ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/അക്ഷരവൃക്ഷം/വൃത്തിയെ കുറിച്ചുള്ള സൗന്ദര്യ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയെ കുറിച്ചുള്ള സൗന്ദര്യ പാഠങ്ങൾ

2018 ലെ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ജപ്പാനും ബെൽജിയവും തമ്മിലുള്ള മത്സരം ഏറെ വീറും വാശിയും നിറഞ്ഞതായിരുന്നു. ആ ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ടീം ആയി എണ്ണപ്പെട്ടിരുന്ന ബെൽജിയതിനെതിരെ അവസാന നിമിഷം വരെ 3 - 2 ന്റെ ചെറിയ വ്യത്യാസത്തിലാണ് ജപ്പാൻ പരാജയപ്പെട്ടത്. എന്നാൽ ഇതൊന്നും കൊണ്ടായിരുന്നില്ല ആ മത്സരം ചരിത്രത്തിൽ ഇടം പിടിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട ടീം പൊരുതി തൊറ്റിട്ടും അതിന്റെ സങ്കടത്തിൽ അടയിരിക്കാതെ മത്സര ശേഷി ജപ്പാൻ ആരാധകരോടൊപ്പം സ്റ്റേഡിയത്തിന്റെ മുക്കിലും മൂലയിലും ഇറങ്ങി ചെന്ന് കാണികൾ ഉപേക്ഷിച്ചു പോയ പാഴ് വസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുന്ന കാഴ്ച അന്ന് ലോകത്തിന്റെ ഹൃദയം കവർന്നു.. സ്റ്റേഡിയത്തിന്റെ അകവും പുറവും മിന്നി തിളങ്ങുന്ന കണ്ണാടി പോലെ ആക്കിയാണ് അവർ മടങ്ങിയത്..

ജപ്പാന്കാരുടെ അത്തരം ഒരു നടപടി അവരുടെ രാജ്യത്തിനു നേടി കൊടുത്ത അഭിമാനം അങ്ങനെ തട്ടി കളയാൻ കഴിയില്ല..എന്തെങ്കിലും ഒന്നിൽ പരാജയപ്പെട്ടാൽ അതിൽ കുപിതരായി കണ്ടതെല്ലാം തട്ടി തകർത്തു മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പരിസരങ്ങൾ എല്ലാം മലിനമാക്കുന്ന ആളുകൾക്ക് ഇതൊരു നല്ല പാഠമാണ്. അന്ന് അവർ പരാജയപ്പെട്ടെങ്കിലും ഈ ഒരു പ്രവൃത്തി കൊണ്ട് ജനമനസ്സുകളിൽ വിജയിക്കുക തന്നെ ആയിരുന്നു.

നാം ജീവിക്കുന്ന ചുറ്റുപാടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും കടമയാണ്. ഒരു കെട്ടിടം അടുക്കും ചിട്ടയോടും വൃത്തിയോടും ഉണ്ടാക്കുമ്പോൾ മാത്രമേ അതിനുറപ്പും ഭംഗിയും ഉണ്ടാവുകയുള്ളൂ.. അതുപോലെ ഓരോ മനുഷ്യനും ഉത്തമ പൗരൻ ആവണമെങ്കിൽ അയാൾക്ക്‌ അടുക്കും ചിട്ടയുമുള്ള ഒരു ജീവിത രീതി ഉണ്ടാകണം. അങ്ങനെയുള്ള ഒരാൾ ഇവിടെ ചെന്നാലും ഉദാത്തമായ സംസ്കാരം കാഴ്ചവെക്കും..വൃത്തി ബോധത്തെയും സൗന്ദര്യ സങ്കല്പങ്ങളെയും നാം ഇനിയും നവീകരിക്കേണ്ടതുണ്ട്. അതുപോലെ നമ്മുടെ മനസ്സും മാലിന്യങ്ങളിൽ നിന്നു മുക്തമായിരിക്കണം. ചതി , അസൂയ , ഏഷണി , പരദൂഷണം , അഴിമതി അങ്ങനെയുള്ള മനസ്സിലെ മാലിന്യങ്ങൾ വളരെ വലുതാണ്..ഇതിൽ നിന്നൊക്കെ കൂടെ നാം മുക്തരാവേണ്ടതുണ്ട്.

എന്നാൽ ഇന്ന് ഉപയോജിച്ചു അലക്ഷ്യമായി വലിച്ചെറിയുന്ന ഒരു സംസ്കാരമാണ് മനുഷ്യൻ പിന്തുടരുന്നത്.. ഈ ഭൂമിയെ എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ആരോഗ്യകരമായി വാസിക്കാൻ യോഗ്യമാക്കുകയും വരും തലമുറയ്ക്ക് പരിക്കുകൾ ഇല്ലാതെ അതു കൈമാറുകയും ചെയ്യേണ്ടതുണ്ട് എന്നൊരു ബോധം നമ്മളിൽ ആണ്ടിറങ്ങുമ്പോൾ തീർച്ചയായും നല്ലൊരു മനുഷ്യനും സമൂഹവും രാജ്യവും പിറവിയെടുക്കുന്നു.

ആയിഷ .പി കെ
VII C ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം