ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2025 - 26, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ജൂൺ

പ്രവേശനോത്സവം 2025-26

2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം ആഘോഷപരിപാടികളോടെ നമ്മുടെ സ്കൂൾ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ പ്രതിഫലനം പ്രവേശനോത്സവത്തിലും വ്യക്തമായി അനുഭവപ്പെട്ടു. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ.എൽ. കവിത നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ സുമതി, ശ്രീദേവി രഘുനാഥ്, ഷീജ എന്നിവർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ദീപ എ സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈ‌സ് പ്രസിഡണ്ട് ജി. സുഗതൻ, എം.പി.ടി.എ പ്രസിഡണ്ട് രശ്മി, എസ്.എം.സി ചെയർമാൻ കെ.പി. രഞ്ജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക സുനിത എസ് നന്ദി അറിയിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ, വർണ്ണക്കണ്ണട എന്നിവ സമ്മാനമായി നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി. ഈ പ്രവേശനോത്സവം പുതിയ അധ്യയന വർഷത്തേക്കുള്ള ശുഭാരംഭമായിരുന്നു, വിദ്യാർത്ഥികളിലും രക്ഷിതാക്കളിലുമുള്ള പ്രതീക്ഷകൾ ഉണർത്തുകയും സ്കൂളിന്റെ സമൂഹബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്തു.

പരിസ്ഥിതിദിനാചരണം

പ്ലാസ്റ്റിക് മാലിന്യത്തെ തോൽപ്പിക്കുക എന്ന സന്ദേശവുമായി നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിനാചരണം പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജി. സുഗതൻ, പ്രധാനാധ്യാപിക ദീപ എ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, ചിത്രങ്ങൾ, പതിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രസംഗം,കവിത തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരുന്നു. കുട്ടികൾ കൊണ്ടുവന്നതും ചിറ്റൂർ ടെക്നിക്കൽ സ്കൂളിൽ നിന്ന് സംഭാവനയായി ലഭിച്ചതുമായ വൃക്ഷത്തൈകൾ നടുകയും വീട്ടിലേക്ക് നൽകുകയും ചെയ്തു. പരിസ്ഥിതി ക്വിസ് മത്സരവും ഇതിൻ്റെ ഭാഗമായി നടത്തി.

വായനദിനം

വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും വരും തലമുറയെ പ്രാപ്തരാക്കാനായി ജൂൺ 19ന് വായനദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്ററുകൾ, പതിപ്പുകൾ, ചുമർ പത്രികകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. ഈ അദ്ധ്യയന വർഷത്തെ വായനദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് റിട്ടയേഡ് അധ്യാപകനായ കുര്യാക്കോസ് മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. വായനയുടെ പ്രാധാന്യം കുട്ടികൾക്ക് ഉൾക്കൊളളാൻ അദ്ദേഹത്തിൻ്റെ വാക്കുകൾ സഹായിച്ചു. ഈ പരിപാടി ഒരു മാസം നീണ്ടു നിൽക്കുന്ന വായന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. അവധിക്കാല പ്രവർത്തനമായ ഡയറിയെഴുത്തിൽ മികവു തെളിയിച്ച കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വായനമത്സരം, കൈയെഴുത്തു മത്സരം, പ്രസംഗമത്സരം, വായന ക്വിസ് എന്നിവ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. പുസ്തകവിതരണം നടത്തി. എല്ലാ ദിവസവും കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. വായനാ മാസം സമാപനത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകത വളർത്തുന്നതിനും രചനശില്പശാല സംഘടിപ്പിച്ചു. റിട്ടയേഡ് അധ്യാപിക ബി.ലത ക്ലാസ് നയിച്ചു. പങ്കെടുത്ത രക്ഷിതാക്കളുടെ സൃഷ്ടികൾ സമാഹരിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

യോഗ ദിനം

ആരോഗ്യമാണ് സമ്പത്ത് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ജൂൺ 21 ന് യോഗദിനം ആചരിച്ചു. പ്രധാനാധ്യാപിക എ ദീപ നേതൃത്വം നൽകിക്കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും യോഗമുറകൾ അഭ്യസിച്ചു. ലളിതമായ യോഗാഭ്യാസം ശരീരത്തിനും മനസ്സിനും ഉന്മേഷവും ആരോഗ്യവും നൽകുമെന്ന് ദീപടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ആരോഗ്യസംരക്ഷണത്തിൽ യോഗയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഈ ദിനാചരണം സഹായകമായി.

ലഹരിവിരുദ്ധ ദിനം

നാടിനെ വിഴുങ്ങുന്ന വലിയൊരു വിപത്തിനെ നേരിടാൻ ലഹരിച്ചങ്ങല പൊട്ടിച്ചുകൊണ്ട് മുന്നേറാൻ കുട്ടികളെ തയ്യാറാക്കുന്നതിന് ലഹരിവിരുദ്ധ ദിനം ആചരിച്ചു. രാവിലെ സ്‌കൂൾ അസംബ്ലിയിൽ എല്ലാ കുട്ടികളും അധ്യാപകരോടൊപ്പം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ ചിത്രങ്ങളുടെയും സന്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സ്‌കൂളിൽ സംഘടിപ്പിച്ചു. ലഹരിക്കെതിരായ ജീവിതനിലപാട് ഊട്ടിയുറപ്പിക്കാൻ കായികാഭ്യാസ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരു "സുംബനൃത്തം" പരിപാടിയും നടത്തി. മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ദിന സന്ദേശം ഉൾപ്പെടുത്തിയ വീഡിയോയും വിദ്യാർത്ഥികൾക്ക് പ്രദർശിപ്പിച്ചു.

ജൂലൈ

ബഷീർ ദിനം

മലയാളസാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമായ ജൂലായ് 5 ന് കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷം ധരിച്ച് സ്കൂളിൽ വന്നു. ബഷീറിന്റെ രചനകളും ജീവിതവും ഉൾക്കൊള്ളുന്ന സ്മരണ പ്രസംഗം പുസ്തകപരിചയം, കഥാവതരണം എന്നീ പരിപടികൾ ഉണ്ടായിരുന്നു.

ചാന്ദ്ര ദിനം

"മാനത്തമ്പിളി" എന്ന് പേരിട്ട ഈ ദിനത്തിൽ മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയതിന്റെ 56 ാം വർഷത്തിൻ്റെ ഓർമ്മപുതുക്കലാണ്. വർണ പോസ്റ്റർ, പാട്ട്, അമ്പിളിപ്പാട്ടുകൾ, തുടങ്ങി വ്യത്യസ്ത പരിപാടികൾ നടത്തുകയുണ്ടായി. കുട്ടികൾ നിർമിച്ചറോക്കറ്റ്, സോളാർ സിസ്റ്റം മോഡലുകൾ എന്നിവ ഉൾപ്പെടുത്തി എക്സിബിഷൻ നടത്തി. ചന്ദ്രയാൻ 3 വീഡിയോ പ്രദർശനം , ക്വിസ് തുടങ്ങിയവ വിജ്ഞാനപ്രദ മായിരുന്നു.

സ്കൂൾ തല ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകൾ

നമ്മുടെ വിദ്യാലയത്തിലെ ഈ വർഷത്തെ സ്കൂൾ തല ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകൾ ജൂലായ് 29, 30, 31 തീയതികളിലായി നടന്നു. പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലുള്ള കുട്ടികളുടെ അഭിരുചിയും ശേഷിയും മനസിലാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണ്. ഗണിത ശാസ്ത്ര മേളയുടെ ഭാഗമായി സ്റ്റിൽ മോഡൽ, നമ്പർ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, ഗണിത പസിൽ തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി. ശാസ്ത്ര മേളയുടെ ഭാഗമായി ചാർട്ട് നിർമ്മാണം നടത്തി വിജയികളെ കണ്ടെത്തി. പ്രവൃത്തി പരിചയമേളയുടെ ഭാഗമായി പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പ്രിൻ്റിംഗ്, ഒറിഗാമി , കുട നിർമ്മാണം, കളിമണ്ണ് കൊണ്ട് രൂപങ്ങൾ നിർമ്മിക്കൽ, മുത്തു കൊണ്ട് ആഭരണങ്ങൾ നിർമ്മിക്കൽ, ഫാബ്രിക്ക് പെയിൻ്റ്, ചിത്രത്തുന്നൽ, പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ചന്ദനത്തിരി നിർമ്മാണം, ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, കയർ ചവിട്ടി നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. വിവിധ മത്സരങ്ങളിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. വിജയികൾക്ക് ഉപജില്ല തല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകും. സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കും.

ഓഗസ്റ്റ്

ഹിരോഷിമ ദിനം

ഓഗസ്റ്റ് 6 ബുധനാഴ്ച വിദ്യാലയത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക ദീപ എ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്റർ, ചുമർപത്രിക, പതിപ്പ്, സഡാക്കോ കൊക്കുകൾ എന്നിവ തയ്യാറാക്കി വന്നിരുന്നു. സ്കൂൾ അങ്കണത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്കുകൾ വിദ്യാലയത്തിലെ മരത്തിൽ തൂക്കിയിടുകയും ചെയ്തു. യുദ്ധത്തിന്റെ ഭീകരത വെളിവാക്കുന്ന വീഡിയോ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് കുട്ടികളെ മനസ്സിലാക്കാൻ ഇത് സഹായിച്ചു.

പി.ടി.എ പൊതുയോഗം

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ മികവുകൾക്കൊപ്പം കൂടെ നിൽക്കുന്ന രക്ഷിതാക്കൾ വിദ്യാലയത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടെ ഊർജ്ജവും ശക്തിയുമാണ്. 2025-26 അധ്യയന വർഷത്തെ പി.ടി.എ പൊതുയോഗം ഓഗസ്റ്റ് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നു. പ്രധാനാധ്യാപിക ദീപ. എ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ബി.മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അധ്യാപിക അനു. എ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.പുതിയ പി.ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി. പ്രസിഡന്റായി സി.ആർ. ശ്രീജിത്ത് , എസ്.എം.സി. ചെയർമാനായി ബി. മോഹൻദാസ്, എം.പി.ടി.എ. പ്രസിഡണ്ടായി ശരണ്യ തുടങ്ങിയവർ ചുമതലയേറ്റു.സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള കെ നന്ദി അറിയിച്ചു.

സ്കൂൾ ഇലക്ഷൻ

2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14 വ്യാഴാഴ്ച ആവേശോജ്വലമായി നടന്നു. മത്സരാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുമായി ക്ലാസ്സുകൾ തോറും പ്രചാരണം നടത്തുകയും ചെയ്തു. ആധുനികമായ വോട്ടിംഗ് രീതിക്ക് സമാനമായി മൊബൈലിൽ വോട്ടിംഗ് മെഷീൻ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തി.കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസേഴ്സ് എന്നീ ചുമതലകൾ വഹിച്ചു. 4എ ക്ലാസ്സിൽ നിന്നുള്ള അൻസിക എം സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. 4ബി ക്ലാസ്സിൽ നിന്നും ശ്രിഖ പ്രശാന്ത് സെക്കൻഡ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ലീഡർമാർ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.

ചങ്ങാതിക്ക് ഒരു തൈ

കുട്ടികളിൽ പ്രകൃതിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ ചങ്ങാതിക്ക് ഒരു തൈ ക്യാമ്പയിൻ നടത്തി. ഓഗസ്റ്റ് 14 വ്യാഴാഴ്ച വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും തങ്ങളുടെ വീടുകളിൽ നിന്ന് വൃക്ഷത്തൈകൾ കൊണ്ടുവരികയും അവ വിദ്യാലയത്തിലെ കൂട്ടുകാർക്ക് കൈമാറുകയും ചെയ്തു. ഫലവൃക്ഷങ്ങൾ, തണൽ മരങ്ങൾ എന്നിവയാണ് തൈകളായി കുട്ടികൾ കൊണ്ടുവന്നത്. മാവ് പ്ലാവ്, പുളി,വേപ്പ്, പപ്പായ, നെല്ലി,കറിവേപ്പ്, അശോകം മുതലായ സസ്യങ്ങൾ ഇതിലുണ്ടായിരുന്നു. പ്രധാനാധ്യാപിക ദീപ. എ, ഇക്കോ ക്ലബ് കോർഡിനേറ്റർമാരായ പത്മപ്രിയ, ശ്യാമിലി എന്നിവരോടൊപ്പം വിദ്യാലയത്തിലെ മറ്റ് അധ്യാപകരും ക്യാമ്പയിന് നേതൃത്വം നൽകി.

സ്വാതന്ത്ര്യദിനാഘോഷം 2025

ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനായിവിദ്യാലയ പരിസരം തോരണങ്ങൾ തൂക്കി അലങ്കരിച്ചു. പ്രധാനാധ്യാപിക ദീപ. എ ദേശീയപതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് സി. ആർ. ശ്രീജിത്ത്, എസ്.എം.സി ചെയർമാൻ ബി. മോഹൻദാസ്, എം. പി. ടി.എ പ്രസിഡന്റ് ശരണ്യ ,പി ടി എ വൈസ് പ്രസിഡണ്ട് ജി.സുഗതൻ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ പരിപാടികൾ അരങ്ങേറി. പ്രീപ്രൈമറി കുട്ടികളുടെ ബണ്ണി ഡാൻസോട് കൂടി ആരംഭിച്ച പരിപാടികളിൽ ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന പ്രസംഗം, സ്കിറ്റ്, വന്ദേമാതരം നൃത്താവിഷ്ക്കാരം എന്നിവ ഉണ്ടായിരുന്നു. ക്വിസ് മത്സരവിജയികൾക്ക് സമ്മാനദാനം നടത്തി.മധുര വിതരണത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് പരിസമാപ്തിയായി.

ഓണാഘോഷം

27/08/2025ന് സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടത്തി. ഓണസദ്യയുടെ ഒരുക്കങ്ങൾക്കായി പി.ടി.എ.യോഗം ചേർന്ന് ആസൂത്രണം നടത്തി. ഓണസദ്യയ്ക്കുള്ള സാധനങ്ങൾ രക്ഷിതാക്കൾ സംഭാവന ചെയ്തു. ചോറ്, സാമ്പാർ, അവിയൽ, തോരൻ, ഇഞ്ചിപ്പുളി, പപ്പടം, പഴം, ശർക്കര വരട്ടി,ചിപ്സ്, പായസം തുടങ്ങിയ വിഭവങ്ങളാണ് ഓണസദ്യയിൽ ഉണ്ടായിരുന്നത്. സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഓണപ്പൂക്കളം ഒരുക്കി. ഓണപരിപാടികളിൽ വിദ്യാർത്ഥികൾ മാവേലി, വാമനൻ, പുലിക്കുട്ടികൾ, മലയാളി മങ്ക എന്നീ വേഷങ്ങൾ കെട്ടിയിരുന്നു. വിവിധ ക്ലാസുകളിൽ നിന്നായി ഓണത്തോടനുബന്ധിച്ച് സംഘനൃത്തം, സംഘഗാനം, പ്രസംഗം, ഓണപ്പാട്ട്, തിരുവാതിരക്കളി എന്നിവ ഉണ്ടായിരുന്നു. അമ്മമാരുടെ തിരുവാതിരക്കളിയും അരങ്ങേറി. ഓണസദ്യക്കുശേഷം ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി പുളിങ്കുരു പെറുക്കൽ മത്സരവും, മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്കായി മ്യൂസിക് ചെയർ മത്സരവും നടന്നു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് പ്രധാനാദ്ധ്യാപിക ദീപ എ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് വടംവലി മത്സരം നടന്നു. ആവേശോജ്വലമായ വടംവലി മത്സരത്തോടുകൂടി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തിയായി.

വർണ്ണക്കൂടാരം നിർമ്മാണ ഉദ്ഘാടനം

ജി.വി. എൽ.പി സ്കൂളിലെ പ്രീ പ്രൈമറിക്കായി ലഭിച്ച സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള വർണ്ണക്കൂടാരം പ്രോജക്റ്റിന്റെ നിർമ്മാണ ഉദ്ഘാടനം ഓഗസ്റ്റ് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് നടന്നു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സ്കൂൾ പ്രധാനാധ്യാപിക ദീപ.എ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ശ്രീജിത്ത് കുമാർ അധ്യക്ഷസ്ഥാനം വഹിച്ചു. ചിറ്റൂർ- തത്തമംഗലം മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ എം.ശിവകുമാർ കുട്ടികൾക്ക് ആവേശകരമായ ഒരു ഓണപ്പാട്ട് സമ്മാനിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ബി ആർ സി , ബിപിസി സൗദാമ വർണക്കൂടാരം പദ്ധതിയുടെ വിശദീകരണം നടത്തി. തുടർന്ന് വാർഡ് മെമ്പർ ശ്രീദേവി രഘുനാഥ്, ജി വി ജി എച്ച് എസ് എസ് പ്രിൻസിപ്പൽ ഗിരി. ടി, ജി വി ജി എച്ച് എസ് എസ് എച്ച്എം ബിനിത. കെ.ജി, എസ് എം സി ചെയർമാൻ ബി. മോഹൻദാസ്, എസ് എം സി വൈസ് ചെയർമാൻ രഞ്ജിത്ത്. കെ. പി എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള നന്ദി പറഞ്ഞു. പ്രീപ്രൈമറി ക്ലാസ്സിൽ എത്തുന്ന കുട്ടികൾ നേടിയെടുക്കേണ്ട മുഴുവൻ ശേഷികളും കളിയിലൂടെയും വരയിലൂടെയും നിർമ്മാണത്തിലൂടെയും നേടിയെടുക്കത്തക്ക വിധത്തിൽ പ്രീ പ്രൈമറി ക്ലാസുകളുടെ അകവും പുറവും പൂർണ സജ്ജമാക്കുന്ന വർണക്കൂടാരം പ്രോജക്ട് സ്കൂളിന് ഒരു നേട്ടം തന്നെയാണ്.

സെപ്തംബർ

അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം

ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം സെപ്തംബർ 16ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ശ്രിഖ പ്രശാന്തിനാണ് . ശ്രീരാം കെ എസിന് രണ്ടാം സ്ഥാനവും രശ്മി ആർ, അവനിക ആർ എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മൂന്നും നാലും ക്ലാസിലെ എല്ലാ കുട്ടികളും ക്വിസിൽ പങ്കെടുത്തു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ഉപജില്ല തല മത്സരത്തിൽ പങ്കെടുക്കും.

സ്കൂൾ തല കായികമേള - 2025

സ്കൂൾ തല കായിക മത്സരങ്ങൾ സെപ്തംബർ 17 ന് നടന്നു. ഇതിനായി കുട്ടികളെ നാല് ഹൗസുകളായി തിരിച്ച് പരിശീലനം നൽകിയിരുന്നു. GVGHSS ലെ അധ്യാപകരായ ജയകുമാർ, പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഉദ്ഘാടനച്ചടങ്ങിൽ ഓരോ ഹൗസിലുമുള്ള കുട്ടികൾ അവരവരുടെ ഹൗസിൻ്റെ നിറത്തിലുള്ള പതാകയേന്തി മാർച്ച് പാസ്റ്റ് നടത്തി. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.എൽ. കവിത അഭിവാദ്യം സ്വീകരിച്ചു. പി.ടി.എ. പ്രസിഡണ്ട് സി.എ. ശ്രീജിത്ത് കുമാർ ആശംസകൾ നേർന്നു. തുടർന്ന് LP മിനി വിഭാഗത്തിലുള്ള കുട്ടികൾക്ക് 50 മീറ്റർ ഓട്ടം, സ്റ്റാൻഡിങ്ങ് ബ്രോഡ് ജമ്പ്, റിലേ എന്നീ മത്സരങ്ങളും LP കിഡ്ഡീസ് വിഭാഗക്കാർക്ക് 50 m ഓട്ടം, 100 മീറ്റർ ഓട്ടം ലോങ് ജമ്പ്, റിലേ മത്സരങ്ങളും നടത്തി. ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ സമ്മാനദാനം നടത്തി. വിജയം നേടിയ ഹൗസിലെ അംഗങ്ങളും വ്യക്തിഗത ചാമ്പ്യൻമാരും ട്രോഫികളും മെഡലുകളും ഏറ്റുവാങ്ങി.

സ്കൂൾ കലോത്സവം - കിലുക്കം 2025

നമ്മുടെ സ്കൂൾ കലോത്സവം കിലുക്കം- 2025, സെപ്തംബർ 15, 16 തീയതികളിൽ അരങ്ങേറി. ചിറ്റൂർ - തത്തമംഗലം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എം. ശിവകുമാർ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. PTA വൈസ് പ്രസിഡൻ്റ് ജി.സുഗതൻ, MPTA പ്രസിഡൻ്റ് ശരണ്യ, പ്രധാനാധ്യാപിക ദീപ എ എന്നിവർ ആശംസകൾ നേർന്നു. ഭരതനാട്യം, നാടോടിനൃത്തം, കഥാകഥനം, അഭിനയഗാനം, ലളിത ഗാനം, കന്നഡ പദ്യം ചൊല്ലൽ , ഇംഗ്ലീഷ് പദ്യം ചൊല്ലൽ , മലയാളം പദ്യം ചൊല്ലൽ , പ്രസംഗം, മാപ്പിളപ്പാട്ട്, അറബി പദ്യം, മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. രണ്ടാം ദിവസം നടന്ന തമിഴ് കലോത്സവത്തിൽ തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈസൊല്ലുതൽ, കവിതൈ സൊല്ലുതൽ, ലളിതഗാനം, മോണോ ആക്ട് എന്നീ മത്സരങ്ങൾ നടന്നു. ക്ഷണിക്കപ്പെട്ട വിധികർത്താക്കളാണ് ഗ്രേഡ് നിശ്ചയിച്ച് വിജയികളെ കണ്ടെത്തിയത്. വിജയികൾ ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കും. സ്കൂൾതല സർട്ടിഫിക്കറ്റുകളും നൽകി.

അറിവുത്സവം സ്കൂൾ തല മത്സരം

സെപ്തംബർ 24 ന് സ്കൂൾ തല അറിവുത്സവം ക്വിസ് നടത്തി . ഒന്നാംസ്ഥാനം ശ്രിഖ പ്രശാന്ത്, രണ്ടാം സ്ഥാനം ശ്രീരാം . കെ.എസ് , മൂന്നാം സ്ഥാനം മിത്രജശ്രീ.എം. എന്നിവർക്ക് ലഭിച്ചു. ഉപജില്ലതല മത്സരത്തിൽ ഇവർ സ്കൂളിനെ പ്രതിനിധീകരിക്കും.

വിജ്ഞാനോത്സവം 2025

സ്കൂൾ തല യുറീക്ക വിജ്ഞാനോത്സവം സെപ്തംബർ 20 ശനിയാഴ്ച 10 മണിക്ക് സ്കൂളിൽ വെച്ച് നടത്തി. കുട്ടികൾക്ക് രസകരമായ പ്രവർത്തനങ്ങളായിരുന്നു. ഒക്ടോബർ 18 ന് നടക്കുന്ന പഞ്ചായത്തുതല വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി.

GAINTS ഗ്രൂപ്പ് ചിറ്റൂർ - സംഭാവന

GAINTS ഗ്രൂപ്പ് ചിറ്റൂർ, നമ്മുടെ സ്കൂളിലേക്ക് 5 മാതൃഭൂമി പത്രം സംഭാവന ചെയ്തു. 22-9-25, തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ GAINTS ഗ്രൂപ്പ് പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രതിഭ ക്വിസ്

സ്കൂൾ തല പ്രതിഭ ക്വിസ് സെപ്തംബർ 25 വ്യാഴാഴ്ച നടത്തി. ശ്രീരാം. കെ. എസ്, ജെ. എച്ച്. ആകാശ് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി.

ഒക്ടോബർ

ഭക്ഷ്യമേള

ഭക്ഷ്യദിനമായ ഒക്ടോബർ 16ന് ഭക്ഷ്യമേള നടത്തി. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ നിന്ന് ഏകദേശം 150 കുട്ടികളോളം പങ്കെടുത്തു. നാടൻ വിഭവങ്ങൾ ആയിരുന്നു കൂടുതലും കൊണ്ടുവന്നിരുന്നത്. ഇലയട, അവലോസുണ്ട, അരിയുണ്ട, പുട്ട്, ഉണ്ണിയപ്പം, നെയ്യപ്പം, തുടങ്ങി വിവിധതരം പലഹാരങ്ങളുണ്ടായിരുന്നു. PTAവൈസ് പ്രസിഡൻ്റ് ജി. സുഗതൻ, എസ് എം സി ചെയർമാൻ ബി. മോഹൻദാസ് എന്നിവർ സന്നിഹിതരായി. കുട്ടികളുടെ കലാപരിപാടികളുംനടത്തി.

നവംബർ

കേരളപ്പിറവിദിനം

കേരളത്തിൻ്റെ 69-ാമത് ജന്മദിനം നവംബർ 1ന് ആഘോഷിച്ചു. കുട്ടികൾ കേരളത്തനിമയുള്ള വേഷങ്ങൾ ധരിച്ചു വന്നു. മലയാള മണ്ണിൻ്റെ മാഹാത്മ്യം ഉണർത്തുന്ന കലാപരിപാടികളും അരങ്ങേറി. പാട്ട്, പ്രസംഗം, സംഘഗാനം,കേരളപ്പിറവി ആശംസകൾ തുടങ്ങിയ ഒട്ടനവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ദീപ എല്ലാ കുട്ടികൾക്കും കേരളപ്പിറവി ആശംസകൾ നേർന്നു. കേരളപ്പിറവി ക്വിസിൽ ശ്രിഖ പ്രശാന്ത് ഒന്നാം സ്ഥാനവും മിത്രജശ്രീ എം രണ്ടാംസ്ഥാനവും ആദിദേവ് ആർ അഭിനിത എ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനദാനവും നടത്തി.

അനുമോദനം

2025-26 അധ്യയനവർഷത്തെ കലോത്സവ വിജയികൾക്കുള്ള അനുമോദനം നവംബർ ആറാം തീയതി വിദ്യാലയത്തിൽ വെച്ച് നടന്നു. പ്രധാനധ്യാപിക ദീപ എ അധ്യക്ഷത വഹിച്ചു.ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം. ശിവകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ് വിജയികളായ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.മികച്ച ഗവൺമെൻറ് എൽ പി സ്കൂൾ,എൽ പി അഗ്രഗേറ്റ് ഒന്നാംസ്ഥാനം,തമിഴ് എൽ പി അഗ്രഗേറ്റ് ഒന്നാം സ്ഥാനം എന്നീ ട്രോഫികളാണ് ഈ വർഷത്തെ ഉപജില്ല കലോത്സവത്തിന് വിദ്യാലയത്തിന് ലഭിച്ചത്. കൂടാതെ ഭരതനാട്യം, നാടോടി നൃത്തം, സംഘഗാനം, English Recitation,തമിഴ് മോണോ ആക്ട്, തമിഴ് തിരുക്കുറൾ ഒപ്പുവിത്തൽ തുടങ്ങിയ ഇനങ്ങൾക്ക് വ്യക്തിഗത ട്രോഫികളും സമ്മാനമായി ലഭിച്ചു. കലോത്സവ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഉപജില്ല കായികമേള, ഉപജില്ല ശാസ്ത്രമേള തുടങ്ങിയ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു.

ശിശുദിനാഘോഷം

ഈ വർഷത്തെ ശിശുദിനാഘോഷം നവംബർ 14 വെള്ളിയാഴ്ച നടത്തി. ഭാരതത്തിൻ്റെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം കുട്ടികൾക്ക് പ്രിയങ്കരമായി. നിരവധി കുരുന്നുകൾ ചാച്ചാജിയുടെ വേഷം ധരിച്ച് ശിശുദിനാഘോഷത്തിൽ പങ്കുചേർന്നു. മാത്രമല്ല അംബേദ്കർ,ഝാൻസി റാണി,മദർ തെരേസ തുടങ്ങിയ മഹത് വ്യക്തികളുടെ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളും ശ്രദ്ധ നേടി.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്രീപ്രൈമറി കുട്ടികളുടെ കുഞ്ഞു നാടകം കൗതുകമുണർത്തി.ആപ്പിൾ, മാമ്പഴം , തേങ്ങ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളും ഉണ്ടായിരുന്നു രണ്ടാം ക്ലാസിലെ ആഗത് .ആർ ചാച്ചാജിയുടെ മനോഹരമായ ചിത്രം വരച്ച് പ്രധാനാധ്യാപികയ്ക്ക് സമ്മാനിച്ചു. ചാച്ചാജിയുടെ പാട്ട്,ശിശുദിന പ്രസംഗം,സംഘഗാനം, ശിശുദിന ആശംസകൾ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിനാശംസകൾ നേർന്നു. ശിശുദിന ക്വിസിൽ ആദിദേവ് ആർ ഒന്നാം സ്ഥാനവും ശ്രിഖ പ്രശാന്ത് ശ്രീരാം കെ.എസ് എന്നിവർ രണ്ടാം സ്ഥാനവും മിത്രജശ്രീ എം മൂന്നാം സ്ഥാനവും നേടിയ വിജയികൾക്ക് സമ്മാനവും നൽകി.