ജി.വി.എൽ.പി.എസ് ചിറ്റൂർ/കൂടുതൽ വായിക്കാം/ചിറ്റൂർകാവിൽ
ചിറ്റൂർകാവ്
ചിറ്റൂർകാവ്, കൊച്ചി രാജ്യത്തിന്റെ കിഴക്കേ അറ്റത്തുള്ളതും ബ്രിട്ടീഷുരാജ്യത്താൽ ചുറ്റപ്പെട്ടതുമായ ചിറ്റൂർ താലൂക്കിൽ ചേർന്ന ചിറ്റൂർ ദേശത്തു തന്നെയാണ്. അവിടെ പ്രതിæിക്കപ്പെട്ടിരിക്കുന്ന ഭദ്രകാളിയെയാണ് 'ചിറ്റൂർക്കാവിൽ ഭഗവതി' എന്നു പറഞ്ഞു വരുന്നത്. ആ ദേശക്കാർ ആ ദേവിയെ തങ്ങളുടെ പരദേവതയായിട്ടു തന്നെയാണ് ആദരിക്കുകയും ആചരിക്കുകയും ചെയ്തു പേരുന്നതെന്നും അവർ പണ്ടേ തന്നേ ഭദ്രകാളിയെക്കുറിച്ചു വളരെ ഭക്തിയും വിശ്വാസവുമുള്ളവരായിരുന്നുവെന്നുമുള്ളതു പ്രസിദ്ധമാണ്. ഭഗവതി ആ ദേശക്കാരെക്കുറിച്ചു വളരെ കൃപയോടും വാത്സല്യത്തോടുംകൂടി വർത്തിച്ചുപോരുന്നുമുണ്ട്. പണ്ടൊരിക്കൽ കൊങ്ങുരാജ്യാധിപനായ രാജാവ് ചിറ്റൂർ ദേശം പിടിച്ചടക്കാനായി സൈന്യസമേതം ആ ദേശത്തു വന്നു ചേർന്നു. ചിറ്റൂർ ദേശക്കാരും യുദ്ധവിദഗ്ദ്ധന്മാരായിരുന്നതിനാൽ രണ്ടു കൂട്ടരും തമ്മിൽ നേരിട്ട് അതി ഭയങ്കരമായ യുദ്ധമുണ്ടായി. സ്വല്പസമയം കഴിഞ്ഞപ്പോൾ ചിറ്റൂർക്കാർ ഏറ്റവും പരവശന്മാരായിത്തീരുകയും കൊങ്ങപ്പടയെ ജയിക്കുന്ന കാര്യം തങ്ങളാൽ സാദ്ധ്യമല്ലെന്ന് അവർക്കു തോന്നുകയും ചെയ്തു. അപ്പോൾ അവരെല്ലാവരും ക്ഷേത്രസന്നിധിയിൽ ചെന്നു തങ്ങളുടെ പരദേവതയായ ഭഗവതിയെ ഭക്തി പൂർവ്വം വന്ദിച്ചുകൊണ്ട്,
"ഭൂവിൽപ്പുകഴും ചിറ്റൂർ ക്കാവിൽ വിളങ്ങും കൃതാന്തരിപുപുത്രി! ഈവിധമായൊരു മക്കളെ യാവിർമ്മോദം തുണയ്ക്ക മാതാവേ!" "ഞങ്ങളെ വെൽവാൻ വന്നൊരു കൊങ്ങപ്പടയേ വധിച്ചു വേഗത്തിൽ മങ്ങലൊഴിക്കുക മായേ! മംഗളമൂർത്തേ! നമോ നമസ്തുഭ്യം"
എന്നു പ്രാർത്ഥിച്ചു. അതു കേട്ട് ആർത്തത്രാണപരായണയും ഭക്തവൽസലയും ലോകമാതാവുമായ ഭഗവതി ഉടൻ പ്രത്യക്ഷമായി പോർക്കളത്തിലെത്തി തന്റെ നാന്ദകംവാൾകൊണ്ടു കൊങ്ങപ്പടകളെ വെട്ടി വധിച്ചു തുടങ്ങി. ക്ഷണനേരംകൊണ്ടു കൊങ്ങപ്പട മിക്കവാറും നശിച്ചു. ഏതാനും സൈനികന്മാർ പ്രാണഭീതിയോടുകൂടി ഓടി സ്വദേശത്തേക്കു മടങ്ങിപ്പോവുകയും ചെയ്തു. അപ്പോൾ കൊങ്ങു രാജാവ് ദേവിയോടു നേരിട്ടു യുദ്ധം തുടങ്ങി. ആ യുദ്ധം ഏറ്റവും ഭയങ്കരം തന്നെയായിരുന്നു. കൊങ്ങുരാജാവ് അന്തകനെപ്പോലെ ഒരു പോത്തിന്റെ പുറത്തു കയറിയായിരുന്നു യുദ്ധത്തിനു വന്നിരുന്നത്. ദേവി തന്റെ വാൾകൊണ്ട് ആ പോത്തിന്റെ തല വെട്ടി താഴെയിടുകയും കൊങ്ങുരാജാവിന്റെ കഴുത്തു മുറിച്ചു തല ദാരുകന്റെ ശിരസ്സിനെപ്പോലെ തൃക്കൈയിലെടുക്കുകയും ചെയ്തു. അങ്ങനെ ആ യുദ്ധം അവസാനിച്ചതിന്റെ ശേഷം ദേവി ഒരു ശിലാതലത്തിൽ ചെന്നിരുന്നു വിശ്രമിച്ചു. അപ്പോൾ ദേശക്കാരെല്ലാവരും അവിടെ എത്തി ഭഗവതിയെക്കണ്ടു വന്ദിച്ചു സ്തുതിച്ചു. അവരപ്പോൾ ഭഗവതിയെ കണ്ടത് എട്ടു തൃക്കൈകളോടും ആ തൃക്കൈകളിൽ വരദാഭയമുദ്രകളും നാന്ദകം വാൾ, ശൂലം, ഗദ, ശംഖം, വട്ടക, കൊങ്ങു രാജാവിന്റെ ശിരസ്സ് എന്നിവ ധരിച്ചു കൊണ്ടും കാലിന്മേൽ കാൽ കയറ്റിവെച്ച് ഇരിക്കുന്നതുമായിട്ടായിരുന്നു. ഭഗവതി അങ്ങനെ അവിടെ ഇരുന്നപ്പോൾ അതിലേ കടന്നുപോയ ചില ചക്കിലിയന്മാർ അവരുടെ കൈവശമുണ്ടായിരുന്ന മദ്യവും മാംസവും തിരുമുൽക്കാഴ്ചയായി ദേവിയുടെ തൃപ്പാദസന്നിധിയിൽ വെച്ചു വന്ദിച്ചു. ദേവി അവയെ സസന്തോഷം സ്വീകരിക്കുകയും ആ മദ്യം സ്വല്പം സേവിക്കുകയും മാംസം കുറച്ചെടുത്തു ഭക്ഷിക്കുകയും ചെയ്തിട്ടു ശേഷം ഉണ്ടായിരുന്നത് അവിടെ കൂടിയിരുന്ന ജനങ്ങൾക്കു കൊടുക്കുകയും ജനങ്ങൾ അവ വാങ്ങി ദേവിയുടെ പ്രസാദമെന്നുള്ള സങ്കൽപ്പത്തോടു കൂടി ആസ്വദിക്കുകയും ചെയ്തു. അപ്പോഴേക്കും ദേവി അവിടെ നിന്ന് അന്തർദ്ധാനം ചെയ്തുകളക യാൽ ആ ദിവ്യസ്വരൂപം അവർക്കാർക്കും പിന്നെ കാണ്മാൻ കഴിഞ്ഞില്ല. അതിനാൽ പിന്നെ ആദേശക്കാരായ എല്ലാവരും കൂടി "ദേവിയുടെ ഈ ദിവ്യസ്വരൂപം എന്നു കണ്ടു വന്ദിക്കാനായി ഇപ്പോൾ നമ്മൾ കണ്ടതു പോലെതന്നെ ഒരു വിഗ്രഹമുണ്ടാക്കിച്ച് ഇവിടെ പ്രതിഷ്ഠിക്കണം" എന്നു നിശ്ചയിച്ച് അപ്രകാരമൊരു വിഗ്രഹം മണ്ണുകൊണ്ടുണ്ടാക്കിച്ചു ചൂളയിൽ വെച്ചു തയ്യാറാക്കി. ആ സമയത്ത് ഒരു യോഗിനി അവിടെ വന്നു ചേരു കയും ആ ബിംബമെടുത്തുകൊണ്ടു പോയി നിശ്ചിതതസ്ഥലത്തു പ്രതിഷ്ഠിക്കുകയും ചെയ്തിട്ട് ഉടൻതന്നെ അദൃശ്യയായി ഭവിക്കുകയും ചെയ്തു. ആ യോഗിനി ആരാണെന്നും എവിടെ നിന്നാണ് വന്നതെന്നും എങ്ങോട്ടാണ് പോയതെന്നും ആർക്കും നിശ്ചയമില്ല. പ്രതിഷ്ഠിച്ചത് പൂർവ്വ ക്ഷേത്രത്തിന്റെ കിഴക്കുവശത്തു സ്വൽപം തെക്കോട്ടുമാറിയാണെന്ന് ഇപ്പോഴും എല്ലാവർക്കും കണ്ടറിയാവുന്നതുമാണ്. ഈ പ്രതിഷ്ഠ നടന്നത് കൊല്ലവർഷം 71 കുംഭമാസം ഞ്ജ6-ാം തിയതിയായിരുന്നു എന്നാണ് പറഞ്ഞുവരുന്നത്.
ബിംബപ്രതിഷ്ഠ കഴിഞ്ഞാലുടനെ ഒരു നിവേദ്യം കഴിക്കേണ്ടത് അത്യാവശ്യമാണല്ലോ. അതിനെന്താണ് വേണ്ടതെന്ന് അവിടെക്കൂടിയവരെല്ലാവരുംകൂടി ആലോചിച്ചു. അപ്പോൾ അവരിൽ ദേവീഭക്തശിരോ മണിയും ജ്ഞാനിയുമായിരുന്ന ഒരു നായർ "ചക്കിലിയമ്മാർ കൊടുത്ത മദ്യവും മാംസവും ദേവി സസന്തോഷം സ്വീകരിച്ചുവല്ലോ. അതിനാൽ ഇപ്പോഴും അവതന്നെ മതി" എന്നു വിധിക്കുകയും അത് എല്ലാവരും സമ്മതിക്കുകയും ചെയ്തു. ഉടനെ അപ്രകാരം വിധിച്ച ആ നായർ തന്നെ പോയി കുറച്ചു മദ്യവും മാംസവും കൊണ്ടുവന്നു ദേവിക്കു നിവേദിച്ചു. നിവേദ്യം കഴിഞ്ഞതിന്റെ ശേഷം നിവേദിക്കപ്പെട്ട ആ സാധനങ്ങൾ അവിടെക്കൂടിയിരുന്നവർക്കെല്ലാം കുറേശ്ശെ കൊടുക്കുകയും എല്ലാരും ദേവീപ്രസാദമെന്നുള്ള സങ്കല്പത്തോടുകൂടി അവ വാങ്ങി സേവിക്കുകയും ഭക്ഷിക്കുകയും ചെയ്തു. പിന്നെ അതവിടെ പതിവായിത്തീർന്നു. ഇപ്പോഴും അവിടെ മദ്യവും മാംസവും തന്നെയാണ് പതിവ്. നിവേദിക്കുന്നത് നായന്മാരുമാണ്. എന്നാലവിടെ ചില വിഡശേഷദിവസങ്ങളിലല്ലാതെ ദിവസംതോറും പൂജ പതിവില്ല. എങ്കിലും അവിടെ രണ്ടു നേരവും വിളക്കുവെയ്ക്കുക പതിവുണ്ട്. അല്ലാതെയൊന്നുമില്ല. എന്നാൽ ആദ്യമുണ്ടായതായ മൂലക്ഷേത്രത്തിൽ അങ്ങനെയൊന്നുമല്ല. അവിടെ പതിവായി രണ്ടു നേരവും പൂജയുമുണ്ട്. അതു നടത്തുന്നതു ബ്രാഹ്മണരാണ്. അവിടെ നായന്മാർ പൂജിക്കുകയും മദ്യവും മാംസവും നിവേദിക്കുകയും പതിവില്ല. അവിടത്തെ ചട്ടവട്ടങ്ങളെല്ലാം സാധാരണ ക്ഷേത്രങ്ങളിലെപ്പോലെതന്നെയാണ്. മദ്യമാംസാദികളൊന്നും ആ ക്ഷേത്രത്തിന്റെ അടുക്കലെങ്ങും കൊണ്ടുചെല്ലാൻ തന്നെ പാടില്ല. കൊണ്ടു ചെന്നാൽ ക്ഷേത്രമശുദ്ധമാകുമെന്നും പിന്നെ അവിടെ ശുദ്ധികലശം മുതലായവയൊക്കെ നടത്തണമെന്നുമാണ് വെച്ചിരിക്കുന്നത്. അവിടെ ഭഗവതിയുടെ ചൈതന്യം സാമന്യതിലതികം കണ്ടു വരുന്നുണ്ട്. അവിടെ ഭജനമിരുന്ന് ആ ദേവിയെ സേവിച്ചാൽ ഭേദമാകാത്ത രോഗവും ഒഴിയാത്ത ബാധയും സാധിക്കാത്ത കാര്യവും ഒന്നും തന്നെയില്ലെന്ന് തീർച്ചയായും പറയാം. ആ ദേവി സന്നിധിയിൽ ഭജനമിരുന്നിട്ട് അപസ്മാരം, ഉന്മാദം, മുതലായവ ഭേദമായി സ്വസ്ഥതയെ പ്രപിച്ചവരായി ഇപ്പോഴും പലരുമുണ്ട്. ഈ അടുത്ത കാലത്തുതന്നെ സന്തത്യർത്ഥമായി അവിടെ ഭജനമിരുന്നിട്ട് സൽസന്താനങ്ങളെ ലഭിച്ചവരുടെ സംഖ്യ ഒട്ടും ചില്ലറയല്ല.
ആ ദേശക്കാർക്കു പണ്ടുണ്ടയിരുന്നതുപോലെ പരസ്പരം സ്നേഹവും വിശ്വാസവും ഐകമത്യവും ഇപ്പൊളില്ലെന്ന് അവരിൽത്തന്നെ ചിലർ പറഞ്ഞ് ഇയ്യിടെ കേട്ടുതുടങ്ങീട്ടുണ്ട്. എങ്കിലും ആ ദേവിക്ഷേത്രത്തിൽ പൂർവികന്മാർ നടത്തിപ്പോന്നിരുന്ന അടിയന്തരങ്ങളെല്ലാം ആധുനികന്മാരും നടത്തിപ്പോരുന്നുണ്ട്. അവിടെ ആണ്ടുതോറും പതിവായി ദേശക്കാർ നടത്തിപ്പോരുന്ന അടിയന്തരങ്ങളിൽ പ്രധാനങ്ങൾ മണ്ഡലവിളക്കും കൊങ്ങപ്പടയുമാണ്. മണ്ഡലവിളക്ക് എന്ന് പറഞ്ഞാൽ വൃശ്ചികമാസം ഒന്നാം തീയതി മുതൽ നാല്പത്തൊന്നു ദിവസം ക്ഷേത്രത്തിൽ നിറ മാലയും വിളക്കും നടത്തുകയാണ്. അത് വളരെ കേമമയിട്ടുള്ള ഒരടിയന്തരമാണെന്നതിന് സംശയമില്ല. അതിനു പണ്ടാര വിലക്കെന്നാണ് പേര് പറഞ്ഞ പോരുന്നത്. ഭക്തിരസപ്രധാനമായ ഈ അടിയന്തരത്തിന് ഭാരവാഹികളല്ലാത്തവരും ദേവിദർശനത്തിനായി അവിടെ വന്നു കൂടാറുണ്ട്.
കൊങ്ങപ്പട എന്ന ആഘോഷം പണ്ട് കൊങ്ങുരാജാവ് ചിറ്റൂർ ദേശം പിടിച്ചടക്കാനായി സൈന്യസമേദം അവിടെ വരികയും ചിറ്റൂർ ഭഗവതി അവരെ സംഹതരാക്കുകയും ചെയ്തതിന്റെ സ്മാരകമായി ആണ്ടുതോറും നടത്തിവരുന്നതും വളരെ കേമമായിട്ടുള്ളതാണ്. അതിൽ പലവിധത്തിലുള്ള വേഷങ്ങളുടെ പുറപ്പാടും മറ്റുമുള്ളതിനാൽ അതു സകല രസസമ്പൂർണ്ണമായ ഒരാഘോഷമാണെന്നുതന്നെ പറയാം. അതിന്റെ ഓരോ ചടങ്ങുകൾ കുംഭമാസത്തിൽ ശിവരാത്രിക്കുമുമ്പ് തുടങ്ങിയാൽ മീനമാസത്തിലാണ് അവസനികുന്നത്. അവയെല്ലാം അറിയാനഗ്രഹിക്കുന്നവർ അവിടെ ചെന്ന് കണ്ടുതന്നെ മനസ്സിലാക്കുകയല്ലാതെ എഴുതി അറിയിക്കുന്ന കാര്യം അസാധ്യമാകയാൽ അതിനായി ഉദ്യമിക്കുന്നില്ല. ചിറ്റൂർ ഭഗവതി ആർത്തത്രാണപരായണയും ആശ്രിതവത്സലയുമാണെന്നുള്ളതു കൊങ്ങപ്പടയെ സംഹരിച്ചതുകൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ടല്ലോ. അതുകൂടാതെയും അതിലേക്ക് അനേകം ദൃഷ്ടാന്തങ്ങളവിടെയുണ്ടായിട്ടുണ്ട്. അവയെല്ലാം വിവരിക്കുന്ന കാര്യം ദുഷ്കരമാകയാൽ ചിലതു മാത്രം ചുരുക്കത്തിൽ പറഞ്ഞുകൊള്ളുന്നു.
ചിറ്റൂരുനിന്ന് ഏകദേശം നാലു നാഴിക അകലെ ബ്രിട്ടീഷ് മലബാറിൽ പെരുവെമ്പ് എന്നൊരു ദേശമുണ്ടല്ലോ. അവിടെ ഉണ്ടായിരുന്ന ഒരു നായർക്ക് ചിറ്റൂര് ഒരു വീട്ടിൽ സംബന്ധമുണ്ടായിരുന്നു. സംബന്ധം ചെയ്യപ്പെട്ട സ്ത്രീയുടെ വീട്ടിൽ ധാരാളം സമ്പത്തുണ്ടായിരുന്നു. എന്നു മാത്രമല്ല, ആ സ്ത്രീയെ ആ വീട്ടിലുള്ളവർ വളരെ വാത്സല്യത്തോടുകൂടിയാണ് വളർത്തിയിരുന്നത്. അതിനാൽ ആ സ്ത്രീയുടെ മാതാപിതാക്കന്മാരും മാതുലന്മാരും അമൂല്യങ്ങളായ അനേകം ആഭരണങ്ങളുണ്ടാക്കിച്ചുകൊടുത്തിരുന്നു. ആ സ്ത്രീ മിക്ക സമയത്തും അവയെല്ലാം അണിഞ്ഞു കൊണ്ട് തന്നെയാണ് നടക്കുക പതിവ്. ആ സ്ത്രീക്ക് ചിറ്റൂർകാവിൽ ഭഗവതിയെ കുറിച്ച് അളവറ്റ ഭക്തിയും വിശ്വസവുമുണ്ടായിരുന്നതിനാൽ രണ്ടു നേരവും കാവിൽപ്പോയി ദേവിയെ വന്ദിക്കുക പതിവായിരുന്നു. കാവിൽ പോകുന്ന സമയങ്ങളിൽ ആ സ്ത്രീ തന്റെ ആഭരണങ്ങളെല്ലാമെടുത്തു അണിയാതിരിക്കാറില്ല. സംബന്ധക്കാരനായ ആ നായർ ഒരത്യാഗ്രഹിയും ദു ഷ്ടനുമായിരുന്നതിനാൽ ഈ ആഭരണങ്ങളെല്ലാം പതിവയിക്കണ്ടാപ്പോൾ ഇവയെല്ലാം തട്ടിക്കൊണ്ടു പോകണമെന്ന് തോന്നിത്തുടങ്ങി. അതിനാൽ അയാൾ അതിനുള്ള ഒരു കള്ളകെശൗലം ആലോചിച്ചു നിശ്ചയിച്ചുകൊണ്ട് ഒരു ദിവസം ഭാര്യയോട് സ്വകാര്യമായിട്ട് "നിന്നെ ഒന്ന് കാണാൻ വൈകിയിരിക്കുന്നതിനാൽ അങ്ങോട്ട് കൊണ്ടു ചെല്ലണമെന്ന് എന്റെ അമ്മ എന്നോട് പറഞ്ഞു തുടങ്ങീട്ട് വളരെ ദിവസമായി. അതിനാൽ നമുക്ക് അങ്ങോട്ടോന്നു പോകണം. അവിടെ മൂന്നു ദിവസം താമസിച്ചിട്ടു നാലാം ദിവസം നമുക്ക് മടങ്ങിപ്പോരാം. അതിനെന്താ വിരോധമുണ്ടോ?" എന്ന് ചോദിച്ചു. അതിനുത്തരമായിട്ട് ഭാര്യ "ഒരു വിരോധവുമില്ല. അച്ഛനുമമ്മയും മറ്റും സമ്മതിച്ചാൽ നമുക്ക് നാളെത്തന്നെ പോകാം. എന്നാൽ മൂന്നു ദിവസം അവിടെ താമസിക്കാൻ നിവൃത്തിയില്ല. എനിക്ക് പതിവായി കാവിൽ തൊഴാൻ പോകണമല്ലോ. ഒരു ദിവസത്തെ തൊഴുക കഴിഞ്ഞിട്ട് നമുക്ക് അങ്ങോട്ട് പോകാം. പിറ്റേദിവസം തോഴാനിങ്ങോട്ടെത്തണം. ദേവീദർശനം മുട്ടിക്കുന്ന കാര്യം സങ്കടമാണ്" എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ നായർക്ക് സന്തോഷമായി. അയാൾ ആ സ്ത്രീയുടെ മാതാപിതാക്കന്മാരോടും മറ്റും വിവരം പറഞ്ഞ് അവരെയെല്ലാം സമ്മതിപ്പിക്കുകയും പിറ്റേ ദിവസം തന്നെ സ്ത്രീ കാവിൽപ്പോയി കുളിച്ചുതൊഴുതു വന്നയുടനെ ഭർത്താവും ഭാര്യയും ഊണ് കഴിച്ചു വീട്ടിൽനിന്നു പുറപ്പെടുകയും ചെയ്തു. അപ്പോഴേക്കും ആ സ്ത്രീ അവരുടെ ആഭരണങ്ങളെടുത്തണിഞ്ഞിരുന്നു എന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ.
ആ നായരും ഭാര്യയുംകൂടി കുറച്ചുദൂരം പോയപ്പോൾ വഴിക്കടുത്തു തന്നെ ആ നായരുടെ ഒരു സ്നേഹിതന്റെ വീടുണ്ടായിരുന്നതിനാൽ അവർ അവിടെക്കയറി. ആ വീട്ടുകാർ ഈ ദമ്പതിമാരെ അവിടെ സാദരം ക്ഷണിച്ചിരുത്തി കുശലപ്രശ്നാനന്തരം വെടികൾ പറഞ്ഞുതുടങ്ങി. പിന്നെ അവരെ ഒരു ലഘുഭക്ഷണം കഴിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും നേരം സന്ധ്യയോടടുത്തതിനാൽ ആ ഭാര്യാഭർത്താക്കന്മാർ ആ വീട്ടു കാരോടു യാത്രയും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി നടന്നു. കുറച്ചുദൂരം ചെന്നപ്പോൾ അവിടെ ചിറ്റൂർ പുഴയായി. ചിറ്റൂർ പുഴയിൽ അക്കാലത്ത് പാലമുണ്ടയിരുന്നില്ല. കഴിഞ്ഞ രാത്രിയിൽ കലശലായിട്ടു മഴയുണ്ടായതിനാൽ പുഴയിൽ വെള്ളം സ്വല്പം പെരുകിയിരുന്നു. അതിനാൽ നായർ ഭാര്യയോട്, "പുഴയിൽ വെള്ളം കുറച്ചധികമാണെന്നാണ് തോന്നുന്നത്. അതിനാൽ ഇറങ്ങിക്കടക്കാമോ എന്ന് ഞാനോന്നിറങ്ങി നോക്കട്ടെ. ഞാൻ മടങ്ങിവന്നിട്ടു പിന്നെ നമുക്കൊരുമിച്ചു പോകാം. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. നീ തനിച്ച് ഇവിടെ നിൽക്കുമ്പോൾ വല്ലവനും വന്ന് ഈ ആഭരണങ്ങൾ അഴിച്ചുകൊണ്ട് പോയെങ്കിൽ നീയെന്തു ചെയ്യും? അതു കൊണ്ട് അവയൊക്കെ അഴിച്ചു ഇങ്ങോട്ട് തന്നേക്കൂ. പുഴ കടന്നിട്ടു കെട്ടിയാൽമതി" എന്ന് പറഞ്ഞ്. ശുദ്ധഹൃദയയായ ആ സ്ത്രീ അത് കേട്ടു സത്യമെന്നു വിചാരിച്ച് ആഭരണങ്ങളെല്ലമഴിച്ച് വിശ്വാസപൂർവം ഭർത്താവിന്റെ കയ്യിൽ കൊടുത്തു. ദുഷ്ടനും വഞ്ചകനുമായ ആ നായർ അവയെല്ലാം വാങ്ങി ഒരു മുണ്ടിൽപൊതിഞ്ഞു കക്ഷത്തിൽ വെച്ചുകൊണ്ടു പുഴയിറങ്ങി മറുകരയിലേക്ക് പോയി. ആ സ്ത്രീ അവിടെ വളരെ നേരം നിന്നിട്ടും നായർ മടങ്ങി വന്നില്ല. നേരമേകദേശം പാതിരവോടടുത്തു. ഘോരാന്ധകാരം കൊണ്ട് ദിക്കൊക്കെ മറഞ്ഞു. ഒന്നും കാണ്മാൻ വയ്യാതെയായി, അതികഠിനമായ മഴയും തുടങ്ങി. അപ്പോൾ ആ അമ്മയുടെ മനഃസ്ഥിതി ഏതുപ്രകാരമായിരുന്നു എന്നു പറഞ്ഞറിയിക്കുന്ന കാര്യം അസാദ്ധ്യം തന്നെ. ഭീതികൊണ്ടും വ്യസനം കൊണ്ടും ആ പതിവ്രത ഏറ്റവും പരവശയായിതീർന്നു എന്നു തന്നെ പറയാം. നിസ്സഹായയും ദുസ്സഹ ദു:ഖമഗ്നയുമായിതീർന്ന ആ സാധ്വി ഉടനെ തന്റെ പരദേവതയായ ഭഗവതിയെ ഭക്തിപാരവശ്യങ്ങളോടുകൂടി വിളിച്ചുകരഞ്ഞു പ്രാർത്ഥിച്ചുതുടങ്ങി. "അയ്യോ! അമ്മെ! നിസ്സഹായയിത്തീർന്നിരിക്കുന്ന ഈ അഗതിയെ രക്ഷിക്കണേ. അമ്മയല്ലാതെ അടിയന് വേറെ ഒരു ശരണവുമില്ലേ, എന്റെ ചിറ്റൂർകാവിലമ്മേ! രക്ഷിക്കണേ, രക്ഷിക്കണേ" എന്നും മറ്റുമായിരുന്നു ആ അബലയുടെ വിളിയും പ്രാർത്ഥനയും. അങ്ങനെ ആ സ്ത്രീ കുറച്ചുനേരം ദേവിയെ വിളിച്ചു പ്രാർത്ഥിച്ചപ്പോൾ ഒരു സ്ത്രീ വിളക്കും കൊണ്ട് അവിടെയെത്തി. ആ സ്ത്രീയോട് "ഇനി എന്തിന് ഇവിടെ നിൽക്കുന്നു? നമുക്കു വീട്ടിലേയ്ക്കു പോകാം. നേരം പാതിരാവായിരിക്കുന്നു. അയാൾ ഈ ഇരുട്ടിലകപ്പെട്ടു വഴിതെറ്റി എവിടെയോ പോയി. നേരത്തേ അങ്ങു വരും" എന്നു പറഞ്ഞു. ആ സ്ത്രീ തന്റെ പെറ്റമ്മയാണെന്നു തോന്നുകയാൽ മറ്റേ സ്ത്രീ സന്തോഷിച്ച് അവരുടെ കൂടെപ്പോയി. രണ്ടുപേരും തമ്മിൽ ഓരോ വർത്തമാനങ്ങളും പറഞ്ഞുകൊണ്ട് നടന്നു വീട്ടിലെത്തി വിളിച്ചു വാതിൽ തുറപ്പിച്ചപ്പോൾ ആ സ്ത്രീയുടെ സാക്ഷാൽ പെറ്റമ്മ അവിടെത്തന്നെ ഉണ്ടായിരുന്നു. പുഴക്കടവിൽ നിന്ന് ആ സ്ത്രീയെ വീട്ടിൽക്കൊണ്ടു ചെന്നാക്കിയ അമ്മ അവരുടെ കൈയിലുണ്ടായിരുന്ന വിളക്കോടുകൂടി അപ്പോഴേയ്ക്കും അദൃശ്യയായിത്തീരുകയും ചെയ്തു. പിന്നെ വീട്ടിലുണ്ടായിരുന്ന സാക്ഷാൽ അമ്മ മകളോട് അവർ ഭർത്താവിനോടുകൂടിപ്പോയിട്ടു പിന്നെയുണ്ടായ കഥകളൊക്കെ ചോദിക്കുകയും മകൾ എല്ലാം വിസ്തരിച്ചു പറഞ്ഞ് അമ്മയെ കേൾപ്പിക്കുകയും ചെയ്തു. വർത്തമാനങ്ങളെല്ലാം കേട്ടപ്പോൾ ആ അമ്മയ്ക്ക് ആഭരണങ്ങളെല്ലാം പോയതുകൊണ്ടുള്ള സന്താപത്തേക്കാളധികം മകൾ ആപത്തൊന്നും കൂടാതെ മടങ്ങി വന്നു ചേർന്നതുകൊണ്ടുള്ള സന്തോഷമാണുണ്ടായത്.
പിറ്റേദിവസം നേരം വെളുത്തപ്പോൾ ആ നായർ ഒരു ഭ്രാന്തനെ പ്പോലെ ഓടിവന്ന് ആ ആഭരണപ്പൊതി ആ വീട്ടിലിട്ടിട്ട് ഒന്നും മിണ്ടാതെ വന്നതുപോലെ ഇറങ്ങിഓടിപ്പോയി. പിന്നെ അയാളെക്കാണാനും അയാളെക്കുറിച്ച് എന്തെങ്കിലും കേൾക്കാനും ആർക്കും സാധിച്ചിട്ടില്ല. നേരം കുറച്ചു പുലർന്നപ്പോഴേയ്ക്കും ഈ വർത്തമാനങ്ങളെല്ലാം കർണ്ണാ കർണ്ണികയാ ആ ദേശത്ത് എല്ലാവരുമറിഞ്ഞു. ഉടനെ എല്ലാവരും ക്ഷേത്രസന്നിധിയിൽ കൂടി. അപ്പോഴേയ്ക്കും വെളിച്ചപ്പാടും അവിടെ എത്തുകയും ഉടനെ വെളിപാടുണ്ടാവുകയും ജനങ്ങളോട് "നിങ്ങളാരും ഒട്ടും സംശയിക്കേണ്ട, എന്നെ ഭക്തിപൂർവം സേവിച്ചുകൊണ്ടിരിക്കുന്ന എന്റെ മകൾ എന്നെ വിളിച്ചു കരഞ്ഞപ്പോൾ പുഴക്കടവിൽ ചെന്ന് അവളെ വിളിച്ചുകൊണ്ടുപോയി അവളുടെ വീട്ടിലാക്കിയതു ഞാനാണ്. ആ വഞ്ചകനെക്കൊണ്ട് ആ ആഭരണങ്ങളെല്ലാം മടക്കിക്കൊടുപ്പിച്ചതും ഞാൻ തന്നെ. ആ ദുഷ്ടന്റെ കഥ ഞാൻകഴിചിരിക്കുന്നു. അവന്റെ ശവം പോലും ആർക്കും കാണ്മാൻ കഴിയില""എന്നു കല്പിക്കുകയും ചെയ്തു. ചിറ്റൂർ ക്കാവിൽ ഭഗവതിയുടെ ഭക്തവാത്സല്യം സീമാതീതമാണെന്നുള്ളതിന് ഇതും ഒരു ഉത്തമദൃഷ്ടാന്തമാണല്ലോ.
വെളിച്ചപ്പാടിന്റെ കലിയടങ്ങിയതിനു ശേഷം നാട്ടുകാരിൽ പ്രധാനന്മാരെല്ലാവരും കൂടി നടയിൽ വച്ചു "പെരുവെമ്പുദേശക്കാരായ നായന്മാരെക്കൊണ്ട് മേലാലൊരിക്കലും ചിറ്റൂർ ദേശത്തു സംബന്ധം ചെയ്യിക്കാൻ പാടില്ല" എന്നു നിശ്ചയം ചെയ്തു. ആ നിശ്ചയത്തെ ഇപ്പോഴും ആ നാട്ടുകാർ ഭേദപ്പെടുത്തിയിട്ടില്ല. ചിറ്റൂർ ഭഗവതിയുടെ ഭക്തവാത്സല്യം അപരിമിതമാണെന്നു ജനങ്ങൾക്കു ബോധം വരത്തക്കവണ്ണം അവിടെ നടത്തിയിട്ടുള്ള മറ്റൊരു സംഗതികൂടി ചുരുക്കത്തിൽ താഴെ പറഞ്ഞുകൊള്ളുന്നു.
ചിറ്റൂരുള്ള ഒരു നായർ ഗൃഹത്തിലെ "കുപ്പാണ്ടി" എന്നു പേരായ ഒരു കുട്ടി ഒരു കൊല്ലം മണ്ഡലവിളക്കു കാണാനായി ഒരു ദിവസം ചില കൂട്ടുകാരോടുകൂടി അമ്പലത്തിലേയ്ക്കു പോയി. കുറച്ചുനേരം വിളക്കുകണ്ടു നിന്നപ്പോൾ ഉറക്കം കലശലായിട്ടു വരികയാൽ ആ കുട്ടി വടക്കേ നടയിൽ ഒരു സ്ഥലത്തു ചെന്നു കിടന്നു സുഖമായിട്ടുറങ്ങി. വിളക്കു കഴിഞ്ഞിട്ടും കുപ്പാണ്ടി ഉണർന്നില്ല. വിളക്കു കഴിഞ്ഞപ്പോൾ ആളുകളൊക്കെ പിരിഞ്ഞുപോയി. കുപ്പാണ്ടിയുടെ കൂട്ടുകാരും കുട്ടിയെ വിളിക്കാനോർത്തില്ല. കുപ്പാണ്ടി ഉണർന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരുമില്ലായിരുന്നു. ആ പ്രദേശമെല്ലാം അന്ധകാരപൂർണ്ണമായിരുന്നു. അതിനാൽ കുപ്പാണ്ടി ഏറ്റവും ഭയവിഹ്വലതയോടെ "അമ്മേ , അമ്മേ!" എന്നുറക്കെ വിളിച്ചുകൊണ്ട് കരഞ്ഞു തുടങ്ങി. വീട്ടിൽ കിടന്നുറങ്ങിയാലും ഉണരുമ്പോൾ അടുക്കലാരെയും കണ്ടില്ലെങ്കിൽ അമ്മയെ വിളിച്ചുകരയുക പതിവായിരുന്നു. അതുപോലെ ഇവിടെയും ചെയ്തു എന്നേയുള്ളൂ. എങ്കിലും കുട്ടിയുടെ അമ്മയ്ക്കു ഭഗവതിയെക്കുറിച്ച അളവറ്റ ഭക്തിയും വിശ്വാ!സവുമുണ്ടായിരുന്നതിനാൽ ആ കുട്ടിയുടെ സങ്കടം ഭഗവതിയ്ക്ക് ഏറ്റവും ദുസ്സഹമായി തീർന്നു. കുപ്പാണ്ടി മേൽപ്രകാരം അമ്മയെ വിളിച്ചു കരഞ്ഞ ക്ഷണത്തിൽ ഒരു സ്ത്രീ വിളക്കെടുത്തുകൊണ്ട് അടുക്കൽ ചെന്ന് "നീയെന്തിനു കരയുന്നു? നമുക്ക് വീട്ടിലേയ്ക്ക് പോകാം" എന്നു പറഞ്ഞ് ചെന്ന ആ സ്ത്രീ സ്വന്തം അമ്മയാണെന്ന് തോന്നുകയാൽ ആ കുട്ടി സസന്തോഷം അവരുടെ കൂടെ പോയി. വഴിയിൽവെച്ചു കുട്ടി "അമ്മേ എനിക്കു കലശലായി വിശക്കുന്നു" എന്നു പറഞ്ഞതിന് മറുപടിയായിട്ട് ആ സ്ത്രീ "വീട്ടിൽ ചെന്നാൽ അതിനു വല്ലതും സമാധാനമുണ്ടാക്കാം" എന്നു പറഞ്ഞു. അങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ട് അവർ നടന്നു. വിളക്കു കഴിഞ്ഞ് കുപ്പാണ്ടി മടങ്ങിയെത്താനുള്ള നേരമായിട്ടും കുപ്പാണ്ടിയെ കാണായ്കയാൽ വീട്ടിലുണ്ടായിരുന്നവർക്ക് പരിഭ്രമമായി. അതിനാൽ അവിടെ നിന്നു ചിലർ വെളിച്ചം കൊണ്ടു കുപ്പാണ്ടിയെ അന്വേഷിച്ചു പുറപ്പെട്ടു. അവർ കുറച്ചു ദൂരം ചെന്നപ്പോൾ ഒരു സ്ത്രീ വെളിച്ചം കാണിച്ചു കുപ്പാണ്ടിയെയും കൊണ്ടു വരുന്നത് ദൂരെ വച്ചു തന്നെ കണ്ടു. അവർ അടുത്തു ചെന്നപ്പോൾ ആ സ്ത്രീ വെളിച്ചത്തോടുകൂടി അദൃശ്യയായിത്തീർന്നു. കുപ്പാണ്ടി മാത്രം വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു. അതിനാലവർ കുട്ടിയെയും കൊണ്ടു വീട്ടിലെത്തി. അപ്പോൾ കുപ്പാണ്ടിയുടെ സാക്ഷാലമ്മ വീട്ടിലുണ്ടായിരുന്നു. ആ അമ്മ കുട്ടിയോട് "നീ ആരുടെ കൂടെയാണ് വന്നത്?" എന്നു ചോദിച്ചു. അതിനു കുട്ടിയുടെ മറുപടി, "അമ്മയല്ലേ വിളക്കും കൊണ്ടു വന്ന് എന്നെക്കൊണ്ടു പോന്നത്? പിന്നെ ഇങ്ങനെ ചോദിക്കുന്നതെന്താണ്? വഴിയിൽ വച്ച് എനിക്കു വിശക്കുന്നു എന്നു പറഞ്ഞപ്പോൾ അതിനു വീട്ടിൽച്ചെന്നാൽ സമാധാനമുണ്ടാക്കാം എന്ന് അമ്മ പറഞ്ഞില്ലേ? ഇപ്പോൾ സമാധാനമുണ്ടാക്കാത്തതെന്താണ്?" എന്നായിരുന്നു. ഈ മറുപടി കേട്ടപ്പോൾ അവിടെ എല്ലാവരും വിസ്മയിക്കുകയും എല്ലാം ചിറ്റൂർക്കാവിലമ്മയുടെ മായാവിലാസം തന്നെയെന്നു തീർച്ചപ്പെടുത്തുകയും ആ ദേവിയെ ഭക്തിപൂർവം മനസ്സുകൊണ്ട് നമസ്കരിക്കുകയും ചെയ്തു. പിന്നെ അവിടെയിരിപ്പുണ്ടായിരുന്ന പഴമോ പലഹാരമോ ഏതാണ്ടൊക്കെ കൊടുത്ത് കുപ്പാണ്ടിയെ സമാധാനപ്പെടുത്തിയതിന്റെ ശേഷം എല്ലാവരും കിടന്നുറങ്ങി.
ഇനി ഇപ്രകാരമല്ലെങ്കിലും മറ്റൊരു പ്രകാരം ചിറ്റൂർകാവിൽ ഭഗവതിയുടെ ഭക്തവാത്സല്യത്തിനു ദൃ ഷ്ടാന്തമായി അവിടെയുണ്ടായ മറ്റൊരു സംഗതി പറയാം. ചിറ്റൂർ തന്നെയുള്ള വീട്ടിൽ 'കുപ്പു അമ്മ' എന്നൊരു സ്ത്രീയുണ്ടായിരുന്നു. ആ സ്ത്രീ നല്ല പതിവ്രതയും സദ്വൃത്തയും ഭഗവതിയെക്കുറിച്ച് അളവറ്റ ഭക്തിയും വിശ്വാസവുമുള്ള കൂട്ടത്തിലുമായിരുന്നു. അവർക്ക് ദേശത്തുകാരൻ തന്നെയായ ഒരു നാരായണമേനോൻ സംബന്ധം ചെയ്ത് ഭർത്താവായി തീർന്നു. അയാൾ പ്രകൃത്യാ ഒരു വിടനായിരുന്നു. അതിനാലയാൾ ആ ദേശത്തു തന്നെയുള്ള മറ്റൊരു സ്ത്രീയിൽ അനുരക്തനായി തീരുകയും ആ സ്ത്രീയ്ക്കും സംബന്ധം ചെയ്വാൻ ഉത്സാഹിച്ച തുടങ്ങുകയും ചെയ്തു. ആ ഉത്സാഹം മുറുക്കമായപ്പോൽ ആ സ്ത്രീ അയാളോട് 'നിങ്ങൾക്കിപ്പോൾ ഒരു ഭാര്യയുണ്ടല്ലോ, ഇനി ഒരു സംബന്ധം കൂടി ചെയ്യുന്നത് ന്യായമല്ല. എനിക്ക് സപøിയായിരിക്കാൻ മനസ്സുമില്ല. എന്നു മാത്രമല്ല, ആ സംബന്ധമുള്ളപ്പോൾ നിങ്ങൾ ഈ പടിക്കകത്ത് കടക്കാൻ തന്നെ പാടില്ല.' എന്നു പറഞ്ഞു. അപ്പോൾ ആ മേനോൻ 'എന്നാലീസ്സംബന്ധം ഇപ്പോൾ തന്നെ മതിയാക്കിയേക്കാം' എന്നു പറഞ്ഞു പിരിഞ്ഞു. അന്നു രാത്രി ഏകദേശം പത്തുമണിയായപ്പോൾ കുപ്പുവമ്മയുടെ വീട്ടിലെത്തി. ആ സാധ്വി ശുദ്ധമേ കുലടയാണെന്ന് തനിക്ക് അറിവുകിട്ടിയിരിക്കുന്നു എന്നും അതിനാൽ താൻ സംബന്ധം മതിയാക്കിയിരിക്കുന്നു എന്നും മറ്റും പറഞ്ഞിട്ട് അവിടെ നിന്ന് ഇറങ്ങിപ്പോയി. ഇതൊക്കെ കേൾക്കുകയും ഭർത്താവ് കലഹിച്ച് ഇറങ്ങിപ്പോവുകയും ചെയ്തപ്പോൾ കുപ്പുവമ്മയ്ക്കു ദുസ്സഹമായ ദുഃഖമുണ്ടായി എന്നുള്ളത് പറയണമെന്നില്ലല്ലോ. അവർ കണ്ണീരൊലിപ്പിച്ച് കരഞ്ഞുകൊണ്ട് ' എന്റെ ചിറ്റൂർക്കാവിലമ്മേ! ഈ അപവാദം പരസ്യപ്പെടുത്താനിടയാകാതെ എന്നെയും എന്റെ ഭർത്താവിനെയും രക്ഷിക്കണേ' എന്നു പ്രാർത്ഥിച്ചു. മേനോൻ ആ വീട്ടിൽ നിന്നിറങ്ങി കുറേ ദൂരം പോയപ്പോൾ ചില ഭയങ്കരമൂർത്തികൾ അയാളെത്തടുത്തു ഭയപ്പെടുത്തി തിരിയെ ഓടിച്ചു ഭാര്യാഗൃഹത്തിൽ കൊണ്ടു ചെന്നാക്കി. അയാൾ അവിടെ ചെന്ന് ആരോടും മിണ്ടാതെ അകത്തു കയറിക്കിടന്നു.
പിറ്റേദിവസം കാലത്തു കുപ്പുഅമ്മ പതിവുപോലെ കുളിച്ചു തൊഴാനായിട്ടു കാവിലെത്തി. പിന്നാലെ നാരായണമേനോനും അവിടെ ചെന്നു ചേർന്നു. അപ്പോൾ വെളിച്ചപ്പാട് അവിടെ വരികയും ഉടനെ വെളിപാടുണ്ടാവുകയും ചെയ്തു. വെളിച്ചപ്പാട് മേനവനോട് 'എന്റെ ഭക്തയും സദ്വൃത്തയുമായിരിക്കുന്ന മകളെക്കുറിച്ച് ഇന്നലെ അപവാദങ്ങൾ പറഞ്ഞു രാത്രിയിൽ അവിടെ നിന്നിറങ്ങിപോയിട്ടു മടങ്ങി അങ്ങോട്ടു തന്നെ ചെന്നതെന്താണ്? വഴിയിൽ വച്ചു തടുത്തതും മടക്കി അയച്ചതും എന്റെ പരിവാരങ്ങളാണ്. ഇനിയൊരിക്കൽ ഇങ്ങനെ പറയുകയോ പ്രവർത്തിക്കുകയോ ചെയ്താലവർ എന്റെ മകനെ ചീന്തി ചോര കുടിക്കും. ഓർമ്മ ഉണ്ടായിരിക്കട്ടെ' എന്നു കൽപ്പിച്ചു. അതുകേട്ടു മേനോൻ ഏറ്റവും ഭയത്തോടും ഭക്തിയോടും കൂടി, 'പൊന്നമ്മേ! സമസ്താപരാധങ്ങളും പൊറുത്തു രക്ഷിക്കണം. ഇനി ഒരിക്കലും അങ്ങനെ പറയുകയും പ്രവർത്തിക്കുകയും ചെയ്കയില്ല. ' എന്നുണർത്തി. ഉടനെ വെളിച്ചപ്പാട് “നല്ല നിശ്ചയമുണ്ടെങ്കിൽ എന്റെ ആയുധം തൊട്ട് അങ്ങനെ സത്യം ചെയ്യുക” എന്നു കൽപ്പിച്ചിട്ട് നാന്ദകം വാൾ നീട്ടി കാണിച്ചു. ഉടനെ പള്ളിവാൾ തൊട്ടുംകൊണ്ട് “ഞൻ ഇന്നലെ പറയുകയും പ്രവർത്തിക്കുകയും ചെയ്തതുപോലെ ഇനി ചെയ്കയില്ല.” എന്നു സത്യം ചെയ്തു. ഉടനെ വെളിച്ചപ്പാടിന്റെ കലി അടങ്ങുകയും എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു. കുപ്പുവമ്മയ്ക്ക് അപ്പോളുണ്ടായ സന്തോഷവും മേനോനുണ്ടായ ലജ്ജയും എത്രമാത്രമായിരുന്നെന്ന് പറയുവാൻ പ്രയാസം. മേനോൻ പിന്നെ വിടത്വം വിട്ടു കുപ്പുവമ്മയുടെ സംബന്ധം മുറയ്ക്കു നടത്തിക്കൊണ്ടിരുന്നു. പണ്ടു ചിറ്റൂരുണ്ടായിരുന്ന പരദേശബ്രാഹ്മണർക്ക് (പട്ടന്മാർക്ക്) ആ കാവിലെ ഭഗവതിയെക്കുറിച്ച് ഭക്തിയുണ്ടായിരുന്നില്ല. എന്നു മാത്രമല്ല കുറെശ്ശെ പുച്ഛമുണ്ടായിരിക്കുകയും ചെയ്തു. അവിടെയുള്ള ഈ ക്ഷേത്രത്തിലെ ഭഗവതിക്കു മദ്യവും മാംസവും നിവേദിക്കുകയും നായന്മാർ പൂജ കഴിക്കുകയും ചെയ്യുന്നതുകൊണ്ടായിരുന്നു അവർക്ക് പുച്ഛം. അവിടെയുള്ള ലങ്കേശ്വരം ഗ്രാമത്തിലെ ശിവനെ മാത്രമേ അവർ വന്ദിച്ചിരുന്നുള്ളൂ. ആ ശിവക്ഷേത്രത്തിൽ വേണ്ടുന്ന കാര്യങ്ങളെല്ലാം അവർ കൂടി ശ്രമിച്ചു നടത്തിയിരുന്നു എന്നല്ല, ഇപ്പോഴും നടത്തുന്നുമുണ്ട്. ആ ശിവക്ഷേത്രത്തിൽ ആണ്ടുതോറും ധനുമാസത്തിൽ തിരുവാതിരനാൾ പതിവുള്ള രഥോത്സവത്തിൽ ഊരുവലത്തിനു രഥം വലിച്ചുകൊണ്ടു പോവുകതന്നെ ഈ ബ്രാഹ്മണന്മാരാണ് പതിവ്.
ഒരാണ്ടിൽ ഊരുവലത്തിനു രഥം വലിച്ചുകൊണ്ട് ഭഗവതിക്ഷേത്രത്തിന്റെ വടക്കേ നടയിലെത്തിയപ്പോൾ അവിടെ റോഡിൽ നിന്നിരുന്ന ദേവീഭക്തന്മാരായ ചില നായന്മാരോട് ഒരു പട്ടർ ' നിങ്ങളുടെ കള്ളുകുടിക്കുന്ന തള്ളയ്ക്ക് ശക്തിയുണ്ടെങ്കിൽ ഈ രഥം ഇവിടെ നിന്നിളകാതെ ഇവിടെ നിർത്തട്ടെ' എന്നു പറഞ്ഞു. ഉടനെ തേരവിടെ നിന്നു. അവിടെ നിന്നും രഥം ഇളക്കിക്കൊണ്ടു പോകുന്നതിന് ആ ദേശത്തുണ്ടായിരുന്ന ബ്രാഹ്മണരെല്ലാവരും കൂടി ഉന്തിയും തള്ളിയും പിടിച്ചും വലിച്ചും വളരെ ശ്രമിച്ചു നോക്കി. എങ്കിലും രഥം അവിടെ നിന്ന് കടുകിട മാറിയില്ല. പിന്നെ അവർ ആനകളെ കൊണ്ടു വന്ന് തള്ളിച്ചു നോക്കി. നാലഞ്ചു വലിയ ആനകൾ മസ്തകം വെച്ചു തള്ളിയിട്ടും മസ്തകം പൊട്ടി ചോരയൊലിച്ചു തുടങ്ങിയതല്ലാതെ തേരു ലേശം പോലും ഇളകിയില്ല. എന്നു മാത്രമല്ല ദേവിയെ നിന്ദിച്ചു പറഞ്ഞ ആ പട്ടർക്കും അപ്പോഴേയ്ക്കും ശ്വാസം മുട്ടി വയർ വീർത്തു തുടങ്ങി. അദ്ദേഹത്തിനു അവിടെ നില്ക്കാൻ വയ്യാതെയായിട്ട് അദ്ദേഹം മഠത്തിലേക്കു പോയി. അപ്പോഴേക്കും സുഖക്കേടുകൾ കുറച്ചുകൂടി കലശലായി. മലവും മൂത്രവും പോകാതെയും വീർപ്പുമുട്ടിയും വയർ വീർത്തും കുളിച്ചപോലെ ദേഹം വിയർത്തും പട്ടർ ഏറ്റവും പരവശനായി നിലത്തു കിടന്ന് ഉരുണ്ടുതുടങ്ങി. ചെന്നു കണ്ടവർക്കൊക്കെ അദ്ദേഹം അപ്പോൾ മരിക്കുമെന്നു തോന്നി. അപ്പോൽ ചിലർ "ഇതു ഭഗവതിയെ നിന്ദിച്ചു പറഞ്ഞതിന്റെ ഫലമാണ്. അവിടെത്തന്നെ ചെന്നപേക്ഷിച്ചാലല്ലാതെ ഇനിനു സമാധാനമുണ്ടാവുകയില്ല" എന്നു പറഞ്ഞു. ഉടനെ ആ പട്ടരുടെ ബന്ധുക്കളായ ചിലർ കാവിലേക്ക് ഓടിപ്പോയി. അവർ നടയിൽച്ചെന്ന് അപേക്ഷിച്ചു. ഉടനെ വെളിച്ചപ്പാട് അവിടെ വരികയും വെളിപാടുണ്ടാവുകയും ചെയ്തു. അപ്പോൾ അവിടെച്ചെന്നിരുന്നവർ "പൊന്നുതമ്പുരാട്ടീ! സർവ്വാപരാധങ്ങളും പൊറുത്തു രക്ഷിക്കണം. അയാൾ അറിവില്ലായ്കകൊണ്ട് അങ്ങനെയൊക്കെ പറഞ്ഞതാണ്" എന്നുണർത്തിച്ചു. അപ്പോൾ, "എന്നെ നിന്ദിച്ചതു കൊണ്ട് എനിക്കൊന്നുമില്ല. ആ വാക്കുകൾ എന്റെ ഭക്തന്മാരായ മക്കൾക്കു വലിയ സങ്കടമുണ്ടാക്കി. അതാണ് എനിക്ക് ദുസ്സഹദുഃഖകാരണമായിത്തീർന്നത്. രഥം പിടിച്ചു നിർത്തിയിരിക്കുന്നത് എന്റെ പരിവാരങ്ങളാണ്. അവർക്ക് എന്നെ നിന്ദിച്ച ആ ആളുടെ പുത്രനെ വെട്ടി ബലികൊടുത്തല്ലാതെ രഥം ഇളകുകയും ഈ ആളുകളുടെ സുഖക്കേടു മാറുകയുമില്ല. അങ്ങനെ ചെയ്തില്ലെങ്കിൽ ആ ആളുകളുടെ കഥ ഇന്നു കഴിയും" എന്നാണ് കല്പനയുണ്ടായത്. ഈ കല്പന കേട്ടപ്പോൾ ആ ബന്ധുജനങ്ങൾക്ക് അളവറ്റ സങ്കടമുണ്ടായി. ആ ബ്രാഹ്മണനു പുരുഷസന്താനമായിട്ട് ഈ ഒരു കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. ആ കുട്ടിയുടെ കഥ കഴിക്കുക എന്നുള്ള കാര്യം അവ!ക്ക് എങ്ങനെ സഹ്യമായിത്തീരും? എങ്കിലും പിന്നെ അവർക്ക്! ഒന്നു തോന്നി. അതെങ്ങനെയെന്നാൽ "കല്പന പോലെ ചെയ്യാതെയിരുന്നാൽ ഒരു സമയം അച്ഛന്റേയും മകന്റേയും കഥ കഴിഞ്ഞുപോയി എന്നു വന്നേക്കാം. മകൻ പോയാലും അച്ഛൻ ജീവിച്ചിരുന്നാൽ ഭഗവതിയുടെ കൃപകൊണ്ട് അദ്ദേഹത്തിനു പിന്നെയും പുത്രന്മാരുണ്ടാകാം. "ഇങ്ങനെ അവർ ആലോചിച്ചു നിശ്ചയിച്ചു മഠത്തിൽച്ചെന്ന് ആ സുഖക്കേടായിക്കിടന്നിരുന്ന ബ്രാഹ്മണനോടും ഈ സംഗതികളെല്ലാം പറഞ്ഞു. അവർ പറഞ്ഞതെല്ലാം അദ്ദേഹവും സമ്മതിച്ചു. അപ്പോഴേക്കും അദ്ദേഹത്തിനു കുറച്ചു സുഖമായി. പിന്നെ അവരെല്ലാവരുംകൂടി കുട്ടിയെയുംകൊണ്ടു ക്ഷേത്രത്തിലെത്തി. അപ്പോഴും വെളിച്ചപ്പാടിന്റെ കലി അടങ്ങിയിട്ടില്ലായിരുന്നു. വെളിച്ചപ്പാട് ഇവരെക്കണ്ടപ്പോൾ "എന്താ ഞാൻപറഞ്ഞതുപോലെ ചെയ്വാൻ സമ്മതമാണോ?" എന്നു ചോദിച്ചു. അപ്പോൾ സുഖക്കേടായിരുന്ന ആ ബ്രാഹ്മണൻ "പൂർണ്ണസമ്മതമാണ്, കല്പനപോലെ ചെയ്യാം, കുട്ടിയെ ഇതാ കൊണ്ടു വന്നിട്ടുണ്ട്" എന്നറിയിച്ചു. അതുകേട്ട് വെളിച്ചപ്പാട് ഒന്നു ചിരിച്ചിട്ട് "മതി, ഇത്രയും മതി. ഇനി നരബലി വേണ്ട. അതു ഞാൻസ്വീകരിച്ചിരിക്കുന്നു. ഈ നരബലിക്കു പകരം ഒരു മൃഗബലി മതി. ഒരാടിനെ കൊണ്ടുവന്ന് ആ സ്ഥലത്തുവെച്ചു വെട്ടി എന്റെ പരിവാരങ്ങൾക്കു ബലി കൊടുത്താൽ രഥമിളകി മുറയ്ക്കു പൊയ്ക്കൊള്ളും. എന്നാൽ ആണ്ടുതോറും രഥമിവിടെ വരുമ്പോൾ അപ്രകാരം ചെയ്തുകൊള്ളണം. അങ്ങനെ ചെയ്യാതിരുന്നാൽ ഇപ്രകാരം ദുർഘടമായിത്തീരും" എന്നു കല്പിച്ചു. ഉടനെ ആ ബ്രാമണൻ പോയി ഒരാടിനെക്കൊണ്ടുവന്നു ദേവിയുടെ പരിവാരമൂർത്തികൾക്കെന്നു സങ്കല്പിച്ച് ആ സ്ഥലത്തുവെച്ചു വെട്ടിച്ചു. തൽക്ഷണം രഥമിളകിപ്പോവുകയും ആ പട്ടർക്കു സുഖമാവുകയും ചെയ്തു. ആ ദേശത്തു താമസക്കാരായിരുന്ന പരദേശബ്രാഹ്മണർക്ക് ആ ഭഗവതിയെക്കുറിച്ചുണ്ടായിരുന്ന പുച്ഛമെല്ലാം അസ്തമിച്ചു. അവർ വലിയ ദേവീഭക്തന്മാരായിത്തീരുകയും ചെയ്തു. ഇപ്പോഴും ആണ്ടുതോറും രതോത്സവത്തിൽ രഥം വടക്കേ നടയിൽ വരുമ്പോൾ അവിടെവെച്ച് ഒരാടിനെ വെട്ടുക പതിവാണ്.
ഭക്തിഹീനന്മാരും ദുഷ്ടന്മാരുമായ ആളുകളെ നല്ലപാഠം പഠിപ്പിച്ചു ഭക്തന്മാരും ശി ഷ്ടന്മാരുമാക്കിത്തീർക്കുന്നതിനു ചിറ്റൂർകാവിൽ ഭഗവതിക്കുള്ള വൈഭവം അപരിമിതം തന്നെയാണ്. ചിറ്റൂർലാവിൽ ആണ്ടുതോറും കൊങ്ങപ്പട എന്നൊരാഘോഷം നടത്തുക പതിവാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അതു നടത്തുന്നതിനു ദേശക്കാരെല്ലാവരുംകൂടി നാലുവീട്ടിൽ മേനോന്മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവർ അതിലേക്കു വേണ്ടുന്ന പണം ദേശക്കാരിൽനിന്നു പിരിച്ചെടുത്താണ് അതു നടത്തുക പതിവ്. പണം കൊടുക്കാൻ നിവൃത്തിയില്ലാത്തവർ അവിടെ ആവശ്യമുള്ള ഊഴിയവേല എന്തെങ്കിലും ചെയ്താലും മതിയെന്നും വെച്ചിട്ടുണ്ട്. ഊഴിയവേല ചെയ്യാതെയും പണം കൊടുക്കാതെയുമിരിക്കുന്നവരുടെ വീടുകളിൽ നിന്ന് അവർ കൊടുക്കേണ്ടുന്ന പണത്തോളം വിലവരുന്ന എന്തെങ്കിലും സാധനങ്ങൾ എടുത്തുകൊണ്ടുപോരുന്നതിനും ആ മേനോന്മാരെ ദേശക്കാരധികാരപ്പെടുത്തീട്ടുണ്ട്.
ഇങ്ങനെയിരിക്കെ ഒരാണ്ടിൽ ചില വീട്ടുകാർ ഊഴിയവേലകൾക്കു ചെല്ലുകയും പണം കൊടുക്കുകയും ചെയ്തില്ല. അതിനാൽ നാലുവീട്ടിൽ മേനോന്മാർ ആ വീടുകളിൽ ചെന്നു ചില സാധനങ്ങൾ എടുത്തുകൊണ്ടു പോന്നു. ആ വീട്ടുകാർ ഈ മേനോന്മാരുടെ പേരിൽ ഭവനഭേദനത്തിനും കയ്യേറ്റത്തിനുമായി മജിസ്ട്രട്ടുകോർട്ടിൽ അന്യായം കൊടുത്തു. കേസ്സു വിചാരണദിവസം കാലത്തു കാവിൽ വെളിച്ചപ്പാടു ചെല്ലുകയും വെളിപാടുണ്ടാവുകയും ചെയ്തു. ഉടനെ മജിസ്ട്രട്ടിനെ വിളിപ്പിച്ചു കൊണ്ടുവരാൻ കല്പിച്ചു. അതുകേട്ട് ഒരാൾ ഓടിച്ചെന്ന് വിവരം മജിസ്ടേട്ടിനെ ഗ്രഹിപ്പിച്ചു അതുകേട്ട് മജിസ്ട്രട്ട് "എനിക്ക് അവിടെ വന്നിട്ടു കാര്യമൊന്നിമില്ല, എനിക്കു ജോലി കച്ചേരിയിലാണ്" എന്നു പറഞ്ഞയച്ചു. പിന്നെയും കല്പിച്ചാളെ അയച്ചു. അപ്പോഴേക്കും മജിസ്ട്രട്ട് കച്ചേരിക്കു പോകാനായി വണ്ടിയിൽ കയറി യാത്രയായിരിക്കഴിഞ്ഞു. മജിസ്ട്രട്ടിന്റെ വണ്ടി എകദേശം ക്ഷേത്രനടക്കലായപ്പോളാണ് മൂന്നാമത്തെ ആൾ ചെന്നു പറഞ്ഞത്. ഉടനെ മജിസ്ട്രട്ട് കോപത്തോടുകൂടി "ഇതൊരു നാശമായിത്തീർന്നല്ലോ" എന്നു പറഞ്ഞു വണ്ടിയിൽനിന്നിറങ്ങി വെളിച്ചപ്പാടിന്റെ അടുക്കൽ ചെന്ന് "എന്താണ് എന്നെ വിളിപ്പിച്ചത്? എന്നെക്കൊണ്ട് ഇവിടെ എന്താ കാര്യം?" എന്നു ചോദിച്ചു. ഉടനെ വെളിച്ചപ്പാട് "എന്റെ മക്കളുടെ പേരിൽ ഉടയതിന്റെ അടുക്കൽ (വെളിപാടുണ്ടായാൽ ദേശക്കാരെമക്കളെന്നും ഉദ്യോഗസ്ഥന്മാരെ ഉടയതെന്നുമാണ് അവിടെ പറയുക) ഒരു പരാതി വന്നിട്ടുണ്ടല്ലോ; ആ കാര്യം ഞാനിവിടെ തീർച്ചയാക്കിക്കൊള്ളാം. ഉടയത് അതിനൊന്നും ചെയ്യണമെന്നില്ല" എന്നു കല്പിച്ചു. അപ്പോൾ മജിസ്ട്രട്ട്, "ഇങ്ങനെയുള്ള കാര്യങ്ങൾ തീർച്ചയാക്കാൻ ഇവിടെ അധികാരമുണ്ടെന്നു ഞാനറിഞ്ഞിട്ടില്ല. അങ്ങനെ വല്ല തീട്ടൂ!രമോ ഉത്തരവോ ഉണ്ടെങ്കിൽ അതു കാണിക്കണം. അല്ലെങ്കിൽ ന്യായം പോലെ ഞാൻ തീർച്ചയാക്കും" എന്നു പറഞ്ഞിട്ടു വണ്ടിയിൽക്കയറിപ്പോയി. കുറച്ചുദൂരം പോയപ്പോൾ വണ്ടിയുടെ അച്ചുതണ്ട് ഒടിയുകയും മജിസ്ട്രട്ട് താഴെ വീഴുകയും ചെയ്തു. മജിസ്ട്രട്ടിനു വലിയ കേടൊന്നും പറ്റിയില്ല. കാലിനു സ്വല്പം പരുക്ക് പറ്റിപ്പോയതേയുള്ളൂ. വണ്ടിക്കു കേടും കാലിനു പരുക്കും പറ്റിയപ്പോഴേക്കും മജിസ്ട്രട്ടിനു കോപം കലശലായി. "നാലുവീട്ടിൽ മേനോന്മാരെ ഇതിനാലെ നല്ല പാഠം പഠിപ്പിച്ചേക്കാം" എന്നു തീർച്ചപ്പെടുത്തിക്കൊണ്ട് ഒരുവിധം നടന്നു കച്ചേരിയിലെത്തി. അപ്പോഴേക്കും അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് ഒരാൾ ഓടി കച്ചേരിയിലെത്തി വീട്ടിൽ എല്ലാവർക്കും വിഷൂചിക തുടങ്ങിയിരിക്കുന്നുവെന്നും ക്ഷണത്തിൽ വീട്ടിലേയ്ക്കു ചെല്ലണമെന്നും ഗ്രഹിപ്പിച്ചു. ഉടനെ മജിസ്ട്രട്ട് കച്ചേരിയിൽ നിന്നിറങ്ങി പതുക്കെപ്പതുക്കെ നടന്നു വീട്ടിലെത്തി. അപ്പോളവിടെ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഭാര്യയുടെ അമ്മയും ഭൃത്യന്മാരുമെല്ലാം അതിസാരവും Cർദ്ദിയും ഉരുണ്ടുകേറ്റവും കലശലായിട്ട് ഉറക്കെ നിലവിളിച്ചുകൊണ്ടു കിടന്നുരുളന്നതായിട്ടാണ് അദ്ദേഹം കണ്ടത്. ഈ കാഴ്ച കണ്ടപ്പോൾത്തന്നെ മജിസ്ട്രട്ടിന്റെ കോപമൊക്കെപ്പോയി താപം മനസ്സിൽ നിറഞ്ഞു. എന്നു മാത്രമല്ല, അദ്ദേഹത്തിനു വയറടച്ചു വീർക്കുകയും കുറേശ്ശെ ഓക്കാനം വന്നുതുടങ്ങുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തിന്റെ ഒരു സ്നേഹിതൻ "ഇത് ആകപ്പാടെ കണ്ടിട്ട് ചിറ്റൂർ കാവിൽ ഭഗവതിയുടെ മായാപ്രയോഗമാണെന്നാണ് തോന്നുന്നത് അതിനാൽ ദേവിയെത്തന്നെ ശരണം പ്രാപിക്കണം. നമുക്കു കാവിലേക്കു പോകാം. ഞാൻകൂടെ വരാം" എന്നു പറഞ്ഞു. മജിസ്ട്രട്ട് അതു സമ്മതിക്കുകയും അവർ രണ്ടുപേരുംകൂടി കാവിലേക്കു പോകുകയും ചെയ്തു. അവരവിടെ ചെന്നപ്പോഴും വെളിച്ചപ്പാടു തുള്ളിക്കൊണ്ടുതന്നെ അവിടെ നിൽക്കുന്നുണ്ടായിരുന്നു. വെളിച്ചപ്പാടു മജിസ്ട്രട്ടിനെ കണ്ടപ്പോൾ "ഉടയതിന് ഇവിടെ വന്നിട്ടു കാര്യമൊന്നുമില്ലെന്നല്ലേ കാലത്തു പറഞ്ഞത്? ഇപ്പോൾ കാര്യമുണ്ടായോ?" എന്നു ചോദിച്ചു. ഉടനെ മജിസ്ട്രട്ട് "പൊന്നുതമ്പുരാട്ടീ! ലോകമാതാവേ! സമസ്താപരാധങ്ങളും പൊറുത്തു രക്ഷിക്കണേ; ഇവിടുന്നല്ലാതെ ഇയ്യുള്ളവർക്കു വേറെ ഒരു ശരണവുമില്ല" എന്നു പറഞ്ഞുകൊണ്ട് അവിടെ വീണു നമസ്ക്കരിച്ചു. അപ്പോൾ വെളിച്ചപ്പാട് ഒരു പിടി ഭസ്മം വാരി മജിസ്ട്രട്ടിന്റെ തലയിലിട്ടിട്ട് "ആട്ടെ, ഈ പ്രാവശ്യം ഞാൻക്ഷമിച്ചിരിക്കുന്നു. ഇനി ഇങ്ങനെ വരരുത്, പൊയ്ക്കൊള്ളു. ഇനി ഒട്ടും ഭയപ്പെടുകയും സംശയിക്കുകയും വേണ്ട. എല്ലാവർക്കും ഇപ്പോൾ സുഖമാകും" എന്നു കല്പിക്കുകയും വീട്ടിൽ കിടക്കുന്നവരുടേയും തലയിലിടാനായി ഒരു പിടി ഭസ്മം അങ്ങോട്ടു കൊടുത്തയയ്ക്കുകയും ചെയ്തു. വെളിച്ചപ്പാടു ഭസ്മമിട്ടപ്പോൾത്തന്നെ മജിസ്രട്ടിനു സുഖമായി. കൊടുത്തയച്ച ഭസ്മംകൊണ്ടു തലയിലിട്ടപ്പോൾ വീട്ടിൽ കിടന്നിരുന്നവർക്കും സുഖമായി. മജിസ്ട്രട്ടും വീട്ടിൽ കിടന്നിരുന്ന വരുമെല്ലാം പിറ്റേദിവസം കുളിച്ചു കാവിൽച്ചെന്നു തൊഴുതു പല വഴിപാടുകളും കഴിച്ചു. അന്നു മജിസ്ട്രട്ട് നടയ്ക്കുവെച്ച സ്വർണ്ണമാല ഇപ്പോഴും അവിടെ കാണ്മാനുണ്ട്. ആ മജിസ്ട്രട്ടിനു പിന്നെ ആജീവനാന്തം ആ ഭഗവതിയെക്കുറിച്ച് അളവറ്റ ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു. ചിറ്റൂർകാവിൽ ഭഗവതിയുടെ പ്രതിæ രണ്ടു സ്ഥലത്തുണ്ടെന്നും അവയിൽ ഒരു സ്ഥലത്തു ശാന്തി (പൂജ) നടത്തുന്നതു ബ്രാഹ്മണന്മാരാണെന്നും അവിടെ എല്ലാ ദിവസങ്ങളിലും പൂജ പതിവുണ്ടെന്നും മറ്റേ സ്ഥലത്തു ചൊവ്വ, വെള്ളി ഈ ആഴ്ചകളിൽ മാത്രമേ പൂജയുള്ളൂ എന്നും അതു നടത്തുന്നതു നായന്മാർ (കുളങ്ങര വീട്ടുകാർ) ആണെന്നും മുമ്പു പറഞ്ഞിട്ടുണ്ടല്ലോ.
ഒരു കാലത്ത് ആ താലൂക്കിൽ താസിൽദാരും മജിസ്ട്രട്ടുമായിരുന്ന ഉദ്യോഗസ്ഥൻ ഒരു ഞായറാഴ്ചദിവസം ക്ഷേത്രത്തിൽ തൊഴാനായിച്ചെന്നപ്പോൾ അവിടെ ഒരു ശ്രീകോവിൽ തുറക്കാതെയും വിളക്കു വെയ്ക്കാതെയും കിടക്കുന്നതുകണ്ടിട്ട് അതിന്റെ കാരണവും അവിടുത്തെ പതിവുമെല്ലാം ചിലരോടു ചോദിച്ചറിയുകയും "ഇവിടെ നായരുടെ ശാന്തി മാറ്റുകയും മംഗലാപുരത്തുനിന്ന് എമ്പ്രാന്മാരെ വരുത്തി ശാന്തിക്കാക്കുകയും പൂജ ദിവസംതോറും തന്നെ ആക്കുകയും ചെയ്യേണ്ടതാണ്" എന്നു മനസ്സിൽ വിചാരിക്കുകയും ചെയ്തുകൊണ്ടു മടങ്ങിപ്പോയി. അടുത്ത ചൊവ്വാഴ്ചദിവസം വെളിച്ചപ്പാടു ക്ഷേത്രത്തിൽച്ചെല്ലുകയും ഉടനെ വെളിപാടുണ്ടാവുകയും ചെയ്തു. അപ്പോൾ താസീൽദാരും അവിടെയെത്തി വിനയാദരഭാവത്തോടുകൂടി ഒതുങ്ങിനിന്നു. അതുകണ്ടു വെളിച്ചപ്പാട് താസിൽദാരുടെ അടുക്കൽച്ചെന്ന് "ഉടയതിനു ഞാനോ നാട്ടുകാരോ വേണ്ടത്?" എന്നു ചോദിച്ചു. അതിനു മറുപടിയായിട്ടു താസീൽദാർ "രണ്ടും വേണം" എന്നു പറഞ്ഞു. അപ്പോൾ വെളിച്ചപ്പാട് "എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽത്തന്നെ ഇരുന്നാൽ മതി. പരദേശികളെക്കൊണ്ട് ദിവസം തോറും പൂജ നടത്തിച്ചാൽ ഞാനിവിടെ ഇല്ലാതെയാകും" എന്നു കല്പിച്ചു. അതു കേട്ടപ്പോൾ താസിൽദാർ താനാരോടും പറയാതെ മനസ്സിൽ വിചാരിക്കുകമാത്രം ചെയ്ത് കാര്യം ദേവി അറിഞ്ഞുവല്ലോ എന്നു വിചാരിച്ചു വിസ്മയിക്കുകയും അദ്ദേഹത്തിനു ഭഗവതിയെക്കുറിച്ചു മുമ്പുണ്ടായിരുന്ന ഭക്തിയും വിശ്വാസവും ദ്വിഗുണീ ഭവിക്കുകയും ചെയ്തു. ഭഗവതിയുടെ ഹിതത്തിനു വിരോധമായി താൻ വിചാരിച്ചുപോയല്ലോ എന്നു വിചാരിച്ച് അദ്ദേഹം അതിനു പ്രായശ്ചിത്തമായി അവിടെ ചില വഴിപാടുകൾ നടത്തുകയും ചെയ്തിട്ടാണ് മടങ്ങിപ്പോയത്.
കൊല്ലം 1068-69 ആയിടയ്ക്ക് ചിറ്റൂർദേശത്ത് നടപ്പുദീനം (വിഷൂചിക) കുറേശ്ശേ ആരംഭിച്ചു. ആദ്യം അതിനെ ആരും അത്ര വകവെച്ചില്ല. ക്രമേണ അതു ജനങ്ങളുടെ മേൽ പടർന്നുപിടിച്ചു. ദിവസംതോറും മരണം വർദ്ധിച്ചുതുടങ്ങി. അപ്പോൾ ജനങ്ങൾ കൂട്ടംകൂടി ക്ഷേത്രനടയിൽച്ചെന്ന് "പൊന്നമ്മേ! തമ്പുരാട്ടീ! സങ്കടം തീർത്തു രക്ഷിക്കണേ" എന്നു പ്രാർത്ഥിച്ചു. ഉടനെ വെളിച്ചപ്പാടു തുള്ളി ദേശത്തിന്റെ നാലതിർത്തികളിലും ചെന്ന് അരി വാരിയെറിഞ്ഞു. അന്നുമുതൽ ആ സാംക്രമികരോഗം ശമിച്ചുതുടങ്ങി. അതിൽപ്പിന്നെ അക്കാലത്ത് ആ രോഗംകൊണ്ട് ആ ദേശത്ത് ആരും മരിച്ചിട്ടില്ല.
ചിറ്റൂരിനു സമീപം ബ്രിട്ടീഷ് മലബാറിൽ ഒരു പ്രദേശത്ത് "കണ്ടത്താർ" (കണ്ടത്തു രാമൻനായർ) എന്നു പ്രസിദ്ധനായിട്ട് ഒരു ദുർമ്മന്ത്രവാദിയുണ്ടായിരുന്നു. അയാൾ മരിച്ചതിന്റെ ശേഷം അയാളുടെ പരേതാത്മാവ് ആ ദേശത്തെയല്ല ആ വീട്ടുകാരെയും ഉപദ്രവിച്ചുതുടങ്ങി. "ആബ്ദദീക്ഷാദിലോപേന പ്രതാ യാന്തി പിശാചതാം സ്വജനാൻ ബാധമാനാസ്തേ വിചരന്തി മഹീതലേ"
എന്നുണ്ടല്ലോ. അതിനാൽ ആ വീട്ടുകാർ ഒരു പ്രതിമയുണ്ടാക്കിച്ചു കണ്ടത്താരെ ആ പ്രതിമയിന്മേലാവാഹിച്ചു കുടിയിരുത്തി പൂജിച്ചുകൊണ്ടിരുന്നു. അപ്പോൾ അയാളുടെ ഉപദ്രവം ഒരുവിധം ശമിച്ചു. എങ്കിലും ജനങ്ങൾ തമ്മിൽ പിണങ്ങിയാൽ ഒരു കൂട്ടക്കാർ എതിരാളികളെ ഉപദ്രവിക്കാൻ കണ്ടത്താരെ ധ്യാനിച്ചു പ്രാർത്ഥിച്ചാൽ അയാൾ ചെന്ന് ആ വിരോധികളെ ഉപദ്രവിക്കുക പതിവായിരുന്നു. അങ്ങനെ ആരെങ്കിലും പ്രാർത്ഥിച്ചാൽ കണ്ടത്താർ ചിറ്റൂരും ചെന്നു ജനങ്ങളെ ഉപദ്രവിച്ചിരുന്നു. അങ്ങനെ ഒരിക്കൽ ചിറ്റൂർ ദേശക്കാരനായ ഒരാളെ കണ്ടത്താരു ബാധിച്ച് ഉപദ്രവിച്ചുതുടങ്ങിയപ്പോൾ ആ ഉപദ്രവത്തിന്നു വിഷയീഭവിച്ച മനുഷ്യനെ അയാളുടെ ഉടമസ്ഥന്മാർ പിടിച്ചു ക്ഷേത്രത്തിൽ കൊണ്ടുപോവുകയും ഈ ഉപദ്രവം മാറ്റിക്കൊടുക്കണമെന്നു ഭഗവതിയുടെ സന്നിധിയിൽ പ്രാർത്ഥിക്കുകയും ചെയ്തു. ഉടനെ വെളിച്ചപ്പാടു തുള്ളി "ഇനിയൊരിക്കലും ചിറ്റൂർ ദേശത്തു കടക്കുകയില്ല" എന്നു കണ്ടത്താരെക്കൊണ്ടു സത്യം ചെയ്യിച്ചു വിട്ടയച്ചു. അതിൽപ്പിന്നെ കണ്ടത്താരുടെ ഉപദ്രവം ആ ദേശത്തുണ്ടായിട്ടില്ല. ഇങ്ങനെ ചിറ്റൂർകാവിൽ ചെന്നിട്ട് അനേകം ബാധകൾ ഒഴിഞ്ഞുപോയിട്ടുണ്ട്.
ഒരിക്കൽ പാണ്ടിയിൽനിന്ന് ഒരു പട്ടർ കുടുംബസഹിതം കൊടുങ്ങല്ലൂർ വന്നു താമസിച്ചിരുന്നു. അദ്ദേഹത്തിന് ഒരു ബാധോപദ്രവമുണ്ടായി. ഒരു പിശാചാണ് അദ്ദേഹത്തെ ബാധിച്ചത്. ആ പിശാചിന്റെ ആവേശമുണ്ടാകുന്ന സമയങ്ങളിൽ അദ്ദേഹം തുള്ളുകയും ചാടുകയും ചെയ്തിരുന്നില്ല. എവിടെയെങ്കിലും ഒരു സ്ഥലത്തുചെന്ന് ഒന്നും മിണ്ടാതെയിരിക്കും. അപ്പോൾ അദ്ദേഹത്തോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മറുപടി ഒന്നും പറയുകയില്ല. ചില ദിവസങ്ങളിൽ ആ പിശാചിന്റെ ആവേശം നിമിത്തം അദ്ദേഹം കുളിക്കാതെയും ഉണ്ണാതെയും ഉറങ്ങാതെയുമിരിക്കാറുണ്ടായിരുന്നു. ഈ ബാധോപദ്രവമൊഴിക്കുന്നതിനായി അദ്ദേഹത്തിന്റെ ബന്ധുക്കൾ പല മന്ത്രവാദികളെ വരുത്തി അനേകവിധം മന്ത്രവാദങ്ങൾ ചെയ്യിക്കുകയും ഇദ്ദേഹത്തെ കൊണ്ടുപോയി പല ക്ഷേത്രങ്ങളിൽ ഭജിപ്പിക്കുകയും മറ്റും ചെയ്തു. ഒന്നുകൊണ്ടും ഒരു ഫലവുമുണ്ടായില്ല. അപ്പോൾ "ഇദ്ദേഹത്തെ ചിറ്റൂർകാവിൽ കൊണ്ടുപോയി ഭജനമിരുത്തിയാൽ ഈ ബാധ നിശ്ചയമായിട്ടും ഒഴിഞ്ഞുപോകും" എന്നു ചിലർ പറയുകയാൽ ബന്ധുക്കളായവർ അദ്ദേഹത്തെ ചിറ്റൂർകാവിൽ കോണ്ടുപോയി ഭജിപ്പിച്ചു. അപ്പോഴും ആ പിശാചിന്റെ ആവേശം ഉണ്ടാക്കിക്കൊണ്ടുതന്നെയിരുന്നു. അതുണ്ടാകുന്ന സമയങ്ങളിൽ അദ്ദേഹം അവിടെ കൊടിമരത്തിന്റെ സമീപത്തു ചെന്നു കിടക്കും. അപ്പോൾ ആരെല്ലാമെന്തെല്ലാം ചോദിച്ചാലും അദ്ദേഹം ഒന്നും മിണ്ടുകയില്ല.
അങ്ങനെ ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടും ഭജനത്തിന്റെ ഫലമൊന്നും കാണായ്കയാൽ അദ്ദേഹത്തിന്റെ കൂടെച്ചെന്നിരുന്ന ബന്ധുക്കൾ ഒരു ദിവസം വെളിച്ചപ്പാടു തുള്ളിയപ്പോൾ അവിടെച്ചെന്നു സങ്കടം പറഞ്ഞു. അപ്പോൾ വെളിച്ചപ്പാടു കൊടിമരത്തിന്റെ ചുവട്ടിൽ കിടന്നിരുന്ന ആ ബ്രാഹ്മണനെ തന്റെ അടുക്കലേക്കു വിളിച്ചു. അദ്ദേഹം ചെന്നില്ല. ഉടനെ വെളിച്ചപ്പാട് അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് "നീയാരാണ്? ഒഴിഞ്ഞുപൊയ്ക്കൊള്ളാമോ?" എന്നും മറ്റും ചോദിച്ചു. അതിനുമദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. അപ്പോൾ വെളിച്ചപ്പാടു തന്റെ കയ്യിലിരുന്ന ആയുധം (നാന്ദകം വാൾ) കൊണ്ടു തന്റെ തല വെട്ടിപ്പൊളിച്ചു കുറച്ചു രക്തവും മാംസവും വടിച്ചെടുത്ത് ആ പട്ടരുടെ മുഖത്തേക്ക് ഒരേറു വച്ചുകൊടുത്തു. അപ്പോൾ പട്ടർ "അയ്യോ! വേണ്ട. ഞാനൊരു പിശാചാണ്. ഇതാ ഞാൻഒഴിഞ്ഞുപോകുന്നു" എന്നു പറയുകയും ഉടനെ പട്ടർ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ കൂടെച്ചെന്നിരുന്ന ബന്ധുക്കൾക്ക് ഇതുകൊണ്ടു നല്ല തൃപ്തിയും വിശ്വാസവും വന്നില്ല. "ഈ പിശാചു സത്യം ചെയ്തില്ലല്ലോ. അതുകൊണ്ട് അത് ഒഴിഞ്ഞുപോയിരിക്കയില്ല" എന്നായിരുന്നു അവരുടെ വിചാരം. അതിനാലവർ അദ്ദേഹത്തെ കൊണ്ടുപോകാതെ പിന്നേയും അവിടെത്തന്നെ താമസിപ്പിച്ചു. അതുവേണ്ടായിരുന്നു എന്നായിരുന്നു അന്യന്മാരായ ചിലരുടെ വിചാരം. എങ്കിലും അധികം താമസിയാതെ ആ ബന്ധുക്കളുടെ വിചാരംതന്നെയാണ് തന്നെയാണ് ശരിയായിരുന്നതെന്ന് എല്ലാവർക്കും ബോധ്യമായി. അടുത്ത വെള്ളിയാഴ്ച ആ പിശാചു പിന്നേയും ആ പട്ടരെ ബാധിച്ചു. അപ്പോൾ അദ്ദേഹം യഥാപൂർവ്വം മെനൗിയായി കൊടിമരത്തിൻ ചുവട്ടിൽ ചെന്നു കിടന്നു. ഉടനെ വെളിച്ചപ്പാടു തുള്ളി അവിടെച്ചെന്നു മുമ്പു ചെയ്തതുപോലെ തല വെട്ടിപ്പൊളിച്ചു രക്തവും മാംസവും വടിച്ചെടുത്തു പട്ടരുടെ മുഖത്തേക്കു വലിച്ചെറിഞ്ഞു. അപ്പോൾ പട്ടർ "വേണ്ട, ഞാൻഒഴിഞ്ഞുപൊയ്ക്കൊള്ളാ"മെന്നു വീണ്ടും പറഞ്ഞു. ഉടനെ വെളിച്ചപ്പാട് ഇനി ഒരിക്കലും ഈ ദേഹത്തെ ബാധിക്കയില്ലെന്നു സത്യം ചെയ്യിച്ച് ആ പിശാചിനെ ഒഴിച്ചുവിട്ടു. പട്ടർ നല്ല സ്വസ്ഥനായി ദേവിക്ക് അനേകം വഴിപാടുകൾ കഴിച്ചു വന്ദിച്ചിട്ടു ബന്ധുക്കളോടുകൂടി സ്വഗൃഹത്തിലേക്കു മടങ്ങിപ്പോവുകയും ചെയ്തു. കരുണാനിധിയും ആർദ്രമാനസയുമായ ചിറ്റൂർകാവിൽ ഭഗവതി തന്നോടെതിർക്കുന്ന ഭക്തിഹീനന്മാരെ നല്ലപോലെ മർദ്ദിച്ചു ഭക്തന്മാരാക്കിത്തീർക്കുകയല്ലാതെ നിഗ്രഹിക്കാറില്ലെന്നുള്ള വസ്തുത മേൽപ്പറഞ്ഞ സംഗതികൾകൊണ്ടു സ്പ ഷ്ടമാകുന്നുണ്ടല്ലൊ. എന്നാൽ ആ ദേവി തന്നെ ഭക്തന്മാരെ സങ്കടപ്പെടുത്തുന്നവരെ നിഗ്രഹിക്കുക തന്നെ ചെയ്യും. അതിനു ദൃഷ്ടാന്തമായി ചില സംഗതികൾ താഴെ പറഞ്ഞുകൊള്ളുന്നു.
ചിറ്റൂർകാവിൽ വെളിച്ചപ്പാടാവാനുള്ള അവകാശം അവിടെയുള്ള രണ്ടു വീട്ടുകാർക്കു മാത്രമേ കൊടുത്തിരുന്നുള്ളു. അതിൽ ഒന്ന് വരവൂർ വീട്ടിലേക്കും പിന്നെ ഒന്ന് ഒരു തരകന്റെ വീട്ടിലേക്കുമായിരുന്നു. ഒരുകാലത്തു ചാമുത്തരകൻ എന്നൊരാൾ അവിടെ വെളിച്ചപ്പാടായിത്തീർന്നു. അയാൾക്ക് പണത്തിലുള്ള ആഗ്രഹം ക്രമത്തിലധികമായിരുന്നതിനാൽ ചിലപ്പോൾ കളവായിട്ടും തുള്ളാറുണ്ടായിരുന്നു. അത് ആ ദേശത്തെ പ്രധാനന്മാരിലൊരാളായിരുന്ന അമ്പാട്ടു രാമച്ചമേനോൻ എന്ന ആൾക്ക് ഒട്ടും രസിച്ചിരുന്നില്ല. രാമച്ചമേനോൻ ഭഗവതിയെക്കുറിച്ചു വളരെ ഭക്തിയും വിശ്വാസവും ഉള്ള ആളായിരുന്നു. ഈ ചാമുത്തരകൻ ഇങ്ങനെ കള്ളത്തുള്ളൽ തുള്ളിക്കൊണ്ടിരുന്നാൽ ജനങ്ങൾക്കു ഭഗവതിയെക്കുറിച്ചുള്ള ഭക്തിയും വിശ്വാസവും കുറഞ്ഞുപോവുകയും അപ്പോൾ ക്ഷേത്ര കാര്യങ്ങളൊന്നും നേരെ നടക്കാതാവുകയും ചെയ്യുമല്ലോ എന്നായിരുന്നു രാമച്ചമേനോന്റെ വിചാരം. അത് അദ്ദേഹത്തിനു വലിയ സങ്കടവുമായിരുന്നു.
ഒരു ദിവസം വെളിച്ചപ്പാടു തുള്ളിയപ്പോൽ ജനങ്ങളുടെ കൂട്ടത്തിൽ രാമച്ചമേനോനെ കാണാഞ്ഞിട്ടു വെളിച്ചപ്പാട് "ഇന്ന് എന്റെ മക്കളുടെ കൂട്ടത്തിൽ ഒരാളെ കാണുന്നില്ലല്ലോ. ഒരാൾ ചെന്നു ക്ഷണത്തിൽ വിളിച്ചുകൊണ്ടുവരട്ടെ" എന്നു കല്പിച്ചു. ഉടനെ ഒരാൾ ഓടിപ്പോയി രാമച്ച മേനവനെക്കണ്ടു കല്പനയറിയിച്ചു. അപ്പോൾ രാമച്ചമേനോൻ, "എനിക്കിപ്പോൾ വരാൻ മനസ്സില്ല. ചാമു വിളിക്കുന്നിടത്തു വരാനുള്ളവൻ ഞാനല്ല" എന്നു പറഞ്ഞയച്ചു. അത് ആ ആൾ ചെന്നറിയിച്ചു. "എന്റെ മകൻ ഇങ്ങോട്ടു വരാൻ മനസ്സില്ലെങ്കിൽ ഞാനങ്ങോട്ടു ചെല്ലാം" എന്നു കല്പിച്ചിട്ട് അങ്ങോട്ടു പുറപ്പെട്ടു. അപ്പോൾ രാമച്ചമേനോൻ ഇങ്ങോട്ടും പുറപ്പെട്ടിരുന്നു. മദ്ധ്യേമാർഗ്ഗം രണ്ടുപേരും തമ്മിൽ കണ്ടു. അപ്പോൾ വെളിച്ചപ്പാട് "എന്റെ മകനു ഞാൻവിളിക്കുന്നിടത്തു വരാൻ മനസ്സില്ല, അല്ലേ?" എന്നു ചോദിച്ചു. അതിനു മറുപടിയായിട്ടു രാമച്ചമേനോൻ "ദേവി വിളിച്ചാൽ എവിടെയായാലും എപ്പോളായാലും വരാൻ തയ്യാറാണ്. ചാമു വിളിക്കുന്നിടത്തു വരാൻ മനസ്സില്ല എന്നേ പറഞ്ഞുള്ളു. അയാൾ ചിലപ്പോൾ കളവായിട്ടും തുള്ളുന്നതുകൊണ്ടു ജനങ്ങൾക്കു ദേവിയെക്കുറിച്ചുള്ള ഭക്തിയും വിശ്വാസവും കുറഞ്ഞുതുടങ്ങീട്ടുണ്ട്. ദേവി ഇതൊന്നും അറിഞ്ഞിട്ടില്ലാത്ത വിധത്തിലായിരിക്കുന്നു. ഇങ്ങനെയായാൽ ഇവിടെ കാര്യമൊന്നും നടക്കാതെയാവും. അതു വലിയ സങ്കടമാണ്" എന്നറിയിച്ചു. അപ്പോൾ വെളിച്ചപ്പാട് "ഞാനെല്ലാമറിഞ്ഞുകൊണ്ടുതന്നെയാണിരിക്കുന്നത്. എന്റെ മക്കൾ ഒട്ടും സങ്കടപ്പെടേണ്ട. ഈ സങ്കടം ഞാനുടനെ തീർത്തുകൊള്ളാം" എന്നു കല്പിക്കുകയും പിന്നെ എല്ലാവരുംകൂടി ക്ഷേത്രത്തിലേക്കു പോവുകയും ചെയ്തു. അവിടെ എത്തിയ ക്ഷണത്തിൽ വെളിച്ചപ്പാടിന്റെ കലിയടങ്ങി. ചാമുത്തരകൻ അവിടെത്തന്നെ വീണു. പിന്നെ ആളുകൾ കൂടി എടുത്താണ് അയാളെ വീട്ടിലേക്കു കൊണ്ടുപോയത്. വീട്ടിലെത്തിയപ്പോഴേക്കും അയാൾക്കു പനി തുടങ്ങിയിട്ടുണ്ടായിരുന്നു. മൂന്നാം ദിവസമായപ്പോഴേക്കും അയാളുടെ ദേഹത്തിലെല്ലാം വസൂരിക്കുരുക്കൾ നിറഞ്ഞു. ഏഴാം ദിവസം അയാൾ മരിക്കുകയും ചെയ്തു.
ഒരു വെളിച്ചപ്പാടു കഴിഞ്ഞാൽ പിന്നെ ആദ്യം തുള്ളി ക്ഷേത്രത്തിൽച്ചെന്ന് അട്ടഹസിക്കുന്ന ആളെയാണ് അവിടെ പിന്നെ വിളിച്ചപ്പാടായി നിയമിക്കുക പതിവ്. ചാമുത്തരകൻ കഴിഞ്ഞതിന്റെ ശേഷം ആദ്യം തുള്ളിക്ഷേത്രത്തിൽച്ചെന്ന് അട്ടഹസിച്ചത് വരവൂരെ ശാമുമേനോനായിരുന്നു. അതിനാൽ ആ ആളെത്തന്നെ പിന്നത്തെ വെളിച്ചപ്പാടായി അവിടെ നിയമിച്ചു. ആ ശാമുമേനോൻ കവിതിലകനായിരുന്ന കഴിഞ്ഞു പോയ ശാമുമേനോന്റെ ഒരു മാതുലനായിരുന്നു. ആ മനുഷ്യൻ കളവായിട്ടു തുള്ളാറില്ലായിരുന്നുവെങ്കിലും ഒരു നല്ലവനല്ലായിരുന്നു. ഏഷശണിപ്രയോഗങ്ങൾ കൊണ്ടും മറ്റും ദേശത്തുള്ള ജനങ്ങളെ ഭിന്നിപ്പിച്ചു വഴക്കുണ്ടാക്കുകയായിരുന്നു അയാളുടെ പ്രധാന തൊഴിൽ.
ആ ദേശത്തുള്ളവരെല്ലാം ആയുധവിദ്യ അഭ്യസിക്കുക ശ്രീകണ്ഠത്തു പണിക്കരുടെ കളരിയിലായിരുന്നു പണ്ടേ തന്നെ പതിവ്. ഈ ശാമുമേനോൻ ജനങ്ങളെപ്പറഞ്ഞു പിണക്കി അഭ്യാസത്തിന് അവിടെ ആരും പോകാതെയാക്കി. ശ്രീകണ്ഠത്ത് അക്കാലത്തുണ്ടായിരുന്ന മൂത്ത പണിക്കർ ഒരു ശുദ്ധാത്മാവും ഭഗവതിയെക്കുറിച്ച് അളവറ്റ ഭക്തിയുള്ള ആളുമായിരുന്നു. അഭ്യാസത്തിന് അവിടെ ആരും ചെല്ലാതെയായതുകൊണ്ട് മൂത്തപണിക്കർക്കു വളരെ സങ്കടമുണ്ടായി. അങ്ങനെയിരുന്നപ്പോൾ ആ ശാമുമേനോൻ ഒരു ദിവസം രാത്രിയിൽ ഒരു ദുഷ്ടനെക്കൊണ്ടു ശ്രീകണ്ഠത്തു പണിക്കരുടെ പുരയ്ക്കു തീ വെയ്പ്പിക്കുകയും ചെയ്തു. പുരയ്ക്കു തീ പിടിപ്പിച്ചു കത്തുന്നതു കണ്ടിട്ടു മൂത്തപണിക്കർ അതു കെടുത്താൻ ശ്രമിക്കാത ധൈര്യസമേതം അതു നോക്കിക്കൊണ്ട് "എന്റെ ഭഗവതീ! ഈ കത്തുന്നത് എന്റെ ഗൃഹമല്ല. ദേവിയുടെ ക്ഷേത്രമാണ്. അവിടുന്നുതന്നെ ഇതിനു സമാധാനമുണ്ടാക്കണം" എന്നു പറഞ്ഞു. ആ സമയം ശാമുമേനോൻ ഒരു വീടിന്റെ മാളികയിലിരിക്കുകയായിരുന്നു. അയാൾ അവിടെ നിന്ന് ഇറങ്ങിയപ്പാൾ കോവണിയിൽ നിന്നു കാൽ തെറ്റി താഴെ വീണു തല പൊട്ടി മരിച്ചു. അപ്പോഴും ശ്രീകണ്ഠത്തെ പുര മുഴുവനും കത്തികഴിഞ്ഞിട്ടില്ലായിരുന്നു. ആ പുര പോയിട്ട് ഭഗവതിയുടെ കൃപ കൊണ്ടു ക്ഷണത്തിൽ ശ്രീകണ്ഠത്തു പൂർവ്വാധികം ഭംഗിയായിട്ടു പുരപണി നടന്നു.
ശാമുമേനോൻ കഴിഞ്ഞിട്ടു പിന്നെ കാവിൽ വെളിച്ചപ്പാടായി തീർന്നത് ഒരു ചാമുത്തരകനായിരുന്നു. അയാൾ കളവായിട്ട് ഒന്നും തുള്ളാറില്ലായിരുന്നു. അയാൾക്കു ഭഗവതിയെക്കുറിച്ചു വളരെ ഭക്തിയും ഭയവും വിശ്വാസവുമുണ്ടായിരുന്നു. അയാൾക്കു പ്രായാധിക്യം നിമിത്തം തുള്ളാനെന്നല്ല, എഴുന്നേറ്റു നടക്കാൻകൂടി വയ്യാതെ കിടപ്പിലായപ്പോൾ വരവുരു വീട്ടിലെ ഒരാൾക്കു ദിവസം പ്രതി കുറച്ചുനേരത്തേക്ക് ഒരു വിറയൽ തുടങ്ങി. അതു ക്രമേണ വർദ്ധിച്ച് ഒടുക്കം അയ്യാൾ തുള്ളി ക്ഷേത്രത്തിൽച്ചെന്ന് അട്ടഹസിച്ചു. അക്കാലത്ത് ചിറ്റുർ ദേശക്കാർ പിണങ്ങി രണ്ടു കക്ഷികളായി പിരിഞ്ഞിരിക്കുകയായിരുന്നു. അതിൽ ഒരു കക്ഷികാർ വരവൂർക്കാരുടെ ഭാഗത്തും മറ്റവർ തരകന്റെ ഭാഗത്തുമായിരുന്നു. തരകന്റെ ഭാഗത്തായി വരുന്നവർക്കു വരവൂരുമേനോൻ വെളിച്ചപ്പാടാകുന്നതിൽ സമ്മതമല്ലായിരുന്നു. അതിനാലവർ വാർദ്ധക്യത്താൽ കിടപ്പായിരുന്ന തരകന്റെ മകനായ കൃഷ്ണത്തരകനെ പറഞ്ഞിളക്കിത്തുള്ളിച്ചു. അയാളും ക്ഷേത്രത്തിചെന്ന് അട്ടഹസിച്ചു. അത് മറ്റേക്കക്ഷിക്കാർക്കെന്നല്ല, അയാളുടെ അച്ഛനുതന്നെയും സമ്മതമല്ലായിരുന്നു. ആ വൃദ്ധൻ മകനെ വിളിച്ചു ദേവിയുടെ അനുഗ്രഹമില്ലാതെ ഇങ്ങനെ തുള്ളുന്നതു ദോഷമാണെന്നു മറ്റും വളരെയഥികം പറഞ്ഞു നോക്കി. അതൊന്നും കൃഷ്ണത്തരകനു സമ്മതമായില്ല. ഒരു ദിവസം ഇതിനെക്കുറിച്ചു വ്യസനിച്ചുകൊണ്ട് ആ വദ്ധൻ രാത്രിയിൽ കിടന്നുറങ്ങിയപ്പാൾ ഭഗവതി അയാളുടെ അടുക്കൽച്ചെന്ന് "എന്റെ മകൻ ഇതിനെക്കുറിച്ച് ഒട്ടും വ്യസനി ക്കേണ്ട. ഒരു കൊല്ലം കഴിയുന്നതിനുമുന്പ് ഞാനിതിനു നിവൃത്തിയുണ്ടാക്കിക്കൊള്ളാം. ഇങ്ങനെയുള്ള മക്കൾ ഉണ്ടായിരിക്കുന്നതിനേക്കാൾ നല്ലത് ഇല്ലാതെയിരിക്കുന്നതാണല്ലോ" എന്നു കല്പിച്ചതായി അയാൾക്കു തോന്നി. അയാളുണർന്നു കണ്ണുതുറന്നു നോക്കിയപ്പോൾ ഒരു തേജസ്സു മാത്രം അയ്യാളുടെ അടുക്കൽ നിന്നു മറയുന്നതായി അയാൾ കാണുകയും ചെയ്തു. ഈ സംഗതി പിറ്റേദിവസം കാലത്ത് പലരോടും, വിശേഷിച്ചു തന്റെ മകനോടും, പറയുകയുണ്ടായി. കിം ബഹുനാ? ഈ സംഗതിയുണ്ടായിട്ട് ഒരു കൊല്ലം തികയുന്ന ദിവസം കൃഷ്ണത്തരകൻ ഒരു കിണറ്റിൽ വീണു മരിച്ചു. അതിൽപ്പിന്നെ ഇതുവരെ ചിറ്റുർകാവിൽ വെളിച്ചപ്പാടുണ്ടായിട്ടില്ല.
ഇനി ഒരു സംഗതികൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു. ചിറ്റുർ ദേശത്തു ചിറ്റടത്ത് 'അച്ചുതാനന്ദയോഗി' എന്നൊരു ദിവ്യനും അദ്ദേഹത്തിന്റെ ശിഷ്യനായിട്ടു 'തെക്കേഗ്രാമം ശങ്കരനാരായണശാസ്ത്രികൾ' എന്നൊരു പണ്ഡിതനുമുണ്ടായിരുന്നു. ശാസ്ത്രികൾ തന്റെ ഗുരുവായ ആ യോഗിയുടെ ഉപദേശപ്രകാരം അമാവാസി തോറും പതിവായി ശക്തിപൂജ കഴിച്ചിരുന്നു. പൂജയുള്ള ദിവസം ശാസ്ത്രികൾ സന്ധ്യയാകുമ്പോൾ കുളി കഴിഞ്ഞു പുരയ്ക്കകത്ത് കയറി വാതിലടച്ചാൽ പൂജ കഴിഞ്ഞല്ലാതെ വാതിൽ തുറക്കാറില്ല. പൂജ കഴിയുമ്പോൾ നേരമേകദേശം പാതിരാവായികിക്കും. അങ്ങനെയാണ് പതിവ്. ഒരാണ്ടിൽ കുംഭമാസത്തിൽ അമാവാസിനാൾ ശാസ്ത്രികൾ പൂജകഴിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന അമ്മ്യാർ എന്തോ ആവശ്യത്തിനായി മുറ്റത്തേക്കിറങ്ങി. അപ്പോൾ രാത്രി ഏകദേശം പത്തു നാഴികയായിരുന്നു. വിളക്കും മറ്റും കൂടാതെ ഇരുട്ടത്താണ് അമ്യാർ അങ്ങോട്ടിറങ്ങിയത്. അപ്പോൾ ആരോ അവിടെ വന്ന് അമ്യാരുടെ കഴുത്തിലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം അറുത്തെടുത്തുകൊണ്ട് ഓടിക്കളഞ്ഞു. അമ്യാർ ഉറക്കെ നിലവിളിച്ചു. അതുകേട്ട് അയൽപക്കത്തുണ്ടായിരുന്നവരെല്ലാം പരിഭ്രമിച്ച് അവിടെ ഓടിയെത്തി. വിവരമറിഞ്ഞപ്പോൾ അവരാൽ കഴിയുന്ന അന്വേഷണങ്ങളെല്ലാം ചെയ്തു നോക്കി. എങ്കിലും കള്ളനെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പൂജ കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ശാസ്ത്രികളും പുറത്തു വന്നു. ഈ സംഗതി അദ്ദേഹവും അറിഞ്ഞു. അദ്ദേഹമാരോടുമൊന്നും മിണ്ടാതെ അവിടെ നിന്നിറങ്ങിനടന്നു. അദ്ദേഹത്തിന്റെ പിന്നാലെ ചില അയൽപക്കക്കാരും ചെന്നു. അവർ നേരെ അച്യുതാനന്ദയോഗിയുടെ അടുക്കലെത്തി. യോഗി മുമ്പേതന്നെ ഈ സംഗതി ദിവ്യദൃ ഷ്ടി കൊണ്ട് കണ്ടറിഞ്ഞിരിരുന്നതിനാൽ ശാസ്ത്രികളോട് "ശാസ്ത്രികളെ! സംഗതി ഞാൻഅറിഞ്ഞിരിക്കുന്നു. ക്ഷണത്തിൽ കാവിൽ ചെന്നു ദേവിയുടെ സന്നിധിയിൽ സങ്കടമറിയിക്കൂ. നിവൃത്തിമാർഗം ഭഗവതി ഉണ്ടാക്കിത്തരും" എന്ന് പറഞ്ഞു. ഉടനെ ശാസ്ത്രികൾ കാവിലെത്തി ഭഗവതിയെ സ്തുതിച്ചു. ശാസ്ത്രികൾ ഒരു ദ്രുതകവിയുമായിരുന്നതിനാൽ സ്തുതി പദ്യമായിട്ടായിരുന്നു. അഞ്ചെട്ടു പദ്യം ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും ശ്രികോവിലിൽനിന്ന് ഒരു തേജസ്സ് പുറത്തേക്കുവന്നു നേരെ തെക്കൊട്ടുപോയി. അതിന്റെ പിന്നാലെ ശാസ്ത്രികളും കൂട്ടരും നടന്നു. തേജസ്സ് മേൽഭാഗത്തുകൂടിയും ശാസ്ത്രികളും കൂട്ടരും നിലത്തുകൂടിനടന്നുമാണ് പോയത്. തേജസ്സ് അവിടെയുള്ള പുഴയ്ക്കക്കരെ പട്ടാഞ്ചേരി നായരുടെ വീട്ടിനു സമീപമുള്ള കിണറ്റിനു ഒരു പ്രദക്ഷിണം വെച്ചിട്ട് മേൽ ഭാഗത്തു നിന്നു. ശാസ്ത്രികൾ വീട്ടിന്റെ പടിക്കൽചെന്നു വിളിച്ചു പടിവാതിൽ തുറപ്പിച്ച് ആ വീട്ടിലെ മൂത്ത നായരോട് സംഗതികളെല്ലാം പറഞ്ഞു. ആ നായർ ശാസ്ത്രികളുടെ ശിഷ്യനുമായിരുന്നു. മൂത്ത നായർ ചില സാമാനങ്ങൾ അന്ന് പകൽ തന്റെ ഭൃത്യന്റെ കയിൽ കൊടുത്ത് ശാസ്ത്രികളുടെ മഠത്തിലേക്ക് അയച്ചിരുന്നു. അവൻ മടങ്ങിവന്നത് രാത്രി പത്തുപന്ത്രണ്ടുനാഴിക കഴിഞ്ഞതിന്റെ ശേഷമായിരുന്നു. അതുകൊണ്ട് മൂത്തനായർ കള്ളൻ തന്റെ ഭൃത്യൻ തന്നെയെന്നു ഏകദേശം തീർച്ചപ്പെടുത്തിക്കൊണ്ട് ആ ഭൃത്യനെ വിളിച്ചുവരുത്തി ചോദ്യം തുടങ്ങി. അപ്പോൾ മേൽ ഭാഗത്തു നിന്നിരുന്ന ആ തേജസ്സ് ആ ഭൃത്യന്റെ തലക്കുമീതെ വന്നു ഒരു പ്രദക്ഷിണം വെച്ചിട്ട് മറഞ്ഞുപോയി. അപ്പോൾ സംഗതി ശാസ്ത്രികൾക്കും മൂത്ത നായർക്കും കുറച്ചുകൂടി നിശ്ചയമായി. ഉടനെ മൂത്ത നായർ ആ ഭൃത്യനെ മറ്റുള്ള ചില ഭൃത്യന്മാരെക്കൊണ്ട് പിടിപ്പിച്ച് ഒരു മരത്തിന്മേൽ ചേർത്ത് കെട്ടിച്ചിട്ട് മൂത്തനായർ തന്നെ രണ്ടുമൂന്നു വീക്ക് വെച്ചുകൊടുത്തു. അപ്പോൾ ആ അടിക്കപ്പെട്ട കള്ളൻ പരമാർത്ഥമെല്ലാം ഉണ്ടായതുപോലെ പറയുകയും തേജസ്സ് പ്രദക്ഷിണം വെച്ച ആ കിണറ്റിലിറങ്ങി ഒരു പൊതിക്കെട്ടെടുത്ത് കൊണ്ടുവന്നു ശാസ്ത്രികൾക്ക് കൊടുക്കുകയും ചെയ്തു. ശാസ്ത്രികൾ ആ പൊതി അഴിച്ചുനോക്കിയപ്പോൾ അമ്യാരുടെ ആഭരണങ്ങളെല്ലാം അതിലുണ്ടായിരുന്നു. ശാസ്ത്രികൾ സന്തോഷിച്ചു രണ്ടുകയ്യും ഉയർത്തി മൂത്തനായരെ അനുഗ്രഹിച്ചിട്ട് ആഭരണങ്ങളും കൊണ്ട് മഠത്തിലേക്ക് പോയി. ആ പൊതി കിണട്ടിലിട്ടിരുന്നത് ആ കള്ളൻ തന്നെയായിരുന്നു എന്നുള്ളത് പറയണമെന്നില്ലല്ലോ. ശാസ്ത്രികൾ ആഭരണങ്ങളെല്ലം മഠത്തിൽ കൊണ്ട് ചെന്നു അമ്യാരുടെ കയ്യിൽ കൊടുക്കുകയും ഉണ്ടായ സംഗതികളെല്ലാം പറഞ്ഞു കേൾപിക്കുകയും ചെയ്തു . അപ്പോൾ അമ്യാർക്കുണ്ടായ സന്തോഷം എത്രമാത്രമെന്നു പറയാൻ പ്രയാസം. പിറ്റേ ദിവസം കാലത്തേ ശാസ്ത്രികളും അമ്യാരും കുളിച്ചു കാവിൽപ്പോയി ഭഗവതിയെ വന്ദിച്ച് ചില വഴിപാടുകളും കഴിച്ചു മടങ്ങിവന്നു യഥാപൂർവ്വം സുഖമായി താമസിച്ചു.
ഇങ്ങനെ ചിറ്റൂർകാവിൽ ഭഗവതിയുടെ മാഹാത്മ്യങ്ങളും അത്ഭുത പ്രവൃത്തികളും ഇനിയും വളരെ പറയാനുണ്ട്. എങ്കിലും വിസ്തരഭയത്താൽ ഇപ്പോൾ വിരമിക്കുന്നു. ചിറ്റൂർ കാവിൽഭഗവതി! ചെറ്റു കഥിച്ചേൻ, ത്വദീയമാഹാത്മ്യം തെറ്റുകളുള്ളതശേഷം! മറ്റും കൃപയാ പൊറുത്തു കാക്കുക മാം