ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2020-21
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2020 -21, കോവിഡ് ജാഗ്രതയിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
കോവിഡിന്റെ ഭീതിയിലും അക്കാദമിക പ്രവർത്തനങ്ങൾ തനിമയോടെ നടത്താൻ ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിന് കഴിഞ്ഞു. പരിസ്ഥിതി ദിനം, വായനദിനം,സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, ഓണം, റിപ്പബ്ലിക് ദിനം തുടങ്ങിയ പ്രധാന ദിനങ്ങളെല്ലാം ഓൺലൈനിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ആഘോഷിക്കാൻ കഴിഞ്ഞു. ദിനാചരണങ്ങളുടെ ഭാഗമായി നടത്താറുള്ള ചിത്രരചന, പോസ്റ്റർ നിർമ്മാണം, ക്വിസ് , പ്രസംഗം, കവിതാലാപനം, പതിപ്പ് നിർമ്മാണം എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങളാൽ സമ്പന്നമായിരുന്നു ഓരോ ആഘോഷവും . അധ്യാപകരുടെ വ്യക്തമായ നിർദ്ദേശങ്ങളും കുട്ടികളുടെ സജീവ സാന്നിധ്യവും രക്ഷിതാക്കളുടെ പിന്തുണയും ഇതിന് പിന്നിലുണ്ടായിരുന്നു.
പരിസ്ഥിതി ദിനം
നാം വസിക്കുന്ന ഭൂമിയും അതിന്റെ തനതുവിഭവങ്ങളും അമൂല്യമെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം. ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾ ജൂൺ 5 പരിസ്ഥിതി ദിനം കോവിഡ് പശ്ചാത്തലത്തിലും സമുചിതം ആചരിച്ചു. ഓൺലൈൻ ക്ലാസുകളിൽ പരിസ്ഥിതി പ്രാധാന്യം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ക്ലാസ് ഗ്രൂപ്പുകളിലും ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായി പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി തുടങ്ങിയവ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയുണ്ടായി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വൃക്ഷത്തൈ നടുന്നതിനു വേണ്ട നിർദ്ദേശങ്ങളും നൽകി.
വായന ദിനം
വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്തു കൊണ്ട് ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിൽ ജൂൺ 19 വായനദിനം ആചരിച്ചു. പുസ്തക പ്രേമിയായ പി.എൻ.പണിക്കരുടെ ഓർമ്മദിനത്തിൽ അക്ഷരങ്ങളുടെ നന്മ വെളിച്ചം തൂകി വിദ്യാർത്ഥികൾക്ക് വായനദിന പ്രവർത്തനങ്ങൾ ഓൺലൈനായി നൽകി. പി.എൻ പണിക്കരുടെ ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ, വായന ക്വിസ്, വായനക്കുറിപ്പ് തയ്യാറാക്കൽ, വായനയുടെ പ്രാധാന്യം വെളിവാക്കുന്ന മഹദ് വചനങ്ങൾ ശേഖരിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്വന്തമായി ലൈബ്രറി നിർമ്മാണവും പ്രോത്സാഹിപ്പിച്ചു. വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ഇതെല്ലാം സഹായിക്കുമെന്നതിൽ സംശയമില്ല.
സ്വാതന്ത്ര്യ ദിനം
കോവിഡ് കാലത്തെ ജാഗ്രത നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിന്റെ ഈ അധ്യയനവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പി.ടി.എ.പ്രസിഡണ്ട് സ്വാമിനാഥൻ ദേശീയ പതാക ഉയർത്തി .തുടർന്ന് ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷത്തെക്കുറിച്ച് പറയുകയുണ്ടായി. പ്രധാനാധ്യാപിക ഷൈലജ വിദ്യാർത്ഥികൾ വിദ്യാലയത്തിലെത്താതെയുള്ള ഈ ഒരു സ്വാതന്ത്ര്യ ദിനം ആദ്യത്തെ അനുഭവമാണെന്ന് ഓർമ്മിച്ചു. സഹ അധ്യാപകരും പിടി എ അംഗങ്ങളും ചേർന്ന് പതാക വന്ദനം നടത്തി. എന്നാൽ വിദ്യാർത്ഥികൾ തങ്ങളുടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്നു കൊണ്ട് ചിത്രരചന, പ്രസംഗം, ദേശഭക്തിഗാനം, പതിപ്പ് നിർമ്മാണം എന്നിവയിലേർപ്പെട്ടുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമാക്കി. Online Quiz മത്സരവും നടത്തുകയുണ്ടായി. ആസൂത്രിതവും ചിട്ടയോടെയുമുള്ള പ്രവർത്തനമായിരുന്നു ഇതിനു പിന്നിൽ. നേരത്തെ നൽകിയ ചോദ്യാവലിയിൽ നിന്നും തെരഞ്ഞെടുത്തവയും അല്ലാത്തവയുമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ നിന്നും വിജയികളെ കണ്ടെത്തി. വിദ്യാലയം തുറക്കുമ്പോൾ സമ്മാന വിതരണവും ഉണ്ടായിരിക്കും. കുട്ടികളുടെ സജീവ പങ്കാളിത്തമുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂൾ തല വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്. വേറിട്ട ഒരു അനുഭവം പ്രദാനം ചെയ്ത് ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നുപോയി.
- വീഡിയോ കാണാം -സ്വാതന്ത്ര്യ ദിനം - 2020
ഓണാഘോഷം
കോവിഡ് - 19 പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ ഓണാഘോഷം ഓൺലൈനായി ആണ് നടത്തിയത്. ഈ ആഘോഷത്തിൽ പരമാവധി വിദ്യാർത്ഥികളും പങ്കാളികളായിരുന്നു. അതിൽ ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണച്ചൊല്ലുകൾ, ഓണപ്പതിപ്പ് , ഓണക്കളികൾ എന്നീ ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ ഓണനുഭവങ്ങൾ വീഡിയോ ആയി പങ്കു വെച്ചു. കുടുംബത്തോടെയുള്ള ഓണനുഭവം ഒരുമയും ഐക്യവും ഉണ്ടാകാൻ സാധിച്ചിരുന്നു. വ്യത്യസ്ത നിറത്തിലുള്ള പൂക്കളം കൊണ്ട് മനോഹരമായിരുന്നു. ആകർഷകമായ ഓണപ്പതിപ്പുകൾ നിർമിച്ചു. പല താളത്തിലും ഈണത്തിലും ഓണപ്പാട്ടുകളും പാടി അവതരിപ്പിച്ചു. കുട്ടികളുടെ ഓണക്കളികൾ അതി മനോഹരമായിരുന്നു. ഈ വർഷത്തെ ഓണാഘോഷം വളരെ മനോഹരമായി നടന്നു.
- വീഡിയോ കാണാം- ഓണാഘോഷം - 2020
വിദൂര വേദി
ലോകമാകെ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കൊറോണ വൈറസിന്റെ വ്യാപനം ജീവിതത്തിന്റെ നാനാ തുറകളിലും വരുത്തിയ മാറ്റം വളരെ വലുതാണ്. കോവി ഡ് - 19 നമ്മുടെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. വിദ്യാർത്ഥികൾ വീടിന്റെ സുരക്ഷയിൽ ഓൺലൈൻ പഠനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. ഇതൊരു താല്കാലിക സംവിധാനമാണെങ്കിലും ഒരു പരിധി വരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു. അധ്യാപകരും കൂട്ടുകാരുമില്ലാതെ വിരസമായ അധ്യയന സമയമാണ് ഓരോ വിദ്യാർത്ഥിയും നേരിടുന്നത്. ഇത് അവരെ മാനസികമായി ബാധിക്കുന്നു. ഈ അവസ്ഥയിൽ ഉല്ലാസവും ഉന്മേഷവും ഒപ്പം പ്രോത്സാഹനവും നൽകാനായി ചിറ്റൂർ ജി.വി.എൽ.പി.എസിലെ അധ്യാപകർ കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. അദ്ധ്യാപിക ലില്ലി സജീവമായ നേതൃത്വം ഇതിന് ശക്തിയേകി. ഒരു കലോത്സവ നടത്തിപ്പിന്റെ അതേ രീതിതന്നെയാണ് ഓൺലൈൻ കലോത്സവവും പിന്തുടർന്നത്. മത്സര ഇനങ്ങളും അവ വാട്ട്സ് ആപ് വഴി അയയ്ക്കേണ്ട തീയതികളും സമയവും മറ്റും നോട്ടീസിലൂടെ ഓരോ ക്ലാസ് ഗ്രൂപ്പിനും അറിയിപ്പ് നൽകി. തുടർന്ന് നിർദ്ദിഷ്ട തീയതികളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ച വീഡിയോകൾ ക്ലാസ്ടീച്ചർക്ക് അയച്ചു. ഇങ്ങനെ ലഭിച്ചവയിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ക്ലാസ് ടീച്ചർമാർ കണ്ടെത്തി. ഓരോ മത്സരയിനത്തിനും വിധിനിർണയത്തിന് ഓരോ അധ്യാപകർക്ക് ചുമതല ഏൽപ്പിച്ചിരുന്നു. ക്ലാസ് ടീച്ചർമാർ കണ്ടെത്തിയ 3 മികച്ച പ്രകടനങ്ങൾ അതാത് ഇനങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് അയച്ചു കൊടുത്തു. ഇങ്ങനെ ഓരോ മത്സര വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവരെ കണ്ടെത്തി ഫലപ്രഖ്യാപനം നടത്തി. അധ്യാപകരുടെ ഗ്രൂപ്പിൽ നിന്നും ക്രോഡീകരിച്ച് മത്സരഫലം ക്ലാസ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾക്ക് നൽകി അഭിനന്ദനങ്ങൾക്കൊപ്പം വിദ്യാലയം തുറക്കുമ്പോൾ സമ്മാന വിതരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. വിദൂര വേദിയെക്കുറിച്ച് രക്ഷിതാക്കൾ നല്ല അഭിപ്രായം രേഖപ്പെടുത്തി. കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അവർ സംതൃപ്തരാണ്. വിജയകരമായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ഈ പരിപാടി ചിറ്റൂർ ജി വി എൽ പി സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുന്നു.
- വീഡിയോ കാണാം- വിദൂര വേദി-2020
ഗാന്ധി ജയന്തി
കൊറോണക്കാലത്തെ സുരക്ഷിതത്വം കാത്തുസൂക്ഷിച്ചു കൊണ്ട് രാഷ്ട്രപിതാവിന്റെ ജന്മദിനം ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് യഥോചിതം ആഘോഷിച്ചു. ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ അധ്യാപകർ സ്കൂൾ ഗ്രൂപ്പിലേക്ക് കൈമാറുകയും തുടർന്ന് സ്കൂൾതല വീഡിയോ തയ്യാറാക്കുകയും ചെയ്തു. പ്രസംഗം, ഗാന്ധി കവിതകൾ, പാട്ടുകൾ, ഗാന്ധി വചനങ്ങളുടെ ശേഖരണം, ചിത്രരചന, ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങൾ പങ്കുവെക്കൽ, പതിപ്പ് നിർമ്മാണം, പ്രഛന്ന വേഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. മഹാത്മജിയെ അടുത്തറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. ലോക അഹിംസാ ദിനാചരണം ബാപ്പുജിയുടെ ജീവിത സന്ദേശവും സത്യം, അഹിംസ, ലാളിത്യം തുടങ്ങിയ മൂല്യങ്ങളും പകർന്നു നൽകാൻ അവസരം ഒരുക്കി.
- വീഡിയോ കാണാം- ഗാന്ധി ജയന്തി- 2020
കേരളപ്പിറവി ദിനം
കേരളപ്പിറവിദിനം ആഘോഷിക്കേണ്ടത് എങ്ങനെയെന്ന് രണ്ടാഴ്ച മുൻപു തന്നെ ഗൂഗിൾ മീറ്റ് വഴിയുള്ള SRG കൂടി തീരുമാനിച്ചു. കേരളപ്പിറവി ദിനം ക്വിസ് മത്സരത്തിന് മുന്നോടിയായി ഏകദേശം അമ്പതോളം ചോദ്യോത്തരങ്ങൾ കൂട്ടികൾക്കു നൽകിയിരുന്നു. ഒരു ദിവസം പത്തു ചോദ്യങ്ങൾ വീതമാണ് നൽകിയത്. നവംബർ 1ന് വൈകുന്നേരം 6 മണിക്ക് ഓൺലൈനായി ക്വിസ് മത്സരം നടത്തി. ധാരാളം കുട്ടികൾ നന്നായി പഠിച്ച് ക്വിസ് മത്സരത്തിൽ പങ്കെടുത്തു. 20 ചോദ്യങ്ങളാണ് മത്സരത്തിന് കൊടുത്തത്. എല്ലാം നമ്മുടെ നാടായ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു. കുറേ കുട്ടികൾ മുഴുവൻ മാർക്കും വാങ്ങി. കേരളപ്പിറവി ദിനത്തിനന്ന് കുട്ടികൾ മലയാളി മങ്കയായി വേഷമണിഞ്ഞ ഫോട്ടോകൾ വളരെ നന്നായിരുന്നു. കുട്ടികൾ കേരളപ്പിറവി ഗാനംആലപിച്ചും, പോസ്റ്റർ, പതിപ്പ് എന്നിവ നിർമിച്ചും വളരെ ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു. എല്ലാം ഓൺലൈൻ പരിപാടികളായിരുന്നു. നമ്മുടെ നാടിനെക്കുറിച്ചുള്ള കുട്ടികളുടെ പ്രസംഗങ്ങൾ വളരെ നന്നായിരുന്നു. നമ്മുടെ നാട്ടിലെ പല പ്രധാനപ്പെട്ട സ്ഥലങ്ങൾ കുട്ടികൾക്ക് വീഡിയോയിലൂടെ പരിചയപ്പെടുത്തി. ഇങ്ങനെ കേരളത്തേക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ ഓൺലൈൻ കേരളപ്പിറവി ദിനാഘോഷം വഴി സാധിച്ചു.
ശിശുദിനം
നമ്മുടെ രാഷ്ട്ര ശിൽപിയായ ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനമായ നവംബർ 14 വളരെ നന്നായി ആഘോഷിക്കുവാൻ SRG യിൽ തീരുമാനിച്ചു. കുട്ടികൾക്ക് നൽകാവുന്ന പ്രവർത്തനങ്ങളും കണ്ടെത്തി. ക്വിസ് മത്സരത്തിന് മുന്നോടിയായി ഒരു ദിവസം 10 ചോദ്യങ്ങൾ വീതം ഏകദേശം 100 ക്വിസ് ചോദ്യോത്തരങ്ങൾ നൽകി. നവംബർ 1ന് വൈകുന്നേരം 6 മണിക്ക് ഓൺലൈനായി ക്വിസ് മത്സരം നടത്തി. കുറേയധികം കുട്ടികൾ ഉത്സാഹത്തോടെ മത്സരത്തിൽ പങ്കെടുത്തു. ശിശുദിനത്തിനന്ന് കുട്ടികൾ ചാച്ചാജിയായി വേഷമിട്ടുള്ള ഫോട്ടോകൾ ഗ്രൂപ്പിലേക്കയച്ചു തന്നു. കുട്ടികളെ സ്നേഹിക്കുന്ന ചാച്ചാജിയോടുള്ള സ്നേഹം മൂലം ശിശുദിന പാട്ടുകൾ പാടി. ശിശുദിന ബാഡ്ജും പോസ്റ്ററും ഉത്സാഹത്തോടെ കുട്ടികൾ ഉണ്ടാക്കി. ജവഹർലാൽ നെഹ്രുവിൻ്റെ ജീവിതത്തിലെ ധാരാളം ഫോട്ടോകൾ കൂട്ടികൾ ഗ്രൂപ്പിലേക്കയച്ചു തന്നു. ശിശുദിന പോസ്റ്റർ നിർമിച്ച് കുട്ടികൾ അവ ഗ്രൂപ്പിൽ അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. ഇങ്ങനെ ഓൺലൈനിലൂടെയുള്ള ഈ ശിശുദിനാഘോഷം വഴി ചാച്ചാജിയെ കൂടുതൽ അടുത്തറിയുവാൻ കുട്ടികൾക്കെല്ലാവർക്കും സാധിച്ചു.
ക്രിസ്തുമസ്
ഉണ്ണിയേശുവിൻ്റെ ജന്മദിനമായ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് കുട്ടികൾ ധാരാളം പരിപാടികൾ അവതരിപ്പിച്ചു. പുൽ കൂടുകൾ നിർമിച്ച് അതിൻ്റെ ഫോട്ടോയും വീഡിയോയും ഇടാൻ കുട്ടികൾ ഉത്സാഹം കാണിച്ചു. ക്രിസ്മസ് പാട്ടുകൾ പാടിയും, ചിത്രങ്ങൾ വരച്ചും അവർ ക്രസ്മസ് ആഘോഷത്തിൽ പങ്കു ചേർന്നു. ഓൺലൈനായി നടന്ന ഈ പരിപാടികളിലൂടെ കുട്ടികൾക്കെല്ലാവർക്കും മറ്റുള്ളവരുടെ ക്രിസ്മസ് ആഘോഷങ്ങൾ കണ്ട് ആസ്വദിക്കുവാൻ അവസരം ലഭിച്ചു.