ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ഇനി ശീലമാക്കാം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി ശീലമാക്കാം ശുചിത്വം
നമ്മൾ ഇന്ന് ഈ ലോകത്ത് ഏറ്റവും കൂടുതലായി നേരിടുന്ന ഒരു പ്രശ്നമാണ് വൃത്തിയില്ലായ്മ അഥവാ ശുചിത്വഹീനം. ആദ്യകാലത്ത് നമ്മൾ ശുചിത്വം ഒരു ശീലമാക്കിയിരുന്നു. ഇപ്പോഴത്തെ പുതുതലമുറ ഈ ശീലത്തെ നശിപ്പിച്ചിരിക്കുന്നു.

ഇതാ കൊറോണ (കോവിഡ്-19) എന്ന മഹാമാരി വന്നു പെട്ടിരിക്കുന്നു. ഈ രോഗം വന്നത് മൂലം നമ്മളെല്ലാവരും ശുചിത്വം എന്തെന്നും ശുചിത്വം കൊണ്ടുള്ള ഗുണം എന്തെന്നും പഠിച്ചു. ചിലരൊക്കെ വീടിനു പുറത്തു പോയി വന്നാൽ കയ്യും കാലും കഴുകാതെയാണ് വീടിനകത്തേക്ക് കയറിയിരുന്നത്. ഇപ്പോൾ ഈ കൊറോണ കാലത്ത് വീടിനു പുറത്തു പോയി വന്നാൽ എല്ലാവരും കയ്യും കാലും ശരീരവുമെല്ലാം സോപ്പിട്ട് നല്ലവണ്ണം വൃത്തിയാക്കിയിട്ടാണ് വീട്ടിലേക്ക് കയറുന്നത്.

വ്യക്തിശുചിത്വം പോലെ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണ് പരിസരശുചിത്വം. ഇപ്പോൾ നമ്മുടെ ചുറ്റുപാടിലുമെവിടെയാണ് പ്ലാസ്റ്റിക് ഇല്ലാത്തത്. നമ്മൾ നമ്മുടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കുക, എന്നിട്ട് ഒന്ന് വിലയിരുത്തുക. എവിടെയാണ് കുറച്ചെങ്കിലും വൃത്തിയുള്ളത് എന്നും എവിടെയാണ് കുറച്ചെങ്കിലും പ്ലാസ്റ്റിക് ഇല്ലാത്തതെന്നും നോക്കുക. നമ്മുടെ ചുറ്റുപാടുകളിൽ ചപ്പുചവറുകളോ പ്ലാസ്റ്റിക്കുകളോ ഉണ്ടെങ്കിൽ അതിന് കാരണം നമ്മൾ തന്നെയാണ്. നാം ഉപയോഗിക്കുന്ന പല വസ്തുക്കളും ഉപയോഗം കഴിഞ്ഞാൽ നമ്മൾ ഈ സുന്ദര രമണീയമായ പ്രകൃതിയിലേക്ക് വലിച്ചെറിയുന്നു. പ്ലാസ്റ്റിക് എന്ന രാസവസ്തു എത്ര വർഷം കഴിഞ്ഞാലും അത് മണ്ണിൽ ലയിച്ചു പോകാതെ തന്നെ തങ്ങിനിൽക്കും. നമ്മൾ നമ്മുടെ ചുറ്റുപാടിലും കാണുന്ന പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും ഒക്കെ പെറുക്കി ഒഴിവാക്കുക. എന്നിട്ട് അവിടെ കുറച്ച് ചെടികൾ വെച്ച് പിടിപ്പിക്കുക. ഇത് നമ്മൾ മനുഷ്യരുടെ കടമയാണ്.

പുതിയ ഈ കാലത്തെ അപേക്ഷിച്ച് പണ്ട് കാലത്ത് വരൾച്ചയും ജലക്ഷാമവും വിരളമായിരുന്നു. പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിഞ്ഞാൽ മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാതെ മണ്ണിൽ തങ്ങിനിൽക്കുന്നു. നാം നിത്യേന ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നമ്മുടെ ഉപയോഗം കഴിഞ്ഞാൽ നമ്മൾ കത്തിക്കാറാണ് പതിവ്. ഇങ്ങനെ പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡ് എന്ന വിഷപ്പുക അന്തരീക്ഷത്തിലേക്ക് പോയി ഭൂമിക്ക് ചൂടേൽപ്പിക്കുന്നു. ഈ വിഷപ്പുക നമ്മൾ ശ്വസിക്കുന്ന ജീവവായുവായ ഓക്സിജനിൽ കലരുന്നു. അങ്ങനെ ജീവവായു മലിനമാക്കുന്നു. അങ്ങനെ അതും വിഷമയമാവുന്നു. ഈ വായുവാണ് നമ്മൾ മനുഷ്യനും മറ്റു ജീവജാലങ്ങളും നിത്യേന ശ്വസിക്കുന്നത്. ഇത് പല മാരക രോഗങ്ങൾക്കും കാരണമാകുന്നു. നമ്മുടെ ജലം, വായു, പരിസരം എന്നിവ മലിനമാക്കുന്നത് ആരാണെന്ന് ചോദിച്ചാൽ ഉത്തരം നമ്മൾ 'മനുഷ്യൻ' തന്നെയാണ്. നമ്മൾ കഴിയുന്നതും പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുക. കടകളിലേക്ക് പോകുമ്പോൾ തുണിസഞ്ചി കൊണ്ടുപോകുക.

പ്ലാസ്റ്റിക് പോലെ ഏറ്റവും വലിയ വിഷവസ്തുക്കൾ ആണ് വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വരുന്ന പുക. ഈ വിഷപ്പുകകൾ അന്തരീക്ഷത്തിലേക്ക് പൊങ്ങി വായുവിൽ കലരുകയും ഈ വായു നമ്മൾ ശ്വസിക്കുകയും അർബുദം പോലുള്ള വലിയ വലിയ മാരകരോഗങ്ങൾ നമുക്ക് പിടിപെടുകയും ചെയ്യുന്നു. ഈ വിഷപ്പുകകൾ കൊണ്ട് രോഗങ്ങൾ മാത്രമല്ല, 'ഭൂമിയുടെ കുട' എന്ന വിശേഷണമുള്ള ഓസോൺ പാളിക്ക് വിള്ളൽ ഏൽപ്പിക്കുകയും ചെയ്യുന്നു. ഇതിനൊക്കെ കാരണം നമ്മൾ അടക്കമുള്ള മനുഷ്യക്കൂട്ടങ്ങൾ ആണ്. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം; എഞ്ചിൻ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങളോ സൈക്കിളുകളോ ഉപയോഗിക്കുക. ഫാക്ടറികളിൽ നിന്നും വരുന്ന മാലിന്യങ്ങളും വിഷപ്പുകയും അവിടെത്തന്നെ നിർമാർജനം ചെയ്യുക. ഇങ്ങനെ വൃത്തിയില്ലാതെ നടന്നിട്ടാണ് കൊറോണ പോലുള്ള മാരക രോഗങ്ങൾ വന്നുപെട്ടത്. ഇങ്ങനെയുള്ള രോഗങ്ങൾ വരാതിരിക്കാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും ഒരു ശീലമാക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, മാലിന്യം തള്ളാതിരിക്കുക, മലവിസർജ്ജനം നടത്താതിരിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപഭോഗം കുറക്കുക. പൊതുസ്ഥലങ്ങൾ മലിനമാക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ തക്കതായ ശിക്ഷ തന്നെ നൽകേണ്ടതാണ്. കൊറോണ പോലുള്ള മഹാമാരികൾ ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് സുനിശ്ചിതമാണ്. വ്യക്തികൾ മാത്രമല്ല; സ്വകാര്യ സർക്കാർ സ്ഥാപനങ്ങൾ, അവശ്യ സർവീസുകളുമെല്ലാം ശുചിത്വശീലങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം.

നമുക്ക് അസുഖങ്ങൾ വരുത്തുന്നതിൽ ഒരു പങ്ക് മലിനജലത്തിനുമുണ്ട്. നമ്മുടെ പരിസരങ്ങളിളെ ഓടയിലും ചിരട്ടകളിലും കുഴികളിലും കെട്ടികിടക്കുന്ന മലിനജലത്തിൽ കൊതുകും ഈച്ചയും മുട്ടയിട്ടു വളർന്ന് നമുക്ക് മാരക രോഗങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് നമ്മൾ പരിസരം വൃത്തിയായി സൂക്ഷിക്കണം.

ഇങ്ങനെയുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ കുട്ടികളായിരിക്കുമ്പോൾ തന്നെ വാക്സിനേഷനുകൾ നൽകുന്നു. അതിനോടൊപ്പം പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും വ്യായാമങ്ങളും ഒരു ശീലമാക്കാം. അതുകൊണ്ട് മഹാമാരികൾ വരാതിരിക്കാൻ ശുചിത്വം നിർബന്ധമാണ്. നമ്മൾ പ്ലാസ്റ്റിക്കുകളും മറ്റു ചപ്പുചവറുകളും പ്രകൃതിയിലേക്ക് വലിച്ചെറിയാതിരിക്കുക. ഓടകളും റോഡുകളും പരിസരങ്ങളും വൃത്തിയാക്കാം. എന്നിട്ട് പുതിയ നല്ല വൃത്തിയാർന്ന സൗന്ദര്യമേറിയ ഒരു സ്വർഗ്ഗമായി നമുക്ക് നമ്മുടെ ഭൂമിയെ പണിതിടാം.

ഷെനിൻ ബാബു. പി.പി
(7A) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം