ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/ലോകശുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകശുദ്ധി

നമ്മുടെ നാട്ടിൽ ഏറി വരുന്ന കോവിഡ് പോലുള്ള പകർച്ചവ്യാധികൾക്ക് 90 ശതമാനം കാരണവും ശുചിത്വം പാലിക്കുന്നതിന്റെ പോരായ്മകളാണ്. ശരീരം ഇപ്പോഴും ശുചിയായി സൂക്ഷിക്കുന്നതിലൂടെ അണുബാധകൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത് നമുക്ക് തടയാം. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതു പോലെ നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തികൾ സ്വയം പാലിക്കേണ്ട കാര്യങ്ങൾ കൃത്യതയോടു കൂടി പാലിച്ചാൽ 90 ശതമാനം രോഗങ്ങളും നമുക്ക് ഒഴിവാക്കാൻ കഴിയും.

മണ്ണും, ജലവും, പ്രകൃതിയും, എന്തിന് വായു പോലും മലിനമാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ശുചിത്വം വളരെ പ്രധാനപ്പെട്ട ഒരു ഘടകമായി മാറുന്നു. പണ്ട് കാലങ്ങളിൽ വീടിന്റെ ഉമ്മറപ്പടിയിൽ ഒരു കിണ്ടിയിൽ വെള്ളം വെക്കാറുണ്ടായിരുന്നു. പുറത്തു പോയി വരുമ്പോൾ ആ വെള്ളം ഉപയോഗിച്ച് കാലും കയ്യും മുഖവും കഴുകി വൃത്തിയാക്കിയതിനു ശേഷമേ വീടിനുള്ളിൽ പ്രവേശിക്കുകയുണ്ടായിരുന്നുള്ളു. ഇത് പണ്ടുള്ളവരുടെ വ്യക്തി ശുചിത്വത്തെ കാണിക്കുന്നു. എന്നാൽ ഇന്ന് കാലം മാറി. ആധുനിക സൗകര്യങ്ങളും പണവും സ്വാർത്ഥ മനോഭാവവും കൂടി സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം ജനങ്ങൾ പ്രാവർത്തികമാക്കി.

ഇതിൽ നിന്ന് കരകയറാൻ നമുക്ക് ഒറ്റ വഴി മാത്രമേയുള്ളൂ, .....ശുചിത്വം.. കൈകൾ കഴുകിയും, മാസ്ക് ധരിച്ചും, അകലെ നിന്നും സ്നേഹിച്ചും നമുക്ക് ഈ മഹാമാരിയെ തുരത്താം. ഒരുപാടു കാലം പിന്നിലേക്ക് പോയതു പോലെ ...വാഹനങ്ങൾ ഇല്ല, സമ്പർക്കമില്ല....ഒന്നുമില്ല.

പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന ചിലരുടെ മനോഭാവമാണ് ഇന്നത്തെ ലോക ദുരന്തത്തിന് മുഖ്യ കാരണമായിത്തീർന്നത്. നമ്മുടെ ഗവൺമെൻറ് ഇടയ്ക്ക് പ്ലാസ്റ്റിക് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചുവെങ്കിലും ഇപ്പോഴും പത്തു രൂപയുടെ സാധനം ആയാൽ പോലും അത് പായ്ക്ക് ചെയ്തു തരുന്നത് പ്ലാസ്റ്റിക് കവറിലാണ്. ഫലമോ ഒരു ദിവസം തന്നെ ഒരു ശരാശരി മലയാളി അഞ്ചു മുതൽ ഇരുപതു വരെ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നു. ഒരിക്കലുള്ള ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന പ്രവണതയാണ് പലയിടത്തും കണ്ടു വരുന്നത്. ഇവ മണ്ണിനടിയിൽ വർഷങ്ങളോളം നശിക്കാതെ കിടക്കുന്നു.

ഭൂമിയിലെ ജീവജാലങ്ങൾക്ക് മരണം സംഭവിക്കാതിരുന്നാൽ എന്താകും ഭൂമിയുടെ അവസ്ഥ.? അതുപോലൊരവസ്ഥയാണ് പ്ലാസ്റ്റിക് സൃഷ്ടിക്കുന്നത്. നമ്മുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നതു മൂലം അന്തരീക്ഷ മലിനീകരണം, താപ നിയന്ത്രണം, ജല വാതക വിനിമയം എന്നിവ തകരാറിലാകുന്നു. അതിനാൽ പ്രകൃതിദത്തമായ വസ്തുക്കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ച് സാമൂഹിക ശുചിത്വം പാലിക്കാൻ കുട്ടികളായ നമ്മൾ മുൻകൈ എടുക്കണം.

ഇന്ന് പ്രകൃതിയുടെ പച്ചപ്പ് വാടി കരിഞ്ഞിരിക്കുന്നു....വേനലുകൾ തീയാളുന്നവയായി.....കാലം തെറ്റി, കാലവർഷം തെറ്റി......കാലാവസ്ഥ ഒന്നാകെ തകിടം മറിഞ്ഞു. എന്നിട്ടും നാം അതിൻറെ പരിണിത ഫലങ്ങളുടെ ശരിയായ കണക്കറിയാൻ പ്രാപ്തരായിട്ടില്ല.

ദേവപ്രിയ കെ.എസ്
9 എ ജി എച്ച് എസ്സ് എസ്സ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ