ജി യു പി എസ് കണിയാമ്പറ്റ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഴശ്ശി തമ്പുരാന്റെ കാലത്തിനും വളരെ മുമ്പു തന്നെ കണിയാമ്പറ്റയിൽ സംസ്ക്കാര സമ്പന്നമായ ഒരു ജനത അധിവസിച്ചിരുന്നു. കർണാടകയിൽ നിന്നും കുടിയേറിയ ഗൗഡൻമാരും തമിഴ് നാട്ടിൽ നിന്നും വന്ന തമിഴ് ബ്രാഹ്മണരുമാണ് ഇവർ.ഗൗഡൻമാർ വയനാട്ടിലെ വിശാലമായ ഭൂപ്രദേശങ്ങളിൽ തോട്ടവിളകൾ നട്ടു വളർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.തമിഴ് ബ്രാഹ്മണർ ഇവിടെ ആരാധനാലയങ്ങളിൽ പൂജ നടത്തുകയും ചെയ്തു. കണിയാമ്പറ്റയിലും ഇവർ തോട്ടങ്ങൾ വച്ചിരുന്നു. വിശാലമായ വയലേലകളിൽ വിവിധ ഇനം നെല്ലുകളും വിളയിച്ചിരുന്നു.
സാമ്പത്തികമായി മുന്നേറാൻ കഴിഞ്ഞെങ്കിലും വിദ്യാഭ്യാസപരമായി തങ്ങളുടെ പിഞ്ചോമനകൾക്ക് യാതൊരു പുരോഗതിയും നൽകാൻ കഴിയാത്തതിൽ ഇവർ വളരെ ദുഖിതരായിരുന്നു. ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കാണാൻ കണിയാമ്പറ്റയിലെ പ്രമുഖ വ്യക്തികൾ ചേർന്ന് ആലോചിക്കുകയും അതിൻെറ ഫലമായി കണിയാമ്പറ്റ ടൗണിൻെറ ഹൃദയഭാഗത്തായി ചിറ്റൂർ ഗൗഡർ ഒരേക്കർ സ്ഥലം നൽകുകയും ചെയ്തു. ഈ സ്ഥലത്ത് 1892 - ൽ ഒരു പുൽപ്പുര ഉണ്ടാക്കി അതിലാണ് വിദ്യാലയം ആരംഭിച്ചത്. മൂന്ന് ആണും ഒരു പെണ്ണും മാത്രമാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികൾ. എഴുത്താശാനാണ് ഇവരെ പഠിപ്പിച്ചിരുന്നത്. ഗണിതവും മലയാളവും സാമൂഹ്യശാസ്ത്രവുമെല്ലാം അദ്ദേഹം തൻെറ പഠിതാക്കൾക്ക് പകർന്ന് കൊടുത്തു. വിദ്യാർത്ഥികൾ സാധനങ്ങളായിട്ടാണ് അദ്ധ്യാപകന് ഫീസ് നൽകിയിരുന്നത്. പഠനം പൂർത്തിയാകുമ്പോൾ ഓലവര (എഴുത്തോല) നടത്തിയിരുന്നു. അധ്യാപകന് വസ്ത്രങ്ങളും , പണവും ഗുരുദക്ഷിണയായി നൽകിയിരുന്നു. സഹപാഠികൾക്ക് സദ്യ നൽകുന്ന പതിവും ഉണ്ടായിരുന്നു.
1902 ൽ ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ നേരിട്ടുള്ള ഭരണത്തിൻ കീഴിലായി. അധ്യാപകന് ബോർഡ് നേരിട്ട് ശമ്പളം നൽകാൻ തുടങ്ങി. ക്രമേണ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും എണ്ണവും ഭൗതികസാഹചര്യങ്ങളും മെച്ചപ്പെടുകയും, ജില്ലയിലെ തന്നെ മികച്ച അപ്പർ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായി മാറി.