രോഗപ്രതിരോധം

തൊണ്ണൂറ് കഴിഞ്ഞ മുത്തശ്ശി ഇന്നും ആരോഗ്യവതിയാണ്. രോഗങ്ങൾ അവരെ അലട്ടാറില്ല. വായ നിറയെ പല്ലും മങ്ങാത്ത കാഴ്ചയും അവരുടെ ആരോഗ്യമാണ്. രോഗത്തെ പ്രതിരോധിച്ച് നിർത്താൻ അവരുടെ ശരീരത്തിനു മാത്രമല്ല അവരുടേതായ ചില പൊടിക്കൈകൾക്കും സാധ്യമാണ്.

ഇന്ന് ഈ ലോകം നേരിടുന്ന ഏറ്റവും വലിയ ഒരു ആരോഗ്യ പ്രശ്നമാണ് കോവിഡ് 19 എന്ന മഹാമാരി. വികസിത രാജ്യങ്ങളായ അമേരിക്ക പോലോത്ത രാജ്യങ്ങളിൽ പോലും വൻതോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ നാം ഒറ്റക്കെട്ടായാണ് നിൽക്കേണ്ടത്. ഈ രോഗത്തിനെതിരെ പരിജ കാണിച്ച് പടവാളുയർത്തി യുദ്ധം ചെയ്യാൻ കഴിയില്ലല്ലോ. അതുകൊണ്ട് സർക്കാർ പറയുന്നപോലെ ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്.

സാധാരണ ചെറിയ കുട്ടികൾക്കും വയസ്സായ ആളുകൾക്കും പ്രതിരോധശേഷി കുറവാണ്. അതുകൊണ്ടുതന്നെ മരണനിരക്കിൽ യുവാക്കളെക്കാൾ കൂടുതൽ മധ്യവയസ്കരും അത് കഴിഞ്ഞവരുമാണ്. പക്ഷേ ഇതിന് നമ്മുടെ ശരീരത്തിലെ പ്രതിരോധം മാത്രം പോരാ. ഇതിനെന്നല്ല ഏതുരോഗത്തിനും നമ്മൾ പേടിക്കാതെ ജാഗ്രത പാലിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വയം പങ്കാളികളാവുകയാണ് വേണ്ടത്. ഇന്നിപ്പോൾ നമ്മുടെ പ്രശ്നം കൊറോണ വൈറസ് ആണ്. അതുകൊണ്ട് ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗ്ഗം സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക എന്നുള്ളതാണ്. വായുവിലൂടെയും സമ്പർക്കത്തിലൂടെയും പടർന്നുപിടിക്കുന്നതിനാൽ പുറത്തിറങ്ങാതെ എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ അതിൻറെ തയ്യാറെടുപ്പുകളോടുകൂടി മാത്രം ഇറങ്ങി പ്രതിരോധിക്കാം

ഇതിലൂടെ നമ്മുടെയും കുടുംബത്തിന്റെയും ജീവൻ മാത്രമല്ല നാം സുരക്ഷിതരാക്കുന്നത്. മറ്റുള്ള എത്രയോ പേരുടെ ജീവനാണ്. സ്വയം പ്രതിരോധിക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് നമ്മൾ ചെയ്തു കൊടുക്കുന്ന വലിയ സഹായം ഇതായിരിക്കും. കൂടുതൽ ആളുകളുമായി ഇടപഴകാതിരിക്കുക. ഇന്ന് കുറച്ചകന്നിരുന്നാൽ നാളെ നമുക്ക് കൂടുതൽ അടുക്കാൻ വേണ്ടിയാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്.

അതുപോലെ ശുചിത്വം പാലിക്കൽ പ്രതിരോധത്തിന്റെ കാതലാണ്. കൈകാലുകൾ നന്നായി കഴുകുക. മുഖം കഴുകുക. ശരീരം വൃത്തിയായി സൂക്ഷിക്കുക. വീടും പരിസരവും ശുചിത്വപൂർണമാണെന്ന് ഉറപ്പുവരുത്തുക.അതുപോലെ ഇന്ന് ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ് ഭക്ഷണം. പരമ്പരാഗതമായി കൃഷി ചെയ്ത നല്ല പച്ചക്കറിയും പഴങ്ങളും മറ്റും കഴിക്കുന്ന ശീലം നാം നിർത്തി. ഒരു തരത്തിൽ നാം നമ്മുടെ തന്നെ പ്രതിരോധ കവാടം പൊളിച്ച് കളയുകയാണ് ചെയ്തത്. പകരം വിഷമയമായ പച്ചക്കറികളും പഴങ്ങളും കഴിച്ചു. എന്തിനേറെ പറയുന്നു നമ്മുടെ ഭക്ഷണ രീതിയേ മാറി. ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും തീൻമേശയിൽ അങ്ങുമിങ്ങും ഓടിനടക്കുകയാണ്. കുട്ടികൾക്ക് നൂഡിൽസ്, പിസ, ബർഗർ തുടങ്ങിയവയെ പറ്റൂ. അവരതേ കഴിക്കൂ. മുതിർന്നവരും ഫാസ്റ്റ് ഫുഡിൽ ഒട്ടും പിറകിലല്ല. അവരാണല്ലോ കുട്ടികളെ ഇത് ശീലിപ്പിക്കുന്നത്. അങ്ങനെ കാലക്രമേണെ പ്രതിരോധശേഷിയും കുറഞ്ഞു.രോഗങ്ങളും കൂടി.

എന്നാലിപ്പോൾ ലോക്ക് ഡൗൺ കാലത്ത് ജങ്ക് ഫുഡ് ഒന്നുമില്ല. കുട്ടികൾക്ക് പിസയില്ല ബർഗറില്ല. അവർ വീട്ടിലെ തൊടിയിൽ മുത്തശ്ശിമാർ ഉണ്ടാക്കിയ ചീരയും ചക്കയും ആസ്വദിച്ചു കഴിക്കാൻ തുടങ്ങി. വിഷമയമായ മത്സ്യമോ മരുന്ന് കുത്തിവെച്ച ചിക്കനോ ഇല്ല. പല വർണ്ണങ്ങളിൽ തീർത്ത ഇലക്കറികളും വ്യത്യസ്ത രുചികളിൽ ചമ്മന്തിയും തീൻ മേശയിൽ ഇന്ന് മുന്നിൽ തന്നെയുണ്ട്. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് പ്രതിരോധം അത് രോഗ കാലങ്ങളിൽ മാത്രം ഉണ്ടാകേണ്ടതല്ല. അത് നമ്മൾ ഓരോരുത്തരും നമ്മളിൽ ഉണ്ടാക്കി എടുക്കേണ്ടതാണ്. അകലങ്ങളിൽ ഇരുന്നു ഒറ്റക്കെട്ടായി നമുക്ക് ഇതിനെയും പ്രതിരോധിക്കാം..


റഷ മെഹറിൻ
2 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം