ജി യു പി എസ് തെക്കിൽ പറമ്പ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂൾ പിന്നിട്ട പാതയിലൂടെ

അത്യുത്തര കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് തലമുറകൾക്ക് വിജ്ഞാനത്തിന്റെ ദീപശിഖ കൊളുത്തിയ വിദ്യാലയമാണ് തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ദേശീയപാത 17 ന് സമീപം കിഴക്കുഭാഗത്തായി ചട്ടഞ്ചാലിനും പൊയിനാച്ചിക്കും മദ്ധ്യേ വിസ്തൃതമായി കിടക്കുന്ന ഈ ചരിത്ര ഭൂമിയിൽ ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയം പതിനായിരങ്ങളെ അജ്ഞതാന്തകാരത്തിൽ നിന്നും വിജ്ഞാനത്തിന്റെ ദീപ പ്രകാശത്തിലേക്ക് കൈപിടിച്ചുയർത്തി.

1919 ൽ കുടിപ്പള്ളിക്കൂടങ്ങൾ മാത്രം നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്ന കാലം. വരേണ്യ വർഗ്ഗത്തിന് മാത്രം വിദ്യ വിധിക്കപ്പെട്ടിരുന്ന സാമൂഹ്യവ്യവസ്ഥിതി. ഗ്രാമങ്ങളിലെ അടിസ്ഥാനവർഗ്ഗം എഴുത്തിനും വായനക്കും ദാഹിച്ചിരുന്നുവെങ്കിലും അത് അവർക്ക് മരീചിക മാത്രമായിരുന്ന പ്രത്യേക സ്ഥിതിവിശേഷം. പകലന്തിയോളം രക്തം വിയർപ്പാക്കുന്ന കായികാധ്വാനം ചെയ്യാൻ മാത്രം വിധിക്കപ്പെട്ട ഗ്രാമീണ ജനത. അവരുടെ ആഗ്രഹങ്ങളുടെ സാക്ഷാത്കാരം എന്നോണം പൊതുകാര്യ പ്രസക്തൻ ആയിരുന്ന മൺമറഞ്ഞ പുല്ലായി കൊടി ചാത്തു നായരുടെ പരിശ്രമങ്ങൾ ഒരു വിദ്യാലയത്തിന് ജന്മം നൽകി. അതാണ് തെക്കിൽ ഗ്രാമത്തിൽ ഉൾപ്പെട്ട പറമ്പിലെ പൊന്നാം കുന്നിൽ അദ്ദേഹം പണിതു കൊടുത്ത കെട്ടിടത്തിൽ സ്ഥാപിതമായ സർക്കാർ എലിമെന്ററി സ്കൂൾ ഇന്നത്തെ തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂൾ. ആരംഭത്തിൽ 25ഇൽ താഴെ വിദ്യാർത്ഥികൾ മാത്രമേ 5 ക്ലാസുകളിലും ആയി പഠനത്തിന് എത്തിയിരുന്നുള്ളൂ.

അജ്ഞത,അന്ധവിശ്വാസം, ദാരിദ്രം എന്നിവയിൽ മുങ്ങി നിന്നിരുന്ന ഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തെ ക്രമേണ അറിവിന്റെ പടവുകൾ ചവിട്ടിക്കയറുവാൻ ഇത്തരമൊരു സംരംഭം വളരെ ഏറെ പ്രയോജനപ്പെട്ടു. ത്യാഗം മാത്രം കൈമുതലാക്കിയ അർപ്പണ മനോഭാവമുള്ള ഗുരുനാഥന്മാർ അവരെ ഭക്തി ആദരപൂർവം കാത്തിരിക്കുന്ന ശിഷ്യഗണങ്ങൾ. അന്നത്തെ വിദ്യാലയ അന്തരീക്ഷത്തിലെ സവിശേഷതകൾ ഇതായിരുന്നു. സ്വച്ഛമായ അന്തരീക്ഷത്തിൽ നിഷ്കളങ്കരായ അധ്യാപകരും വിദ്യാർത്ഥികളും ഏകാഗ്രതയോടെ നടത്തുന്ന ഒരു തപസ്യ. ഗുരുവിന്റെ നാവിൻ തുമ്പത്ത് കളിയാടുന്ന ഓരോ വാക്കിനും കാതുകൂർപ്പിച്ച് ഇരിക്കുന്ന വിദ്യാർത്ഥികൾ അകലെയുള്ള പ്രദേശങ്ങളിൽ നിന്നും ദിവസവും നടന്നെത്തിയിരുന്ന അധ്യാപകർ. എങ്കിലും സ്കൂൾ കാര്യങ്ങളെല്ലാം വളരെ ചിട്ടയായി തന്നെ നടന്നിരുന്നു എന്നതായിരുന്നു സവിശേഷത.പറമ്പ് പൊന്നാം കുന്നിൽ നിന്നും ഉദ്ദേശം 50 വർഷം മുമ്പ് നമ്മുടെ വിദ്യാലയം പോയിന്ച്ചിയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ടു. യശശരീരനായ കമ്മട്ട കേളുനായരുടെ പടിപ്പുരയിൽ ആയിരുന്നു പിന്നീട് സ്കൂളിന്റെ പ്രവർത്തനം. അക്കാലത്ത് തെക്കിൽ, പറമ്പ് എന്നീ രണ്ട് ഗ്രാമങ്ങൾ ഉണ്ടായിരുന്നു എന്നും ഇവയുടെ സംയോജനം നടക്കുകയുണ്ടായെ ന്നുമാണ് ചരിത്രവസ്തുത. അതിനെ തുടർന്നായിരുന്നു വിദ്യാലയത്തിന്റെ സ്ഥാനചലനവും നടന്നത്. രണ്ടു വർഷം മാത്രമേ ശ്രീ കേളുനായരുടെ പടിപ്പുരയിൽ സ്കൂളിന്റെ പ്രവർത്തനം ഉണ്ടായിരുന്നുള്ളൂ.അതിനിടെ നാട്ടുകാരുടെ സ്നേഹ അഭ്യർത്ഥന കണക്കിലെടുത്ത് ഉദാരമതിയും പൗരമുഖ്യനുമായിരുന്ന ശ്രീ മുണ്ടോൾ ഗോവിന്ദഭട്ട് പോയിന്ച്ചി വടക്കേക്കരയിൽ പണിതീർത്ത കെട്ടിടത്തിൽ 48 വർഷം മുമ്പ് നമ്മുടെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. 1958 ൽ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.അക്കാലത്ത് തെറക്കിൽ ഗ്രാമത്തിലെ വിദ്യാർഥികൾക്ക് പുറമേ കുളത്തൂർ, പനയാൽ, ബാര എന്നീ ഗ്രാമങ്ങളിലെ വിദ്യാർഥികൾ കൂടി ഇവിടെ വിദ്യാഭ്യാസത്തിന് എത്തിയിരുന്നു.

സ്കൂൾ പ്രദേശത്ത് കർഷകരും കർഷികേതര തൊഴിലാളികളും ഉൾപ്പെടുന്ന ജനതയാണ് ഭൂരിഭാഗവും അധിവസിക്കുന്നത് എന്ന സ്ഥിതി കണക്കിലെടുക്കുമ്പോൾ ഇവിടത്തെ സ്കൂൾ പ്രായത്തിലുള്ള കുട്ടികളെ മുഴുവൻ സ്കൂളിൽ എത്തിക്കുന്നതിൽ ആത്മാർത്ഥമായ നീക്കമാണ് അവരിൽ നിന്നുണ്ടായത്. ഇക്കാര്യത്തിൽ അവർ അഭിനന്ദനമർഹിക്കുന്നു. സമാധാനം പ്രിയരും അധ്വാനശീലരും മതസൗഹാർദ്ദം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്നവരുമായ ഈ നാട്ടുകാർ വിദ്യാലയത്തിന്റർ ഉയർച്ചയിൽ അതീവ തല്പരരാണ്. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളും ഗുണനിലവാരവും ഉയർത്തുന്നതിൽ അവർ കാണിക്കുന്ന താൽപര്യം ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് വളരെയേറെ ഗുണം നൽകുന്നുണ്ട്.പക്ഷേ കാസർകോട് ഉപജില്ലയിലെ യു പി വിദ്യാലയങ്ങളിൽ വലിയ ഒരു സ്ഥാപനമാണെന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോൾകുറേകൂടി സൗകര്യങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 27 ഓളം സ്ഥിര അധ്യാപകരെയും 11 താത്കാലിക അധ്യാപകരെയുംആയിരത്തിൽ പരം വിദ്യാർഥികളെയും ഉൾക്കൊള്ളുന്ന ഈ വിദ്യാലയത്തിൽ കെട്ടിടം,ഫർണിച്ചർ എന്നിവയുടെ ദൗർലഭ്യം പൂർണമായും പരിഹരിക്കപ്പെട്ടില്ല. സ്കൂൾ ഗ്രൗണ്ട് വികസനം ഇനിയും അത്യാവശ്യമാണെന്ന വസ്തുത ഇവിടെ രേഖപ്പെടുത്തുന്നു. വിദ്യാർത്ഥികളുടെ കുടിനീർ പ്രശ്നത്തിന് പരിപൂർണമായി പരിഹാരം കാണാൻ കഴിഞ്ഞു..ദേശീയപാതയുടെ പ്രാന്തപ്രദേശം എന്ന പ്രത്യേകത കണക്കിലെടുക്കുമ്പോൾ വിദ്യാലയത്തിൽ ഒരു ചുറ്റുമതിലിന്റെ ആവശ്യകത ഏറെയുണ്ട്.ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ഇവിടത്തെ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന അടുത്തുള്ള സ്വകാര്യ വിദ്യാലയം നമ്മുടെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളാൻ വിഷമിക്കുന്ന സാഹചര്യം ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. നാട്ടിലും വിദേശത്തുമുള്ള പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടേയും സഹായ സഹകരണങ്ങളോടെ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന പ്ലാറ്റിനം ജൂബിലി സ്മാരക മന്ദിരം തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് .

GUPSTHEKKILPARAMBA ::::STAFF1996--98:::: *** Sitting. Sarawathi Tr,Kamalaksh Tr,Kulsombeevi tr, Karachery Narayan Master,Ashokan Mash, Mohanan Mash,Pradeep Chandran.*****Standing Middle Row.Kumaran amash,Rekkiya Tr,Bharathi Tr, Sheeba Tr,Radhadevi Tr, Nalini Tr, Shirly tr, Prasanna Tr, **** Last row... Aboobacker mas, Varghese Mash,Rajan Mash,Madhumash,Thomas Mash,Krishnan Mash,Sreedharan Mash,Babumash.
മധുവിനോടുള്ള പ്രായശ്ചിത്തമായി ഒരു പിടി അരി സമാനതകളില്ലാത്ത ക്രൂരതയുടെ പര്യായമായി മാറിയ മധുവിനോട് നമ്മൾ ചെയ്ത ക്രൂരതയ്ക്ക് പ്രായശ്ചിത്തമായി തെക്കിൽ പറമ്പ ഗവ. യു പി സ്കൂളിലെ കുട്ടികൾ നിർധനരായ സഹപാഠികൾക്കായി ഒരു പിടി അരി ശേഖരിച്ചു വിതരണം ചെയ്തു. 'പ്രായശ്ചിത്തം' എന്ന പേരിൽ നടത്തിയ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ രാധാകൃഷ്ണൻ കാമലം ഉദ്‌ഘാടനം ചെയ്തു. ചടങ്ങിന് അധ്യാപകരായ അനിൽ കുമാർ വി ആർ, കുഞ്ഞിക്കണ്ണൻ കരിച്ചേരി, ശ്രീധരൻ ടി കെ, ഗംഗാധരൻ നായർ, സിന്ധുമണി സി എച് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി കടമ്മനിട്ടയുടെ 'കുറത്തി' യുടെ സംഗീത ശിൽപം ഒരുക്കിയിരുന്നു.
2016-17 പ്രവേശനോത്സവം