ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/വിശപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വിശപ്പ്

പണ്ട് പണ്ട് രാമപുരം എന്നൊരു നാട് ഉണ്ടായിരുന്നു. അവിടെ ദേവരാജൻ എന്നൊരു രാജാവുണ്ടായിരുന്നു. ഒരു ദിവസം ആ നാട്ടിലെ ഒരു പാവത്താനെ മോഷണക്കുറ്റം ചുമത്തി കൊട്ടാരത്തിൽ പിടിച്ചുകൊണ്ടുവന്നു. ഈ സമയം രാജാവ് ഭക്ഷണം കഴിക്കുകയായിരുന്നു. മോഷ്ടാവിനെ കൊണ്ടുവന്നു എന്ന് പറഞ്ഞപ്പോൾ രാജാവ് കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം വേണ്ടെന്നുവെച്ച് മോഷ്ടാവിനെ കാണാൻ വന്നു. രാജാവ് ഭക്ഷണം കഴിക്കാതെ ഭക്ഷണം പാഴാക്കുന്നത് മോഷ്ടാവ് എന്നു പറഞ്ഞു കൊണ്ടുവന്ന ആ മനുഷ്യൻ കാണുന്നുണ്ടായിരുന്നു. എന്തിനാണ് മോഷ്ടിച്ചത്? രാജാവ് ചോദിച്ചു. എന്നാൽ അയാൾ ഉത്തരം പറഞ്ഞില്ല. അയാൾ രാജാവിനോടു പറഞ്ഞു എന്റെ കൂടെ ഒരിടം വരെ വരാമോ? രാജാവ് സമ്മതം മൂളി. മോഷ്ടാവ് രാജാവിനെ കൂട്ടി നാട്ടിലെ തന്നെ ഒരു സ്ഥലത്തെത്തി. അവിടെ ഭക്ഷണം കഴിക്കാൻ ഇല്ലാത്ത പട്ടിണിയായ കുറേ മനുഷ്യരെ കണ്ടു ഭക്ഷണമില്ലാതെ എല്ലും തോലുമായ കുറെ കുട്ടികൾ ! ഇതെല്ലാം കണ്ടപ്പോൾ രാജാവിനു സങ്കടം തോന്നി. അയാൾ പറഞ്ഞു അങ്ങുന്നെ, എന്റെ മക്കളുടെയും ഭാര്യയുടെയും ഒരുനേരത്തെ വിശപ്പടക്കാൻ ആണ് ഞാൻ മോഷ്ടിച്ചത്. പട്ടിണി കിടക്കുന്ന കുറേപ്പേർ അങ്ങയുടെ നാട്ടിൽ ഉണ്ടെന്ന് അറിയണം. എന്നെ കൊണ്ടുവന്നപ്പോൾ അങ്ങുന്ന് കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ഉപേക്ഷിച്ചാണ് വന്നത്. അങ്ങു വേണ്ടെന്നു വെച്ച ഭക്ഷണവും ഒരാളുടെ വിശപ്പ് തീർക്കുന്നതാണ്. ഇതു കേട്ടതോടെ രാജാവിനു തന്റെ തെറ്റ് ബോധ്യമായി. ഒരാൾ പോലും തൻറെ നാട്ടിൽ പട്ടിണി കിടക്കരുത് എന്ന് രാജാവ് തീരുമാനിച്ചു. അന്നുമുതൽ നാട്ടിൽ ഭക്ഷണം കിട്ടാത്ത എല്ലാവർക്കും ഭക്ഷണം നൽകാൻ കൊട്ടാരത്തിൽ ഊട്ടുപുര ഉണ്ടാക്കി. താൻ ഒരിക്കലും ഭക്ഷണം പാഴാക്കില്ലെന്ന് രാജാവ് തീരുമാനിച്ചു.

നിരഞ്ജൻ
5 B ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ