ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ഭൂമിയിലെ ഏതൊരു ജീവിയുടേയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. മണ്ണ്, ജലം, വായു, കാലാവസ്ഥ ഇവയെല്ലാം പരിസ്ഥിതിയുടെ അഭിവാജ്യഘടകങ്ങളാണ്. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ പ്രകൃതിയുടെ താളം തെറ്റുന്നു.ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും നിലനിൽക്കുന്ന ചുറ്റുപാടായ പരിസ്ഥിതി ഒരു ജീവിയുടെ ജീവിത ചക്രവും അതിന്റെ സവിശേഷതകളും രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് പരിസ്ഥിതി നശീകരണം. പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തൽ, കാടുകൾ വെട്ടിനശിപ്പിക്കൽ, കുന്നുകൾ പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കൽ, അന്തരീക്ഷ മലിനീകരണം, വിഷമയമായ മലിനജലം, ഇ-വേസ്റ്റുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവയാണ്. ദിശാബോധം നഷ്ടപ്പെട്ട ആത്മീയ സുഖങ്ങളേക്കാൾ വലുതാണ് ഇന്ദ്രീയ സുഖങ്ങൾ എന്നു ധരിച്ചു ജീവിക്കുന്ന മനുഷ്യരുടെ പ്രവൃത്തി തന്നെയാണ് ഈ മഹാവിപത്തിനു കാരണം.ഇവരുടെ ബുദ്ധി വൈകല്യത്തിന്റെ നേർക്കാഴ്ചയാണ് ഈ പരിസ്ഥിതിനാശങ്ങൾ. ജീവിതത്തിൽ പരമമായി വേണ്ടത് ആനന്ദമാണ്. ജീവിതത്തിന്റെ പരമാനന്ദത്തെ അറിയാൻ സംഘർഷം ഇല്ലാത്ത മനസ്സു വേണം. ആധുനിക മനുഷ്യന്റെ ജീവിത ശൈലി അവനെ രോഗിയായി മാറ്റിക്കൊണ്ടിരിക്കുന്നു. "വായു മലിനീകരണത്തെ പ്രതിരോധിക്കുക " എന്ന തായിരുന്നു ലോക പരിസ്ഥിതി ദിനമായ 2019 ജൂൺ 5 ന്റെ മുദ്രാവാക്യം.പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂൺ 5 മുതൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. വരും തലമുറയുടെ സുഖമായ വാസത്തിനും ആരോഗ്യപരമായ നമ്മുടെ ജീവിതത്തിനും നാമെല്ലാം ഒറ്റക്കെട്ടായി നിന്ന് പരിസ്ഥിതിയെ സംരക്ഷിച്ചേ മതിയാവൂ.....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - ലേഖനം |