ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/2050 ലെ മുത്തശ്ശിക്കഥ

Schoolwiki സംരംഭത്തിൽ നിന്ന്
2050 ലെ മുത്തശ്ശിക്കഥ

മുത്തശ്ശീ, മുത്തശ്ശീ, ഒരു കഥ പറയാമോ? പേരക്കുട്ടി ബബ് ലു ചോദിച്ചു. എന്താ, പറയാമല്ലോ, നിനക്ക് കഥ വലിയ ഇഷ്ടാണല്ലെ? എന്നാൽ ഞാനൊരു മഹാരോഗം പടർന്നുപിടിച്ചതിനെക്കുറിച്ച് പറയാം. മുത്തശ്ശി കഥ പറയാൻ തുടങ്ങി സംഭവം നടന്നത് 2019 ഡിസംബറിലാണ്.ജനങ്ങൾ എല്ലാം പരസ്പരം കലഹിച്ചും ബന്ധങ്ങൾ മറന്നും ജീവിച്ചിരുന്ന കാലം. ആളുകൾ തമ്മിൽ അക്രമവും വാക്കുതർക്കങ്ങളും നടന്നിരുന്നു.കൂടാതെ പ്രകൃതിയെ വളരെയധികം ദ്രോഹിച്ചിരുന്നു. കാടുകൾ എല്ലാം വെട്ടിമുറിച്ച് കെട്ടിടങ്ങൾ പണിതു, പണം ചിലരുടെ കയ്യിൽ മാത്രം കുമിഞ്ഞു കൂടി.പട്ടിണി പാവങ്ങൾ അതുപോലെ തന്നെ ജീവിച്ചു.മൃഗങ്ങളെയെല്ലാം മനുഷ്യർ കൊന്ന് ഭക്ഷണത്തിനായി ഉപയോഗിച്ചു.

      ക്രമേണ ക്രമേണ ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് മാറ്റം വന്നു. ചൂട് ക്രമാതീതമായി കൂടി, വെള്ളപ്പൊക്കവും മാരക അസുഖങ്ങളും, ഇല്ലാതാക്കിയ പകർച്ചവ്യാധികളും തിരിച്ചു വരാൻ തുടങ്ങി.

അങ്ങനെയിരിക്കെ ചൈന എന്ന രാജ്യത്ത്, ഒരു പ്രദേശത്ത് ഇതുവരെ അറിയപ്പെടാത്ത ഒരു രോഗാണു വരുകയും ആളുകളെ കൊന്നൊടുക്കുകയും ചെയ്തു. ആദ്യമാദ്യം ആരും അതിനെ ഗൗരവമായി എടുത്തില്ല.കോവിഡ്- 19 എന്ന് അതിനെ വിളിച്ചു. കൊറോണ വൈറസ് ആയിരുന്നു അത്. ചിലർ പറഞ്ഞു. "ഹൊ അത് ചൈനയിലല്ലെ നമ്മെ അത് ബാധിക്കില്ല" അങ്ങനെ അതിനെ ചെവികൊടുക്കാതെ അവർ നടന്നു.

         അധികം വൈകാതെ പത്രത്തിലും ടിവി യിലും കോവി ഡിനെക്കുറിച്ച് വലിയ വാർത്തകൾ വന്നു തുടങ്ങി.ഇറ്റലിയിലും ,സ്പെയിനിലും, ഇറാനിലും അമേരിക്കയിലും കോവിഡ് മരണം വിതച്ചു.
   അധികം വൈകാതെ അത് ഇന്ത്യയിലും എത്തി. ജനങ്ങൾ ആദ്യം പേടിച്ചില്ല.എന്നാൽ പതുക്കെ പതുക്കെ അത് വ്യാപിക്കാൻ തുടങ്ങി.ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അത് ബാധിച്ചു തുടങ്ങി. ഇങ്ങ് കേരളത്തിലും അവൻ എത്തി. എന്നാൽ നമ്മുടെ ഗവൺമെന്റിന്റെ ഇടപെടൽ അതിനെ ചെറുക്കുന്നതിന് സഹായിച്ചു.സംസ്ഥാനം അടച്ചു പൂട്ടി. മനുഷ്യൻ അകത്തായപ്പോൾ അകത്ത് അടക്കപ്പെട്ട പക്ഷിമൃഗാദികൾ പുറത്തേക്ക് എത്തിനോക്കി.
     ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, നിയപാലകർ വളരെയധികം പ്രയത്നിച്ചു.

ജനങ്ങൾ പരസ്പരം അറിയാൻ തുടങ്ങി, പ്രകൃതിയെ സ്നേഹിച്ചു തുടങ്ങി.

        ആയിടെയാണ് അവൾക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നത്.വിദേശത്ത് നിന്നു വന്ന ഭർത്താവിൽ നിന്നാണ് അവൾക്ക് രോഗം ബാധിച്ചത്. അവർ കുടുംബാംഗങ്ങളുമായും ഇടപെട്ടു.നിരവധി ആളുകൾക്ക് രോഗം ബാധിച്ചു. 
      എന്നാൽ ആരോഗ്യ പ്രവർത്തകർ ഇത്  കണ്ടെത്തുകയും അവളെയും ,ഭർത്താവിനെയും, കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കി. രോഗം മൂർച്ചിച്ചപ്പോൾ ആശുപത്രിയിലേക്ക് മാറ്റി കൃത്യമായ ചികിത്സ നൽകുകയും ചെയ്തു.വളരെ നാളത്തെ പരിശ്രമത്തിനൊടുവിൽ അവരെ രോഗത്തിൽ നിന്നും രക്ഷപ്പെടുത്തി.കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും ,ഗവൺമെന്റിനും അവർ നന്ദി പറഞ്ഞു.
          മുത്തശ്ശി അവനോട് ചോദിച്ചു. "മോനറിയാമോ? ആ സ്ത്രീയും, ഭർത്താവും, കുടുംബവും ആരൊക്കെയാണെന്ന്?
   ബഞ്ച് ലു പറഞ്ഞു. "അറിയില്ല മുത്തശ്ശി,
മുത്തശ്ശി പറയൂ.
അവൻ മുത്തശ്ശിയുടെ കണ്ണുകളിലേക്ക് നോക്കി.

മുത്തശ്ശി തുടർന്നു. "എന്റെ മുഖത്തേക്കൊന്ന് നോക്കു, ആ സ്ത്രീ ഞാനും നിന്റെ അപ്പൂപ്പനും ആയിരുന്നു. ആ കുടുംബം നിന്റെ കുടുംബമായിരുന്നു "

 അവൻ അത്ഭുതപ്പെട്ടു.

മുത്തശ്ശി പറഞ്ഞവസാനിപ്പിച്ചു. " അന്ന് നമ്മൾ കേരളത്തിലായതിനാൽ ഇന്നും ജീവിച്ചിരിക്കുന്നു." പുറത്ത് മഴക്കോളു കണ്ടു. "നല്ല മഴ, മോന് മഴ നനയണോ? " ഉം " അവൻ അപ്പോഴും അത്ഭുതത്തോടെ മുത്തശ്ശിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

മേഘരഞ്ജനി. എ
3 ജി എൽ പി സ്കൂൾ കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ