ജി.യു.പി.എസ് മുഴക്കുന്ന്/പ്രോജക്ട് നിർവഹണം-ചിട്ടയായ പ്രവർത്തനങ്ങളോടെ...

  സുനിശ്ചിതമായ ഉദ്ദേശ്യത്തോടെ ഗവേഷണാത്മകമായി ഏറ്റെടുത്തു നടത്തുന്ന ഒരു പ്രവർത്തനമാണ് ഓരോ പ്രോജക്റ്റും.. മനുഷ്യ ജീവിതത്തിൻറെ വിവിധതലങ്ങളിൽ , വ്യത്യസ്ത ജോലിയുടെ ഭാഗമായി ഇത്തരം പ്രോജക്റ്റുകൾ ഓരോരുത്തരും ഏറ്റെടുത്തു നടത്താറുണ്ട്.. വ്യക്തിഗതമായും കൂട്ടമായും വിവിധ വിദ്യാഭ്യാസ കാലഘട്ടങ്ങളിൽ, വ്യത്യസ്തമായ പഠന മേഖലകളിൽ ഇത്തരം പ്രോജക്ട് നിർവ്വഹണം നടപ്പിൽ വരുത്താറുണ്ട്.. വിവിധ ഘട്ടങ്ങളിലൂടെ നടപ്പിൽ വരുത്തേണ്ട ഒരു ഗവേഷണാത്മക പ്രവർത്തനമാണ് പ്രോജക്റ്റ്... ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം വിവിധ പ്രോജക്ടുകളുടെ ഘടന അവർക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.. എങ്കിലും അവർ ഏറ്റെടുത്തു നടത്തുന്ന, അല്ലെങ്കിൽ മുതിർന്നവർ വഴി  അവരെ സഹായിക്കുന്ന പഠന  പ്രവർത്തനങ്ങൾ സത്യസന്ധമായി പൂർത്തീകരിച്ചാൽ അത് ഒരു ചെറിയ പ്രോജക്റ്റ് ആയി എന്ന് പറയാൻ സാധിക്കും.. ആസൂത്രണം, ഉദ്ദേശ്യലക്ഷ്യങ്ങൾ, ഊഹം, നിർവഹണം, കണ്ടെത്തലുകൾ, നിഗമനങ്ങൾ, നിർദ്ദേശങ്ങൾ എന്നിങ്ങനെ തുടങ്ങി വിവിധ ഘട്ടങ്ങൾ അടങ്ങിയ പഠന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക്  സുവ്യക്തമായ അറിവ് പകരുമ്പോൾ അത് സത്യസന്ധമായ ഒരു പ്രോജക്ട് നിർവഹണത്തിന്റെ ആദ്യപടിയായി മാറും..

     മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിൽ കാലാകാലങ്ങളിൽ വ്യത്യസ്ത അധ്യാപകർ ഇത്തരം ധാരാളം പഠനപ്രവർത്തനങ്ങൾ നടത്താറുണ്ട്.. മേൽപ്രസ്താവിച്ച ഘട്ടങ്ങളിലൂടെ ഓരോ കുട്ടിയും കടന്നുപോകുവാൻ ശ്രദ്ധിക്കാറുമുണ്ട്... ഇത്തരം ധാരാളം ഉദാഹരണങ്ങൾ വിവിധ ക്ലാസുകളിലെ പഠനപ്രവർത്തനങ്ങളിൽ വ്യത്യസ്ത വർഷങ്ങളിലായി സംഭവിച്ചിട്ടുമുണ്ട്.. വ്യത്യസ്ത വർഷങ്ങൾ, വ്യത്യസ്ത അധ്യാപകർ, വിവിധതരത്തിലുള്ള കുട്ടികൾ ,സാഹചര്യങ്ങൾ തുടങ്ങിയ യാതൊരു ഘടകങ്ങളും ഇത്തരം നിർവഹണത്തിന് പ്രതിബന്ധമായി ഒരിക്കലും സംഭവിച്ച് കണ്ടിട്ടില്ല... അത്തരമൊരു ഉദാഹരണത്തെ കുറിച്ചാണ് ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നത്..

*കണ്ണുപോലെ കാത്തിടാം നമുക്കീ ഔഷധസസ്യങ്ങളെ*എന്നടാഗ് ലൈനിൽ ഒരു പ്രോജക്ട് ഈ സ്കൂളിൻ്റെ ഭാഗമായി നടത്തപ്പെട്ടു.. മൺമറഞ്ഞു പോകുന്ന ഔഷധസസ്യങ്ങളെ കുറിച്ചും, അവയുടെ പ്രാധാന്യത്തെക്കുറിച്ചും ഇന്നത്തെ തലമുറയ്ക്ക് അറിവില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഒരു പ്രോജക്ട് നിർവ്വഹണം സാധ്യമായത്.. നമ്മുടെ തൊടിയിലും ,പറമ്പിലും ഔഷധഗുണമുള്ള ധാരാളം സസ്യങ്ങൾ അടങ്ങിയിരിക്കുന്നു. പക്ഷേ അവയുടെ പേര് പോലും ആർക്കുമറിയില്ല.. ഔഷധഗുണങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ല.. ഇത്തരമൊരു അവസ്ഥാവിശേഷമാണ് ഒരു പഠന യാത്രയിലൂടെ മേൽപ്രസ്താവിച്ച ഈ പേരിലുള്ള ഒരു പ്രോജക്ട് നിർവ്വഹണം  സാധ്യമായത്.. അധ്യാപകരായ ശ്രീ.എ. മൊയ്തീൻ, ഒ.ബേബി, സുരേഷ് കുമാർ ടി. പി, അനിത .കെ . എന്നിവർ ഈ പ്രോജക്ട് നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലായി കൂടെയുണ്ടായിരുന്നു.. ഇതിൻറെ ഭാഗമായി നടത്തിയ അഭിമുഖത്തിന് സന്മനസ്സു കാണിച്ച ശ്രീ.ചക്യത്ത് കണ്ണേട്ടൻ, പി.വി. സോമ ദത്തമാരാർ, പി.കൃഷ്ണൻ  നമ്പീശൻ എന്നിവരെയും ഈ അവസരത്തിൽ സ്മരിക്കുന്നു.. ധാരാളം രക്ഷിതാക്കൾ ഈ പ്രവർത്തനത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു... അവരെയും നന്ദിപൂർവം ഓർക്കുന്നു....

       ആറാം ക്ലാസിലെ കുട്ടികൾ മൊയ്തീൻ മാഷിന്റേയും ,സി.വി.സതിയുടെയും  നേതൃത്വത്തിൽ മുഴക്കുന്ന് ഗ്രാമത്തിലെ ചക്യത്ത് കണ്ണേട്ടന്റെ വീട്ടിലെത്തി ഒരു അഭിമുഖ സദസ്സ് സംഘടിപ്പിക്കപ്പെട്ടു.. രക്ഷിതാക്കളും സുഹൃത്തുക്കളും കൂടി വന്നപ്പോൾ ഇതൊരു കുടുംബസദസ്സ് ആയി മാറി.. മൊയ്തീൻ മാസ്റ്റർ സ്വാഗതം പറയുകയും, ബേബി മാസ്റ്റർ യാത്രയുടെ ലക്ഷ്യം സൂചിപ്പിക്കുകയും ചെയ്തു.. കണ്ണേട്ടനും ആയി കുട്ടികൾ ഒരു അഭിമുഖം നടത്തി. അശോക മരച്ചുവട്ടിൽ വച്ച് ധാരാളം ഫോട്ടോകളും എടുത്തു.. ഞങ്ങളും ചെടികളും ശേഖരിക്കുകയും ചെയ്തു. യാതൊരു പണവും വാങ്ങാതെ വളരെ വർഷങ്ങളായി വിഷമിറക്കൽ  ചികിത്സ നടത്തുന്ന ആളായിരുന്നു കണ്ണേട്ടൻ.. അദ്ദേഹത്തിന്റെ ചികിത്സാ അനുഭവങ്ങളെ കുറിച്ച് അവിടെവച്ച് അദ്ദേഹം പരാമർശിച്ചു.. ഇന്ന് സുഖമില്ലാതെ ഇരിക്കുന്ന ആളാണെങ്കിലും വളരെയധികം ആളുകൾ ചികിത്സയ്ക്കായി അവിടെ എത്തുന്നു.. ചികിത്സയെക്കുറിച്ചും,  ഔഷധക്കൂട്ടുകളെ കുറിച്ചും, ചികിത്സാ സംബന്ധമായ സംസ്കൃതശ്ലോകങ്ങളെ കുറിച്ചും ഈ സ്നേഹ സംഭാഷണത്തിൽ പരാമർശിക്കപ്പെട്ടു.. മൺമറഞ്ഞു പോകുന്ന ഔഷധക്കൂട്ടുകളെ കുറിച്ചും, ഔഷധസസ്യങ്ങളെ കുറിച്ചും , അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, അടുത്ത തലമുറയിലേക്ക് കൈമാറേണ്ടുന്ന ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് തികഞ്ഞ ബോധ്യം വന്നു എന്നതായിരുന്നു ഈ യാത്രയുടെ സാഫല്യമായി ഞങ്ങൾ കണ്ടത്..

      അഭിമുഖ സംഭാഷണത്തിന് ശേഷം, നല്ലൊരു അനുഭവമായി സ്കൂളിൽ തിരിച്ചെത്തിയ അധ്യാപകരും കുട്ടികളും ഇവയെല്ലാം ഒരു ക്രോഡീകരിക്കപ്പെട്ട ഫോർമാറ്റിലേക്ക് മാറ്റി എഴുതുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി.. അതിന്റെ ഉൽപന്നമാണ് " കണ്ണുപോലെ കാത്തിടാം നമുക്കീ ഔഷധസസ്യങ്ങളെ" എന്ന ലഘു പ്രോജക്ട് പതിപ്പായി  രൂപം കൊണ്ടത്...

      ഈ പ്രവർത്തനം ഒരു തുടക്കം മാത്രമായിരുന്നു... സയൻസ് ,ഗണിതം, മലയാളം ,സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം വിവിധ കാലഘട്ടങ്ങളിൽ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ ധാരാളം പ്രോജക്ടുകൾ ഈ വിദ്യാലയത്തിൽ നിർവഹിക്കപ്പെട്ടു..  മുന്നൊരുക്കങ്ങളും, പ്രോജക്ട് നിർവ്വഹണവും  വിവിധ അളവിൽ ആസൂത്രണം ചെയ്യപ്പെടുകയും, അവ നിർവഹിക്കപ്പെടുകയും ചെയ്തു എന്നു മാത്രം.. മാത്രമല്ല അവ കൃത്യമായി എഴുതി ഒരു പുസ്തകമായി രൂപംകൊണ്ട അവസരങ്ങൾ വിരളമായിരുന്നു എന്നും പറയാം...

      എങ്കിലും തികഞ്ഞ ഉത്സവാന്തരീക്ഷത്തിൽ തന്നെ ഇത്തരം പഠന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ എല്ലാ അധ്യാപകരും ശ്രദ്ധിക്കുന്നു എന്നു പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.