ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ഇത് പ്രകൃതിയുടെ അതിജീവനമോ?

Schoolwiki സംരംഭത്തിൽ നിന്ന്
ഇത് പ്രകൃതിയുടെ അതിജീവനമോ....?

പതിവുപോലെ അമ്മയുടെ ശകാരം കേട്ട് കൊണ്ട് തന്നെ ഉണ്ണിക്കുട്ടൻ ഉറക്കത്തിൽ നിന്നുണർന്നു കണ്ണ് തിരുമ്മിക്കൊണ്ട് എണീറ്റു. ജനലഴികൾക്കിടയിലൂടെ അവൻ പുറത്തേക്കു നോക്കി. വീടിന്റെ പിന്നാമ്പുറത്ത് നിറയെ മരങ്ങളും ചെടികളും ഉള്ള വലിയ ഒരു തൊടി ഉണ്ട്. വീടിനു മുന്നിലൂടെ ചെറിയ ചെറിയ വാഹനങ്ങൾ കടന്നു പോകുന്ന റോഡും. ലോക്ക് ഡൌൺ കാലമായതിനാൽ തിരക്കിട്ടു പോകുന്ന വാഹനങ്ങളുടെ ശബ്ദം ഒന്നും ഇല്ല. ഇപ്പോൾ ആർക്കും തിരക്കില്ലല്ലോ..... മുകളിലുള്ള അവൻറെ മുറിയുടെ ജനാലകൾ കണ്ണു തുറക്കുന്നത് വിശാലമായ അപ്പുറത്തെ തൊടിയിലേക്കാണ്. മാവും പ്ലാവും ഞാവലും നിറഞ്ഞ തൊടിയിൽ സാധാരണ വേനലവധിക്കാലത്ത് കുട്ടികളുടെ കലപിലയാണ് ഉണ്ടാവാറുള്ളത്. ഇപ്പോഴോ...? ലോക്ക് ടൗൺ ആയതിനാൽ കുട്ടികളെ അമ്മമാർ പുറത്ത് വിടാറില്ല. ഉണ്ണിക്കുട്ടനെയും അമ്മ വിടാറില്ല. മാവിൻ കൊമ്പിലെ ഊഞ്ഞാൽ കാറ്റിൽ തനിയെ ആടുന്നത് അവൻ സങ്കടത്തോടെ നോക്കി നിന്നു. ആകാശത്തിലൂടെ ഒരു കൂട്ടം പക്ഷികൾ പറന്നു പോകുന്നു. അവയൊക്കെ പ്രകൃതിയെ കൊല്ലുന്ന മനുഷ്യരൊക്കെ കൂട്ടിനുള്ളിൽ ഒതുങ്ങി കഴിയുന്നത് കണ്ട് സന്തോഷിക്കുകയാണ്. അവൻ മനസ്സിൽ കരുതി. ഞാവൽ മരത്തിൽ കൂട് കെട്ടി താമസിക്കുന്ന കിങ്ങിണി തത്ത പുറത്തുവന്ന് ആ ജനൽ കമ്പികളിൽ ഇരുന്നു. "എന്തൊക്കെയുണ്ട് കിങ്ങിണി പുറത്തെ വിശേഷങ്ങൾ ഒക്കെ?. വീട്ടിൽ ഇരുന്നു മടുത്തു. എനിക്ക് പുറത്തെ വിശേഷങ്ങൾ അറിയാൻ കൊതിയാവുന്നു." കിങ്ങിണിക്ക് കഥകൾ ഒരുപാട് പറയാനുണ്ടായിരുന്നു. അവൾ തുടങ്ങി "മോനേ...നിങ്ങൾ മനുഷ്യരെല്ലാം ഇപ്പോൾ അകത്താണല്ലോ, എല്ലായിടവും ശൂന്യം. വാഹനങ്ങളും വൻകിട ഫാക്ടറികളും പുറത്തുവിടുന്ന വിഷവാതകങ്ങൾ ഇല്ല. ഫാക്ടറികൾ പുറത്തുവിടുന്ന വിഷം കലർന്ന മലിനജലം തോടുകളിലേക്കും പുഴകളിലേക്കും ഒഴുകാറില്ല.... മണ്ണുമാന്തി യന്ത്രങ്ങൾ മണ്ണിന്റെ മാറു പിളർക്കാറില്ല. ഈ ഭൂമി നമ്മുടെ പ്രകൃതി മുറിവുകൾ ഓരോന്നായി ഉണക്കാൻ തുടങ്ങിയിരിക്കുന്നു.ഒരുപാട് ദൂരത്തേക്ക് ശുദ്ധവായു ശ്വസിച്ച് ആകാശത്തു പാറി നടക്കാൻ കഴിയുന്നുണ്ട് ഞങ്ങൾക്ക്.. ആരെയും പേടിക്കാതെ... പക്ഷേ ഈ ലോകം മുഴുവനുംകൊറോണ കാരണം കഷ്ടപ്പെടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു". എല്ലാം കേട്ട് ഉണ്ണിക്കുട്ടന്റെ കണ്ണുകൾ നിറഞ്ഞു. അവൻ ചോദിച്ചു... "കിങ്ങിണി, ഇനി ഇതെല്ലാം എങ്ങിനെ ശരിയാകും...?" അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മറുപടിയെന്നോണം കിങ്ങിണി പറഞ്ഞു "അമിതമായ പ്രകൃതി ചൂഷണം നിർത്തണം മലിനമായ ഭൂമിയെ തിരിച്ചുപിടിക്കണം ഈ കൊറോണ കാലത്ത് നമ്മുടെ വീടും പരിസരവും നമുക്ക് ശുചിയാക്കണം. വ്യക്തിശുചിത്വം ശീലമാക്കാം. വൃത്തിയുണ്ടെങ്കിൽ അവിടെ രോഗം ഇല്ലാ" ഇതും പറഞ്ഞ് അവൾ വിദൂരതയിലേക്ക് പറന്നു. ഉണ്ണിക്കുട്ടൻ എണീറ്റ് അടുക്കളയിലേക്ക് വന്നു. മുത്തശ്ശിക്ക് ചക്ക മുറിക്കുകയാണ്. മുത്തശ്ശിയുടെ മടിയിൽ ഇരുന്നു.മുത്തശ്ശി ഒരു ചുള എടുത്തു അവന്റെ വായിൽ വച്ചു. അവൻ അത് ആർത്തിയോടെ കഴിച്ചു. "ആഹ, എന്തൊരു സ്വാദ് " പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു. "മോനേ....പച്ചക്കറിയും ഭക്ഷ്യ സാധനങ്ങളും കിട്ടാത്ത ഈ സമയത്ത് ഇതിനു സ്വാദേറും. അപ്പുറത്തെ തിണ്ണയിലിരുന്ന് അച്ഛൻ പത്രം വായിക്കുന്നുണ്ട്." ജില്ലയിൽ ബാധിതരുടെ എണ്ണം കൂടുന്നു."അച്ഛൻ ഇച്ചിരി പേടിയോടെ ആ വാർത്ത വായിച്ചു. "മുത്തശ്ശി... മുത്തശ്ശി... നമുക്കും വരോ കൊറോണ..? "നിഷ്കളങ്കമായി ഉണ്ണിക്കുട്ടൻ ചോദിച്ചു. അവനെ തലോടിക്കൊണ്ട് മുത്തശ്ശി പറഞ്ഞു."മോനേ... ആരോഗ്യവും ശുചിത്വവും ഉള്ളിടത്ത് ഒരു രോഗവും വരില്ല, നാം എപ്പോഴും കൈകൾ വൃത്തിയായി കഴുകണം, വ്യക്തിശുചിത്വം ശീലമാക്കണം, വീടും പരിസരവും വൃത്തിയാക്കണം, ഫാസ്റ്റ് ഫുഡിനു പകരം നമ്മുടെ തൊടിയിൽ നിന്നും കിട്ടുന്ന ചക്കയും, മാമ്പഴം, ചേന, ചേമ്പ് ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.അത് ആരോഗ്യമുള്ള ശരീരം നൽകും. ആരോഗ്യവും വൃത്തിയും ഉള്ള ശരീരത്തിൽ രോഗം ഉണ്ടാകില്ല ഉണ്ണീ.. നമ്മുടെ കേരളം ഈ രോഗത്തെ അതിജീവിക്കുക തന്നെ ചെയ്യും." എന്ന് പറഞ്ഞുകൊണ്ട് മുത്തശ്ശി വീണ്ടും ചിരിച്ചു. ഉണ്ണിക്കുട്ടൻ നേരത്തെ കിങ്ങിണി പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ട് മുത്തശ്ശിയോട് പറഞ്ഞു. "അതേ മുത്തശ്ശി..മനുഷ്യൻറെ മാത്രം അതിജീവനം അല്ല പ്രകൃതിയുടെ കൂടി അതിജീവനമാണ് ഇത്. "


ഫാത്തിമ ബിൻസിയ
6 A ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ