ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24
പഠനോത്സവം
ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ. പി സ്കൂളിൽ പഠനോത്സവ് 24 എന്ന പേരിൽ സംഘടിപ്പിച്ച പഠനോത്സവം അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നൗഷിർ കല്ലട ഔപചാരിക ഉദ്ഘടന കർമ്മം നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് കെ. പി ഷഫീഖ് അധ്യക്ഷത വഹിച്ച പരിപാടിക്ക് എച് എം. ഇ. മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നൗഷിർ കല്ലടയെ എസ്. എം സി ചെയർമാൻ മുസ്തഫ വെള്ളേരിയും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ ചെയർ പേഴ്സൺ ശ്രീമതി ഉമ്മുസൽമ യെ എം. ടി. എ പ്രസിഡന്റ് സോഫിയയും പൊന്നാട അണിയിച്ചു. പ്രസ്തുത പരിപാടിയിൽ ചെയർ ചലഞ്ചിലൂടെ വാങ്ങിയ 300 കസേരകൾ വാർഡ് മെമ്പർ കെ സാദിൽ, പ്രവീൺ മാസ്റ്റർ, അബൂബക്കർ എന്നിവരിൽ നിന്ന് ഹെഡ്മാസ്റ്റർ, പി. ടി. എ പ്രസിഡന്റ് എന്നിവർ ഏറ്റു വാങ്ങി. പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ 101 വായന കുറിപ്പുകൾ അടങ്ങിയ മാഗസിൻ എ. ഇ. ഒ മൂസക്കുട്ടി സാർ പ്രകാശനം ചെയ്തു. ബി ആർ സി ട്രൈനെർ സുമ ടീച്ചർ, സപ്ന, പരിപാടിക്ക് ആശംസയർപ്പിച്ചു. പി ടി എ വൈസ് പ്രസിഡന്റ് സജീവ് നന്ദിയർപ്പിച്ചു.പഠനോത്സവത്തോടനുബന്ധിച്ചു നാലാം ക്ലാസ്സിലെ കുട്ടികൾ സംഘടിപ്പിച്ച കുട്ടി ചന്ത വേറിട്ട അനുഭവമായി. കുട്ടികൾ വീട്ടിൽ തയ്യാറാക്കിയ നാടൻ പലഹാരങ്ങൾ, ഉപ്പിലിട്ടത്, പ്രകൃതി ദത്ത പാനീയങ്ങൾ, നാടൻ മിഠായികൾ എന്നിവ കച്ചവടത്തിന് ഒരുക്കിയാണ് ചന്ത സംഘടിപ്പിച്ചത്. കുട്ടികൾ തന്നെ കച്ചവടക്കാർ ആയപ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമത് പുതിയ അനുഭവമായി.
ടോയ്ലറ്റ് സമുച്ചയം
ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ 6 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയം പഞ്ചായത്ത് പ്രസിഡന്റ് ടി കെ ടി അബ്ദുഹാജി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ സാദിൽ ആദ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ മുഹമ്മദ് മാസ്റ്റർ സ്വാഗതംപറഞ്ഞു.പി.ടി.എ.പ്രസിഡന്റ് കെ.പി.ഷഫീഖ്,എസ്.എം.സി.ചെയർമാൻ മുസ്തഫ വെള്ളേരി എന്നിവർ സംസാരിച്ചു. എസ് ആർ ജി കൺവീനർ റഹൂഫ് റഹ്മാൻ നന്ദി അർപ്പിച്ചു.
സ്കൂൾ വാർഷികം ചെമ്രോത്സവ് 24
ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ നാൽപത്തിഏഴാം വാർഷികം ചെമ്രോത്സവ് 24 എന്ന പേരിൽ വളരെ വിപുലമായി തന്നെ ജനുവരി 26 ന് കൊണ്ടാടി.കുട്ടികളുടെ വൈവിദ്യങ്ങളാർന്ന കലാപരിപാടികളും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും കലാവിരുന്നും പരിപാടിക്ക് മികവേറി.വാർഷികാഘോഷം അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ടി. അബ്ദുഹാജി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് കെ. പി ഷഫീക് അധ്യക്ഷനായി. സർവീസിൽ നിന്നും ഈ വർഷം വിരമിക്കുന്ന എ. ഇ. ഒ മൂസക്കുറട്ടി മാസ്റ്റർ, പ്രമോഷൻ ട്രാൻസ്ഫർ ലഭിച്ച പി ടി സി എം മീനാക്ഷിക്കുട്ടി എന്നിവർക്ക് സ്കൂളിന്റെ ഉപഹാരം നൽകി.ഈ അക്കാദമിക വർഷത്തിൽ സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളും അടങ്ങിയ ഡോക്യുമെന്റ് പ്രസന്റേഷൻ സ്കൂളിന്റെ മികവുകൾ നാട്ടുകാർക്ക് മുൻപിൽ തുറന്നു കാട്ടി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷിർ കല്ലട, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മുസൽമ, വാർഡ് മെമ്പർ കെ സാദിൽ, എ. ഇ. ഒ മൂസക്കുട്ടി മാസ്റ്റർ, എസ്. എം. സി ചെയർമാൻ മുസ്തഫ വെള്ളേരി, ഹെഡ്മാസ്റ്റർ ഇ. മുഹമ്മദ്, എസ്. ആർ. ജി കൺവീനർ റഹൂഫ് റഹ്മാൻ എന്നിവർ സംസാരിച്ചു.
ക്രിസ്മസ് ആഘോഷം
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വളരെ വിപുലമായി തന്നെ ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് രാവിലെ തന്നെ പുൽക്കൂട് ഒരുക്കി. കുട്ടികൾ എല്ലാവരും വെള്ളയും ചുവപ്പും വസ്ത്രങ്ങൾ അണിഞ്ഞു എത്തിയിരുന്നു. കുട്ടികൾക്ക് വേണ്ടി സ്കൂളിലെ അദ്ധ്യാപകൻ റഊഫ് റഹ്മാൻ ഒരു കൾച്ചറൽ പ്രോഗ്രാം നടത്തി. ബലൂണും പാട്ടും വെച്ചുള്ള പരിപാടി കുട്ടികൾക്ക് വലിയ ആവേഷമായി. ശേഷം ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും സ്കൂൾ അംഗനത്തിലൂടെ കരോൾ പാടി ഡാൻസ് കളിച്ചു. കുട്ടികൾക്കു കേക്ക് വിതരണം ചെയ്തു. ഓരോ ക്ലാസ്സുകാരും പുൽക്കൂടിന്റെ മുമ്പിൽ നിന്ന് ക്ലാസ്സ് ഫോട്ടോ എടുത്തു.
ഇംഗ്ലീഷ് സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം
20-12-2023 ന് നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഇംഗ്ലീഷ് സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം നടന്നു. കിങ് ഖാലിദ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായ ശ്രീ മുഹമ്മദ് ജാബിർ സാർ ആണ് കുട്ടികൾക്കുള്ള ക്ലാസ്സ് എടുത്തത്.ഇംഗ്ലീഷ് ക്ലബ് കോർഡിനേറ്റർ സൗമ്യ ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ എച് എം ഇ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് വളരെ ആവേശകരമായിരുന്നു ക്ലാസുകൾ. ഇതിന്റെ ഭാഗമായി കുട്ടികൾ എഴുത്ത് മരം ഉണ്ടാക്കി
മാനത്തേക്കൊരു കിളി വാതിൽ
ഓൾ കേരള പി ടി എ അവാർഡ് വിന്നർ ശ്രീ യു പി നാസർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന വാന നിരീക്ഷണം കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. നാലാം ക്ലാസ്സിലെ മാനത്തേക്ക് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ടെലിസ് കോപ്പിലൂടെയുള്ള വാന നിരീക്ഷണം കുട്ടികൾക്ക് ആവേശമായി. രക്ഷിതാക്കൾക്കും വാന നിരീക്ഷണത്തിന് അവസരം ലഭിച്ചു. ചന്ദ്രനെയും ചന്ദ്രനിലെ ഗർത്തങ്ങളും വളരെ വ്യക്തമായി കാണാൻ സാധിച്ചു. കുട്ടികൾക്ക് തികച്ചും വ്യത്യസ്തവും മറക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു ഇത്.
ഗണിത ദിനം
ദേശിയ ഗണിത ദിനം വിപുലമായി ആചരിച്ചു നാഷണൽ ട്രെയിനറും റിട്ടയർഡ് പ്രധാനധ്യാപകനുമായ ശ്രീ ബാലു പരപ്പനങ്ങാടി ദേശീയ ഗണിത ദിനം ഉദ്ഘാടനം ചെയ്തു. ഗണിത ക്ലബ് കോർഡിനേറ്റർ സൂപർണ ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ എച് എം ഇ മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി. പി ടി എ പ്രസിഡന്റ്, സീനിയർ അസിസ്റ്റന്റ്, എസ് ആർ ജി കൺവീവർ എന്നിവർ ആശംസയർപ്പിച്ചു. സ്കൂളിലെ മൂന്നാം ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പരിപാടിയിൽ ഗണിത കളികളും പസ്സിലുകളും കുട്ടികൾക്ക് ആവേശമായി. കുട്ടികൾ തയ്യാറാക്കിയ മാഗസിൻ ഗണിത ധ്വനി പ്രകാശനം ചെയ്തു.
പഴമയുടെ തനിമ തേടി
നാലാം ക്ലാസിലെ മലയാളത്തിലുള്ള പത്തായം എന്ന പഠന പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനാധ്യാപകൻമുഹമ്മദ് മാഷിന്റെ നേതൃ ത്വത്തിൽ 96 കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളിനടുത്ത് തന്നെയുള്ള പുല്ലൂർ മണ്ണ ഇല്ലം സന്ദർശിച്ചു. രണ്ടര മണിയോടെ അവിടെ എത്തിച്ചേർന്ന ഞങ്ങളെ ദാമോദരൻ മാഷ് സഹർഷം സ്വാഗതം ചെയ്തു. അവിടെ ചെന്നപ്പോൾ തന്നെ ആദ്യം കണ്ടത് ഒരു ആനയെ (ശില്പം )ആണ്. കുട്ടികൾക്ക് അത് വളരെയധികം കൗതുകമായി. ആദ്യം ഞങ്ങൾ സന്ദർശിച്ചത്പുരാവസ്തു മ്യൂസിയമാണ്. കുട്ടികൾ കണ്ടിട്ടില്ലാത്ത ഒട്ടനവധി പുരാവസ്തുക്കൾ അവിടെ കണ്ടു
ചീന ഭരണി, കിണ്ടികൾ, എണ്ണത്തോണി, മരിക, കൽച്ചട്ടികൾ, കലപ്പ, ഉരുളികൾ,....... അങ്ങിനെയങ്ങനെ നിരവധിനിരവധി. ഓരോന്നിനെയും കുറിച്ച് ദാമോദരൻ മാഷ് കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു.
പിന്നീട് അവർ കണ്ടത് പന്തീരായിരം പറ നെല്ല് കൊള്ളുന്ന ഒരു വലിയ പത്തായമാണ്.
ഇരുമുറി പത്തായത്തിൽ ഒരു മുറി വിത്തിന്
കുട്ടികൾ പത്തായത്തിനുള്ളിൽ കയറി നിന്നു. നെല്ലൊന്നും അതിനുള്ളിൽ ഉണ്ടായിരുന്നില്ല. പ്ലാവിന്റെ മരം കൊണ്ടാണ് പത്തായം ഉണ്ടാക്കിയിരിക്കുന്നത്.
പിന്നീട് ഇല്ലത്തിനകം സന്ദർശിച്ചു. കിഴക്കിനീ, തെക്കിനി, വടക്കിനി, പടിഞ്ഞാറ്റി എന്നിവയെല്ലാം കുട്ടികൾ മനസ്സിലാക്കി.ഒട്ടനവധി പുരാവസ്തുക്കൾ അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉണ്ട്. താളിയോല, പഴയ നാണയങ്ങൾ, മുളയിൽ എഴുതിയ ആധാരം,..... അങ്ങനെ പോകുന്നു.
കുട്ടികൾ ക്ക് നല്ല അറിവ് കിട്ടിയ ഒരു യാത്രയായിരുന്നു അത്. പോരുന്നതിനു മുമ്പ് അദ്ദേഹം കുട്ടികൾക്ക് വെള്ളവും മധുരവും നൽകി.
ഈ യാത്ര കുട്ടികൾക്ക് അവരുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത യാത്ര യായിരിക്കും
അറബി ഭാഷ ദിനം
അന്താരാഷ്ട്ര അറബി ഭാഷ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അരീക്കോട് സബ്ജില്ലാ ഐ. ടി കോർഡിനേറ്ററും ചെങ്ങര എ. എം. എൽ. പി സ്കൂൾ അറബിക് അധ്യാപകനുമായ മുംതാജ് മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂളിലെ അറബി അധ്യാപിക ജസീല സ്വാഗതം പറഞ്ഞ പരിപാടിക്ക് എച് എം ഇ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കയ്യെഴുത്തു മാഗസിൻ അൽ അസ്ഹാർ ചടങ്ങിൽ പ്രകാശനം ചെയ്തു. വൈവിദ്ധ്യമാർന്ന മ്യൂസിക്കിലൂടെ ഡാൻസ് കളിച് കുട്ടികളെ കയ്യിലെടുക്കാൻ മും താജ് മാഷിന് സാധിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
കുട്ടി പത്രം
പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ കൂട്ടെഴുത്തിലൂടെ തയ്യാറാക്കിയ ക്ലാസ്സ് തല പത്രങ്ങൾ 11/12/2023 ന് സ്കൂൾ അസംബ്ലിയിൽ എച് എം ഇ മുഹമ്മദ് മാസ്റ്റർ പ്രകാശനം ചെയ്തു. തളിര്, കുന്നിമണി, കുട്ടിവാർത്ത എന്നീ പേരുകളിലാണ് പത്രങ്ങൾ പ്രസിദ്ധീകരിച്ചത്.
പലഹാരമേള
ഒന്നാം ക്ലാസ്സിലെ മലയാളത്തിലുള്ള നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നാടൻ പലഹാരങ്ങൾ പരിചയപ്പെടാനും നല്ല ആഹാരശീലങ്ങളെ തിരിച്ചറിയാനും പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സിൽ പലഹാര മേള നടത്തി. കുട്ടികൾ വീട്ടിൽ ഉണ്ടാക്കിയ വൈവിധ്യമാർന്ന പലഹാരങ്ങൾ കൊണ്ടു വന്നു. പലഹാരങ്ങളെ തരം തിരിച്ചു വെക്കുകയും അവ രുചിച്ചു നോക്കാനുള്ള അവസരവും കുട്ടികൾക്ക് നൽകി.
കുഞ്ഞെഴുത്തുകൾ -പ്രകാശനം
ഒന്നാം ക്ലാസ്സിലെ കുഞ്ഞു കുരുന്നുകൾ തയ്യാറാക്കിയ സംയുക്ത ഡയറി കുറിപ്പുകൾ രക്ഷിതാക്കളുടെ നിറ സാന്നിധ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ചെങ്ങര സ്കൂളിലെ പ്രധാന അധ്യാപകനുമായ ശ്രീ അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു. കുരുന്നുകളുടെ വർണ്ണാഭമായ അനുഭവങ്ങളുടെ സുന്ദര രചനകളുടെ പ്രകാശനം കുട്ടികൾക്ക് നവ്യനുഭവമായി.
എക്സാം എക്‌സെലെൻഷ്യ
സ്കൂളിലെ തനത് ഇംഗ്ലീഷ് ഭാഷ പരിപോഷണ പദ്ധതിയായ ഇംഗ്ലീഷ്യ യുടെ ഭാഗമായി എക്സാം എക്‌സെലെൻഷ്യ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മോട്ടിവേഷണൽ സ്പീക്കാറുമായ ശ്രീ അസീസ് മാസ്റ്റർ രക്ഷിതാക്കൾക്ക് ക്ലാസ്സ് നൽകി. നല്ല പേരെന്റ്റിംഗ് എങ്ങനെ ആയിരിക്കണം എങ്ങനെ കുട്ടികളെ ട്രീറ്റ് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിക്ക് എച് എം ഇ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
വിജയഹ്ലാദം
2023-24 അധ്യായന വർഷത്തിലെ അരീക്കോട് ഉപജില്ലാ കലാമേള "നൂപുരം" ത്തിൽ ചരിത്ര വിജയം നേടി ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂൾ.52 സ്കൂളുകളെ പിന്നിലാക്കി സബ്ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ ഞങ്ങളുടെ സ്കൂളിന് സാധിച്ചു. ഇതിന്റെ വിജയഹ്ലാദത്തിൽ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും നാട്ടുകാരും പങ്കു ചേർന്നു. ബാൻഡ് മേളവും റാലിയും ഉണ്ടായിരുന്നു. ചെമ്രക്കാട്ടൂർ അങ്ങാടിയിൽ വെച്ച് പി ടി എ പ്രസിഡന്റ് ഷഫീക് കുട്ടികൾക്കു മധുരം വിതരണം ചെയ്തു.
ശിശുദിനം
14-11-2023 ശിശു ദിനം വളരെ ഗംഭീരമായി കൊണ്ടാടി. എച് എം ഇൻ ചാർജ് ഉള്ള സതീഷ് മാഷിന്റെ നേതൃത്വത്തിൽ അസംബ്ലി, സ്കൂൾ അംഗണത്തിലൂടെ ശിശുദിന റാലിഎന്നിവയും നടന്നു.വെള്ള വസ്ത്രങ്ങളും നെഹ്‌റു തൊപ്പിയും ധരിച്ച കുട്ടികളെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.
പഞ്ചായത്ത് കലാമേള
അരീക്കോട് എടവണ്ണ പഞ്ചായത്ത് തല എൽ പി സ്കൂൾ കലാമേള ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ നടന്നു .ആരവം എന്ന പേരിൽ സംഘടിപ്പിച്ച കലാമേളയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ദിവ്യ അധ്യക്ഷത വഹിച്ചു. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ് മുഖ്യ അതിഥി ആയിരുന്നു. മത്സരിച്ച എല്ലാ ഇനങ്ങളിലും നമ്മുടെ കുട്ടികൾക്കു സെലെക്ഷൻ ലഭിച്ചു.12 സ്കൂളുകളുമായുള്ള മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ നമുക്ക് ഒന്നാം സ്ഥാനം നേടാനായി.
കണ്ണ് പരിശോധന ക്യാമ്പ്
അൽശിഫ ഐ ക്ലിനിക് ഒപ്റ്റിക്സും തിരൂർ അൽമനാറാ കാണ്ണാശുപത്രിയും സംയുക്തമായി ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തിരൂർ അൽമനാറ കണ്ണാശുപത്രിയിലെ വിദഗ്ദ മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും കണ്ണ് പരിശോധിച്ച ശേഷം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരിശോധന നടന്നു.സൗജന്യ മരുന്ന് വിതരണവും തുടർ ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ക്യാമ്പിൽ ലഭ്യമാക്കി.
സ്കൂൾ കായിക മേള - ട്രാക്ക് ഓൺ 2023
ഈ വർഷത്തെ സ്കൂൾ തല കായിക മേള ട്രാക്ക് ഓൺ എന്ന പേരിൽ നടന്നു. കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ കായിക മേള. ചെമ്രക്കാട്ടൂർ മിനി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു കായിക മേള അരങ്ങേരിയത്. ശ്രീ സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പി ടി എ പ്രസിഡന്റ് ഷഫീക് അധ്യക്ഷതയും എച്. എം ഇ മുഹമ്മദ് മാസ്റ്റർ സ്വാഗതവും പറഞ്ഞു. മാർച്ച് പാസ്റ്റും വിക്ടറി സ്റ്റാൻഡിൽ കയറി നിന്നുള്ള അവാർഡ് ദാനവും കുട്ടികൾക്ക് ആവേശം പകർന്നു.4 ഹൗസു കളിലായിട്ടാണ് മത്സരം നടന്നത്. ഏറ്റവും കൂടുതൽ പോയിന്റ് മായി യെല്ലോ ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1,2,3 സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കും ഗ്രൂപ്പുകൾക്കും ഉള്ള ട്രോഫി വിതരണം പി ടി എ ഭാരവാഹികൾ നിർവഹിച്ചു.കൺവീനർ കെ സഹീറ യുടെ നന്ദിയോടെ കൃത്യം 4 മണിക്ക് തന്നെ പരിപാടിക്ക് വിരാമം കുറിച്ചു.
ഹരിത പെരുമാറ്റച്ചട്ടം
ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി ചെമ്രക്കാട്ടൂർ ഗവൺമെന്റ് എൽ. പി സ്കൂളിലേക്ക് ഉസ്മാൻ വെള്ളേരി, ഉസ്മാൻ കിഴിശ്ശേരി, ഷഫീഖ് മാനു എന്നിവർ സംഭാവന ചെയ്ത നൂറ് സ്റ്റീൽ ഗ്ലാസുകളുടെ വിതരണോദ്ഘാടനം എസ്.എം.സി വൈസ് ചെയർമാൻ ബാല സുബ്രഹ്മണ്യൻ നിർവഹിച്ചു. ശുചിത്വ - ആരോഗ്യ ക്ലബ് കോർഡിനേറ്റർ ഹിമ ടി.ആർ, വിദ്യാർത്ഥി പ്രതിനിധി മിദ്ലാജ് എന്നിവർ ഏറ്റുവാങ്ങി.അതുപോലെ തന്നെ ഹരിത പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി 2 എ ക്ലാസ്സിലെ ഫാത്തിമ റിഫ സ്കൂളിലേക്ക് 100 സ്റ്റീൽ പ്ലേറ്റുകൾ സംഭാവന ചെയ്തു.
ചന്ദ്രിക അറിവിൻ തിളക്കം പദ്ധതി
ഗവ : എൽ പി സ്‌കൂൾ ചെമ്രക്കാട്ടൂരിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കമായി ചന്ദ്രിക ദിന പത്രങ്ങൾ ഉമ്മർ വെള്ളേരിയുടെയും ചന്ദ്രിക പഞ്ചായത്ത് കോർഡിനേറ്റർ കോട്ട മോഹയുദ്ധീൻന്റെയും സാന്നിധ്യത്തിൽ അമീറുദ്ധീൻ CK സ്കൂൾ ലീഡർക്ക് കൈമാറിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് , പി. ടി. എ. പ്രസിഡന്റ് കെ. പി ഷഫീക് ,എസ് എം സി വൈസ് ചെയർമാൻ ബാലസുബ്രഹ്മണ്ണ്യൻ,എം ടി. എ പ്രസിഡന്റ് സോഫിയ ,സി കെ അഹമ്മദ്,റഹൂഫ് റഹ്മാൻ മാഷ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു..
സ്കൂൾ കലാമേള -താള ലയം
ഈ വർഷത്തെ സ്കൂൾ കലാമേള വളരെ വർണാഭമായി ആഘോഷിച്ചു. താള ലയം എന്ന പേരിൽ സംഘടിപ്പിച്ച കലാ മേള പി. ടി. എ. പ്രസിഡന്റ് കെ. പി ഷഫീക് ഉദ്ഘാടനം ചെയ്തു. താളം,ലയംഎന്നീ രണ്ട് വേദികളിലായാണ് കുട്ടികളുടെ പരിപാടികൾ അരങ്ങേരിയത്. നാടോടി നൃത്തം, നാടൻ പാട്ട്, കവിത ആലാപനം, മാപ്പിള പാട്ട് എന്നീ ഇങ്ങളിലെല്ലാം വളരെ വാശിയേറിയ മത്സരം നടന്നു.3 ഹൗസുകളെ പിന്തള്ളി യെല്ലോ ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഓഡിറ്റോറിയം കം ഡൈനിങ് ഹാൾ ഉദ്ഘാടനം
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതി പ്രകാരം ചെമ്രക്കാട്ടൂർ ഗവ: എൽപി സ്കൂളിൽ 15 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ഓഡിറ്റോറിയം കം ഡൈനിങ് ഹാൾ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ ഹാജി നിർവഹിച്ചു .ബ്ലോക്ക് മെമ്പർ പി .ടി ഉമ്മുസൽമ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇ. മുഹമ്മദ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് മെമ്പർ പി.ടി ഉമ്മുസൽമ്മ, കോൺട്രാക്ടർ വി. അബ്ദുസ്സലാം ഇരുവേറ്റി എന്നിവർക്കുള്ള ഉപഹാര സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ടി അബ്ദു ഹാജി നിർവഹിച്ചു. ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ 101 വായനക്കുറിപ്പുകൾ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ കെ. മൂസക്കുട്ടി പ്രകാശനം ചെയ്തു. കെ.സാദിൽ, വാർഡ് മെമ്പർ,എൻ. എം. ഒ.സലീം സർ , ഉമ്മർ വെള്ളേരി , ഷഫീഖ് മാനു, മുസ്തഫ വെള്ളേരി, സോഫിയ, സജീവ് മാസ്റ്റർ ,ബാലസുബ്രഹ്മണ്യൻ,സി കെ അഹമ്മദ്,റഊഫ് റഹ്മാൻകീലത്ത് തുടങ്ങിയവർ സംസാരിച്ചു.
അധ്യാപക ദിനം
5-09-2023 ന് ദേശിയ അധ്യാപക ദിനം ആചരിച്ചു. സംസ്ഥാന ഭാഷധ്യാപക അവാർഡ് ജേതാവും സ്കൂളിലെ പൂർവ അധ്യാപകനുമായ ശ്രീ സുരേഷ് ബാബു മാഷിനെ എച് എം ഇ മുഹമ്മദ് മാസ്റ്റർ പൊന്നാട അണിയിച്ചു ആദരിച്ചു.പി ടി എ പ്രസിഡന്റ് കെ പി ഷഫീക്, വിദ്യാഭ്യാസ പ്രവർത്തകൻ വി കെ കൃഷ്ണ പ്രകാശ് മാസ്റ്റർ, എം ടി. എ പ്രസിഡന്റ് സോഫിയ എന്നിവരും പങ്കെടുത്തു. കുട്ടി ടീച്ചർ മാരുടെ ക്ലാസുകൾ കുട്ടികൾക്കു ആവേശം പകർന്നു.
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി തന്നെ ആഘോഷിച്ചു.പി.ടി.എയുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമുൾപ്പെടെ അറുന്നൂറോളം പേർക്ക് വിഭവസമൃദ്ധമായ സദ്യ വിളമ്പി .ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം ജെ.സി.ഐ അരീക്കോട് മേഖല പ്രസിഡന്റ് ഇബ്രാഹിം ബസൂക്ക നിർവ്വഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, വാർഡ് മെമ്പർ സാദിൽ പ്രധാനാധ്യാപകൻ ഇ.മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഷഫീഖ് , എസ് എം സി ചെയർമാൻ മുസ്തഫ , റഊഫ് റഹ്മാൻ കീലത്ത്,എം.പി.ടി .എ പ്രസിഡണ്ട് സോഫിയ, ഗോകുലം ബാബു, അഷ്റഫ്,പി.ടി.എ ഭാരവാഹികളായ ബാലൻ,സജീവ് മാസ്റ്റർ, അൻവർ കെ. സി , സത്താർ ടി, അൻവർ മാഷ്,ഷിജി, തുടങ്ങിയവർ നേതൃത്വം നൽകി. 2 ദിവസങ്ങളിലായി നടന്ന ആഘോഷത്തിൽ ഒന്നാം ദിവസം പരിപാടിയുടെ ഭാഗമായി മെഗാ പൂക്കളം , രക്ഷിതാക്കളുടെ കലാമേള എന്നിവയും അരങ്ങേറി. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു രണ്ടാം ദിവസം കുട്ടികളുടെ വിവിധ മത്സര ഇനങ്ങളും നടന്നു.
വൈ. എൽ. സി.ക്ലബ്-സ്പെഷ്യൽ ഫുഡ്
ജീവ കാരുണ്യ രംഗത്ത് വളരെ പ്രശസ്തമായ മർഹൂം എം കെ കുഞ്ഞുമുഹമ്മദ് ഹാജിയുടെ നാമധേ യത്തിലുള്ള വൈ. എൽ. സി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു സ്പെഷ്യൽ ഫുഡ് നൽകി. ഭക്ഷണ വിതരണത്തിന് മഠത്തിൽ മുഹമ്മദ് എന്ന കുഞ്ഞാനും മുൻ ഹെഡ്മാസ്റ്റർ സലാം മാഷും ക്ലബ് അംഗങ്ങളും പി. ടി.എ, എം.ടി.എ അംഗങ്ങളും പങ്കാളികളായി
സ്വാതന്ത്ര ദിനം
ചെമ്രക്കാട്ടൂർ ഗവ : എൽ പി സ്ക്കൂളിൽ ഭാരതത്തിന്റെ 76- ആം സ്വതന്ത്ര ദിനം വളരെ കെങ്കേമമായി തന്നെ ആചരിച്ചു.രാജ്യത്തെ കാവൽക്കാരായിരുന്ന ഭടൻമാരേയും നിയമപാലകരേയും ആദരിച്ചു കൊണ്ട് രാജ്യത്തിന്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇ മുഹമ്മദ് മാസ്റ്റർ പതാക ഉയർത്തി.സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദുഹാജി ഉദ്ഘാടനം ചെയ്തു പിടി എ പ്രസിഡണ്ട് കെ പി ഷഫീഖ് അധ്യക്ഷത വഹിച്ചു സർവീസിൽ നിന്ന് വിരമിച്ച ദാസൻ, നന്ദൻ, കൃഷ്ണദാസ്, കണ്ണൻ, എന്നിവരേയും, ഹരിത കർമ്മാ കർമ്മസേനാഗംങ്ങളായ രമ്യ, ഷൈനി എന്നിവരേയും, സ്കൂളിന് കഴിഞ്ഞ വർഷം സ്പെഷ്യൽ ഫുഡ് നൽകി സഹായിച്ച മുഹമ്മദ് കുഞ്ഞാനേയും, എൽ എസ് എസ് വിജയികളായ വൈഗ പി, ദാനിഷ് മുഹമ്മദ് ഫാത്തിമ റന സി പി എന്നിവരേയും ആദരിച്ചു.പരിപാടിയിൽ വാർഡ് മെമ്പർ കെ സാദിൽ,വിദ്യാഭ്യാസ സ്റ്റാന്റിക് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, പിടിഎ വൈസ് പ്രസിഡണ്ട് സജീവ് മാസ്റ്റർ ,എസ് എം സി ചെയർമാൻ പി മുസ്തഫ, ബാലൻ എന്നിവർ സംസാരിച്ചു. എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ നന്ദി പറഞ്ഞു. കുട്ടികളുടെ വ്യത്യസ്ത കലാ പരിപടികളും അരങ്ങേറി
ഇംഗ്ലീഷ്യ -2023
ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ തനത് അക്കാദമിക പ്രവർത്തനമാണ് ഇംഗ്ലീഷ്യ 2023. ഇംഗ്ലീഷ് ഭാഷാപരിപോഷണ പരിപാടിയായ 'ഇംഗ്ലീഷ്യ 2023' പരിപാടിക്ക് തുടക്കമായി. ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രത്യേകം ഊന്നൽ നല്കിയ പ്രവർത്തനങ്ങളാണ് ഈ പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ നടപ്പിൽ വരുത്തുന്നത്. വായന, എഴുത്ത്, ആശയ വിനിമയം, ഗ്രാമർ തുടങ്ങിയ ഇംഗ്ലീഷ് ഭാഷാശേഷികളിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പ്രാവീണ്യമുള്ളവരാക്കി മാറ്റുകയാണീ പരിപാടിയുടെ ലക്ഷ്യം. ഇംഗ്ലീഷ് ഭാഷാവിദഗ്ധനായ ജോളി ജോസഫ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ഷഫീഖ് മാനു , പ്രധാനാധ്യാപകൻ ഇ.മുഹമ്മദ്, റഊഫ് റഹ്മാൻ കീലത്ത് , എം.പി. ടി .എ പ്രസിഡണ്ട് സോഫിയ എന്നിവർ സംസാരിച്ചു.
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളോട് കൂടി കുട്ടികൾ ചെമ്രക്കാട്ടൂർ അങ്ങാടിയിലൂടെ യുദ്ധവിരുദ്ധ റാലി നടത്തി. പി ടി എ പ്രസിഡന്റ് ഷഫീക് ആദ്യക്ഷത വഹിച്ച പരിപാടിയിൽ എച് എം എ ഇ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. നാട്ടിലെ ബി.എസ്. എഫ് ജവാൻ സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ സാദിൽ, പി ടി എ വൈസ് പ്രസിഡന്റ് സജീവ് മാസ്റ്റർ, എസ് എം സി ചെയർമാൻ മുസ്തഫ വെള്ളേരി എന്നിവർ സംസാരിച്ചു. കുട്ടികൾ യുദ്ധ വിരുദ്ധ പ്രഭാഷണം നടത്തി. ബി എസ് എഫ് ജവാൻ യുദ്ധ വിരുദ്ധ കയ്യൊപ്പ് ചാർത്തി പീസ് സ്‌ക്വാർ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർത്ഥി കളും നാട്ടുകാരും യുദ്ധ വിരുദ്ധ കയ്യൊപ്പ് ചാർത്തി.
പോഷകോദയം -പ്രാതൽ പദ്ധതി
ഒഴിഞ്ഞ വയറുമായി പഠിക്കാനെത്തുന്ന കുട്ടികൾക്ക് ആശ്വാസമായി പോഷകോദയം പ്രാതൽ പദ്ധതി. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ വയറു നിറച്ചു കുടിക്കാൻ കുത്തരി കഞ്ഞിയാണ് വിളമ്പുന്നത്.
പെൻ ബോക്സ് ചലഞ്ച്
മാലിന്യ മുക്തം നവ കേരളം കർമ്മ പദ്ധതി യുടെ ഭാഗമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന "എഴുതി തീർന്ന സമ്പാദ്യം "പെൻ ബോക്സ് ക്യാമ്പയിന്റെ ഭാഗമായി ചെമ്രക്കാട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ. പ്രസ്തുത പരിപാടിയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചതിനു പ്രശസ്തി പത്രത്തിനും അർഹരായി.
സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ്
ജനാധിപത്യത്തിന്റെ ബാല പാഠ ങ്ങൾ പകർന്ന സ്കൂൾ തിരഞ്ഞെടുപ്പ് കുട്ടികളിൽ വലിയ ആവേശമുണ്ടാക്കി. പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ട വട്ടങ്ങളും പാലിച്ചു നടത്തിയ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് വലിയ ഒരു അനുഭവമായി. ഒരാഴ്‌ച മുമ്പ്‌തന്നെ നാമനിർദേശപത്രിക സമർപ്പിക്കലും ചിഹ്നങ്ങൾ നൽകലും ആവേശം പകർന്നു. ഇലക്ഷന്റെ തൊട്ട്‌മുമ്പ് വരെ പ്രചരണം നടന്നത് മത്സരബുദ്ധി വർദ്ധിപ്പിച്ചു. കമ്പ്യൂട്ടർ ചിഹ്നത്തിൽ മത്സരിച്ച 4എ ക്ലാസ്സിലെ ശ്രീലക്ഷ്മി യും കുട ചിഹ്നത്തിൽ മത്സരിച്ച 4സി ക്ലാസ്സിലെ ഫൈഹ എ പി യും തുല്യ വോട്ടുകൾ നേടി. നറുക്കെടുപ്പിലൂടെ ശ്രീലക്ഷ്മി സ്കൂൾ ലീഡർ ആയും ഫൈഹയെ സെക്കന്റ് ലീഡർ ആയും തിരഞ്ഞെടുത്തു.സൈക്കിൾ ചിഹ്നത്തിൽ മത്സരിച്ച ദേവാഗിനെ വിദ്യാഭ്യാസ മന്ത്രി യായും കാർ ചിഹ്നത്തിൽ മത്സരിച്ച മുഹമ്മദ് മിദ്‌ലാജിനെ ശുചി ത്വാരോഗ്യ മന്ത്രിയായും കണ്ണട ചിഹ്നത്തിൽ മത്സരിച്ച അബ്ദുൽ ഹാദിയെ ആഭ്യന്തര മന്ത്രിയായും ബൈക്ക് ചിഹ്നത്തിൽ മത്സരിച്ച ഷാദിൽ ഷാനെ പരിസ്ഥിതി കാർഷിക മന്ത്രിയായും മൊബൈൽ ചിഹ്നത്തിൽ മത്സരിച്ച അംന സി യെ കലാ കായിക മന്ത്രിയായും തിരഞ്ഞെടുത്തു.എല്ലാ കുട്ടികളും ഇവരെ പിന്തുണച്ച് കൊണ്ട് ആഹ്ലാദപ്രകടനങ്ങൾ നടത്തി.
ജനറൽ ബോഡി യോഗം
2023-24 അധ്യയന വർഷത്തെ ജനറൽ ബോഡി യോഗം ജൂലൈ 21 ന് നടന്നു.കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് സീനിയർ അസിസ്റ്റന്റ് ലത കെ. വി അവതരിപ്പിച്ചു. ക്ലാസ്സ് തലത്തിൽ നിന്നും 2 എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റി രൂപീകരണം നടന്നു. പി. ടി. എ. പ്രസിഡന്റ് ആയി കെ. പി ഷഫീഖ് നെയും വൈസ് പ്രസിഡന്റ് സജീവ് മാഷ്, എസ്. എം. സി. ചെയർമാൻ മുസ്തഫ വെള്ളേരി, എസ്. എം. സി. വൈസ് ചെയർമാൻ ബാല സുബ്ര മണ്ണ്യൻ, എം. ടി. എ പ്രസിഡന്റ് സോഫിയ എന്നിവരെയും തിരഞ്ഞെടുത്തു.
ചാന്ദ്ര ദിനം
ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ ജൂലൈ 21 ന് ചാന്ദ്ര ദിനം വൈവിദ്ധ്യമാർന്ന പരിപാടികൾ നടന്നു.4 ബി ക്ലാസ്സിലെ റംസാൻ ചാന്ദ്ര മനുഷ്യനായി കുട്ടികളുടെ മുൻപിലെത്തി. ചാന്ദ്ര മനുഷ്യനുമായി കുട്ടികൾ സംവദിച്ചു. ചാന്ദ്ര ദിനചാരണത്തിന്റെ ഭാഗമായി തപാൽ വകുപ്പിന്റെ പോസ്റ്റ് കാർഡിൽ ചന്ദ്രന് വിദ്യാർഥികൾ കത്തെഴുതി. പുതിയ കാലത്ത് പോസ്റ്റ് കാർഡിലുള്ള കത്തെഴുത്ത് കുട്ടികൾക്കു വേറിട്ട അനുഭവമായി മാറി. ക്ലാസ്സ് തലത്തിൽ ചുമർ പത്രിക തയ്യാറാക്കൽ, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയവയും അനുബന്ധമായി നടന്നു.
ബഷീർ ദിനം
5-07-2023 ജൂലൈ 5 ന് ബഷീർ ദിനം വളരെ കെങ്കേമമായി തന്നെ ആചരിച്ചു. അദ്ദേഹത്തിന്റെ പ്രധാന കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം നടത്തിയത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.ഡോക്യൂമെന്ററി പ്രദർശനവും ബഷീർ കൃതികൾ പരിചയപ്പെടുത്തലും അനുബന്ധമായി നടന്നു.
ലഹരി വിരുദ്ധ ദിനം
26-06-2023 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ചെമ്രക്കാട്ടൂർ പി. എച്. സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി സാർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി. അധ്യാപകരും വിദ്യാർത്ഥി കളും ചേർന്ന് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
വായന ദിനം
കേരളത്തെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ പി. എൻ. പണിക്കരുടെ സ്മരണാർത്ഥം ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ 2023 ജൂൺ 19 ന് വായനദിനം വളരെ വിപുലമായി തന്നെ ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ അധ്യാപകരും വിദ്യാർത്ഥികളും തങ്ങൾ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി.ക്ലാസ്സ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും വായനദിന ക്വിസ് മത്സരം നടത്തി.4 എ ക്ലാസ്സിലെ കൃഷ്ണ തീർത്ഥ ഒന്നാം സ്ഥാനവും 3 എ യിലെ ആത്മിക രണ്ടാം സ്ഥാനവും 4ബിയിലെ ലെൻഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വായന വാരാചരണത്തോടനുബന്ധിച്ച് 101 പുസ്തകങ്ങളുടെ വായനക്കുറിപ്പ് അടങ്ങിയ മാഗസിൻ പ്രകാശനം ചെയ്തു.
പഠനോപകരണ ശില്പ ശാല
06-05-2023 ജൂൺ 6 ചൊവ്വാഴ്ച പഠനോപകരണ ശില്പശാല നടത്തി. പഠനം രസകരവും ലളിതവും ആകർഷകവുമാക്കാൻ ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് സമഗ്ര ശിക്ഷ കേരളം വിഭാവനം ചെയ്ത പഠനോപകരണ നിർമ്മാണ ശില്പശാല യൊരുക്കി. കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കുകയാണ് ഈ പരിപാടി യുടെ ലക്ഷ്യം.
ലോക പരിസ്ഥിതി ദിനം
05-06-2023 ജൂൺ 5 ന് ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വി. കൃഷ്ണ പ്രകാശ് മാഷ് മാവിൻ തൈ നാട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ കൊണ്ടു വന്ന തൈകൾ കുട്ടികളും അധ്യാപകരും ചേർന്ന് നട്ടു. പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു പ്രകൃതി നടത്തം. റിട്ടയർഡ് അദ്ധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ വി. കൃഷ്ണ പ്രകാശ് മാസ്റ്ററുടെ പുരയിടത്തിലെ മുപ്പതോളം വരുന്ന മാവിനങ്ങളെയും മറ്റു വൃക്ഷ സമ്പത്തിനെയും കുട്ടികൾ തൊട്ടറിഞ്ഞു. കുളവും കുളത്തിലെ ആവാസ വ്യവസ്ഥയും കുട്ടികൾക്ക് പുത്തൻ അനുഭവമാണ് നൽകിയത്.
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ജി. എൽ. പി. സ്കൂൾ ചെമ്രക്കാട്ടൂർ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം അരീക്കോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷിർ കല്ലട ഉദ്ഘാടനം നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് ശ്രീ ഉമ്മർ വെള്ളേരി അധ്യക്ഷതയും പ്രധാനധ്യാപകൻ മുഹമ്മദ് മാസ്റ്റർ സ്വാഗതവും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ടി. അബ്ദുഹാജി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ. സാദിൽ, പി. ഷഫീഖ്, എം. പി. ടി. എ പ്രസിഡന്റ് സോഫിയ എന്നിവർ ആശംസയർപ്പിച്ചു. കുട്ടികൾക്കുള്ള പാഠനോപകരണ കിറ്റ് പി. ടി. എ. പ്രസിഡന്റ് ഉമ്മർ വെള്ളേരിയും യൂണിഫോം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ നൗഷിർ കല്ലടയും വിതരണം പാഠപുസ്തകം വാർഡ് മെമ്പർ കെ. സാദിലും വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എസ്. ആർ. ജി. കൺവീനർ റഊഫ് റഹ്മാൻ മാസ്റ്ററുടെ നന്ദിയോട് കൂടി പരിപാടിക്ക് വിരാമം കുറിച്ചു.