ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പിന്റെ പടയാളികൾ

ചെറുത്തുനിൽപ്പിന്റെ പടയാളികൾ
        “ മോളേ നീ കഴിച്ചാർന്നോ ” - അമ്മയുടെ ആ ചോദ്യത്തിന് ഒരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി. പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് ഡ്യൂട്ടിക്ക് കയറി. മുഖത്തെ പുഞ്ചിരി മറയ്ക്കുന്ന മുഖാവരണം കെട്ടുമ്പോഴും, കനത്ത ചൂടിലും ആ വെളുത്ത സംരക്ഷണക്കുപ്പായം ധരിക്കുമ്പോഴും അവളുടെ മനസ്സിൽ ഒരായിരം പ്രതീക്ഷകളായിരുന്നു. തന്റെ കണ്ണുകളിലൂടെ മാത്രം ലോകം കാണുന്ന കുറച്ച് "രോഗികൾ" ....... “ രോഗി ” എന്ന് അവരെ വിശേഷിപ്പിക്കുവാൻ കഴിയില്ല. കാരണം അവർ യോദ്ധാക്കളാണ്. കൊറോണ എന്ന മഹാമാരിയോട് യുദ്ധം ചെയ്യുന്ന യോദ്ധാക്കൾ. അവൾ അവരെ സഹായിക്കുന്ന ഒരു പടയാളിയും.

ദമ്പതികളായ തൊണ്ണൂറ്റി മൂന്ന് വയസ്സുള്ള ഒരു അപ്പൂപ്പനും, എൺപത്തി ഒൻപത് വയസ്സുള്ള അമ്മാമ്മയുമായിരുന്നു അവൾക്ക് അന്ന് അനുവദിച്ചിരുന്ന യോദ്ധാക്കൾ. പ്രായവും ശരീരവും ആധുനിക ചികിത്സാരീതികളോടും മരുന്നുകളോടും മല്ലടിക്കുമ്പോൾ, ആ ക്വാറന്റെെൻ ദിവസങ്ങളിൽ അവരാകെ കാണുന്നത് തങ്ങളെ രക്ഷിക്കുവാൻ വേണ്ടി പാടുപെടുന്ന ഒരു കൂട്ടം ആളുകളുടെ കണ്ണുകളാണ്. ആ കണ്ണുകളിലാണ് അവർ നാളത്തെ പ്രതീക്ഷകൾ കണ്ടിരുന്നത്. നീണ്ട ഇരുപത്തി അഞ്ച് ദിവസത്തെ പരിചരണ കാലഘട്ടം ആയിരുന്നു അവരുടേത്.

ഇടയ്ക്കെവിടെയോ "പടയാളി"യായ അവൾ യോദ്ധാവായി മാറി. ചുമയും, പനിയും കണ്ടതിനെത്തുടർന്ന് ടെസ്റ്റ് നടത്തിയപ്പോൾ കണ്ട രണ്ട് ചുവന്ന വരകൾ അവളും പോസിറ്റീവാണ് എന്ന് വിളിച്ചു പറയുകയായിരുന്നു. അങ്ങനെ അവളും ക്വാറന്റേനിലായി. ഇരുപത്തിയഞ്ച് ദിവസം കഴിഞ്ഞ് പ്രായത്തേയും രോഗത്തേയും തോൽപ്പിച്ച് ചരിത്രത്തിന്റെ താളിൽ ഒരു പൊൻതൂവലായി അവർ മെഡിക്കൽ കോളേജിന്റെ പടിയിറങ്ങി. അവർക്ക് യാത്രാമൊഴിയേകുവാൻ അതുവരെ പരിചരിച്ച ഡോക്ടേഴ്സ്, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എല്ലാം ഉണ്ടായിരുന്നു. അവരെ ശുശ്രൂഷിക്കുമ്പോഴാണ് അവൾക്ക് രോഗം വന്നത്. അവസാനം അവളും രോഗത്തെ മറികടന്ന് വീട്ടിലേയ്ക്ക് പോകുകയാണ്. പതിനാല് ദിവസത്തെ നിരീക്ഷണ കാലഘട്ടം ഉണ്ട് അവൾക്ക്. സഹപ്രവർത്തകരോട് യാത്ര പറഞ്ഞിറങ്ങവെ, തിരി‍ഞ്ഞ് അവൾ പറഞ്ഞു "പതിനാല് ദിവസം കഴിഞ്ഞ് ഞാൻ വരും, കൊറോണ വാർഡിൽ ഡ്യൂട്ടി ചെയ്യാൻ.” രോഗം കീഴടക്കിയിട്ടും പിന്നെയും പടയാളിയാകുവാൻ അവൾ കൊതിക്കുകയാണ്.

ഇത് ഒരു സാങ്കൽപ്പിക കഥയല്ല, മെഡിക്കൽ കോളേജിലെ "രേഷ്മ ” എന്ന നഴ്സിന്റെ കഥയാണ്. കുടുംബത്തേയും കുട്ടികളേയും മറന്ന് ജോലി ചെയ്യുന്ന ഒട്ടേറെ ഡോക്ടേഴ്സ്,നഴ്സ്മാർ,ആരോഗ്യപ്രവർത്തകർ,കർമ്മനിരതരായി പൊരിവെയിലത്തും ജോലി ചെയ്യുന്ന ഒട്ടേറെ കാവൽഭടൻമാർ, കേരളാപോലീസ്,ആരും അണുവിമുക്തമാക്കാൻ മടിക്കുന്ന ആബുലൻസും രോഗികൾ ഉപയോഗിച്ച സാധനങ്ങൾ വൃത്തിയാക്കുന്ന ശുചീകരണ ഉദ്ദ്യോഗസ്ഥർ,‍ നമ്മുടെ കൊറോണ- കേരള സേനയെ നയിക്കുന്ന നമ്മുടെ സർക്കാർ, സർക്കാരിന്റെ നിർദേശ മനുസരിച്ച് വീട്ടിലിരിക്കുന്ന നാമോരോരുത്തരും പടയാളികളാണ്.... ഭടൻമാരാണ്. നമുക്കൊരുിച്ച് തോൽപ്പിക്കാം ഈ മഹാവിപത്തിനെ.

 # സ്റ്റേ ഹോം .... സ്റ്റേ സേഫ്....

തോൽക്കുകയില്ല,സൂക്ഷ്മജീവിയേ ഞങ്ങൾ,

നീയെത്ര മായികക്കൊട്ടാരം സൃഷ്ടിച്ചാലും

ഒറ്റക്കെട്ടാകും, വിറയ്ക്കില്ല ഞങ്ങൾ

എത്ര ഗർജനങ്ങൾ കേട്ടാലും........

കാരണം ഞങ്ങൾ പതറുകയല്ല, "പോരാടുകയാണ് "

അഞ്ജന ജോൺ
8 ജി വി രാജ സ്പോർസ് സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം