ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/അസ്തമിക്കാത്ത കണ്ണുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അസ്തമിക്കാത്ത കണ്ണുകൾ

മനസും ശരീരവും നന്നേ തളർന്നു. രണ്ടു ദിവസമായിട്ട് വീട്ടിൽ അര പട്ടിണിയാണല്ലോ. എന്റെ മക്കൾക്ക്‌ ഒരുനേരം വയറുനിറച്ചു ഭക്ഷണം കൊടുക്കാൻ എനിക്ക് ആകുമോ?. കടലിൽ പോയിട്ട് രണ്ടു ദിവസമായി. എന്തെങ്കിലും കിട്ടിയിട്ട് വേണം വിശന്നു കാളുന്ന കുഞ്ഞു വയറ് നിറയ്ക്കാൻ.

ചെരിഞ്ഞും മലർന്നും കിടന്നുരുണ്ടിട്ടും എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഈ രാത്രിക്ക് നല്ല നീളമുണ്ടായിരുന്നു. എന്റെ ഈശ്വരാ... ഒന്ന് വേഗം നേരം പുലർന്നിരുന്നെങ്കിൽ. കീറി പറഞ്ഞ മുഷിഞ്ഞ പായയിൽ നിന്നും എണീറ്റിരുന്ന് ഞാനെന്റെ മക്കളെ നോക്കി. വയറ് നന്നേ ഒട്ടിയിരിക്കുന്നു. വേവലാതി പറയുന്ന എന്റെ ഭാര്യയുടെ സങ്കടം, അതും എനിക്ക് സഹിക്കാനായില്ല. പൊട്ടിപ്പൊളിഞ്ഞു വീഴാറായ ജനൽ വിടവിലൂടെ അരിച്ചിറങ്ങുന്ന ശീതക്കാറ്റേറ്റ്‌ തണുത്തു വിറയ്ക്കുന്ന മക്കൾ കൈകൾ നീട്ടി വിളിച്ചു, എന്നെ കെട്ടിപ്പിടിക്കച്ചാ...

രാത്രിയുടെ ഇരുട്ടും മഴയുടെ തണുപ്പും എന്റെ കുടിലിലാകെ വ്യാപിച്ചു. റാന്തൽ വെളിച്ചത്തിൽ മൂലയിലുള്ള കരിമ്പടം കുടഞ്ഞെടുത്തു ഞാനെന്റെ മക്കളെ വാരി പുതപ്പിച്ചു. എന്തൊരു മഴയാണ്... ചെവിയിൽ മഴയാരവം തുളച്ചു കയറുന്നു. ഇടിമിന്നൽ എന്റെ കണ്ണുകളെ ഞെട്ടിത്തരിപ്പിച്ചു. പിന്നാമ്പുറത്തെ കൈതക്കാടുകളിൽ മഴവെള്ളം കുത്തിയൊലിച്ചൊഴുകുന്ന ശബ്ദം എന്നെ അമ്പരപ്പിച്ചു.

പുലച്ചെ മൃദുലമായ ഒരു ശീതക്കാറ്റ് എന്നെ തട്ടിവിളിച്ചു. കണ്ണുതുറന്നു ഞാൻ തിടുക്കത്തിൽ പുതപ്പ് മാറ്റി. നനവുള്ള ചുമരുകൾ എന്നെ നോക്കി ഇളിക്കുന്നുണ്ടായിരുന്നു. കൊലയിൽ ഇറുക്കിവച്ച തുഴയുമെടുത്തു്, മാഞ്ഞുപോകുന്ന ഇരുട്ടിൽ എന്നെയും കത്തിനിൽക്കുന്ന വഞ്ചിയുമായി ഞാൻ കടലിലേക്ക് പുറപ്പെട്ടു. ചുറ്റും തിരകൾ എന്നെ ചുറ്റിവരിയുന്നുണ്ടായിരുന്നു. ചൂടുപിടിച്ചു കത്തിക്കൊണ്ടിരിക്കുന്ന എന്റെ മനസ്സിന്റെ തുഴ, രൗദ്രഭാവത്തോടെ എന്നിലെടുത്തേക്ക് വന്ന തിരകൾ ആയിരം കൈകളാൽ തട്ടിത്തെറിപ്പിച്ചു കടലിലേക്ക് വിളിച്ചുകൊണ്ടുപോയി. തിരകളിൽ ചുഴറ്റിമറിഞ്ഞു അകന്നു പോകുന്ന എന്റെ തുഴയെ വീണ്ടെടുക്കാൻ എന്റെ കൈകൾക്കു നീലമില്ല. താളം തെറ്റിയ ഞാനും എന്റെ വഞ്ചിയും ദിശയെതെന്ന് അറിയാതെ തിരയിൽ ഇളകിയാടി. വഞ്ചിയിൽ ഞാൻ മുറുകെ പിടിച്ചു. ഒരു നിമിഷം കൊണ്ട് അന്ധകാരം എന്റെ കണ്ണുകളെ മരവിപ്പിച്ചു. സ്വപ്നങ്ങളും പ്രതീക്ഷകളും ഇടിത്തീപോലെ കടലിന്റെ അഗാധങ്ങളിലൊളിച്ചു .തിളയ്ക്കുന്ന തിരയിൽ കണ്ണീരിറ്റുവീഴുമ്പോൾ, തിരകൾക്കു ചോരയുടെ അതേ നിറം.

വഞ്ചിയിൽ നിന്നും പിടിവിടാതെ ഞാൻ കമിഴ്ന്നു കിടന്നു. കാറ്റിലും തിരയിലും തപ്പിത്തടഞ്ഞു ഞാനും എന്റെ വഞ്ചിയും അങ്ങ് ഉൾക്കടലിൽ. അനേകം കൊച്ചു വഞ്ചികളെ ആ തിരകളിൽ എനിക്ക് കാണാൻ കഴിഞ്ഞു. പക്ഷേ ഒരു വഞ്ചിപോലും എന്നെ കണ്ടില്ല. അതിലോരോ വഞ്ചികളിലും ആൾക്കാരും തുഴകളും ഉണ്ടായിരുന്നു. ആർത്തു കൂവിക്കൊണ്ടും മത്സരം പിടിച്ചും തുഴഞ്ഞു നീങ്ങുന്നത് എനിക്ക് ദൂനിന്നും കാണാം. ഒന്നാർത്തു കരയാനോ കൈവീശി കാണിക്കാനോ എനിക്കാവില്ല... ഇന്നേക്ക് അഞ്ചാംനാൾ, എന്റെ കൈകാലുകൾ തളർന്നുപോയി. ഒരിറ്റു വെള്ളം കിട്ടാതെ തൊണ്ട വരണ്ടു പൊട്ടിയിരിക്കുന്നു . സൂര്യന്റെ കൊലച്ചിരി ശരീരത്തിൽ മുഴുവൻ മുറിവേല്പിച്ചിരിക്കുന്നു. എനിക്കൊന്നു നിവർന്നുകിടക്കാൻ പറ്റിയിരുന്നെങ്കിൽ. വഞ്ചിയിൽ മുറുകെപിടിച്ച എന്റെ വിരലുകൾക്ക് കനംകുറയാൻ തുടങ്ങി. ഈ ഉൾക്കടലിൽ മരണത്തെ ഞാൻ മുഖമുഖം കണ്ടു. ശരീരമാസകലം വരിഞ്ഞുകെട്ടുന്ന വേദനകൊണ്ട് ഞാൻ ആർത്തു കരഞ്ഞു , അമ്മേ... എന്റെ ആ നീണ്ട കരച്ചിൽ കേട്ടു മുകളിൽ ചുറ്റും വട്ടമിട്ടു പറക്കുന്ന കൂറ്റൻ പരുന്തുകൾ. അവയിൽ ഓരോന്നും ചിറകിട്ടടിച്ചു് താഴേക്കിറങ്ങി. കൂറ്റൻ ചിറകുകളാൽ എന്നെ തട്ടിക്കളിച്ചുകൊണ്ട് ഒന്നൊന്നായി വട്ടമിട്ടു പറന്നു.

ക്ഷീണിച്ചു അവശനായ എന്റെ കൃഷ്ണമണി ചുറ്റിത്തിരിഞ്ഞു, നാവുകൾ താഴ്നിറങ്ങി. മരണവിളികൊണ്ട് റാഞ്ചിപ്പറക്കുന്ന പരുന്തുകൾ എന്നെ മുത്തമിട്ടു പറക്കാൻ തുടങ്ങി. സൂചിമുനകൾ താഴ്ന്നിറങ്ങുന്ന വേദന. ഒന്ന് വേഗം മരിച്ചിരുന്നെങ്കിൽ ഈ വേദന സഹിക്കേണ്ടതായിരുന്നു. നാളെ വരാം എന്ന ഭാവത്തോടെ തിരിഞ്ഞും മറിഞ്ഞും എന്നെ നോക്കിയിട്ട് ഓരോ പരുന്തും ആകാശത്തിന്റെ ഉയരങ്ങളിലേക്ക്... ഈ അവസാനത്തെ അന്ധകാരത്തെ ഞാൻ മുറുകെപ്പിടിച്ചു. കുളിരും പൊടിമഴയും എന്റെ ഞരമ്പുകളെ വലിഞ്ഞുമുറുക്കി. ഇരുൾ മൂടിക്കൊണ്ടിരിക്കുന്ന പകലിന്റെ ചക്രവാളങ്ങളിൽ ഉടഞ്ഞു ചിതറിത്തെറിക്കുന്ന സ്വപ്നങ്ങളൊക്കെ, മരിക്കാത്ത കണ്ണുമായ് ഒരു ഭ്രാന്തനെപ്പോലെ പുലംബിച്ചിരിച്ചുകൊണ്ട് നിറകണ്ണുകളോടെ ഇരു കൈകളാൽ ഞാൻ ഏറ്റുവാങ്ങി.

മാളവിക മനോജൻ
8 എച്ച് ജി എച്ച് എസ് എസ് കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ