ജി എഫ് എൽ പി എസ് മടപ്പള്ളി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കടലമ്മ മുത്തണ വിദ്യാലയം
കടലമ്മ മുത്തണ മടപ്പളളി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ ശതാബ്ദി പിന്നിട്ടിരിക്കുകയാണ്. കാലത്തിനു മായ്ച്ചു കളയാൻ പറ്റാത്ത സ്മരണകളുടെ ചരിത്രമാണ് ഈ വിദ്യാലയത്തിന് പറയാനുളളത്. തീരദേശത്തിനാകെ ആദ്യാക്ഷര മധുരം പകർന്നു നൽകി പ്രകാശ ഗോപുരമായി ഈ വിദ്യാലയം മടപ്പളളിയുടെ സാംസ്കാരിക ഭൂമികയിൽ ഇന്നും തലയെടുപ്പോടെ നിറഞ്ഞു നിൽക്കുന്നു.
മടപ്പളളി ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ പ്രയാണ ചരിത്രം ആരംഭിക്കുന്നത് മടപ്പളളി ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്കൂളിൽ നിന്നാണ്. അജ്ഞതയുടെ ഇരുൾമൂടിയ നാൾവഴിയിൽ നിന്നും അക്ഷരവെളിച്ചം പകർന്നു നൽകി തീരദേശ മേഖലയെ കൈ പിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയാണ്. ഒരു പക്ഷെ അധികം കലാലയങ്ങൾക്കൊന്നും അവകാശപ്പെടാനില്ലാത്ത ചരിത്ര ദൗത്യം നിറവേറ്റിയ വിദ്യാലയമാണിത്. ഒന്നാം ക്ലാസ് മുതൽ കോളേജ് വരെ ഒരേ കെട്ടിടത്തിൽ പ്രവർത്തിച്ച ചരിത്ര പ്രാധാന്യമുളള വിദ്യാലയമാണ് മടപ്പളളി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ.
മദ്രാസ് ഗവൺമെന്റിനു കീഴിൽ ഉന്നത പദവിയിൽ ജോലി ചെയ്തിരുന്ന ഒരു മഹദ് വ്യക്തിയായിരുന്നു കോഴിക്കോട്ടെ അരയ സമുദായത്തിൽ ജനിച്ച വലിയ വീട്ടിൽ ഗോവിന്ദൻ. (റാവു ബഹദൂർ ഗോവിന്ദൻ) സമുദായ സ്നേഹിയായ അദ്ദേഹം തീരപ്രദേശത്തെ സാധാരണക്കാരുടെ ഇടയിൽ വിദ്വാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മലബാറിന്റെ കടൽത്തീരത്ത് എട്ട് ഫിഷറീസ് സ്കൂളുകൾ സ്ഥാപിക്കുകയുണ്ടായി. അതിലൊന്നാണ് 1920 ൽ മടപ്പളളിയിൽ സ്ഥാപിതമായ ഫിഷറീസ് ഹയർ എലിമെന്ററി സ്കൂൾ എന്ന മടപ്പള്ളി ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്കൂൾ.
1946 ൽ ഈവിദ്യാലയം സർക്കാർ ഉത്തരവ് പ്രകാരം ഹൈസ്കൂളായി ഉയർത്തി, മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. ഫിഷറീസ് ടെക്നോളജി എല്ലാ ക്ലാസ്സിലും പഠന വിഷയമായിരുന്നു. കേരളപ്പിറവിക്കു ശേഷം ഈ വിദ്യാലയം ഗവ.ഫിഷറീസ് എൽ.പി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.
തുടർന്ന് 1958 ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വിദ്യാലയത്തോടനുബന്ധിച്ച് ഒരു ഗവൺമെന്റ് കോളേജ് അനുവദിക്കുകയുണ്ടായി. പിന്നീട് കുട്ടികളുടെ ബാഹുല്യം കാരണവും സ്ഥല സൗകര്യത്തിന്റെ പരിമിതികളും കണക്കി ലെടുത്ത് ഹൈസ്കൂൾ വിഭാഗം നാദാപുരം റോഡിലേക്കും കോളേജ് മാച്ചിനാരി കുന്നിലേക്കും മാറ്റുകയായിരുന്നു.അതാണ് മടപ്പള്ളി ഗവൺമെന്റ് കോളേജ്. ദേശവാസിക ളുടെ അഭ്വർത്ഥന മാനിച്ച് 5-ാം തരം വരെ യുളള പ്രൈമറി വിഭാഗം ഇവിടെ നിലനിർ ത്തുകയായിരുന്നു.
വിദ്യാലയം സ്ഥാപിച്ച അന്നു മുതൽ 2000 ആണ്ടു വരെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 2000 ൽ ജനകീയപങ്കാളിത്തത്തോടെ, നിരന്തരമായ പ്രവർത്തനത്തിന്റെ ഫലമായി ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ കൈവശമായിരുന്ന ഒരു ഏക്കർ 8 സെന്റ് സ്ഥലത്തു നിന്നും 50 സെന്റ് സ്ഥലം സ്കൂൾ കെട്ടിടം പണിയാൻ വേണ്ടി സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടുകയുണ്ടായി. ജനകീയാസൂത്രണ പ്രസ്ഥാനം നിലവിൽ വന്നതേടെ വടകര ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷം രൂപയും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് 4 ലക്ഷം രൂപയും അനുവദിച്ചു. ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത 3 ലക്ഷം രൂപയും ചേർത്ത് 15 ലക്ഷം രൂപ മുതൽ മുടക്കിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടത്തിൽ 2000 ആഗസ്റ്റ് 9 മുതൽ പ്രവർത്തിച്ചു വരുന്നു..