ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/ആരോഗ്യം തന്നെ നിധി

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം തന്നെ നിധി

അപ്പുവും അമ്മുവും അതിമനോഹരമായ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു ജീവിച്ചിരുന്നത്. അവിടെ അവർക്ക് നല്ല നല്ല കാഴ്ചകൾ കാണാമായിരുന്നു. അവർ സ്കൂൾ വിട്ട് വന്നാൽ കൂട്ടുകാരോടൊത്ത് മരത്തണലിൽ ഊഞ്ഞാലാടിയും പലതരം കളികളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. പക്ഷികളോട് കിന്നാരം പറഞ്ഞും രസിക്കുമായിരുന്നു. കളിച്ചുല്ലസിച്ച് ദാഹിക്കുമ്പോൾ കിണറ്റിലെ തണുത്ത വെള്ളം കോരിക്കുടിച്ചും മാമ്പഴം, ചാമ്പക്ക, പേരക്ക, ഞാവൽ തുടങ്ങി പല പഴങ്ങളും പറിച്ചു തിന്നും വളരെ രസകരമായി അങ്ങിനെ കഴിയുന്നതിനിടയിലാണ് അവരുടെ അച്ഛന്റെ ജോലിയിൽ സ്ഥലം മാറ്റം കിട്ടിയത്.

തിരക്കു പിടിച്ച ഒരു പട്ടണത്തിലെ ഒരു ഫ്ലാറ്റിലായിരുന്നു പിന്നീട് അവരുടെ താമസം. ശുദ്ധവായു ശ്വസിക്കുന്നതിനു പകരം വാഹനങ്ങളുടെ പുകയും ഇരമ്പുന്ന ശബ്ദങ്ങളുമാണ് അവർക്ക് അവിടെ കിട്ടിയത്. ബസ് സ്റ്റാന്റിന് അടുത്തായതിനാൽ ആളുകൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും പെറുക്കി മാറ്റുന്ന തിരക്കിലാണവർ. റോഡരികിൽ വെച്ചിട്ടുള്ള ചവറ്റുകൊട്ടയൊന്നും ആരും ശ്രദ്ധിക്കുന്നേയില്ല. എങ്ങും മാലിന്യങ്ങൾ ധാരാളം.

അപ്പുവും അമ്മുവും ധർമ്മ സങ്കടത്തിലായി. കൂട്ടുകാരോടൊത്ത് കളിച്ചിരുന്ന ആ നല്ല നല്ല ഓർമ്മകൾ മാത്രം ബാക്കിയായി. അങ്ങിനെ മഴക്കാലം വന്നെത്തി. അഴുക്കു ചാലിലൂടെ ഒഴുകുന്ന മലിന ജലത്തിലും പ്ലാസ്റ്റിക്ക് കുപ്പികളിലും മറ്റു മാലിന്യങ്ങളിൽ നിന്നും കൊതുക് മുട്ടയിട്ട് പെരുകാൻ തുടങ്ങി. അവർക്ക് രാത്രി ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി. അപ്പുവിന് കൊതുക് കടിയേറ്റ് അസുഖം വന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയപ്പോൾ അവന്റെ അമ്മാവൻ കുറച്ച് പഴങ്ങളുമായി വീട്ടിലെത്തി.

ഒരു ആരോഗ്യപ്രവർത്തകനും മനുഷ്യ സ്നേഹിയുമായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിൽ ബോധവൽക്കരണ ക്ലാസും റാലികളും നടത്തിയാലും ജനങ്ങളുടെ സ്വഭാവവും പെരുമാറ്റവും മാറാൻ മറ്റൊരു പരിഹാരം കണ്ടേ തീരൂ എന്നും അദ്ദേഹം ആലോചിച്ചു. അങ്ങിനെ ആ പഞ്ചായത്തിൽ നോട്ടീസ് വിതരണം ചെയ്യാനും തീരുമാനിച്ചു. “മാലിന്യങ്ങൾ കൂടുതൽ ശേഖരിക്കുന്നവർക്ക് ഒരു വലിയ നിധിയും പാരിതോഷികങ്ങളും". പിറ്റേന്ന് രാവിലെത്തന്നെ മാലിന്യങ്ങൾ പെറുക്കുന്ന തിരക്കിലാണെല്ലാവരും.

അങ്ങിനെ മത്സരഫല ദിവസം വന്നെത്തി. സമ്മാനാർഹരായി മൂന്നു പേരെ തെര‍ഞ്ഞെടുത്തു. അവർക്ക് സമ്മാനങ്ങളും നൽകി. ‘നിധി’ എവിടെ? അതു കിട്ടാനാണ് ഞങ്ങൾ ഇത്ര കഷ്ടപ്പെട്ടത്. അപ്പുവിന്റെ അമ്മാവൻ ഒരു ചെറു പുഞ്ചിരിയോടെ സദസ്സിനെ നോക്കി പറഞ്ഞു. “ആരോഗ്യമാണല്ലോ നമ്മുടെ സമ്പത്ത്, സമ്പത്താണല്ലോ നിധി.” അപ്പോൾ ഇത്രയും മാലിന്യങ്ങളിൽ നിന്നും നമ്മുടെ പരിസ്ഥിതിയെ രക്ഷിച്ച് നിങ്ങൾക്ക് നല്ല ആരോഗ്യം ഉണ്ടാകില്ലേ? അപ്പോൾ നിങ്ങൾക്ക് സമ്പത്ത് അഥവാ നിധി കിട്ടിയില്ലേ? അപ്പുവിന്റെയും അമ്മുവിന്റെയും വാക്കുകൾ കേട്ട് എല്ലാവരും തലകുലുക്കി അഭിമാനത്തോടെ മടങ്ങിപ്പോയി.

റെന്ന മെഹബിൻ പി
3 ജി.യു.പി. സ്‍കൂൾ ചോലക്കുണ്ട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ