ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മനുഷ്യ ജീവിതം നാശവക്കത്തിലേക്കോ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യ ജീവിതം നാശവക്കിലേക്കോ

പരിസ്ഥിതി ക്ഷോഭങ്ങളുടെയും പകർച്ചവ്യാധികളുടെയും കളിവിളയാട്ടമാണ് ഇപ്പോൾ ലോകത്ത്. ഇത് വരെ കേട്ടിട്ടില്ലാത്ത, മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത ഒരു രോഗം പതിനായിരക്കണക്കിന് മനുഷ്യ ജീവനുകൾ അപഹരിച്ചപ്പോൾ അത് കണ്ട് ഭയപ്പാടിലാണ് ലോകം. പ്രകൃതി വിഭവങ്ങൾക്ക് നാശം ഉണ്ടാക്കാതെ അവയുടെ സന്തുലിതവും നിയന്ത്രിതവുമായ ഉപയോഗത്തിലൂടെ എങ്ങനെ ആരോഗ്യമുള്ള ജീവിതം നയിക്കാം എന്നതിന്റെ പ്രസക്തി അനേകം മടങ്ങ് വർദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഓരോരുത്തരും അധിവസിക്കുന്നത്. ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം. വളരെയേറെ തിരക്കുപിടിച്ച വർത്തമാനകാല ജീവിതവും പല തരത്തിലുള്ള ദുഷിച്ച ശീലങ്ങളും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന സ്ഥിതി വിശേഷമാണ് നമ്മുടെ മുൻപിൽ ഉള്ളത്. രോഗം പിടിപ്പെട്ടു കഴിഞ്ഞാൽ മാത്രമേ ആരോഗ്യ ജീവിതത്തെക്കുറിച്ചുള്ള ചിന്ത നമ്മളിൽ ഉണ്ടാകൂ എന്നത് ഏറെ ആശങ്ക ഉണർത്തുന്ന ഒരു കാര്യമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഗുണപരമായ ചെറിയ മാറ്റങ്ങൾ തന്നെ ഏവർക്കും സുഖപ്രദമായ ആരോഗ്യ ജീവിതം നയിക്കുവാൻ കഴിയും. പരിഷ്‍കൃതരും വിദ്യാസമ്പന്നരുമായ ആധുനിക മനുഷ്യൻ ഇന്ന് പ്രൗഢി ,അന്തസ്സ്, ദുരഭിമാനം എന്നിവക്ക് അടിമപ്പെട്ട് പ്രകൃതിയിൽ നിന്ന് ഏറെ അകലുകയും കൃത്രിമവും ചെലവേറിയതുമായ ഔഷധങ്ങൾ, ഭക്ഷ്യപദാർത്ഥങ്ങൾ , പ്രകൃതി വിരുദ്ധ ജീവിതം, ഹൈടെക് ജീവിത ശൈലി എന്നിവയുടെ ഫലമായി ഇന്നത്തെ മനുഷ്യരിൽ കാൻസർ , ഹൃദ്രോഗം, എയ്‍ഡ്‍സ് ഉൾപ്പെടെയുള്ള മാറാരോഗങ്ങളുടെ നീരാളിപ്പിടുത്തത്തിൽ ഞെരിഞ്ഞമരുന്ന ദയനീയ ചിത്രങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്. പരിസ്ഥിതി സംരക്ഷണത്തിൽ അന്തർദേശീയ നിയമങ്ങൾക്കും കരാറുകൾക്കും പ്രഖ്യാപനങ്ങൾക്കുമെല്ലാം വലിയ പ്രാധാന്യമുണ്ട്. അതുപോലെ തന്നെ പ്രധാനമാണ് ഓരോ രാജ്യത്തുള്ള പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും. നമ്മുടെ രാജ്യത്തും സംസ്ഥാനത്തും അത്തരത്തിൽ പ്രാധാന്യമുള്ള നിരവധി നിയമങ്ങൾ പാസ്സാക്കുകയും അവ നടപ്പിൽ വരുത്തുന്നതിനുമുള്ള സംവിധാനങ്ങൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവയുടെ ഫലപ്രദമായ നടത്തിപ്പ് ഉറപ്പ് വരുത്തണമെങ്കിൽ നിയമങ്ങളെക്കുറിച്ചുള്ള സാമാന്യ ധാരണ പൗരന്മാർക്കുണ്ടാകണം. അത്തരത്തിലൊരു ലക്ഷ്യം പൗരന്മാർക്കുണ്ടായാലേ നമ്മുടെ പ്രകൃതിക്ക് നിലനിൽപ്പുള്ളു. സ്വന്തം ആവശ്യത്തിനനുസരിച്ച് ബോധപൂർവ്വം പ്രകൃതിയെ മാറ്റിമറിക്കുന്ന ജീവിയായ മനുഷ്യൻ ഇങ്ങനെ ചെയ്യുന്നത് മൂലം ഭൂമിയിലുള്ള മറ്റ് ജീവിവർഗങ്ങൾക്ക് ഇത് ദോഷം ചെയ്യും. മനുഷ്യന്റെ പ്രവർത്തനങ്ങൾ കാരണം വംശനാശം സംഭവിച്ച ജീവജാലങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യൻ ചെയ്യുന്ന പ്രവർത്തനങ്ങൾ മനുഷ്യന് തന്നെ പാരയായി വരാറുണ്ട്. പ്രളയവും ഉരുൾപ്പൊട്ടലും എല്ലാം ഉണ്ടായി എന്നിട്ടും മനുഷ്യർ പഠിച്ചില്ല. മനുഷ്യന്റെ ക്രൂര പ്രവർത്തനങ്ങൾ കാരണം ബലിയാടാകുന്നത് നിരപരാധികളായ ഒരു പാട് ജീവികളാണ്. പ്രളയം, ഉരുൾപ്പൊട്ടൽ, ഓഖി എന്നിങ്ങനെ ധാരാളം പ്രകൃതിദുരന്തങ്ങളുണ്ടായി. അടുത്ത പ്രകൃതിദുരന്തം എന്താണ് എന്നറിയില്ല. എന്നാലും ആ ചോദ്യം പ്രസക്തമാണ്, ഇനിയെന്ത്?

നാഫിഹ. വി.ബി
7 സി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം