ജി യു പി എസ് വെള്ളംകുളങ്ങര/എന്റെ വിദ്യാലയം/ ഓർമ്മകളിൽ എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മകളിൽ എന്റെ വിദ്യാലയം.....


ക്ഷേത്രത്തിനടുത്താണ് എന്റെ സ്കൂൾ. നടന്നുപോകാൻ ഉള്ള ദൂരം.. ഓലമേഞ്ഞ രണ്ടു മുറികൾ, ഷീറ്റിട്ട രണ്ട് കെട്ടിടം അതാണ് എന്റെ വിദ്യാലയം. അച്ഛന്റെ കൈപിടിച്ചാണ് ഞാൻ ആദ്യമായി സ്കൂളിൽ ചെല്ലുന്നത്. അംഗനവാടിയിലെ പഠനം പൂർത്തിയാക്കി. ഇനി ഒന്നാം ക്ലാസിലോട്ട്....പഠനത്തിന്റെ ആരംഭം.....നേരെ ചെന്ന് കേറുന്നത് ഓഫീസ് റൂമിലോട്ടാണ്. അവിടെ എന്നെ സ്വീകരിക്കാൻ രണ്ട് അധ്യാപകരും, 'മകനേ' എന്ന് ചേർത്തു വിളിച്ച എന്റെ രഞ്ജന ടീച്ചറും, സുരേന്ദ്രൻ സാറും. ചെന്ന് കേറിയപ്പോൾ തന്നെ ഒരു മിട്ടായി തന്നു. എന്റെ പേര് ചോദിച്ചു. മിഠായി കിട്ടിയ സന്തോഷത്തിൽ ഞാൻ എന്റെ പേര് പറഞ്ഞു. പിന്നെ ഞാൻ ചുറ്റും നോക്കിയത് ആ ഓഫീസ് റൂം ആണ്. ചാരി വെച്ചിരിക്കുന്ന ബോർഡുകൾ, ചാർട്ടുകൾ, അലമാര, ഗാന്ധിജിയുടെ ചിത്രം, ചോക്കുകൾ, ഒരുപാട് പുസ്തകങ്ങൾ. സ്കൂൾതുടക്കക്കാരന്റെ ആദ്യ കാഴ്ച. ഒന്നാം ക്ലാസിൽ ചേർന്നതിനു ശേഷം നേരെ വീട്ടിലേക്ക്.


സ്കൂൾ തുറക്കുന്നത് ജൂൺ 5-നാണ് പുത്തൻ ബാഗ്, കുട,വാട്ടർ ബോട്ടിൽ ,യൂണിഫോം ഇത് എല്ലാം വാങ്ങിക്കണം; എന്നിട്ട് വേണം സ്കൂളിൽ ചെല്ലാൻ. എല്ലാം വാങ്ങി. ഇനി ഇതൊക്കെ ഇട്ട് കൊണ്ട് സ്കൂളിൽ പോണം. സ്കൂൾ തുറക്കുന്ന ദിവസം. രാവിലെ തന്നെ ക‍ുളിച്ച് അമ്മയുടെ കൂടെ അമ്പലത്തിൽ പോയി.ആഹാരം കഴിച്ചു, പുതിയ ഉടുപ്പൊക്കെ ഇട്ട് പൗഡറും ചന്ദനക്കുറിയും തൊട്ട്, മുടി ചരിച്ചു ഒരു വശത്തേക്ക് ചീകി, ബാഗും, കുടയും, പുതിയ ചെരുപ്പും ഒക്കെ ഇട്ട് അച്ഛന്റെ കൂടെ സ്കൂളിലേക്ക്. ഒന്നാം ക്ലാസിലെ കുട്ടികളെ വരവേൽക്കാൻ വർണ്ണക്കടലാസ് കൊണ്ട് തോരണങ്ങൾ ഒക്കെ തൂക്കിയിട്ട‍ുണ്ട്. ഞാൻ മാത്രമല്ല വേറെ കുറേ കൂട്ടുകാരും ഉണ്ട്.എന്റെ കൂടെ അംഗനവാടിയിൽ പഠിച്ച കൂട്ടുകാരും അതില‍ുണ്ട്. അവരും പുത്തൻ ബാഗും, ഉടുപ്പും, ഒക്കെ ഇട്ട് സുന്ദരനും, സുന്ദരിയും ആയാണ് വന്നിരിക്കുന്നത്. എന്റെ ക്ലാസിനുള്ളിൽ..ഒരു ഹാളിനെ ബോർഡുകൾ കൊണ്ട് തരം തിരിച്ച് പല ക്ലാസ്സ്‌ റൂമുകൾ ആക്കിയിരിക്കുന്നു. ഓഫീസിനോട് ചേർന്നാണ് എന്റെ ക്ലാസ്. ഒന്നാം ക്ലാസ്സ്‌. അച്ഛൻ എന്നെ ഒരു കൂട്ടുകാരന്റെ ഒപ്പം ഇരുത്തി. " അച്ഛൻ പുറത്ത് നിക്കാം മോൻ കൂട്ടുകാരുടെ കൂടെ ഇരിക്ക് " എന്ന് പറഞ്ഞു പുറത്തേക്കു പോകുന്നു . ഞങ്ങൾ 30 പുതിയ കുട്ടികൾ ഉണ്ട് ഒന്നാം ക്ലാസിൽ. നിശ്ചിത ഇടവേളയ്ക്കു ശേഷം എന്റെ ക്ലാസിലോട്ട് ഒരു ടീച്ചർ കടന്നു വന്നു. " " " എന്റെ പേര് ശ്യാമള ഞാൻ ആണ് നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ " എന്ന് ഒക്കെ പരിചയപെടുത്തി." എന്റെ മകനും നിങ്ങടെ കൂടെ ഇവടെ പഠിക്കാൻ ഉണ്ട് " എന്ന് ടീച്ചർ പറഞ്ഞു. ഞങ്ങളുടെ എല്ലാവരുടെയും പേരും വീട്ടുപേരും ഒക്കെ ചോദിച്ച്, പാട്ട് ഒക്കെ പാടിച്ച്, മിട്ടായി ഒക്കെ തന്ന് ഉച്ചയോടെ അച്ഛന്റെ കൂടെ വീട്ടിലേക്കു വിട്ടു. ആദ്യ സ്കൂൾ ഡേ കഴിഞ്ഞതിന്റെ സന്തോഷത്തോടെ ഞാനും. ഇതായിരുന്നു എന്റെ ആദ്യ ദിനം.


പിന്നെ പല ദിവസങ്ങൾ കടന്നു പോയി സ്കൂള‍ുമായി ഞാൻ ഒരുപാട് അടുത്തു.കൂട്ടുകാരും ആയി.ഇപ്പോൾ നേരത്തെ സ്കൂളിൽ വരണമെന്നായി. എങ്കിലേ അവിടെ പിറകിൽ ഓടിക്കളിക്കാൻ പറ്റു. വീണു കിടക്കുന്ന പറങ്കിമാവ്, പുളി, മാവ്, പുന്ന മരം,ഇത് ഒക്കെ അണ് പ്രധാന സ്കൂൾ ഗ്രൗണ്ടിലെ വൃക്ഷങ്ങൾ. ഇതിൽ പുന്നമരത്തിൽ നിന്ന് പുന്നയ്ക്ക എറിഞ്ഞു ആ പുന്നക്കയും എടുത്തു പിറകിലെ മാവിൽ കല്ല് കൊണ്ട് 3 വര വരച്ച് (സ്റ്റമ്പിന് പകരം), ഒരു ബുക്കിന്റെ പുറം ഭാഗം എടുത്തു (ബാറ്റിനു പകരം )ക്രിക്കറ്റ്‌ കളിക്കുന്നതായിരുന്നു പ്രധാന വിനോദം.10 മണി ആകുമ്പോൾ ബെൽ അടിക്കും. പിന്നെ അസംബ്ലി. ഓരോ ക്ലാസുകാരും ലൈൻ ആയി തിരിഞ്ഞ് നേരെ സ്കൂൾ ഗ്രൗണ്ടിലോട്ട്. അന്ന് എല്ലാവരും നിൽക്കുമ്പോൾ ഓരോ ക്ലാസ്സ‍ുകാര‍ുടേയ‍ും നിര വലുതാക്കാൻ ആയിരുന്നു മത്സരം. അതിനു ശേഷം ഈശ്വര പ്രാർത്ഥന. അന്ന് ഏഴാം ക്ലാസിലെ കുട്ടികളാണ് സാധാരണ ഈശ്വര പ്രാർത്ഥന ചൊല്ലുന്നത് . പിന്നെ ഹെഡ്മാസ്റ്ററിന്റെ നിർദ്ദേശങ്ങളും ഒക്കെ കഴിഞ്ഞു നേരെ ക്ലാസ്റൂമിൽ പോകും. പിന്നെ ഉച്ചവരെ പഠിത്തം. മലയാളം, ഇംഗ്ലീഷ്, സാമൂഹ്യപാഠം, കണക്ക് ഇത് ഒക്കെ ആയിരുന്നു ഞങ്ങള‍ുടെ പ്രധാന വിഷയങ്ങൾ. നാലാം ക്ലാസ് വരെ ഇതൊക്കെയാണ് വിഷയങ്ങൾ. അഞ്ചാം ക്ലാസ് തൊട്ടാണ് ഹിന്ദി പഠന വിഷയം ആകുന്നത്. ഓരോ വിഷയങ്ങൾക്കും ഓരോ ടീച്ചേഴ്സ്. ഇംഗ്ലീഷ് - അനിത ടീച്ചർ,സംസ്കൃതം - മണിയമ്മ ടീച്ചർ, കണക്ക് - രഞ്ജന ടീച്ചർ, സാമൂഹ്യപാഠം - സുരേന്ദ്രൻ സാർ,മലയാളം - ശ്യാമള ടീച്ചർ. എല്ലാരും ഒരുപാട് ഇഷ്ട്ടമ‍ുള്ള ടീച്ചേർസ്. ഇതിൽ എല്ലാർക്കും പേടി സുരേന്ദ്രൻ സാറിനോട് മാത്രം. നല്ല അടിയാണ്. കിട്ടിയിട്ടുണ്ട് ഒരുപാട് തവണ. ഉച്ചവരെ ഉള്ള ക്ലസ് കഴിഞ്ഞ് പിന്നെ പോകുന്നത് കഞ്ഞിയും, പയറും കഴിക്കാൻ. അത് ഒരു കോമ്പിനേഷൻ തന്നെയാണ്. ഇന്നത്തെ തലമുറകൾക്കു ആ ഒരു ഭാഗ്യം കാണില്ലാരിക്കും. ഇത് ഒക്കെ പാകം ചെയുന്നത് ഇന്ദിര അമ്മയും. എന്ത്‌ വെച്ചാലും നല്ല രുചിയാണ്. പയറിന്റെ കാര്യത്തിൽ ആണെങ്കിൽ പ്രത്യേകിച്ച് പറയേണ്ട. പക്ഷെ വിളമ്പുന്നവർക്കേ രണ്ടുവട്ടം കിട്ടു. വിളമ്പുന്നത് ഏഴാം ക്ലാസ്സ‍ുകാരാണ് അവർക്കാണ് സീനിയോറിറ്റി. പിന്നെ ഗ്രൗണ്ടിൽ കളി ഒക്കെ കഴിഞു 2 മണിക്ക് ബെൽ അടിച്ച് ക്ലാസിൽ കയറിയാൽ 4 മണിവരെ പഠിത്തം. പിന്നെ വീട്ടിലേക്ക്..ഇങ്ങനെ ആയിരുന്നു എന്റെ സ്കൂൾ ലൈഫ്.


പിന്നെ പല ക്ലാസുകൾ മാറി പടി പടിയായി മുന്നോട്ടു പൊയ്ക്കൊണ്ടിര‍ുന്ന‍ു. ഷീറ്റിൽ നിന്ന് ഓല മേഞ്ഞ ക്ലാസ്സിൽ വന്നു. പിന്നെ മറ്റൊര‍ു ക്ലാസ്സിലേക്ക്. അങ്ങനെ ഞാനും 7-ൽ ആയി. ഒപ്പം കൂടിയ കൂട്ടുകാർ കുറഞ്ഞു. ടീച്ചേഴ്സ് മാറി. എണ്ണം 24 പിള്ളേരായി കുറഞ്ഞു. ഇനി പോകേണ്ടത് മറ്റ് ഒരു വിദ്യാലയത്തിലെക്ക്.പക്ഷെ എന്തോ ഈ മണ്ണിലായിരുന്നു ഞാൻ ഓടി നടന്നതും, എന്റെ ബാല്യം ചിലവഴിച്ചതും. മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച എന്റെ വെള്ളംകുളങ്ങര വിദ്യാലയം.ഇനിയും ഇവിടേക്കു മടങ്ങി വരണം, വരാന്തയിലൂടെ നടന്ന് എന്റെ ക്ലാസ്സിൽ കയറണം, ഇരുന്ന ബെഞ്ചിൽ തലചായിച്ചു കിടന്ന് ഓർമ്മകളെ നെഞ്ചോട് ചേർക്കണം... ഒരിക്കൽ കൂടി എന്റെ ബാല്യത്തിലേക്ക് കടന്നുചെല്ലണം, അച്ഛന്റെ കൈപിടിച്ച് ഒന്നാം ക്ലാസിൽ പഠിക്കാൻ ചെന്ന ആ കൊച്ചു കുട്ടിയായി...



രഞ്‍ജിത്ത് രാമചന്ദ്രൻ
പ‍ൂർവ്വ വിദ്യാർത്‍ഥി
1996-2002 ബാച്ച്