ജി.യു.പി.എസ് മായന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും നമ്മളും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും നമ്മളും

നമുക്ക് ചുറ്റും നാം കാണുന്ന ഈ പ്രകൃതിയാണ് പരിസ്ഥിതി . നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം നൽകുന്നത് പരിസ്ഥിതിയാണ്. പരിസ്ഥിതി എന്നാൽ വൃക്ഷലതാദികളും ഒഴുകുന്ന പുഴകളും കുന്നിൻ ചെരുവുകളും പക്ഷിമൃഗാദികളും ചേർന്ന് ഗ്രാമഭംഗി കാണിക്കുന്നതായിരുന്നു. നാം ശ്വസിക്കുന്ന വായുവിന് പോലും വിശുദ്ധിയുടെ നറുമണം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം ഓർമ്മകൾ മാത്രമായി. നമുക്ക് ചുറ്റും കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞിരിക്കുന്നു . ഗ്രാമഭംഗി എന്നത് ഒരു പഴംകഥ മാത്രമായി മാറിയിരിക്കുന്നു. ഇന്ന് പരിസ്ഥിതി നേരിടുന്ന പ്രതിസന്ധി മലിനീകരണമാണ്. മലിനീകരണം നാല് വിധത്തിലാണ് പ്രകൃതിയെ കാർന്നു തിന്നുന്നത്. ജലമലിനീകരണം ,വായുമലിനീകരണം,മണ്ണ് മലിനീകരണം,ശബ്ദമലിനീകരണം എന്നിവയാണത്. ഇതിനു കൂട്ട് നിൽക്കുന്നതോ ജീവജാലങ്ങളിൽ വിവേകബുദ്ധിയുള്ള മനുഷ്യനും.

ഫാക്ടറികൾ,ഹോട്ടലുകൾ,വീടുകൾ,എന്നിവയിൽ നിന്നും ഒഴുകുന്ന മലിനജലം നമ്മുടെ ജലസ്രോതസ്സുകളെ വിഷമയമാക്കിയിരിക്കുന്നു.പ്രകൃതിയുടെ രക്തക്കുഴലുകളായിരുന്ന പുഴകൾ ഇന്ന് മാലിന്യം പേറുന്ന ഓടകളായി മാറിയിരിക്കുന്നു. മലിനീകരണത്തിന്റെ കാഠിന്യം മൂലം മൽസ്യങ്ങൾ ചത്തുപൊങ്ങുന്നു. ഫാക്ടറികളിൽ നിന്നും,വാഹനങ്ങളിൽ നിന്നും ചപ്പുചവറുകൾ കത്തിക്കുന്നതിൽ നിന്നും ഉയരുന്ന വിഷപ്പുക അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു. ശുദ്ധവായുവിനുവേണ്ടി നാം ശാസ്ത്രത്തെ ആശ്രയിക്കേണ്ട കാലം എത്തിയിരിക്കുന്നു. പ്ലാസ്റ്റിക്കും മറ്റു ചപ്പുചവറുകളും വലിച്ചെറിഞ്ഞും അമിതമായി രാസവളങ്ങൾ പ്രയോഗിച്ചും നാം നമ്മുടെ മണ്ണിനെയും മലിനമാക്കിയിരിക്കുന്നു. ഫലഭൂയിഷ്ഠമായിരുന്ന മണ്ണിൽ ഇന്ന് ഒരു .പുൽക്കൊടി പോലും മുളക്കാതെ ആയി. ഉച്ചത്തിൽ അലറി വിളിക്കുന്ന മൈക്കുകളായും ,ഹോണുകളായും ,സൈറണുകളായും നാം ശബ്ദത്തെയും മലിനപ്പെടുത്തിയിരിക്കുന്നു.

വനനശീകരണം മൂലം നമ്മുടെ വനസ്രോതസ്സ് നഷ്ടമായിരിക്കുന്നു. മനുഷ്യന്റെ ക്രൂരത മറ്റു ജീവജാലങ്ങൾക്ക് പോലും കഷ്ടത ഉണ്ടാക്കുന്നു. ഒരുപാടു ജീവജാലങ്ങൾ ഇന്ന് വംശനാശ ഭീഷണി നേരിടുന്നു. വന്യമൃഗങ്ങൾ വിശന്നു നാട്ടിലേക്കിറങ്ങുന്നു. ആർഭാടവും സുഖസൗകര്യവും നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാനായി മനുഷ്യൻ വയലുകളും ചതുപ്പുകളും നികത്തി കെട്ടിടസമുച്ചയങ്ങൾ കെട്ടിപൊക്കുന്നു. ഇതിന്റെ പരിണത ഫലം ഒട്ടും അകലെയല്ല. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങൾ ,ഓസോൺ പാളിയിലെ വിള്ളലുകൾ ,സമുദ്രനിരപ്പിന്റെ ഉയർച്ച എന്നിവയെല്ലാം ഈ പ്രകൃതി ചൂഷണത്തിന്റെ ഫലങ്ങൾ തന്നെയാണ്.

പ്രകൃതിയോട് മനുഷ്യൻ കാണിക്കുന്ന ക്രൂരതകൾ അവസാനിപ്പിച്ചില്ലെങ്കിൽ പ്രകൃതി തക്കതായ ശിക്ഷ നൽകിക്കൊണ്ട് തിരിച്ചടിക്കുമെന്നുറപ്പാണ്. ഈ തിരിച്ചറിവുള്ള ചിലരെങ്കിലും ഇന്ന് പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുന്നു. ജൂൺ 5 പരിസ്ഥിതിദിനമായി ആചരിക്കുന്നു. പലയിടങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നു. മണ്ണിന്റെ പ്രാധാന്യം മനസ്സിലാക്കി ജൈവ കൃഷി നടത്തുന്നു. ഇങ്ങനെയൊരു തിരിച്ചറിവ് മനുഷ്യന് അത്യാവശ്യമാണ്. ഞാനാണ് വലുത് എന്ന ഭാവത്തിൽ പ്രകൃതിയെ കുത്തി നോവിച്ചാൽ വേദന ഏറ്റു വാങ്ങേണ്ടത് മനുഷ്യൻ തന്നെയായിരിക്കും . പ്രകൃതിയുണ്ടെങ്കിലേ മനുഷ്യനുള്ളൂ എന്ന ബോധം ഓരോരുത്തരിലും ഉണ്ടാകണം എങ്കിലേ നമുക്ക് ഇവിടെ നിലനിൽപ്പുള്ളൂ.

ആദർശ് പി
ഏഴ് ജി യു പി എസ് മായന്നൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം