ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/ക്ഷണിക്കാതെ വന്ന അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്


ക്ഷണിക്കാതെ വന്ന അതിഥി

ഒരു ദിവസം നിർത്താതെയുള്ള ഫോൺ വിളി കേട്ടാണ് ഞാനും അമ്മയും ഉണർന്നത് .ഉണ്ണിയേട്ടനാവും ഞാൻ ചെന്ന് എടുക്കട്ടെ എന്നു പറഞ്ഞ് അമ്മ എഴുന്നേറ്റു പോയി. എന്റെ മൂത്ത അമ്മാവനാണ് ഉണ്ണികൃഷ്ണൻ എന്ന ഉണ്ണി മാമ. ആൾ അമേരിക്കയിൽ ഡോക്ടറാണ്. എന്റെ അമ്മമ്മ ക്ക് ഹൃദയവാൽവിന് ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അവിടെ നല്ല ചികിത്സ കിട്ടും ഞാൻ കൊണ്ടു പോകാം എന്ന് പറഞ്ഞ് അമ്മ മ്മയെ കൊണ്ടു പോയിരിക്കുകയാണ്. അവിടത്തെ വിശേഷങ്ങൾ പറയാൻ ഉണ്ണി മാമ ഈ സമയത്താണ് വിളിക്കാറ്. കുറച്ചു നേരം അമ്മയുടെ അടക്കിപ്പിടിച്ച സംസാരം കേട്ടു പിന്നീടെപ്പോഴോ ഞാൻ ഉറങ്ങി.നേരം നന്നായി വെളുത്തിട്ടാണ് ഞാൻ ഉണർന്നത്.അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ അമ്മയില്ല മാത്രമല്ല തലേന്ന് എങ്ങിനെയാണോ കിടന്നത് അത് പോലെ തന്നെ കിടക്കുന്നു അടുക്കള ചായ പോലും വച്ചിട്ടില്ല. അമ്മയെവിടെ? അമ്മേ...അമ്മേ... ഉച്ചത്തിൽ വിളിച്ചു നോക്കി മറുപടിയില്ല. വിളി കേട്ട് അച്ഛൻ എണീറ്റ് വന്നു "എന്താ അമ്മൂട്ടി ബഹളം വക്കുന്നത്? അമ്മയെ വിടെ?" മറുപടി പറയാൻ നിൽക്കാതെ എച്ചാ മുറികളിലും അന്വേഷിച്ചു നടന്നു.അപ്പോഴാണ് കണ്ടത് പൂജാമുറിയിൽ ഇരുന്ന് അമ്മ കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്നു .ഞങ്ങളെ കണ്ട് അമ്മ പുറത്തേക്ക് വന്നു ."എന്താ വനജേ പ്രശനം നീ എന്തിനാ കരയുന്നത്? അച്ചൻ ചോദിച്ചു. അത് കേട്ട പാടെ അമ്മ പൊട്ടിക്കരയുവാൻ തുടങ്ങി. " ഉണ്ണിയേട്ടൻ വിളിച്ചിരുന്നു അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോൾ സുഖമായി വരികയായിരുന്നു.പക്ഷെ ഇപ്പോൾ അവിടെ കൊറോണ വൈറസിന്റെ വ്യാപനം കാരണം ലോക് ഡൗൺ ആണത്രെ അത് കൊണ്ട് അമ്മയേയും കൊണ്ട് അശുപത്രിയിൽ പോകാൻ കഴിയുന്നില്ല. ദിവസവം അയിരത്തിലധികം ആളുകൾ മരിക്കുകയാണ് പ്രായമായവരെ ആശുപത്രിയൽ നോക്കുന്നു പോലുമില്ല. ചേട്ടനാണെങ്കിൽ ലീവ് എടുക്കാനും പറ്റുന്നില്ല പാവം നല്ല ടെൻഷനിലാണ് .പ്രായമായവർക്കും, മറ്റ സുഖങ്ങൾ ഉള്ളവർക്കും രോഗം ഗുരുതരം ആവും എന്നാണ് പറയുന്നത്. അമ്മയെക്കുറിച്ച് ആലോചിക്കുമ്പോൾ നെഞ്ചിൽ തീയാണ്. പിന്നെയും എന്തൊക്കയോ അമ്മ പറയുന്നുണ്ടായിരുന്നു. അച്ചൻ അമ്മയെ ആശ്വസിപ്പിക്കുന്നുമുണ്ടായിരുന്നു.

പത്രത്തിലും, വാർത്താ ചാനലുകളിലുമെല്ലാം ഞാനും കണ്ടിരുന്നു കോവിഡ്- 19 കേരളത്തിലും എത്തിയെന്നും അതിന്റെ വ്യാപനം തടഞ്ഞില്ലെങ്കിൽ ആതിവേഗം പടരുമെന്നും ഈ വൈറസ് അപകടകാരിയാണ് എന്നും മറ്റും.പക്ഷെ ഇത്രക്ക് ഭീകരമാണിതെന്ന് അമ്മ പറയുമ്പോഴാണ് അറിയുന്നത്. അന്ന് മുഴുവനും അമ്മ കരഞ്ഞു കൊണ്ടേയിരുന്നു. സ്റ്റഡി ലീവ് ആയിരുന്നെങ്കിലും എനിക്ക് ഒന്നും പഠിക്കുവാൻ കഴിഞ്ഞില്ല..

വിഷമങ്ങളും സങ്കടങ്ങളുമായി കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. എനിക്ക് പരീക്ഷ തുടങ്ങി. എപ്പോഴും എന്നെ പഠിപ്പിക്കാറുള്ള അമ്മ ഇപ്രാവശ്യം എന്നെ ശ്രദ്ധിച്ചതേയില്ല. അന്നും എനിക്ക് പരീക്ഷയുള്ളതുകൊണ്ട് ഞാൻ നേരത്തെ എഴുന്നേറ്റ് പംക്കുവാനിരുന്നു പെട്ടന്ന് അമ്മ വന്നു പറഞ്ഞു "അമ്മൂ നീ ഇത്ര ക്ക് ഉഷ്ണിച്ച് പഠിക്കുകയൊന്നും വേണ്ട കേരളത്തിലും കോവിഡ് വ്യാപിക്കുകയാണ് നിന്റെ പരീക്ഷയൊക്കെ മാറ്റിവച്ചു. നാളെ മുതൽ സ്കൂളുകൾക്ക് അവധിയാണ്"..

പരീക്ഷകൾ മാറ്റി എന്നറിഞ്ഞപ്പോൾ അല്പം സന്തോഷമായി, പക്ഷെ അതിലേറെ പേടിയും തോന്നി. അച്ചൻ ഓഫീസിൽ പോകുന്നു അമ്മയാണെങ്കിൽ മിക്കവാറും ഫോണിലുമായിരുന്നു. ആ വീട്ടിൽ ഞാൻ ഒറ്റപ്പെട്ടതായി തോന്നി. പുറത്തേക്കിറങ്ങാൻ അനുമതിയില്ല കളിക്കാൻ കൂട്ടുകാരില്ല, ടി.വിയിൽ വാർത്തയല്ലാതെ ഒന്നും കേൾക്കാനില്ല. ആകപ്പാടെ ഒരു ശ്മശാന മൂകത. അകാരണമായി കരച്ചിൽ വരുന്നു, എന്തിനെന്നറിയാതെ ദേഷ്യം വരുന്നു എന്നും മനം മടുക്കുന്ന ഏകാന്തത..

അന്ന് അച്ചൻ വന്നു പറഞ്ഞു "നാളെ മുതൽ ഇവിടെയും ലോക് - ഡൗൺ അണ്. അരും ഒന്നിനും വീടുവിട്ട് പുറത്തിറങ്ങരുത് .അതും ഇരുപത്തിയൊന്ന് ദിവസം അത് ചിലപ്പോൾ പിന്നെയും നീളാം" .എനിക്കിത് കേട്ടപ്പോൾ പെട്ടിക്കരയാനാണ് തോന്നിയത്. വല്ലപ്പോഴും അമ്മയുടെ കൂടെ പുറത്തു പോകുന്നതും ഇല്ലാതായി. ലോക് - ഡൗണിനെ ഒരു ശാപമായി കണ്ട ദിവസങ്ങളായിരുന്നു ആദ്യമെല്ലാം .ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ചൻ വന്നത് ഒരു സന്തോഷവാർത്തയുമായിട്ടാണ്. അച്ചന് ഇനി ഓഫീസിൽ പോകണ്ടാത്രെ. അച്ചനും അമ്മക്കും വല്യ സന്തോഷമൊന്നും കണ്ടില്ല.പക്ഷെ പിറ്റേന്നു മുതൽ എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടാവാത്ത കാര്യങ്ങളാണ് നടന്നത്. അച്ചൻ എന്നോടൊപ്പം കളിക്കുവാൻ കൂടി, കഥകൾ പറഞ്ഞു തന്നു, ചിത്രം വരച്ചു, പാട്ടുകൾ പാടി, നല്ല നല്ല പുസ്തകങ്ങൾ വായിച്ചു, ടീച്ചർമാരു തരുന്ന പ്രവർത്തനങ്ങൾ ചെയ്തു, അമ്മയെ അടുക്കളയിൽ സഹായിച്ചു വീടു വൃത്തിയാക്കി, പച്ചക്കറി കൃഷി ചെയ്തു, പക്ഷികൾക്ക് വെള്ളം വച്ചു അങ്ങിനെയങ്ങിനെ ഒരുപാട് കാര്യങ്ങൾ ചെയ്തു.അമ്മമ്മയുടെ അസുഖം അല്ലം കുറയുകയും, അമ്മമ്മ അമ്മയോട് സംസാരിക്കുകയും ചെയ്തപ്പോൾ അമ്മക്കും സന്തോഷമായി. അമ്മ ഞങ്ങൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി തന്നു.ചുരുക്കത്തിൽ ഈ ലോകം മുഴുവൻ ഞങ്ങളുടെ വീട്ടിലേക്ക് ഒതുങ്ങിയതു പോലെ തോന്നി. ലോക് - ഡൗണും കോവിഡുമെല്ലാം ഒരു ശാപമല്ല മറിച്ച് എന്റെ ജീവിതത്തിലേക്ക് ഞാൻ ക്ഷണിക്കാതെ വന്ന ഒരു അതിഥിയായിട്ടാണ് എനിക്ക് തോന്നിയത്.

ലോക് - ഡൗൺ കഴിഞ്ഞാലും കളിക്കുവാൻ പറ്റുന്ന ഒരു പാട് കളിപ്പാട്ടങ്ങൾ അച്ചനും അമ്മയും എനിക്ക് ഉണ്ടാക്കി തന്നിട്ടുണ്ട്.ഇതിനൊക്കെ ഇപ്പോഴാണ് സമയം കിട്ടിയതെന്ന് അവർ ഇടക്കിടക്ക് ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു. പതുക്കെ പതുക്കെ ഞാനെന്റെ അതിഥിയെ ഒരുപാട് ഇഷ്ടപെടുകയായിരുന്നു. ലോകത്തു നടക്കുന്ന കോവിഡിന്റെ ഭീകരതയൊന്നും എന്നെ അലട്ടിയതേയില്ല. പക്ഷെ വാർത്തകൾ അതിന്റെ ഭീകരത വിളിച്ചോതുന്നുണ്ടായിരുന്നു.ഞാൻ അതൊന്നും കാര്യമായി കണ്ടില്ല. കോവിഡിനെക്കുറിച്ച് ഇപ്പോൾ നമുക്ക് നല്ല ധാരണയുണ്ട്. മുൻകരുതലുകളും, അനാവശ്യ യാത്രകളുo ഒഴിവാക്കി വീട്ടിലിരുന്നാൽ നമുക്ക് ഈ മഹാവിപത്തിനെ തുരത്തി ഓടിക്കുവാൻ കഴിയും. നമ്മൾ ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും. നമ്മൾക്ക് നഷ്ടപ്പെട്ട സന്തോഷങ്ങളെല്ലാം തിരിച്ചു കൊണ്ടുവരുവാൻ നമ്മൾ അല്പം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും എന്ന് മാത്രം.നാളെയുടെ പുഞ്ചിരി മനസ്സിൽ കണ്ട് കൊണ്ട് ഇന്നത്തെ ദു:ഖത്തെ മറക്കാൻ കഴിഞ്ഞാൽ നമുക്ക് നമ്മുടെ വീടും സ്വർഗ്ഗമാക്കുവാൻ കഴിയും..

അരുണിമ എം
9 A ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ