ജി.വി.എൽ.പി.എസ് ചിറ്റൂർ/നാടോടി വിജ്ഞാനകോശം/പ്രാദേശിക കലാരൂപങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാദേശിക കലാരൂപങ്ങൾ

മലമക്കളി

കേരളത്തിൽ ചിറ്റൂർ താലൂക്കിൽ മാത്രം കണ്ട് വരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് മലമക്കളി. പൊറാട്ടു നാടകത്തിന്റെ വേറൊരു വകഭേദമാണ് മലമക്കളി. സാധാരണയായി ചിറ്റൂർ ഭഗവതി ക്ഷേത്രത്തിലാണ് മലമക്കളി അവതരിപ്പിച്ചു വരുന്നത്. ചിലപ്പതികാരത്തിലെ കണ്ണകിയുമായും കൊടുങ്ങല്ലൂരമ്മയുമായും ബന്ധമുള്ള ഒരു കലാരൂപമാണിത്. ചിറ്റൂർ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന കൊങ്ങൻപട മഹോത്സവത്തോടനുബന്ധിച്ചാണ് മലമക്കളി നടക്കാറുള്ളത്. വളരെ ഭക്തിപൂർവ്വം അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ് മലമക്കളി. വ്യത്യസ്ത വേഷങ്ങളിൽ ദേവിയെ സ്തുതിച്ച് കൊണ്ട് ചുവടുകൾ ചവിട്ടിയാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. ഇന്നും ചിറ്റൂരിൽ മാത്രമാണ് മലമക്കളി അവതരിപ്പിച്ചു വരുന്നത്.

പൊറാട്ടുനാടകം

നിത്യജീവിതത്തിലെ സംഭവങ്ങൾ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ് പൊറാട്ടുനാടകം. ചിറ്റൂരിന്റെ തന്നെ പ്രാദേശിക കലാരൂപങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം പൊറാട്ടുനാടകത്തിനുണ്ട്. ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും ഉത്സവ ചടങ്ങുകൾ നടക്കുന്നതിനോടനുബന്ധിച്ചാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. സാധാരണയായി മലയാള മാസമായ മകരം മുതൽ ഇടവം വരെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലാണ് പൊറാട്ടുനാടകം അവതരിപ്പിക്കുന്നത്. സ്ത്രീ വേഷങ്ങളും പുരുഷന്മാരാണ് അവതരിപ്പിക്കുന്നത്. പൊറാട്ടുനാടകത്തിന്റെ പശ്ചാത്തല സംഗീതത്തിനായി ചെണ്ട, ഇലത്താളം, ഹാർമോണിയം തുടങ്ങിയവ ഉപയോഗിച്ച് വരുന്നു. ഇന്നും ചിറ്റൂരിന്റെ പല പ്രദേശങ്ങളിലും പൊറാട്ടുനാടകം അവതരിപ്പിക്കുന്നുണ്ട്.

കണ്യാർകളി

ചിറ്റൂരും പരിസര പ്രദേശത്തുമായി നടത്തി വരുന്ന നായർ സമുദായത്തിന്റെ ഒരു അനുഷ്ഠാന കലാരൂപമാണ് കണ്യാർകളി. സാധാരണയായി വിഷുവേലയോടനുബന്ധിച്ച് മേടമാസത്തിലാണ് കണ്യാർകളി അവതരിപ്പിക്കുന്നത്. നാളുകളുടെ പ്രാധാന്യം നോക്കിയാണ് ഈ കലാരൂപം ആരംഭിക്കുന്നതും അവസാനിക്കുന്നതും. ദേവീ ക്ഷേത്രവുമായി ഈ കലാരൂപത്തിന് പ്രാധാന്യമുള്ളത് കൊണ്ട് തന്നെ ചിറ്റൂർ ഭഗവതി ക്ഷേത്രത്തിൽ തയ്യാറാക്കിയ പ്രത്യേക പന്തലിലാണ് കണ്യാർകളി അവതരിപ്പിക്കുന്നത്. നാടൻ ശൈലിയും ലാസ്യഭാവവും ചേർന്നതാണ് ഈ കലാരൂപം. വിളക്കിനു ചുറ്റുമായിട്ടാണ് കണ്യാർകളി അവതരിപ്പിക്കുന്നത്. ചിറ്റൂർ ഭഗവതി ക്ഷേത്രത്തിൽ എല്ലാ വർഷവും കണ്യാർകളി ഇപ്പോഴും മുടങ്ങാതെ നടത്തി വരുന്നു.