ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ ഉറുമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉറുമ്പ്

"അമ്മൂ... നീ എന്താ അവിടെ ചെയ്യുന്നത്? പുറത്തേക്ക് പോയി മുറ്റമടിച്ചുവാര്. എന്നിട്ട് വേണം പാത്രങ്ങൾ കഴുകി വെക്കാൻ" വീട്ടമ്മ സിങ്കിലേക്കിടുന്ന പാത്രങ്ങൾ കലപില കൂട്ടി.

"ശരി അമ്മേ" അമ്മു ചൂലുമെടുത്ത് മുറ്റത്തേക്കിറങ്ങി. മുറ്റത്തെ കാഴ്ച കണ്ട് അവൾക്ക് വിഷമം തോന്നി. മുറ്റത്തിൻ്റെ ഒരു മൂലയിൽ ഉറുമ്പിൻ്റെ ഒരു കൂട്ടം വരിവരിയായി പോകുന്നു. "അമ്മേ... മുറ്റത്തു നിറയെ ഉറുമ്പുകൾ. ഞാനിപ്പോൾ അടിച്ചു വാരിയാൽ ഇവയെല്ലാം ചത്തു പോകില്ലേ?" ഞാൻ വൈകുന്നേരം അടിച്ചു വാരാം.

"ഓ! ഒരു പ്രകൃതിസ്നേഹി വന്നിരിക്കുന്നു! ഇതൊക്കെ നിൻ്റെ അടവല്ലേടീ? ഇതൊന്നും എൻ്റടുത്ത് നടക്കില്ല. മര്യാദക്ക് മുറ്റമടിച്ചുവാര്. ഇല്ലെങ്കിൽ നിൻ്റെ ശമ്പളം ഞാൻ കുറയ്ക്കും" വീട്ടമ്മ പിറുപിറുത്തു കൊണ്ട് ഉമ്മറത്തേക്ക് വന്നു.

"അമ്മേ ഇതെൻ്റെ അടവൊന്നുമല്ല. യഥാർത്ഥ സ്നേഹം തന്നെയാണ്. പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, ഈ ചൂലൊന്നു നോക്കൂ, ഈ ഈർക്കിലുകൾ ഒരുമിച്ചു കെട്ടിയതു കൊണ്ടല്ലേ ഇത് ചൂലായത്? ഒറ്റൊരു ഈർക്കിലായാൽ ഇതു കൊണ്ട് അടിച്ചു വാരാൻ പറ്റുമായിരുന്നോ?"

അതിശയിച്ചു കൊണ്ട് വീട്ടമ്മ പറഞ്ഞു "ഇല്ല"

"അതു പോലെയാണ് ലോകം. മനുഷ്യർ മാത്രമായാൽ ഈ ലോകം നിലനിൽക്കുമോ? മറ്റു ജീവികളും കൂടിയാലേ ലോകമാവൂ. എല്ലാ ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിനി ഉറുമ്പായാലും" അമ്മു പറഞ്ഞു നിർത്തി.


മുസ്ഫിദ. സി.പി
(7C) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ