ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/കോവിഡ്- 19 ഒരു പാരിസ്ഥിതികാഘാതമോ?

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19 ഒരു പാരിസ്ഥിതികാഘാതമോ?

    ലോകത്തിലെ മൂന്നിലൊന്ന് ജനങ്ങളും ഇന്ന് ലോക്ക്ഡൗണിലാണ്. എല്ലാവരും സ്വന്തം ഗൃഹങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇത്തരത്തിൽ  ലോകത്തെയാകമാനം ഗ്രസിച്ചിരിക്കുന്ന സാർക് - കോവ് - 2 എന്ന കോവിഡ് - 19 ഇതിനകം തന്നെ ഒന്നര ലക്ഷത്തിലേറെ പേരുടെ ജീവൻ അപഹരിച്ചു കഴിഞ്ഞു.1850 വർഷത്തെ ചരിത്രമുണ്ട് മഹാമാരികൾക്ക്. AD 185 ൽ റോമാസാമ്രാജ്യത്തിൽ പടർന്ന അൻ്റോണിയൻ പ്ലേഗ് മുതൽ കൊറോണ വരെ മരണസംഖ്യകൾ അതിഭീകരമാണ്. അത്യാധുനിക വൈദ്യശാസ്ത്രനേട്ടങ്ങൾ കൈവരിച്ച ഈ നൂറ്റാണ്ടിലും കോവിഡ് ലോകത്തെ നിശ്ചലമാക്കിയിരിക്കുന്നു. കേവലം മനുഷ്യവംശം നേരിടുന്ന പ്രതിസന്ധി എന്നതിനപ്പുറം നാം അംഗമായ ആവാസവ്യവസ്ഥയുടെയും ജീവന്റെ തന്നെയും പ്രതിസന്ധിയായി വേണം ഇതിനെ വിലയിരത്താൻ.
    ഓരോ പുതിയ വൈറസിന്റെയും കടന്നുവരവ് വനം കൈയേറ്റവും, മനുഷ്യനാഗരികതയും വിദൂരഭൂപ്രദേശങ്ങളും തമ്മിലുണ്ടാകേണ്ട സന്തുലനവും പോലുള്ള മൗലികമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. WHO കണക്കു പ്രകാരം ലോകത്തൊട്ടാകെയുള്ള മരണങ്ങളുടെ രണ്ടാമത്തെ പ്രധാനകാരണം 13 ദശലക്ഷം പേരുടെ ജീവൻ കവരുന്ന പകർച്ചവ്യാധികളാണ്. ഇവയിൽ ഒട്ടുമിക്കവയും ജന്തുജന്യ രോഗങ്ങളാണ്. മനുഷ്യനും വന്യജീവികളും പുതിയ രീതികളിലും പുതിയ സാഹചര്യങ്ങളിലും ഇടപഴകേണ്ടിവരുമ്പോഴാണ് രോഗസംക്രമണം ഉണ്ടാകുന്നത്. വാസസ്ഥലങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും വേണ്ടി ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥകൾ തകർക്കപ്പെടുമ്പോൾ വന്യജീവികൾ മനുഷ്യരുമായി കൂടുതൽ ഇടപഴകാൻ നിർബന്ധിതരാക്കുന്നു. മനുഷ്യർ കാടുകളിൽ പ്രവേശിക്കുകയും വന്യമൃഗങ്ങൾ കാടിറങ്ങുകയും ചെയ്യുന്നു. വിവിധ തലങ്ങളിൽ മനുഷ്യൻ പരിസ്ഥിതിയെ സങ്കീർണമായ പല മാർഗങ്ങളിലൂടെയും ശല്യപ്പെടുത്തുമ്പോഴാണ് പുത്തൻ സാംക്രമിക രോഗങ്ങൾ ഉണ്ടാകുന്നത്. മനുഷ്യനിർമിതവും പാരിസ്ഥിതികവുമായ സമ്മർദങ്ങളാൽ ഇവ വഹിക്കുന്ന സൂക്ഷ്മജീവികൾക്ക്  പരിണാമം സംഭവിക്കുന്നുണ്ട്. 1918 ൽ 10 കോടി പേരുടെ ജീവനെടുത്ത സ്പാനിഷ് ഫ്ലൂ  വൈറസിന്റെ വകഭേദമാണ് ഇന്നത്തെ സാർക് - കോവ് - 2.
    ഓരോ രോഗാണുവും അതിന്റെ വാഹകനുമായി സമരസപ്പെട്ടിരിക്കും. കോ വിഡ്- 19 ചൈനയിലെ വവ്വാലുകളിലായിരിക്കണം ആദ്യം പരിണമിച്ചത്.ഇവയുടെ ആവാസസ്ഥലങ്ങളിലേക്ക് മനുഷ്യൻ കടന്നു കയറിയതോടെ വുഹാൻ പ്രവിശ്യയിലെ വളർത്തുപന്നികളുമായി അവയ്ക്ക് സമ്പർക്കമുണ്ടാവുകയും രോഗാണുക്കൾ മനുഷ്യരിലേക്ക് കടക്കുകയും ചെയ്തിരിക്കാം. നിപയും കൊറോണയും ഉൾപ്പെടെ 15 ജന്തുവാഹക വൈറസ് ഫാമിലികൾ വവ്വാലുകളിൽ വസിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ മാത്രം 64 ഇനം വവ്വാലുകളെയാണ് മാംസത്തിനും മരുന്നിനുമായി ചൂഷണം ചെയ്യുന്നത്.സമീപകാലയളവിൽ 30% വനനശീകരണം നടന്നതായും കണക്കുകളുണ്ട്. മഞ്ഞപ്പനി, സിക, ഡെങ്കി, ചിക്കുൻഗുനിയ, എബോള, സാർസ്, നിപ, മെർസ്-കോവ്, റാബിസ്, സ്ലീപിങ് സിക്നെസ്, ഹാന്റാ വൈറസ്, മലേറിയ തുടങ്ങി അനേകം രോഗങ്ങളുടെ പ്രഭവകേന്ദ്രമായി അടയാളപ്പെടുത്തിയവ മരങ്ങളിലാത്ത പ്രദേശങ്ങളാണെന്ന പഠനവും ഇതിനൊപ്പം ചേർത്തുവായിക്കുമ്പോൾ വൈറസുകളെ നാം എങ്ങനെ നമ്മിലേ ക്കടുപ്പിച്ചു എന്ന് മനസിലാക്കാം.ജൈവ വൈവിധ്യവും ആവാസവ്യവസ്ഥയും ചൂഷണം ചെയ്യപ്പെടാതെയിരുന്നാൽ വനങ്ങളിൽ ഒതുങ്ങിപ്പോവുമായിരുന്ന മാരക രോഗാണുക്കളെയാണ് മനുഷ്യർ കാടുവെ ട്ടിത്തെളിച്ചും പ്രകൃതിയെ കൊലചെയ്തും സ്വതന്ത്രരാക്കിയത്.
    പ്രളയദുരന്തകാലത്ത് പരിസ്ഥിതിവിഷയങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ട നാടാണ് കേരളം. നിപ, കൊറോണ എന്നിങ്ങനെ മഹാമാരികളെ തടുക്കാനും പരിസ്ഥിതിയുടെ വഴി തേടിയേ തീരൂ.പുത്തൻ സാംക്രമികരോഗങ്ങളോടു പൊരുതാൻ ഏകാരോഗ്യ (One health) സമീപനമാണ് ആഗോളതലത്തിൽ ശാസ്ത്രലോകം മുന്നോട്ടു വെക്കുന്നത്. പ്രകൃതിയിലെ ഓരോ ജീവന്റെയും സുസ്ഥിതി ഉറപ്പുവരുത്താതെ മനുഷ്യകുലത്തിന്റെ ആരോഗ്യം നിലനിർത്തുക അസാധ്യമാണെന്ന് ഈ ആന്ത്രോപ്പോസീനിക് യുഗത്തിൽ നാം മനസിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ആരോഗ്യം പരിസ്ഥിതിയുടെ ആരോഗ്യവുമായി വേർതിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് വളർത്തിയെടുക്കേണ്ടതുണ്ട്. ഈയൊരു പാരസ്പര്യമായിരിക്കണം വിശ്വപുരോഗതിയുടെ അടിസ്ഥാന തത്വം.
     
ദീപേന്ദു.പി.എസ്
12 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം