ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ തിരിച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുടെ തിരിച്ചടി

സൂര്യകിരണങ്ങൾ ഉദിച്ചു വരുന്നു. പച്ചവിരിച്ച കണ്ണെത്താദൂരത്തോളമുള്ള നെൽപ്പാടങ്ങൾ നീല മലനിരകൾ, കളകളം പാടി ഒഴുകി വരുന്ന ശുദ്ധമായ നദി എത്ര കണ്ടാലും മതി വരാത്ത മഞ്ചാടി കുന്നിന്റെ പ്രകൃതി ഭംഗിയാണിത്. മലബാറിലെ ഒരു കുടിയേറ്റ ഗ്രാമമാണ് മഞ്ചാടി കുന്നു.തിരുവിതാം കൂറിൽ വെള്ളപൊക്ക കാലത്ത് കുടിയേറി പാർത്ത കൃഷിക്കാരാണ് ഇവിടെയുള്ള ജനങ്ങൾ. ഈ നാട്ടിലെ ഒരു ധനികനായിരുന്നു കുരിശുമൂട്ടിൽ ജോസഫ്. അദ്ദേഹം ഒരു കൃഷിക്കാരൻ ആയിരുന്നു.ഒറ്റ മകൻ ആയിരുന്നു ജോസഫിന്. പേര് സണ്ണി. അവർക്ക് ഏക്കറുകണക്കിന് സ്ഥലമുണ്ടആയിരുന്നു. മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ടു കഷ്ട്ടപെട്ടു സമ്പാതിച്ച താണ് അതെല്ലാം. ജോസഫിന് ഒരു മലയുണ്ടായിരുന്നു. അതിന്റെ താഴ് വാരത്തു ഒരു പുഴയും വൻമരങ്ങളും ഉണ്ടായിരുന്നു.

ഒറ്റ മകനായിരുന്നതുകൊണ്ടു സണ്ണിയുടെ എല്ലാ ആഗ്രഹങ്ങളും ജോസഫ് നടത്തി കൊടുത്തിരുന്നു. അതുകൊണ്ടാണ് ജോസഫിന് ഇഷ്ടമില്ലെങ്കിലും എൻജിനീയറിന് പഠിക്കാൻ അവനെ വിട്ടത്. അദ്ദേഹത്തിന് അവനൊരു കൃഷിക്കാരനാകാനായിരുന്നു ആഗ്രഹം. അങ്ങനെ ജോസഫിന് വയസായി തുടങ്ങി. വൈകാതെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.മരണത്തിന് തൊട്ട് മുൻപ് പോലും സണ്ണിയോട് ജോസഫ് പറഞ്ഞത് "നമ്മുടെ ചുറ്റുപാടുകൾ സംരക്ഷിക്കണം. എന്നാലേ നാട് നന്നാവൂ. " എന്നായിരുന്നു. പക്ഷെ അച്ഛൻ മരണപ്പെട്ടപ്പോൾ അവൻ ആകെ മാറി. പാടങ്ങളെല്ലാം മണ്ണിട്ടുമൂടി. മലയിലുണ്ടായിരുന്ന മരങ്ങളെല്ലാം അനധികൃതമായി വെട്ടി മുറിച്ചു പണമുണ്ടാക്കി. മലയുടെ ഒരു ഭാഗം തന്നെ നികത്തി ഫാക്ടറി തന്നെ പണിതു. അതിൽനിന്നുള്ള മലിനജലം പുഴയിലേക്ക് ഒഴുക്കിവിട്ടു. പുഴയിൽ നിന്ന് മണൽ വരുകയും ചെയ്തു. ജോസഫ് പണിത ചെറിയ വീട് പൊളിച് പകരം ഒരു മണിമാളികതന്നെ പണിതു. അവരുടെ പരിസര വാസികൾ ആ പുഴയിൽ നിന്നാണ് എല്ലാ ആവശ്യങ്ങൾക്കും ജലം എടുത്തിരുന്നത്. ജലം മലിനമായതിനെത്തുടർന്നു പരിസര വാസികൾ അവനെ എതിർത്തു. സണ്ണി എടുത്തവരെ ഗുണ്ടകളെ വിട്ടു വളരെ അധികം ഉപദ്രവിച്ചു. അവരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്തു. ഉന്നതതലങ്ങളിൽ വളരെ അധികം സ്വാധീനം ഉള്ളതുകൊണ്ട് സണ്ണി യുടെ പണകൊഴുപ്പിൽ അധികാരികൾ മൗനികളായി.സണ്ണിക്കും ഒരു മകനുണ്ടായിരുന്നു. പഠനത്തിൽ കേമനാണ്. പേര് ജോജി. അതുകൊണ്ട് അവനെ വിദേശത്തിൽ പഠനത്തിനായി അയച്ചു.

അങ്ങനെ ഇരിക്കെ ഒരു ഇടവപ്പാതിടിൽ സണ്ണിയും ഭാര്യയും ബന്ധു വീട്ടിലേക്ക് യാത്രപോയി. അന്നാണു പ്രകൃതി തന്റെ രോക്ഷം പുറത്തെടുത്തത്. സംഹാരതാണ്ഡവമാടി മഴ പെയ്തു. മഴയുടെ ശക്തി കാരണം, ഒരുൾപൊട്ടലുണ്ടായി. മലവെള്ള പാച്ചിലിൽ കുത്തിയൊലിച്ചു വന്ന വൻ പാറക്കെട്ടുകൾ സണ്ണിയുടെ ഫാക്ടറിയും വീടും നക്കിത്തുടച്ചു. അവിടെ അവന്റേതാണ് ആ സ്ഥലമെന്നു മനസിലാക്കാൻ ഒന്നുമില്ലായിരുന്നു. ജോസഫ് ചെയ്ത നന്മകൊണ്ടാകാം സണ്ണിക്കും ഭാര്യക്കും ജീവൻ തിരിച്ചുകിട്ടിയത്. തന്റെ സർവ്വ സ്വത്തുക്കളും പ്രകൃതി നശിപ്പിച്ചത് കണ്ട സണ്ണിയുടെ മാനസിക നില തെറ്റി. വിവരമറിഞ്ഞ മകൻ ജോജി അമേരിക്കയിൽ നിന്നെത്തി. അച്ഛന് നല്ല ചികിത്സ നൽകി. തങ്ങളുടെ തകർന്ന വീടും സ്ഥലവും കണ്ടപ്പോൾ അവന്റെ നെഞ്ച് കലങ്ങി. എന്നാലും അവൻ തകർന്നില്ല. അവൻ ആദ്യം ചെയ്തത് ആ സ്ഥലങ്ങളിലെല്ലാം മരങ്ങൾ വെച്ച് പിടിപ്പിക്കുകയായിരുന്നു. ദുഷ്ടനായ സണ്ണിയുടെ മകന്റെ നന്മ നിറഞ്ഞ പ്രവർത്തികൾ കണ്ട സമീപവാസികളും അവനോടൊപ്പം ചേർന്നു. അവർ അവിടെ ധാരാളം മരങ്ങൾ വെച്ച് പിടിപ്പിച്ചു.പതിയെ പതിയെ ആ മരങ്ങൾ വളരുന്നതിനോടൊപ്പം സണ്ണിയുടെ മാനസികാരോഗ്യവും മാറിവന്നു. അയാൾക്ക്‌ തന്റെ തെറ്റ് മനസിലായി. പരിസ്ഥിതിയെ നശിപ്പിച്ചാൽ അതു തിരിച്ചടിക്കുമെന്നും അതു വരും തലമുറയെ ആകമാനം നശിപ്പിക്കുമെന്നും അയാൾ തിരിച്ചറിഞ്ഞു. പിന്നീട് സണ്ണി തന്റെ അനുഭവങ്ങൾ പറഞ്ഞു പരിസ്ഥിതിയെ നശിപ്പിക്കുന്നവരെ പിന്തിരിപ്പിച്ചുകൊണ്ടിരുന്നു..........

അമീഷ സി. എ
6B ജി ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കഥ