ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബ്രറി

"ഒരു നല്ല പുസ്തകം നൂറ് കൂട്ടുകാർക്ക് തുല്യമാണ്. " ഒരു ജനതയെ സാംസ്കാരികോന്നതിയിലേക്കു നയിക്കുന്ന സുപ്രധാന ഘടകമാണ് വായന. വായിച്ചും അറിഞ്ഞും ലോകം ഒരുപാട് മുന്നോട്ടു പോയി. ഇന്ന് വായനയും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിലും പുസ്തകങ്ങളുടെ പ്രാധാന്യം കുറച്ചു കാണാനാവില്ല. വളർന്നു വരുന്ന തലമുറകളെ അക്ഷരങ്ങളിലുടെ ഭാവനയുടെ പുതു ലോകത്തേക്ക് നയിക്കുന്നതിൽ പുസ്തകങ്ങളുടെ പങ്ക് വളരെ വലുതാണ്. പoന പ്രവർത്തനങ്ങളിൽ ലൈബ്രറിക്ക് വളരെ പ്രാധാന്യമുണ്ട് എന്നതാണ് വസ്തുത. വിദ്യാർത്ഥികളിലെ കൗതുകം വളർത്താനും അവരിലെ വൈകാരിക തലങ്ങളെ ഉത്തേജിപ്പിച്ച് സർഗ്ഗാത്മകതയുടെ അനന്തപഥ ങ്ങളിലേക്കുയർത്താനും പുസ്തകങ്ങൾക്കേ കഴിയൂ. മാധ്യമങ്ങൾ ഒരുപാട് വളർന്ന് സാമൂഹ്യ ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്ന ഇക്കാലത്തും പുസ്തകാലയങ്ങൾ ഏറെ പ്രധാനപ്പെട്ടതാകുന്നത് അതുകൊണ്ടാണ്. അക്ഷരങ്ങൾ തീർക്കുന്ന അനുഭൂതികളുടെ അ ഭൗമ തലങ്ങളിലുടെ വളരുമ്പോൾ ഓരോ കുട്ടിയും മാനുഷ്യകതയിലേക്കുയരുന്നു. ഈ തിരിച്ചറിവാണ് വിദ്യാലയങ്ങളിലെ ഗ്രന്ഥപ്പുരകളിലേക്കു നയിച്ചത്. താമരശ്ശേരി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലും വളരെ നല്ലൊരു ലൈബ്രറിയാണുളളത്. സ്വന്തമായ കെട്ടിടത്തിലാണ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ. VM ഉമ്മർ മാസ്റ്റർ MLA ആയിരിക്കുമ്പോഴാണ് സ്കൂളിന് ലൈബ്രറി കെട്ടിടം ലഭിക്കുന്നത്. വിശാലമായ ഒരു ഹാളും ലൈബ്രറിയുമാണ് കെട്ടിടത്തിലുള്ളത്. ബാത്റൂം സൗകര്യവും ഇതിനകത്തുണ്ട്. സ്കൂളിൻ്റെ പ്രധാന കെട്ടിടത്തിനടുത്ത് ,എന്നാൽ ഏറെ ശാന്തമായ ഒരിടത്താണ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. പതിനായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിക്ക് സ്വന്തമായുണ്ട്. കഥ, കവിത, നോവൽ, പoനങ്ങൾ, ബാലസാഹിത്യം, ജീവചരിത്രം, ആത്മകഥ, യാത്രാവിവരണം, ചരിത്രം, ഗണിതം, ശാസ്ത്രം എന്നിങ്ങനെ തരംതിരിച്ച് ഷെൽഫിൽ അടുക്കിയതിനാൽ ആവശ്യമായ പുസ്തകങ്ങൾ കണ്ടെത്താനും തിരിച്ചു വെക്കാനും വിദ്യാർത്ഥികൾക്ക് എളുപ്പമാകുന്നു. ഉച്ചയ്ക്കും വൈകുന്നേരവുമാണ് ലൈബ്രറി പ്രവർത്തനം നടക്കുന്നത്. ഉച്ചയ്ക്ക് 1.15 മുതൽ 1.50 വരെയും വൈകുന്നേരം 3.45 മുതൽ 4.45 വരെയും ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. UP, HS, HSS, VHSE വിഭാഗങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും മാത്രമല്ല രക്ഷിതാക്കളും സ്കൂൾ ലൈബ്രറി ഉപയോഗിക്കുന്നുണ്ട്. അമ്മ വായന പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനും സ്ക്കൂൾ ലൈബ്രറിക്ക് കഴിഞ്ഞു. അതോടൊപ്പം രക്ഷിതാക്കൾക്ക് ക്വിസ് മത്സരം നടത്തിയും ലൈബ്രറി മാതൃകയായിട്ടുണ്ട്. " ഒരു ദിവസം ഒരു പുസ്തകം" എന്ന മുദ്രാവാക്യവുമായി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും വായനയ്ക്കായി മാറ്റി വെച്ച ദിവസമായിരുന്നു 2019ലെ വായനാദിനം. മുഴുവൻ കുട്ടികൾക്കുമുള്ള പുസ്തകങ്ങൾ തലേ ദിവസം തന്നെ ലൈബ്രറിയിൽ ഒരുക്കി വെക്കുകയും ജൂൺ 19 ന് രാവിലെ ക്ലാസ് അധ്യാപകർ ഏറ്റുവാങ്ങി ക്ലാസുകളിൽ വിതരണം ചെയ്യുകയും ചെയ്തു. മുഴുവൻ ക്ലാസുകളും അന്നേ ദിവസം വായനയ്ക്കായി മാറ്റി വെച്ചു. സ്കൂൾ ലൈബ്രറിയുടെ ചരിത്രത്തിൽത്തന്നെ ആദ്യത്തെ സംഭവം. ഒരു പക്ഷേ കേരളത്തിലേയും. സ്കൂൾ ശാസ്ത്രമേളയോടൊപ്പം എല്ലാ വർഷവും നടക്കാറുള്ള ഭാഷാ മേളയിൽ ലൈബ്രറി പുസ്തകങ്ങളുടെ, പ്രത്യേകിച്ചും സഹായക ഗ്രന്ഥങ്ങളുടെ, പ്രദർശനവും നടക്കാറുണ്ട്. പ്ലസ് ടുവിലും VHSE യിലും ആവശ്യമായ ഒട്ടേറെ റഫറൻസ് പുസ്തകങ്ങൾനമ്മുടെ ലൈബ്രറിയിലുണ്ട് എന്നത് അഭിമാനകരമാണ്. വായന മാത്രമല്ല, അതോടനുബന്ധിച്ചുള്ള മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. വായനക്കുറിപ്പ്, കൈയെഴുത്ത് മാസിക നിർമ്മാണ മത്സരം എന്നിവ അവയിൽ ചിലത് മാത്രം. കുട്ടികളിലെ സർഗാത്മകത തൊട്ടുണർത്താൻ പുസ്തകക്കൂട്ടുകാർക്ക് കഴിയുമെന്നത് ചാരിതാർത്ഥ്യമാണ്ണ്.

ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോർണർ- ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.കുട്ടികൾക്ക് വേണ്ടി കുട്ടികൾ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു

ക്ലാസ് ലൈബ്രറി

കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചു മുതൽ പത്ത് വരെയുള്ള മുഴുവൻ ക്ലാസുകളിലും ക്ലാസ് ലൈബ്രറി സ്ഥാപിച്ചു . ക്ലാസ്സ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ മനോജ്കുമാർ വി നിർവഹിച്ചു . മലയാളം വിഭാഗം സീനിയർ അധ്യാപകൻ അബ്ദുൽ മജീദ് കെ വി , ലൈബ്രേറിയൻ ശോഭന സി പി , യുപി വിഭാഗം എസ് ആർ ജി കൺവീനർ ശ്രീമതി സഫിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു.ക്ലാസ് ലൈബ്രറിയുടെ മേൽനോട്ട ചുമതല അതത് ക്ലാസ് ടീച്ചർക്കും വിദ്യാഭ്യാസ മന്ത്രിക്കും ആണ്. പ്രധാനമായും മലയാളത്തിലെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും, ക്ലാസ്സ് ലൈബ്രറിയിൽ ഭ്യമാണ് . ക്ലാസ്സ് ലൈബ്രറി തുടങ്ങുന്നതിന് ആവശ്യമായ പുസ്തകം വിദ്യാർത്ഥികളിൽ നിന്നും ലഭ്യമാക്കി. തുടർന്ന് ജന്മദിനത്തിൽ ഒരു പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക് പദ്ധതിയിലൂടെ കുട്ടികളിൽ നിന്നും പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക് ലഭ്യമാക്കി. വായനാശീലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാമാസവും വായനാകുറിപ്പ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു . പുതുതായി തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് പി ടി എ യുടെ നേതൃത്വത്തിൽ സ്പോൺസർമാരെ കണ്ടെത്തി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ പുസ്തകങ്ങൾ സംവിധാനിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു
ശോഭന സി പി
ലൈബ്രേറിയൻ