്പോൾ അതെല്ലാം അസ്തമിച്ചു.നന്ദനയുടെയും കൃഷ്ണയുടെയും അമ്മമാർ അധ്യാപികമാരാണ്.അമ്മയെ ഒപ്പം കിട്ടിയനിമിഷങ്ങളും പാചകപരീക്ഷണങ്ങളും അവരുടെ ഫോൺവിളിയിലെ വിശേഷങ്ങളാകുമ്പോൾ മനുഷ്യസഹജമായ അസൂയ എനിക്ക് അവരോട് തോന്നി.എന്റെ അമ്മയ്ക്ക് എന്തെല്ലാം ജോലികളാണ്.വിദേശത്തുനിന്നും വന്ന ആളുകൾ വീട്ടിൽ നിരീക്ഷണത്തിലാണോയെന്ന് ഉറപ്പുവരുത്തണം.നിശ്ചിതസമയം കഴിയുമ്പോൾ അവരുടെ വിശേഷങ്ങൾ ചോദിച്ചറിയണം.കൂടാതെ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യണം.ഏതെങ്കിലും ഒരു വ്യക്തി നിയമം ലംഘിച്ചാൽ ആ കുറ്റവും ആരോഗ്യ പ്രവർത്തകർക്ക് തന്നെ..ഗൾഫ് രാജ്യങ്ങളിലും ഈ രോഗം പടർന്നുപിടിച്ചതോടെ അവിടെ ഒറ്റ മുറിക്കുള്ളിലിരിക്കുന്ന അച്ഛനെയെന്ന് സാന്ത്വനിപ്പിക്കുവാൻ പോലും അമ്മയ്ക്ക് കഴിയുന്നില്ലല്ലോയെന്ന പരിഭവവും അച്ഛനുണ്ട്.റിമോട്ട് എടുത്ത് ടി.വി വെച്ചപ്പോൾ പല പ്രമുഖരും കൊറോണ പ്രതിരോധത്തെപ്പറ്റി അവബോധം നൽകുന്നു.ഇരുപതു മിനിറ്റ് കൈ കഴുകണം,ഒരു കാരണവശാലും ആരും പുറത്തിറങ്ങരുത്,ഇറങ്ങിയാൽ ശിക്ഷ കടുത്തതായിരിക്കും,ശാരീരിക അകലം ...സാമൂഹിക ഒരുമ ..ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം.എന്നു തുടങ്ങി പലതും.ഇതിനിടയിൽ കൈകൊട്ടുകൊണ്ടും വാചകങ്ങൾകൊണ്ടും ആരോഗ്യപ്രവർത്തകരെ സ്തുതിപാടുന്നവർ.ഇതിനിടയിൽ ഞങ്ങളെപ്പോലെയുള്ള കുഞ്ഞുങ്ങളുടെ നൊമ്പരങ്ങൾ ആരറിയാൻ?ചേച്ചീ എന്ന മോനുവിന്റെ വിളികേട്ട് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിക്കുമ്പോൾ എന്റെ മനസ്സിൽ ഈ മുദ്രാവാക്യം മുഴങ്ങുന്നുണ്ടായിരുന്നു.....ശാരീരിക അകലം....സാമൂഹിക ഒരുമ.......

ശിവദ
6 A ജി.യു.പി സ്കൂൾ,ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ