ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/അച്ചമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചമ്മ

കുട്ടിക്കാലത്ത് എന്റെ അമ്മയുടെ വീട്ടിൽ പോയാൽ മിക്കപ്പോഴും അച്ഛമ്മയുടെ അടുത്തേക്കും ഞാൻ പോവാറുണ്ടായിരുന്നു . എന്റെ അമ്മമ്മയുടെ അമ്മയെ ആണ് ഞാൻ അച്ഛമ്മ എന്ന് വിളിച്ചിരുന്നത് . പട്ടണത്തിൽ നിന്ന് വളരെ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു അമ്മയുടെ വീട് . അതിന് തൊട്ടടുത്തുള്ള മറ്റൊരു ഗ്രാമത്തിലാണ് അച്ഛമ്മയുടെ വീട് . പണ്ട് ധാരാളം ആളുകൾ കൂട്ടുകുടുംബമായി അവിടെ താമസിച്ചിരുന്നു . പിന്നീട് വാഹനസൌകര്യവും മറ്റ് അസൌകര്യങ്ങളും മൂലം പുതിയതലമുറ പട്ടണങ്ങളിലേക്ക് കുടിയേറി പാർത്തു . ജനിച്ചു വളർന്ന നാടും വീടും വിട്ടുപോവാൻ മനസ്സില്ലാതിരുന്ന വൃദ്ധർമാത്രം അവിടത്തെ വലിയ വീടുകളിൽ അവശേഷിച്ചു . അങ്ങനെ അതൊരു വൃദ്ധരുടെ ഗ്രാമമായി മാറി . ധാരാളം പച്ചപ്പും കൃഷിയിടങ്ങളുമുള്ള മനോഹരമായ ഒരു ഗ്രാമമായിരുന്നു അത് . ധാരാളം വീടുകളുണ്ടെങ്കിലും അതിൽ വിരലിലെണ്ണാവുന്നവർ മാത്രമേ താമസമുള്ളു . അതിൽ ഭൂരിഭാഗവും വൃദ്ധർ .

അമ്മയുടെ വീട്ടില് നിന്ന് 2 കിലോമീറ്ററോളം കുന്നുകയറി വേണം അച്ഛമ്മയുടെ വീടിലെത്താൻ അവിടെ എത്തിയാൽ ആദ്യം കാണുക വീട്ടിനു മുന്നിലെ വലിയ തൊഴുത്താണ് . ഇന്ന് അവിടെ പശുക്കളോ കാളകാളോ ഒന്നുമില്ല . തീർത്തും ശൂന്യം . പണ്ടത്തെ ആഢ്യത്തത്തിന്റെ ബാക്കിപത്രമായി തൊഴുത്ത് മാത്രം . പിന്നീടു നടന്നു വീട്ടില് കയറിയാൽ ആദ്യം കാണുക അച്ചാച്ചന്റെ ( അമ്മമ്മയുടെ അച്ഛന്റെ ) ഒരു പെയിന്റിംഗ് ആണ് . ഒരു കാരണവർക്കുവേണ്ട എല്ലാ ഭാവങ്ങളും ആ മുഖത്തുണ്ടെന്നു ഒറ്റനോട്ടത്തില് മനസിലാവും അപ്പോഴേക്കും വാതിലിനു മുന്നില് ചുക്കിച്ചുളഞ്ഞ ശരീരവും കാതിലോല ഇട്ടു വലുതായ കാതുകളും തിമിരം ബാധിച്ച കണ്ണുകളിൽ വട്ടകണ്ണടയും ഇട്ട് കഴുത്തിൽ വർഷങ്ങൾ പഴക്കമുള്ള സ്വർണ മാലയും രണ്ട് മൂന്ന് കുടുക്ക് പൊട്ടിയ കറുത്ത ബ്ലൗസും ധരിച്ചു വെളുത്ത മുണ്ടും ചുറ്റി അച്ചമ്മ പ്രത്യക്ഷ്യയാവും . അമ്മമ്മ എന്ന് അവിടെയാക്കി പറമ്പിലെ കൃഷി നോക്കാനായി പോവും . പിന്നെ ഞാനും അച്ചമ്മയും ഒറ്റയ്ക്കാവും . ബിസ്കറ്റ് , പലഹാരങ്ങൾ അല്ലെങ്കിൽ പാൽപൊടി ഇതിൽ ഏതെങ്കിലും ഒന്ന് എനിക്കായി അച്ചാമ്മ പടിഞ്ഞാറ്റയിൽ പൂജാമുറി ) സൂക്ഷിച്ചിരിക്കും . പിന്നെ എന്റെ പരിപാടി അച്ഛമ്മയുടെ പഴയ മരുന്ന് കുപ്പി പെറുക്കലാണ് . പിങ്കും വെള്ളയും നിറമുള്ള മരുന്ന് കുപ്പികള് പെറുക്കൽ അവിടെ ചെന്നലുള്ള എന്റെ ഒരു ഹോബിയാണ് . പിന്നെ ഉച്ച വരെ ആ വീട്ടില് ചുറ്റികറങ്ങലാണ് . പുതിയ തലമുറ മ്യൂസിയങ്ങളിൽ മാത്രം കാണാനിടയുള്ള പല വസ്തുക്കളും ഞാൻ അവിടെ കണ്ടിട്ടുണ്ട് . പല രഹസ്യ വാതിലുകളും മുറികളും ആ വീട്ടിനുണ്ട് . അവിടെയൊക്കെ ചുറ്റി കറങ്ങി കഴിയുംമ്പോഴെക്കും ഒട്ടിന്റെ പത്രത്തിൽ കഞ്ഞി വിളമ്പി കുടിക്കാനായി അച്ഛമ്മ വിളിക്കും അച്ഛമ്മയുടെ പടിഞ്ഞാറ്റയിൽ അയ്യപ്പന്റെ ഫോട്ടോയുടെ അടുത്ത് ഒരു സ്ത്രീയുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട് . അച്ഛമ്മ ആ ഫോട്ടോ നോക്കി ഇടയ്ക്കിടെ കരയും . അച്ഛമ്മയുടെ അകാലത്തിൽ പൊലിഞ്ഞുപോയ ഇളയ മകളായിരുന്നു ആ ഫോട്ടോയിൽ . ആറ് മക്കളായിരുന്നു അച്ഛമ്മയ്ക്ക് ഒരാണും അഞ്ചുപെണ്ണും ആദ്യ കാലത്ത് എല്ലാവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത് . പിന്നീട് അവർക്ക് കുട്ടികൾ ആയപ്പോൾ പുതിയ സൌകര്യങ്ങൾ തേടി അവർ പട്ടണത്തിലേക്ക് കുടിയേറി . അവരുടെയെല്ലാം ഫോട്ടോകൾ ആ വീട്ടിന്റെ ഭിത്തിയിൽ തൂക്കിയിട്ടുണ്ട് . അതിലേക്കു നോക്കുമ്പോൾ അച്ഛമ്മയുടെ മുഖത്ത് പല ഭാവങ്ങളും മിന്നി മറയുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട് .

അവിടുത്തെ പറമ്പിലൂടെ നടന്നാല് ധാരാളം ചെടികളും വലിയ കവുങ്ങിന് തോട്ടങ്ങളും കാണാം പിന്നെ ഒരിക്കലും വെള്ളം വറ്റാ ത്ത ഒരു തോടും ആ പറംമ്പിലുണ്ട് പറമ്പിന്റെ ഒരറ്റത്ത് ചെടികളൊന്നും വളരാത്ത ഒരിടമുണ്ട് അച്ചാച്ചനെയും രജലക്ഷ്മി ഇളയമ്മയെയും ( അച്ഛമ്മയുടെ ഇളയ മകൾ ) അടക്കം ചെയ്തത് അവിടെയാണ് . അവിടേക്ക് പോയാൽ ഒരു മൂകത നമുക്ക് അനുഭവപ്പെടും . തന്നെയും അവിടെ അടക്കണമെന്നുള്ളത് ഒരാഗ്രഹമായി അച്ഛമ്മ ഇടയ്ക്കിടെ എന്നോട് പറയുമായിരുന്നു അച്ചാച്ചന്റെ മരണശേഷം വർഷങ്ങളായി അച്ഛമ്മ ആ വലിയ വീട്ടിൽ ഒറ്റയ്ക്കാണ് . അതിന്റെ പരിഭവങ്ങളൊന്നും അച്ചമ്മയില്ല താനും . ഒരു പക്ഷെ ആ ഒറ്റപെടല് അച്ഛമ്മ ആഗ്രഹിച്ചിരുന്നിരിക്കണം . അച്ഛമ്മയോടോത്തുള്ള ഒരു ദിവസം വളരെ രസകരമായിരുന്നു . അമ്മയുടെ വീട്ടിലെ സുഹൃത്തുകളും സഹോദരങ്ങളും ഇല്ലാത്ത ഒറ്റപടലിൽ നിന്ന് എന്നെ രക്ഷിച്ചത് അച്ഛമ്മയുടെ അടുത്തേക്കുള്ള യാത്രകളായിരുന്നുവെന്ന് പിൽകാലത്ത് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് . അച്ചമ്മയോടോത്ത് ചെലവഴിച്ച ദിവസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളായിരുന്നു . വർഷങ്ങൾ കഴിഞ്ഞു ഞാൻ വലുതായി . ഒപ്പം അച്ഛമ്മയ്ക്കും പ്രായം കൂടി കൂടി വന്നു . അമ്മയുടെ വീട്ടില് മാന്മാർക്ക് കുട്ടികളായതോടുകൂടി അച്ഛമ്മയുടെ അടുത്തേക്കുള്ള എന്റെ പോക്ക് കുറഞ്ഞു ഇല്ലാതായി . വാർധക്യത്തിന്റെ അവശതകൾ അച്ഛമ്മയേയും പിടികൂടി സ്വന്തമായി കാര്യങ്ങള് ചെയ്യാൻ കഴിയാതെ വന്നപ്പോള് അച്ഛമ്മയുടെ മൂത്തമകൾ അച്ഛമ്മയെ അവരുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി മെല്ലെ മെല്ലെ ആ ബന്ധം നേർത്ത് നേർത്ത് വന്നു . അവർ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട മനോഹരമായ ഒരു അധ്യായമാണ് . അവരുടെയൊപ്പം ചെലവഴിച്ച ഓരോ നിമിഷവും വളരെ സുന്ദരമായ ഒരു പക്ഷെ പുതിയ തലമുറയിൽനിന്നു അന്യം നിന്നുപോയ ഒരു ബാല്യം എനിക്ക് സമ്മാനിച്ചു . അതാണ് എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചതും

നീലാംബരി അജയകുമാർ
10 എ ജി എച്ച് എസ് എസ് കൊട്ടില
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ