ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/ലോക്ഡൗൺ കാലത്തെ ലോക്കൗട്ട് അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ കാലത്തെ ലോക്കൗട്ട് അനുഭവങ്ങൾ

കൊറോണ വൈറസ് കാരണം സ്കൂൾ അടച്ചപ്പോൾ ഞങ്ങൾ വളരെയധികം സന്തോഷിച്ചു. പക്ഷെ കൂടുതൽ സമയം നിലനിന്നില്ല. പഴയ കളികളെല്ലാം ഞങ്ങൾക്ക് പെട്ടെന്ന് മടുത്തു തുടങ്ങി. സ്കൂൾ ഇല്ലാത്ത ജീവിതം പതിയെപ്പതിയെ വിരസമായി അനുഭവപ്പെട്ടു. വീട്ടിൽ ഹാൻഡ് വാഷ് ഉപയോഗത്തിന്റെ നിയന്ത്രണങ്ങൾ അയഞ്ഞതിനാൽ കുമിളകൾ പറത്തി നിർലോഭം കളിച്ച് ഞങ്ങളും 'break the chain’ ന്റെ ഭാഗമായി. പിന്നീട് മുതിർന്നവർ പറഞ്ഞു തന്ന പുതിയ കളികൾ പരീക്ഷിച്ചു. യൂ ട്യൂബിൽ നോക്കി പൂക്കൾ ഉണ്ടാക്കി. മാവിൽ ഊഞ്ഞാൽ കെട്ടി ആടി രസിച്ചു. പഴയ തുണികൾ കൊണ്ട് ചേക്കുട്ടിപ്പാവ നിർമ്മിച്ചു. ഡ്രോണുകളുടെ കണ്ണു വെട്ടിച്ച് പുഴയിൽ ചാടിക്കുളിക്കൽ ഒരു വിനോദമാക്കി. ചിരട്ടകൾ കൊണ്ട് മണ്ണപ്പം ചുട്ടും, മണ്ണു കൊണ്ട് ബർഗറും പിസയുമുണ്ടാക്കിയും ഞങ്ങളുടെ കുഞ്ഞടുക്കളകൾ സജീവമായി. 'ടീച്ചറും കുട്ടികളും' കളിച്ചപ്പോൾ നഷ്ടപ്പെട്ട സ്കൂൾ തിരിച്ചു കിട്ടിയതുപോലെ ഒരു തോന്നൽ. രാവിലെയും വൈകിട്ടും കുട്ടികളുടെ കലപിലകൾ മാത്രം. റോഡിൽ വാഹനങ്ങൾ അപൂർവ വസ്തുവായത് അതിശയിപ്പിച്ചു. സൈക്കിൾ ചവിട്ടലായിരുന്നു വൈകുന്നേരത്തെ പ്രധാന കളി. പക്ഷെ എത്ര കഴുകിക്കളഞ്ഞിട്ടും മായാത്ത കറ പോലെ നിന്നു കൊറോണ എന്ന ഭീതി.

നസ്‍‍ലഫാത്തിമ കെ. വി.
6 A ജി.യു.പി. സ്‍കൂൾ ചോലക്കുണ്ട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം