ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം

പ്രകൃതി മനുഷ്യന്റെ അമൂല്യമായ സമ്പത്താണ്. മറ്റ് സമ്പത്തുകൾ അതിനുമുന്നിൽ നിഷ്പ്രഭമാകുന്നു. എന്നാൽ മനുഷ്യർ ഈ വസ്തുത മറന്ന് തങ്ങളുടെ ഭവനം താൽക്കാലികമായ നിസ്സാര നേട്ടങ്ങൾക്ക് വേണ്ടി തകർക്കുന്നു. ആഗോള മലിനീകരണത്തിന് ഫലമായി ഉണ്ടാകുന്ന ആഗോളതാപനം അപൂർവ്വ ജീവജാലങ്ങളുടെ വംശനാശം എന്നിങ്ങനെയുള്ള ഭവിഷ്യത്തുകൾ നമ്മുടെ ഭൂമി ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെ വ്യവസായസ്ഥാപനങ്ങൾ വായുവിലേക്ക് വിഷവാതകങ്ങൾ തള്ളിവിടുന്നു. ഇതിനു പിറകെ വാഹനങ്ങളിൽ നിന്നുള്ള പുക വായുവിനെ മലിനമാക്കുന്നു. വ്യാപകമാകുന്ന വായു മലിനീകരണം ശ്വാസകോശ അർബുദം ഉയർന്ന രക്തസമ്മർദ്ദം ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു. വായു മലിനീകരണത്തിനെതിരെ മറ്റൊരു ദോഷമാണ് അമ്ല മഴ.

വായു പോലെതന്നെ ശുദ്ധമായ ജലവും മനുഷ്യന്റെ ആരോഗ്യകരമായ അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന വിഷം കലർന്നതും അമ്ലാംശം ഉള്ളതുമായ വസ്തുക്കൾ ശുദ്ധ ജലത്തെ മലിനമാക്കുന്നു. ഇങ്ങനെ വിഷമയം ആക്കപ്പെടുന്ന ജലം ആയിരങ്ങളുടെ മരണത്തിന് കാരണമാകുന്നു.

ഈ ലോക്ക് ഡൌൺ കാലത്ത് പരിസ്ഥിതിമലിനീകരണം വളരെ ഏറെ കുറഞ്ഞിട്ടുണ്ടെന്ന് പത്രവാർത്ത കണ്ടല്ലോ. ഭൂമിയെ മലിനീകരണത്തിൽ നിന്നും രക്ഷിക്കേണ്ടതിന്റെ ആവശ്യകത മനുഷ്യൻ തിരിച്ചറിയണം. സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം, തിരമാലയിൽ നിന്നുള്ള ഊർജം തുടങ്ങിയ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ ആശ്രയിച്ചു വേണം നാം പുരോഗതിയിലേക്ക് സഞ്ചരിക്കാൻ. മുകളിൽ സൂചിപ്പിച്ചവ എല്ലാം പരിസ്ഥിതി സൗഹൃദം പുലർത്തുന്നവയും അളവറ്റ രീതിയിൽ സൗജന്യമായി നൽകുകയും ചെയ്യുന്ന സമ്മാനങ്ങളാണ്. നാം നശിപ്പിക്കുന്നത് നമുക്ക് പുനർസൃഷ്ടിക്കാൻ കഴിയുകയില്ല എന്ന വസ്തുത നാം എപ്പോഴും മനസ്സിൽ കൊണ്ടു നടക്കണം.


അഭിനവ് കൃഷ്ണ പി ആർ
4 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം