ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/കിട്ടില്ല മക്കളേ ആ പോയകാലം

Schoolwiki സംരംഭത്തിൽ നിന്ന്
കിട്ടില്ല മക്കളേ ആ നല്ല കാലം

വീണ്ടും ഒരു പുലരികൂടി വിടർന്നു.പ്രഭാത കിരണങ്ങൾ പൊട്ടിവിടരാൻ തുടങ്ങിയിട്ടേ ഉളളൂ.പതിവിലും നേരത്തേ ആ വൃദ്ധ എഴുന്നേറ്റു.പതിയെ തന്റെ കാലുകൾ ഉമ്മറത്തേക്ക് വച്ചുപിടിച്ചു.ആകാശം കറുത്തിരുണ്ടു മഴ ഇപ്പോൾ പെയ്യും എന്ന അവസ്ഥയിലാണ്. അതാ ഘോരമായ ഒരു ഇടിമുഴക്കത്തിലൂടെ ഓരോ തുളളിയായി അത് ഭൂമിയിലേക്ക് പതിക്കുന്നു.നീണ്ട വേനൽക്കാലത്തിന് വിരാമം കുറിച്ച് പെയ്യുന്ന ആദ്യത്തെ മഴ.പുതുമഴ മണ്ണിൽ പതിഞ്ഞതിന്റെ പുതുഗന്ധം അവിടയാകെ പരന്നു.പ്രകൃതിയിലെ ഓരോ ജീവജാലത്തിന്റേയും മിഴികൾ തുറന്നു.അവ സന്തോഷത്താൽ മതിമറന്നു ഉല്ലസിക്കുകയാണ്.എന്നാൽ ആ സന്തോഷത്തെയാണ് ഇന്നത്തെ തലമുറ നശിപ്പിച്ച് കൊണ്ടിരിക്കുന്നത്.

വൃദ്ധ ആ പുതുമഴയിൽ ലയിച്ചിരുന്നു.എന്തോ ഓർത്തത് പോലെ അവർ ചുറ്റിലുമൊന്ന് നോക്കി.പ്രകൃതിയുടെ ഇന്നത്തെ അവസ്ഥ അവരെ വല്ലാതെ ദുഃഖിപ്പിച്ചു.ഗ്രാമങ്ങളൊക്കെ പട്ടണങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.പ്രകൃതിയുടെ ഹരിതഭംഗി ഇല്ലാതായി.കളകളം പാടി ഒഴുകി വരുന്ന അരുവികളും പച്ചപ്പട്ട് വിരിച്ച് നിൽക്കുന്ന വയലുകളും പ്രകൃതിയുടെ യശ്ശസ് ഉയർത്തിയിരുന്നു.കുന്നുകളും കുളങ്ങളും എല്ലാം മനുഷ്യന്റെ ഇടപെടലുകളും കൊളളരുതായ്മകളും കൊണ്ട് അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ മനുഷ്യൻ യാതൊന്നും ഓർക്കുന്നില്ല ഇതിന്റെ പരിണതഫലം നാം തന്നെ അനുഭവിക്കേണ്ടിവരും എന്ന്. ലോകം മുഴുവൻ വികസിക്കുകയാണ് എന്നല്ലേ പറയുന്നത്. വാസ്തവത്തിൽ ലോകം നാല് ചുമരുകൾക്കുളളിൽ ഒതുങ്ങിയിരിക്കുകയാണ്. പതിയെ ആ മുത്തശ്ശി തനിക്ക് തേനൂറുന്ന ഓർമകൾതന്ന ബാല്യകാലത്തിലേക്ക് വഴുതിവീണു.

അങ്ങ് നീലഗിരി ഗ്രാമത്തിലെ ഒരു കുടുംബത്തിലാണ് അവർ ജനിച്ചത് .അവരുടെ വീടിന് ചുറ്റും നിറയെ മാവ്,പ്ലാവ്,കശുമാവ്,പേര,ആൽ പിന്നെ പേരറിയാത്ത ഒരുപാട് മരങ്ങളുണ്ടായിരുന്നു.വീടിനോട് ചേർന്ന് ഒരു കുളവും.മാവായിരുന്നു അതിൽ ഏറ്റവും ഇഷ്ടപ്പെട്ട മരം.തങ്ങൾ അതിന്റെ ചുവട്ടിലായിരുന്നു കൂടുതൽ സമയം കളിച്ചിരുന്നത് . മണ്ണപ്പം ചുട്ട് കളിച്ചതും കണ്ണ്പൊത്തി കളിച്ചതും എല്ലാം അവരുടെ മനസിലേക്ക് ഓടിയെത്തി.എന്തൊരു രസമായിരുന്നു അന്ന് .ഓർക്കുമ്പോൾ തന്നെ കുളിര് വരുന്നു.മഴ ഉള്ള ദിവസമാണെങ്കിൽ പറയുകയേ വേണ്ട . ഓടിട്ട വീടായതിനാൽ മഴ കാണാൻ എന്തു ഭംഗിയാണെന്നോ.! ഓടിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ മുറ്റത്താകെ നിറഞ്ഞുകിടക്കും. നമ്മൾ കുട്ടികൾ ഇലത്തോണി ഉണ്ടാക്കി കളിക്കും .ഉറുമ്പുകളായിരുന്നു അതിലെ യാത്രക്കാർ. പറമ്പിലെ തന്നെ കപ്പയും , ചക്കയും, മാങ്ങയും ആയിരുന്നു പ്രധാന വിഭവങ്ങൾ. കപ്പയും കാന്താരി മുളക് ചമ്മന്തിയും,മാങ്ങ ഉപ്പും മുളകും കൂട്ടി കഴിക്കുന്നത് ഒരു ഹരം തന്നെയായിരുന്നു.ഇന്നത്തെ ജങ്ക് ഫുഡ് ഒക്കെ അതിന്റെ മുന്നിൽ മുട്ട് മടക്കും. പാറി നടക്കുന്ന പൂമ്പാറ്റകളായിരുന്നു എല്ലാവരും.കുളത്തിൽ ചാടിയും, മരത്തിൽ കയറിയും,വയലിൽ ഓടിക്കളിച്ചും സമയം പോവുന്നത് അറിയുകയേ ഇല്ലായിരുന്നു.ഇന്നത്തെ പോലെ ടിവിയും കമ്പ്യൂട്ടറൊന്നും ഇല്ലാത്ത കാലം.എന്നിട്ടും ഓരോ ദിവസവും സമയം വേഗം തീരുന്നതു പോലെ തോന്നും .ഇനിയൊരിക്കലും കിട്ടില്ല ആ നല്ല കാലം. ഇന്ന് കുട്ടികളെ മുറ്റത്ത് പോലും കാണുന്നില്ല. അവർക്ക് ഒരു കളികളും അറിയില്ല .മൊബൈലും കുത്തിപ്പിടിച്ചിരിക്കും. അയൽപക്കവുമായി യാതൊരു ബന്ധവുമില്ല .വീടിനുളളിലെ‍ നാല് ചുമരുകൾക്കുളളിൽ ആണ് അവരുടെ ജീവിതം . മനുഷ്യാ , നീ മാറേണ്ടതുണ്ട്. ഇല്ലെങ്കിൽ എന്നന്നേക്കുമായി എല്ലാം നഷ്ടപ്പെടും. പ്രകൃതിയും അതിന്റെ ഹരിതഭംഗിയും എല്ലാം ഒരു ഓർമയായി മാത്രം മാറും . വെറും ഓർമ ......!

ലമീസ പർവീൺ
10.എ ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ