ജി യു പി എസ് കോണത്തുകുന്ന്/അക്ഷരവൃക്ഷം/അമ്മേ അച്ഛനു സുഖല്ലേ?

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മേ...അച്ഛനു സുഖല്ലേ ??

" ൻെറ... ഉണ്ണീ, മുറ്റത്തിറങ്ങല്ലേ, ശ്ശൊ ! ഈ കൊച്ചിനെക്കൊണ്ടു തോറ്റു " അമ്മ രാവിലെ തന്നെ എണ്ണിപ്പെറുക്കി. "എന്തോരം ദിവസം.. ന്നു വച്ചാ കളിക്കാൻ പോവാതിരിക്കാ.. " ഉണ്ണിയും എണ്ണിപ്പെറുക്കി." പിന്നെ, ഇപ്പോ കളിച്ചില്ല എന്നു വച്ച് ആകാശൊന്നും ഇടിഞ്ഞു വീഴില്ലാലോ " അമ്മയുടെ മറുപടി. "ഈ വീട് ശരിക്കും ജയിലാണ്. കളിക്കാൻ പോവാൻ പറ്റില്ല, ടി.വി.കാണാൻ പറ്റില്ല, അതു പോട്ടെ മനസ്സമാധാനമായി ഒന്നും തിന്നാൻ പോലും പറ്റില്ല " ഉണ്ണി പരാതികൾ പറയാൻ തുടങ്ങി. " ആരാടാ നിനക്കിവിടെ മനസമാധാനം തരാതിരുന്നത്?" അമ്മ ചോദിച്ചു. "നിങ്ങ തന്നെ, അല്ലാതാരാ " ഉണ്ണി മുഖം വീർപ്പിച്ചു. "എന്റടുത്ത്ന്ന് നീ മാറിയിരുന്നോ അല്ലെങ്കിൽ നിനക്ക് എൻേറന്ന് കിട്ടും "അമ്മ നെറ്റി ചുളിച്ചു. "ഊം... എന്നെ തല്ലാൻ വാ.. ഞാനേയ് എൻെറ അച്ഛനോട് പറയും " ഉണ്ണി വെല്ലുവിളിച്ചു. ഇതു കേൾക്കേണ്ട താമസം അമ്മയുടെ കൈ ഉണ്ണിയുടെ ശരീരത്തിൽ പതിഞ്ഞു. പിന്നെ പറയണ്ട.. ആകെ ബഹളമായി. "എടീ അനൂ, ഈ ചെക്കനെ കൊണ്ടോയേ... "അമ്മ വിളിച്ചു പറഞ്ഞു. "എൻെറ അച്ഛൻ വിളിക്കട്ടെ. അമ്മയ്ക്ക് ഞാൻ നല്ല തല്ലു വാങ്ങിത്തരും." ഉണ്ണി വിങ്ങിവിങ്ങി പറഞ്ഞു. " അത്രയ്ക്ക് ആയോ, ഇനിയും കിട്ടണ്ടെങ്കിൽ പൊയ്ക്കോ എൻെറ മുമ്പീന്ന് "അമ്മയ്ക്ക് ദേഷ്യം വന്നു. ഉണ്ണി ഏങ്ങിയേങ്ങി റൂമിൽ പോയിരുന്നു. അപ്പോഴേയ്ക്കും അനു അവിടെയെത്തിയിരുന്നു. "ചേച്ചി എനിക്ക് കഥ പറഞ്ഞു തരോ?" ഉണ്ണി ഒരു പൈക്കിടാവിനെപ്പോലെ തൊട്ടുരുമ്മിയിരുന്നു. "എന്തു കഥയാ എൻെറ ഉണ്ണിക്ക് വേണ്ടത്?" അനു ചോദിച്ചു. "എനിക്കേയ് ആനയുടെ കഥ മതി" ഉണ്ണി കൊഞ്ചിപ്പറഞ്ഞു. "ആനയുടെ കഥയല്ലേ ചേച്ചി ഇന്നലെയും പറഞ്ഞു തന്നത്?" അനു പറഞ്ഞു. "എനിക്കാനയുടെ കഥ മതി" ഉണ്ണി ചിണുങ്ങി. "കരയണ്ട, പറഞ്ഞു തരാം" അനു സമ്മതിച്ചു. ഉണ്ണി ആനയുടെ കഥയ്ക്കായി ചെവി കൂർപ്പിച്ചു. അനു പറഞ്ഞു തുടങ്ങി. "കഥയുടെ പേര് കുട്ടിക്കൊമ്പൻ, ശ്രദ്ധിച്ചു കേട്ടോളൂട്ടോ.. ഒരിടത്ത് മഹാവികൃതിയായ ഒരു കുട്ടിക്കൊമ്പനുണ്ടായിരുന്നു. അച്ഛനും അമ്മയും പറയുന്നതൊന്നും അവൻ അനുസരിക്കില്ല. ഒരു ദിവസം അവനു തോന്നി.' അച്ഛനും അമ്മയ്ക്കും എന്നെ ഇഷ്ടമല്ല. അതു കൊണ്ട് ഈ വീടുവിട്ടു പോയേക്കാം.' അങ്ങനെ ഒരു ദിവസം, അച്ഛനുമമ്മയുമില്ലാത്ത നേരത്ത് അവൻ വീടു വിട്ടിറങ്ങി. കുറേ നടന്നപ്പോൾ അവനു വിശക്കാൻ തുടങ്ങി. അപ്പോഴവന് അമ്മ ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടെ രുചി ഓർമ്മ വന്നു. അവൻ കരയാൻ.." "അല്ല ചേച്ചി, ആന എങ്ങനെ ഭക്ഷണം ഉണ്ടാക്കും?" ഉണ്ണിക്ക് സംശയം. അതൊക്കെ ഉണ്ടാക്കും" അനു പറഞ്ഞു. "എന്നാലും എങ്ങനെയാ ഉണ്ടാക്കാ?" ഉണ്ണിക്ക് സംശയം വിട്ട് മാറണില്ല. "നീയേ കഥ കേൾക്കണുണ്ടെങ്കിൽ കേട്ടാൽ മതി. സംശയം ഒന്നും വേണ്ട." അനുവിൻെറ ഭീഷണി. "പിന്നെ, സംശയം ചോദിക്കണ്ടേ? ഉണ്ണിയും ദേഷ്യപ്പെട്ടു. "എന്നാലേ, ഞാൻ കഥ പറയണില്ല " അനു എഴുന്നേറ്റ് പോയി. " വേണ്ട.. കഥ കേൾക്കണില്ല.. എന്താ?" ഉണ്ണി കട്ടിലിൽ കിടന്നു. "ശ്ശൊ ! ചേച്ചിയുമായി തല്ല് പിടിക്കേണ്ടായിരുന്നു. ഉണ്ണിക്ക് പശ്ചാത്താപം തോന്നി. 'ട്ർ.. ട്ർർർ... ട്ർർ....' പെട്ടെന്ന് ഫോൺ ബെല്ലടിച്ചു. "അമ്മേ...അച്ഛനാ " അനു ഫോണെടുത്ത് വിളിച്ചു പറഞ്ഞു. പെട്ടെന്ന് ഉണ്ണി ഓടി വന്നു. " ഫോണ് തന്നേ.. എനിക്ക് അച്ഛനോട് കുറച്ച് കാര്യം പറയാനുണ്ട്." ഉണ്ണി ഫോൺ പിടിച്ചു വാങ്ങി. "അച്ഛാ അതില്ലേ.. എന്നെ അമ്മേം ചേച്ചീം എപ്പഴും ചീത്ത പറയും. അമ്മയില്ലേ.. എന്നെ ഇന്ന് തല്ലി" ഉണ്ണിക്ക് സങ്കടം വന്നു. " ഉം" അച്ഛൻ ഒന്നു മൂളി. "അച്ഛാ.. അച്ഛനെന്നാ വരാ..?" ഉണ്ണി ചോദിച്ചു. "ഉം " ഉം "അമ്മ മൂളി.കുറച്ച് നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. " ചേച്ചി എന്താ പ്രശ്നം? ഉണ്ണി സ്വകാര്യം പറഞ്ഞു. എടാ, നമ്മളന്ന് ടി.വിയിൽ കണ്ടില്ലേ കൊറോണയെ.. അതാ." അനു ഉണ്ണിയുടെ ചെവിയിൽ പറഞ്ഞു. " അപ്പഴേ എന്തിനാ അമ്മ കരയണത് ?" ഉണ്ണി സംശയം ചോദിച്ചു. പിന്നെ പറയാം" അനു പറഞ്ഞു. പിന്നെ കുറച്ചു നേരത്തേക്ക് അവിടെ നിശബ്ദത തളം കെട്ടി നിന്നു. ആ നിശബ്ദതയെ ഭേദിച്ചത് അമ്മയുടെ പൊട്ടിക്കരച്ചിലാണ്. ഉണ്ണി ഫോണിലേക്ക് എത്തിച്ച് നോക്കി. അച്ഛൻ ഫോൺ കട്ട് ചെയ്തിരിക്കുന്നു. ഉണ്ണി അമ്മയെ കെട്ടിപ്പിടിച്ചു. അമ്മ അവനെയും. "അമ്മേ ഒരു കാര്യം ചോദിക്കട്ടെ " ഉണ്ണി അമ്മയുടെ മുഖത്തേക്ക് നോക്കി. "ഉം " അമ്മ മൂളി. " അമ്മേ അച്ഛന് സുഖല്ലേ?" ആ നിഷ്കളങ്കതയ്ക്ക് മുന്നിൽ അമ്മയുടെ മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു.

രേവതികൃഷ്ണ
7B ജി.യു.പി.എസ്.കോണത്തുകുന്ന്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ