ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്/അക്ഷരവൃക്ഷം/കുറുക്കച്ചാരെ പറ്റിച്ച കുഞ്ഞാട്

കുറുക്കച്ചാരെ പറ്റിച്ച കുഞ്ഞാട്

വിശന്നു വലഞ്ഞ നീലക്കുറുക്കൻ നാട്ടിലേക്കിറങ്ങി. നല്ല പൂവൻ കോഴിയെ പിടിക്കണം .കോഴികളെ നോക്കി നോക്കി വീടുകൾ കയറിയിറങ്ങി അവസാനം."ഹായ് ഒരു ആട്ടിൻ ക്കുഞ്ഞ്" നീലൻ പതുങ്ങിപ്പതുങ്ങി ആട്ടിൻ കുഞ്ഞിനടുത്തെത്തി. പുല്ല് തിന്നുകയായിരുന്ന ആട്ടിൻകുഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ പിറകിലതാ ഒരു നീലക്കുറുക്കൻ. നീലക്കുറുക്കന്റെ നോട്ടം കണ്ടപ്പോൾ തന്നെ കുഞ്ഞന് കാര്യം പിടികിട്ടി. അവൻ മനസിലാകാത്ത മട്ടിൽ കുറുക്കച്ചാരോട് ചോദിച്ചു. "ഹാ! ആരിത് ?കുറുക്കച്ചാരോ ? എന്താ ഈ വഴിയൊക്കെ?" കുഞ്ഞൻ ചോദിച്ചു.

."ആ... കുറച്ചു നാളായില്ലേ നാടൊക്കെ ഒന്നു ചുറ്റാനും നിങ്ങളെയൊക്കെ ഒന്നു കാണാനും വേണ്ടി ഇറങ്ങിയതാ" കുറുക്കൻ പറഞ്ഞു.

"ഓഹ്! കണ്ടല്ലോ ഇനി വേഗം സ്ഥലം വിട്ടോ" എന്ന് പറഞ്ഞു കൊണ്ട് കുഞ്ഞൻ തിരിഞ്ഞു നിന്നു കൊണ്ട് പുല്ല് തിന്നാൻ തുടങ്ങി. കൊഴുത്തുരുണ്ട കുഞ്ഞാടിനെ കണ്ട് കുറുക്കച്ചാരുടെ വായിൽ വെള്ളമൂറി. കൊതിയടക്കാനാവാതെ കുറുക്കച്ചാർ ആടിനു മേൽ ചാടി വീണു.ആടിന്റെ വാലിലാണ് കുറുക്കച്ചർക്ക് പിടി കിട്ടിയത്. വേദനിച്ചെങ്കിലും കുറുക്കനോട് ഇങ്ങനെ പറഞ്ഞു. അയ്യോ എന്റെ കുറുക്കച്ചാരേ..... ഞാനിപ്പോൾ കഴിച്ചത് ഒരു പ്രത്യേക തരം പുല്ലാണ്.ഞങ്ങൾ ആടുകൾക്ക് മാത്രമേ ഇത് കഴിക്കാൻ പറ്റൂ. മറ്റു മൃഗങ്ങൾ ഭക്ഷിച്ചാൽ ഇത് വിഷമായി മാറും. ഉടനെ മരണം ഉറപ്പ്." കുഞ്ഞാട് ഒരു സൂത്രം പ്രയോഗിച്ചു.


"അതിന് ഞാൻ പുല്ല് തിന്നുന്നില്ലല്ലോ? നീയല്ലേ എന്റെ ഉച്ചയൂണ്?

"അത് ശരിയാ പക്ഷേ ഞാനിപ്പോൾ ഈ പുല്ല് തിന്നില്ലേ ഇനി നീ എന്നെ തിന്നാൽ ഞാൻ കഴിച്ച പുല്ലിലെ വിഷാoശം നിന്റെ ശരീരത്തിലെത്തും. ഞാൻ പറഞ്ഞു എന്ന് മാത്രം. ഇനി നിന്റെ ഇഷ്ടം."

കുഞ്ഞന്റെ വാക്കു വിശ്വസിച്ച കുറുക്കച്ചാർ ജീവനും കൊണ്ട് ഓടി. ഓട്ടം കണ്ട് കുഞ്ഞാട് കൈ കൊട്ടിച്ചിരിച്ചു.
                      
                               
ശിവാനന്ദ്.പി.ടി
3A ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ