ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
അങ്ങ് ദൂരെ മലഞ്ചെരിവുകൾക്കിടയിൽ ഒരു കൊച്ചു ഗ്രാമം .കൃഷി മാത്രം ഉപജീവനമായി കാണുന്ന ഒരു കൂട്ടം ഗ്രാമവാസികൾ. ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയ ഒരു ആളുണ്ടായിരുന്നു.അദ്ദേഹം തന്റെ ചെറുമകനോടൊപ്പം ആയിരുന്നു താമസിച്ചത് . അങ്ങനെയിരിക്കെ അദ്ദേഹം രോഗബാധിതനായി കിടപ്പിലായി. ഒരു ദിവസം അദ്ദേഹം ചെറുമകനെ തന്റെ അരികിലിരുത്തി .എന്നിട്ട് പറഞ്ഞു -മകനേ ,ഞാനിന്നലെ വല്ലാത്തൊരു സ്വപ്നം കണ്ടു. നമ്മുടെ ഗ്രാമത്തിൽ വലിയൊരാപത്ത് വരാൻ പോകുന്നു.’’ ആപത്തോ !എന്താണ് മുത്തശ്ശൻ പറയുന്നത് .’’ ,ചെറുമകൻ കുറച്ചുകൂടി അദ്ദേഹത്തിന്റെ അടുത്തെക്ക് നീങ്ങിയിരുന്നു.നമ്മുടെ ഗ്രാമത്തിൽ വലിയൊരു മഹാമാരി വരാൻ പോകുന്നു.ആ പകർച്ചവ്യാധി ഗ്രാമവാസികളുടെ ജീവനും ജീവിതവും ഇല്ലാതാക്കും ’’.ഇത്രയും പറഞ്ഞ് അദ്ദേഹത്തിന്റെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു . മുത്തശ്ശൻ മരിച്ചതോടെ വീട്ടിൽ ആ കുട്ടി തനിച്ചായി. കുറച്ച് മാസങ്ങൾക്ക് ശേഷം മുത്തശ്ശൻ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു .ആ ഗ്രാമത്തിനെയാകെ ഞെട്ടിച്ചുകൊണ്ട് മഹാമാരി താണ്ഡവമാടാൻ തുടങ്ങി .കുറച്ച് ദിവസങ്ങൾക്കുളളിൽ തന്നെ ഒരുപാട് പേരുടെ ജീവനെടുത്തു. ആ മഹാമാരി ഗ്രാമത്തെയാകെ ഭയം കൊണ്ട് മൂടി. മഹാമാരി എങ്ങനെവന്നു എന്നോ എന്താണിനി ചെയ്യേണ്ടത് എന്നോ അറിയാതെ ഗ്രാമവാസികൾ എല്ലാവരും ദുഃഖത്തിലാണ്ടു. പേടി കൊണ്ട് ആരും വീടിന് പുറത്തിറങ്ങാതായി . വിളവെടുക്കേണ്ട സമയമായി .എന്നാൽ ആരും അതൊന്നും ചിന്തിക്കുന്നതേയില്ല. മരണഭയം അത്രയേറെ അവരെ പിടികൂടിയിരിക്കുന്നു. പുറത്തിറങ്ങിയാൽ മരിക്കും എന്നത് കൊണ്ട്തന്നെ കൃഷിയിടത്തിൽ പോയിട്ട് തന്നെ ഏറെ നാളായി .വീടുകളിൽ ഭക്ഷണസാധനങ്ങളൊക്കെ തീർന്നുകൊണ്ടിരിക്കുന്നു. വിശന്നിരിക്കുന്ന മക്കളുടെ മുഖം അച്ഛനമ്മമാരുടെ ഉറക്കം കെടുത്തി. തന്റെ ഗ്രാമത്തിന് വന്ന ദുഃസ്ഥിതിയോർത്ത് ഗ്രാമത്തലവൻ വല്ലാതെ ആശങ്കപ്പെട്ടു. ഇതിനെന്താണൊരു പോംവഴി എന്നാലോചിച്ച് തലപുകഞ്ഞു . അദ്ദേഹം തന്റെ വിദേശത്തുളള മകനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞ് കൊടുത്തു. തന്റെ ഗ്രാമത്തേയും ഗ്രാമവാസികളേയും ഏറെ സ്നേഹിക്കുന്ന ആ മകൻ വേഗം തന്നെ ഗ്രാമത്തിലേക്ക് തിരിച്ചു. ഗ്രാമത്തിന് വന്ന ദുരവസ്ഥ കണ്ട് ഡോക്ടറായ ആ മകൻ പോലും ഞ്ഞെട്ടിപ്പോയി . ഗ്രാമം വിജനമായിരിക്കുന്നു. തന്നെ കാണുമ്പോൾ ഓടിയെത്താറുള്ള ഗ്രാമവാസികളാരേയും എവിടേയും കാണുന്നില്ല. ഇതിന് ഉടനടി എന്തെങ്കിലും ചെയ്തേ പറ്റൂ .ഗ്രാമവാസികളെ രക്ഷിക്കേണ്ടത് തന്റെ കടമയാണ്.ഇങ്ങനെയുളള പ്രതിസന്ധികളിൽ നാടിന്റെ കൂടെ നിന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് നിൽക്കേണ്ടത് . പകർച്ചവ്യാധി ബാധിച്ച തന്റെ കൂട്ടുകാരന്റെ അടുത്തേക്കാണ് അവൻ ആദ്യം പോയത് .കാററും വെളിച്ചവുമില്ലാത്ത ഒരു ചെറിയ മുറിയിലാണ് അവനെ കിടത്തിയിരുന്നത് . യാതൊരു ഭയവുമില്ലാതെ ആ ഡോക്ടർ തന്റെ കൂട്ടുകാരനെ പരിശോധിച്ചു ..കുറച്ച് ദിവസങ്ങൾക്കുളളിൽ അവന്റെ അസുഖം ഭേദമായി . പതുക്കെ പതുക്കെ ആ ഗ്രാമം ആ മഹാമാരിയിൽ നിന്ന് മുക്തി നേടി . പിന്നീട് ഡോക്ടർ അവരോട് കാര്യങ്ങൾ പറഞ്ഞുകൊടുത്തു .കൃഷിയിൽ നിന്ന് കൂടുതൽ വിളവ് കിട്ടാൻ വേണ്ടി തളിച്ച കീടനാശിനിയിൽനിന്നാണ് രോഗം വന്നത് എന്ന് . അന്നുമുതൽ ആ ഗ്രാമവാസികളാരും തന്നെ കീടനാശിനി ഉപയോഗിക്കാതെ കൃഷി നടത്താൻ തുടങ്ങി .ഗ്രാമത്തിന്റെ ഹരിതാഭ വീണ്ടും വന്നുചേർന്നു.പച്ചപ്പ് വിരിച്ച് നിൽക്കുന്ന വയലുകൾ അതിന്റെ മാറ്റ് കൂടി വർദ്ധിപ്പിച്ചു . നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാണെന്ന തിരിച്ചറിവ് അതാണ് നമുക്കിന്ന് ഇല്ലാതായത് .നമുക്ക് നമ്മുടെ കൃഷിയിടത്തെ ശുദ്ധിയാക്കാം .നല്ല കാലത്തേക്ക് തിരിച്ചുപോവാം ............
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ