ജി എൽ പി ജി എസ് വർക്കല/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ചരിത്രം - നാളിതുവരെ
നാരദമുനി തന്റെ വൽക്കലം (മേൽവസ്ത്രം) ഉരിഞ്ഞിട്ട സ്ഥലമാണ് 'വർക്കല' എന്നും വക്കിൽ (അരികിൽ) അല വന്നടിക്കുന്ന കടൽത്തീരം എന്നതിനാൽ 'വർക്കല' എന്നും സ്ഥലനാമഐതിഹ്യം പറയുന്നു. പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയുടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം. പില്ക്കാലത്ത് തിരുവിതാംകൂറിൽ റാണി ഗൗരി പാർവ്വതി ഭായിയുടെ ഭരണകാലത്ത് സർക്കാർ വിദ്യാഭ്യാസ കാര്യത്തിൽ നേരിട്ട് ഇടപെടാൻ തുടങ്ങി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് ഗ്രാന്റ് അനുവദിക്കാൻ തീരുമാനിച്ചു. മിഷണറിമാരും മറ്റ് സംഘങ്ങളും സ്കൂളുകൾ സ്ഥാപിക്കാൻ തുടങ്ങി. ക്രമേണ വിദ്യാഭ്യാസം വ്യാപകമാകാൻ തുടങ്ങി. ധർമ്മശാല മഠത്തിൽ ആത്മീയത പകർന്നു കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസത്തിന്റെ രൂപം കൈവരാൻ തുടങ്ങി.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന അക്കാലത്തു, ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം, 1904-ൽ സർക്കാർ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു. തുടർന്ന് പ്രാഥമികവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ പെൺകുട്ടികൾക്കായുള്ള വിദ്യാലയം സ്ഥാപിതമായി. സ്കൂളിനോട് ചേർന്ന് തന്നെ ശ്രീ. കെ. സി. പദ്‌മനാഭപിള്ളയുടെ ഉടമസ്ഥതയിൽ ആൺകുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിക്കുകയും, 'ജനാർദ്ദനപുരം ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യുകയും ചെയ്തു . തുടർന്ന് 1959-60 കാലഘട്ടത്തിൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. അന്നുമുതൽ ഗവ. ജി.എൽ.പി.ജി.എസ് എന്നറിയപ്പെടുന്നു. ഇപ്പോൾ സ്കൂൾ നിലനിൽക്കുന്ന സ്ഥലത്തിന്റെ ഭൂരിഭാഗവും സംഭാവന നൽകിയത് ശ്രീമതി. സീതമ്മ ടീച്ചർ ആയിരുന്നു.
സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ആരെന്നോ ആദ്യ വിദ്യാർത്ഥി ആരെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം ലഭിച്ച, ശ്രീ മണമ്പൂർ ശ്രീധരൻപിള്ള പ്രഥമാധ്യാപകൻ ആയിരുന്നപ്പോഴാണ് സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രവേശനം ലഭിച്ചു തുടങ്ങിയത്. 2004 മുതൽ സ്കൂളിൽ മാതൃഭാഷയ്ക് പുറമെ ഇംഗ്ലീഷിലും അധ്യയനം ആരംഭിച്ചു. 2007 ൽ സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കപ്പെട്ടു. 2006 ൽ സ്കൂളിൽ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു. ശ്രീ. ബാബു രാജേന്ദ്രപ്രസാദ് എന്ന പ്രഥമാധ്യാപകന്റെ ശ്രമഫലമായി സ്കൂളിൽ ഒട്ടേറെ നവീകരണപ്രവർത്തനങ്ങൾ നടന്നു. കുട്ടികളുടെ എണ്ണവും വർധിച്ചു. അകാലത്തിൽ പൊലിഞ്ഞ ശ്രീ. ബാബു സാറിനു ശേഷം സ്കൂളിന്റെ അമരക്കാരനായി എത്തിയ ശ്രീ. എസ്. ശ്രീലാൽ സാറിലൂടെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം ഒരിക്കൽ കൂടി സ്കൂളിലേക്കെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ ഏറ്റവും മികച്ച പി.ടി.എ. യ്ക്കുള്ള സംസ്ഥാനപുരസ്കാരവും ISO 9001-2015 അംഗീകാരവും സ്കൂളിന് ലഭിച്ചു. തുടർന്ന് പ്രഥമാധ്യാപകനായ ശ്രീ.ബൈജു സാറിന്റെ കീഴിലും സ്കൂൾ നേട്ടങ്ങളുടെ പാത പിന്തുടർന്നു. കലാ,കായിക,ശാസ്ത്ര മേളകളിലും മത്സരപരീക്ഷകളിലും ഇവിടുത്തെ കുട്ടികൾ തുടർച്ചയായി മികച്ചവിജയം നേടി. കോവിഡ് മഹാമാരിയുടെ വ്യാപനകാലത്തും എണ്ണൂറില്പരം കുട്ടികൾ ഈ സ്കൂളിൽ നേരിട്ടും ഓൺലൈനിലൂടെയും വിദ്യാഭ്യാസം നേടിവരുന്നു.