ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കൂ രോഗങ്ങളെ അകറ്റൂ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കൂ ....... രോഗങ്ങളെ അകറ്റൂ ......
            രോഗം വന്നതിന് ശേഷം ചികിത്സിച്ച് ഭേദമാക്കുന്നതിനല്ല  പ്രാധാന്യം നൽകേണ്ടത് സ്വാഭാവികമായ രോഗപ്രതിരോധശേഷി നേടുന്നതിലാണ് നാം ശ്രദ്ധ ചെലുത്തേണ്ടത്. രോഗപ്രതിരോധശേഷി യിലൂടെ ശരീരത്തിനെ  ബാധിക്കുന്ന രോഗങ്ങളെ പകുതിയിലേറെ നമുക്ക് ഭേദിക്കാൻ ആകും. ഏതൊരു രോഗത്തിനെയും മരുന്നില്ലാതെ മറികടക്കാനുള്ള ഏറ്റവും നല്ല ഉപായമാണ് പ്രതിരോധം. രോഗപ്രതിരോധശേഷി നമ്മെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. രോഗപ്രതിരോധശേഷി മൂന്നു തരത്തിലുണ്ട് ഒന്ന് ജന്മനാ ഉള്ള രോഗപ്രതിരോധശേഷി രണ്ട് നാം ആർജിച്ചെടുക്കുന്ന   രോഗപ്രതിരോധശേഷി മൂന്ന് നിഷ്ക്രിയമായ രോഗപ്രതിരോധശേഷി. ജന്മനായുള്ള രോഗപ്രതിരോധശേഷി  എന്നാൽ ഓരോ വ്യക്തിക്കും ജനിക്കുമ്പോൾതന്നെ സ്വാഭാവികമായ രോഗപ്രതിരോധശേഷി ഉണ്ടായിരിക്കും.അതായത് പൊതുവായ ഒരു തരം സംരക്ഷണം.ഉദാഹരണത്തിന് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ ചർമം സഹായിക്കുന്നു. നാം ആർജ്ജിച്ചെടുക്കുന്ന രോഗപ്രതിരോധശേഷി പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുമ്പോൾ വർദ്ധിക്കുന്നു. നിഷ്ക്രിയമായ പ്രതിരോധശേഷി മറ്റ് ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. ഇത് കുറച്ചു നാളുകൾ മാത്രം നിലനിൽക്കുന്നു. ഓരോ വ്യക്തിയിലും രോഗപ്രതിരോധശേഷി ഉണ്ടാക്കിയെടുക്കേണ്ടത്  അനിവാര്യമാണ്. എങ്കിൽ മാത്രമേ രോഗമില്ലാത്ത ആരോഗ്യമുള്ള ഒരു തലമുറയെ നമുക്ക് സൃഷ്ടിക്കാൻ ആകൂ. നല്ല ആരോഗ്യത്തിന്റെ  ഏറ്റവും നല്ല അടിസ്ഥാനഘടകമാണ് രോഗപ്രതിരോധശേഷി. മൂന്നുനേരവും സമീകൃത ആഹാരം കഴിക്കാതിരുന്നാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയാൻ ഇടയാകുന്നു.
                രോഗപ്രതിരോധശേഷി കുറവായാൽ നമ്മുടെ ശരീരത്തിൽ രോഗാണുക്കൾ പെട്ടെന്ന്  കടക്കാൻ ഇടയാകും. തെറ്റായ ജീവിതശൈലി തന്നെയാണ് ഇതിന്റെ മറ്റൊരു കാരണം. രോഗപ്രതിരോധശേഷി കുറവായാൽ അത്  മരണത്തിനുവരെ കാരണമായേക്കാം. രോഗകാരകങ്ങൾ ആയ ജൈവവസ്തുക്കൾ ഭൂമുഖത്ത് വേണ്ടത്ര ഉണ്ടായിട്ടും അവയ്ക്ക് എല്ലാ മനുഷ്യരിലും രോഗം ഉളവാക്കാൻ കഴിയുന്നില്ല. ബാഹ്യകാരകങ്ങളേക്കാൾ ഒരു രോഗത്തിന് നിദാനം ഒരു വ്യക്തിയുടെ രോഗ വിധേയ സന്നദ്ധതയാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയും. എത്ര നല്ല വിത്ത് പാകിയാലും അത് മുളയ്ക്കുന്നതിനും വളരു ന്നതിനും അനുയോജ്യമായ മണ്ണും സാഹചര്യവും അത്യന്താപേക്ഷിതം ആണല്ലോ, ഇതുപോലെ രോഗകാരകങ്ങൾക്ക്  രോഗാവസ്ഥ സൃഷ്ടിക്കുന്നതിന് അനുയോജ്യമായ ശാരീരികാവസ്ഥ അനുപേക്ഷണീയമാണ്. ഒരാൾക്ക് രോഗം പിടിപെടുന്ന തും തീവ്രത വർധിക്കുന്നതും അയാളുടെ രോഗപ്രതിരോധ ശേഷിയെ അടിസ്ഥാനമാക്കിയാണ്. ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾക്കും പ്രതിരോധത്തിനുമുള്ള ഊർജ്ജം ലഭ്യമാകുന്നത് നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്. ആഹാരം ശരിയായി ദഹിച്ചാൽ മാത്രമേ ഈ ഉർജ്ജം ലഭിക്കുകയുള്ളൂ. ദഹന പ്രക്രിയക്കും ഊർജ്ജം ആവശ്യമാണ്. എന്നാൽ എളുപ്പം ദഹിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ ശരീരത്തിന് കുറച്ച് ഊർജ്ജം മാത്രമേ  ചെലവഴിക്കേണ്ടത് ഉള്ളൂ. ഇങ്ങനെ ആയാൽ പ്രതിരോധത്തിനായി കൂടുതൽ ഊർജ്ജം കരുതി വയ്ക്കാൻ ശരീരത്തിന് സാധിക്കും. 
             നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പല മാർഗ്ഗങ്ങളും ഉണ്ട്. ഏതൊരു രോഗത്തെയും ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ടതാണ്. പോഷകഗുണമുള്ള ഭക്ഷണം കഴിച്ച് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാവുന്നതാണ്. കുരുമുളക് മികച്ച ഔഷധമാണെന്ന കാര്യം നമുക്കറിയാം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് കുരുമുളകിനുള്ള പ്രാധാന്യം വളരെ വലുതാണ്. വിറ്റാമിൻ  സി ധാരാളം ഉണ്ടെന്നതും കുരുമുളകിനെ വ്യത്യസ്തമാക്കുന്നു. ദഹനപ്രശ്നങ്ങൾക്ക് ഉത്തമമാണ്. ഇഞ്ചിയും വെളുത്തുള്ളിയും ചേർന്ന മിശ്രിതം ശരീരത്തിന് അമൃത് പോലെയാണ്. ഇതുപോലെ ഒരു ഔഷധം വേറെയില്ല. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമമാണ്. അതുപോലെതന്നെയാണ് തുളസിയും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സൗന്ദര്യത്തിനും ഉത്തമമാണ് തേനും മഞ്ഞളും. ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പ് മഞ്ഞളും വെളിച്ചെണ്ണയും ചേർത്ത് കഴിച്ചാൽ അണുക്കൾ നശിക്കാൻ ഇടയാകും. പ്രതിരോധ വാക്സിനുകൾ നിർബന്ധമായും കുട്ടികൾക്ക് നൽകണം. ഇതിലൂടെ പലവിധ മാരകരോഗങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ആവുന്നതാണ്. പ്രതിരോധ കുത്തിവെപ്പുകൾ യഥാസമയം തന്നെ നൽകിയാൽ രോഗപ്രതിരോധം സാധ്യമാകും. പ്രതിരോധ കുത്തിവെപ്പുകൾ ധാരാളമുണ്ട്. പകർച്ചവ്യാധികൾ വരാതിരിക്കുന്നതിന് വേണ്ടി  വ്യക്തികൾക്കു നൽകുന്ന ഔഷധങ്ങളാണ്  വാക്സിനുകൾ. ശരീരത്തിന് രോഗാണുക്കളെ തിരിച്ചറിയാൻ കഴിയും.ഒരു തവണ നമ്മുടെ ശരീരത്തിൽ പ്രവേശിച്ച രോഗാണു വീണ്ടും അക്രമണത്തിനു എത്തിയാൽ ശരീരത്തിന്റെ പ്രതിരോധസംവിധാനം ഉണർന്നു പ്രവർത്തിക്കുകയും രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. വാക്സിനേഷനുകൾ വഴി കുഞ്ഞിന്റെ  ആരോഗ്യം ഉറപ്പുവരുത്താം. വാക്സിനേഷനുകൾ തെറ്റായ രീതിയിൽ നൽകുന്നത് വിപരീതഫലം ഉണ്ടാക്കും. ഇത്തരം ഫലപ്രദമായ രീതികളിലൂടെ നമുക്ക് രോഗപ്രതിരോധശേഷി നേടിയെടുക്കുകയും എളുപ്പം രോഗത്തെ അകറ്റുകയും ചെയ്യാം.
               ഇന്ന് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്താണ് കോവിഡ് 19. രോഗബാധിതരിൽ പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം. ഈ രോഗത്തിന് വാക്സിനോ നിർദ്ദിഷ്ഠ ആന്റി വൈറൽ ചികിത്സയോ ഇല്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ,പരിചരണം,  പരീക്ഷണാത്മക നടപടികൾ എന്നിവ ഉൾപ്പെടുന്ന പ്രതിരോധ നടപടികൾ ആണ് ചെയ്യാനാവുന്നത്.കോവിഡ് 19 എന്ന മഹാമാരി ഒരു പ്രദേശത്തെ മാത്രമല്ല ലോകമൊട്ടാകെ വ്യാപിച്ചിരിക്കുന്നു. ഒരുപാട് ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നു. ഇത് ലോകത്തിനു തന്നെ കടുത്ത വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്.കോവിഡ് 19 എന്ന മഹാമാരിയെ ലോകത്തുനിന്നും തുടച്ചുനീക്കിയ പറ്റൂ. പ്രതിരോധമാണ് ഏറ്റവും നല്ല മാർഗ്ഗം. നാം ഒന്നിച്ച് പ്രതിരോധിച്ചാൽ മാത്രമേ ഈ മഹാമാരിയെ എതിർക്കാൻ ആകു. അതിന് ഗവൺമെന്റ് പലതരം നടപടികൾ എടുത്തിട്ടുണ്ട്. വീടിന് പുറത്തിറങ്ങാതെ ഇരിക്കുക, മാസ്ക് ഉപയോഗിക്കുക, ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, അകലം പാലിക്കുക...... ഇത്തരം ക്രിയാത്മകമായ നടപടികൾ നാം ഒന്നിച്ച് പാലിച്ചാൽ ഏതു വൈറസിനെയും നമുക്ക് എതിർക്കാൻ ആകും. രോഗപ്രതിരോധം ആർജ്ജി ച്ചെടുക്കൂ നല്ലൊരു നാളേക്കായ്.
                                                                                *******************************************************
നവിന കെ വി
8 A ജി എച്ച് എസ് എസ് പട്ടുവം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം