ചെമ്രക്കാട്ടൂർ

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്ക്, അരീക്കോട് [1][2]അംശത്തിലെ ഒരു ചെറിയ ദേശമാണ് ചെമ്രക്കാട്ടൂർ[3]. ചെമ്പാപറമ്പിന് മുകളിൽ നിന്ന് നോക്കുമ്പോൾ ഹരിതലതാനികുജ്ജം കണക്കെ വ്യാപിച്ചു കിടക്കുന്ന താഴ്‌വാരവും, കൂർമാവതാര ഐതീഹ്യത്തിൽ സമൃദ്ധമായ കുറുവത്തൂർ പ്രദേശം പ്രാന്തവുമായി വരുന്ന ഊര് ചെമ്രകാട്ടൂര് എന്ന് ഐതീഹ്യം.

     ചെമ്രക്കാട്ടൂർ അങ്ങാടി ഉണ്ണിത്തെയ്യന്റെ സ്ഥലത്ത് വേരുകൾ മണ്ണിൽ നിന്ന് പുറത്തേക്ക് പായിച്ച് വിശാലമായി പടർന്നു പന്തലിച്ചു നിൽക്കുന്ന വൻ മാവ് വേരുകൾ ചവിട്ടി കടന്നാൽ നെച്ചിപറമ്പിലേക്കും മുഞ്ചക്കോട്ടു പറമ്പിലേക്കും തടത്തിലെ കാര്യാത്തൻ കോട്ടയിലേക്കും  നയിക്കുന്ന നടവഴി. നടവഴിയുടെ സമീപത്ത് ദേശകാർക്ക് വിശ്രമിക്കാനും 'സൊറ' പറയാനും കുട പിടിച്ചിരുന്ന കൂറ്റനരയാൽ, അങ്ങാടിയിൽ നാണു നായരുടേയും രാമൻ നായരുടേയും ഓലമേഞ്ഞ ചായക്കടകൾ  പ്രധാന നിരത്തിനിരു വശവുമായി സ്ഥിതി ചെയ്യുന്ന ഒന്നുരണ്ടു മരങ്ങൾ. വിജനമായ പറമ്പുകൾ ഇത്രയും ആയാൽ ദേശത്തിന്റെ ഒരു ഏകദേശ ചിത്രമായി. പുലർച്ചെ കൊണ്ടോട്ടിയിൽ നിന്നും അരീക്കോട് ചന്തയിലേക്ക് സാധനങ്ങളുമായി നീങ്ങുന്ന കാള വണ്ടിയുടെ ചക്രത്തിൽ ഘടിപ്പിച്ച മണികളുടെ  ശബ്ദം കേട്ടാണ് ഗ്രാമീണർ ഉണർന്നിരുന്നത്.

ചെത്തി മിനുസപ്പെടുത്തിയ ഇളനീർ ചിരട്ടയിൽ ഒരു നാഴിയിൽ കുറയാത്ത മധുരമില്ലാത്ത ചായ ,ചീന്തിലയിൽ വിളമ്പുന്ന ഇടിയവിലും പപ്പടവും പപ്പടമില്ലാത്ത അവരസങ്ങളിൽ ഒരു തേങ്ങാപ്പൂള് ഇതായിരുന്നു നാണു നായരുടെ കടയിലെ പ്രധാന വിഭവം. പഴുത്ത ചക്ക 'എത്ത'ലാക്കി നിലക്കടല തൊലിയോടെ മണൽ ചേർത്ത് വറുത്ത് നാലും അഞ്ചും വരുന്ന ഓഹരി വച്ച് വഴിപോക്കരെ കാത്തിരിക്കുന്ന ഉലാ മൊയ്തീൻ, പുകയിലയ്ക്കും വെറ്റിലയ്ക്കും അടക്കയ്ക്കും വേണ്ടി കടത്തിണ്ണയിൽ ഇരിക്കുന്ന ചെറുമികൾ ചില്ലുഭരണിയിലെ''' 'ബുളു ബുളു ' മിഠായിക്കായി കാത്ത് നിൽക്കുന്ന, വള്ളി പൊട്ടി അഴിയാൻ ഒരുങ്ങുന്ന ട്രൗസർ ഒരു കൈയ്യിലും, മറു കയ്യിൽ പൈസയുമായി നിൽക്കുന്ന കുട്ടികൾ, വളച്ചിട്ട കുടക്കമ്പികൊണ്ട് 'നൂറ്റുംകുറ്റി'യിൽ നിന്നും ചുണ്ണാമ്പ് തോണ്ടി എടുക്കുന്ന വെറ്റില മുറുക്കുകാർ.ചെമ്പാപറമ്പിലെ മേച്ചിൽ പുറങ്ങളിൽ നിന്നും വയറുനിറച്ച് ദേശത്തേക്ക് തിരിച്ചെത്തുന്ന കന്നുകാലികളുടെ ദാഹമകറ്റിയിരുന്ന 'തണ്ണീർത്തൊടി'.... എല്ലാം ദേശത്തുകാർ ഓർമയിൽ സൂക്ഷിക്കുന്ന കാഴ്ചകളാണ്‌... വർഷം മുഴുവൻ കവിഞ്ഞ് ഒഴുകുന്ന മങ്ങാട്ട് കുളം.കുളത്തെ ആശ്രയിച്ച് കൃഷിയിറക്കുന്ന ഇരിപ്പൂ മുപ്പൂ നിലങ്ങൾ ഇവിടേക്ക് ആവശ്യമായ ഞാറ് പാകിയിരുന്ന 'ഞാറ്റടി'യായ നമ്പൂത്തെ പള്ള്യാളിയും തോട്ടോളി പാടവും, പാടത്തോട് ചേർന്ന് കിടക്കുന്ന ജലാശയം. 'കാവു തീണ്ടല്ലേ കുളം വറ്റും' എന്ന പഴമൊഴി ആകാം പ്രകൃതിയുടെ ആലവട്ടങ്ങളായ നെച്ചിപ്പറമ്പിൽ കാവിനെയും, ചെങ്ങണപ്പെറ്റ കാവിനെയുമെല്ലാം ദേശത്ത് നിലനിർത്തുന്നത്.

      കാന്തക്കര പുല്ലൂർമണ്ണ മനക്കാർ ചെമ്രക്കാട്ടൂർ ദേശത്തിന്റെ കയ്യാളന്മാരായിരുന്നു. മലബാർ ലഹള മുതലെടുത്ത് സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടിയപ്പോൾ പുല്ലൂർമണ്ണയിലെ നമ്പൂതിരിയേയും, അന്തർജനത്തെയും കാളവണ്ടിയിൽ കയറ്റി മുമ്പിലും പിമ്പിലും വൈക്കോൽ കെട്ടുകൾ കൊണ്ട് മറച്ച് വണ്ടി പടിഞ്ഞാറോട്ട് ഫറോക്ക് വരെ തെളിച്ച് നമ്പൂതിരിക്കും കുടുംബത്തിനും സംരക്ഷണം നൽകിയ അവറാൻ കുട്ടി (ഇന്നത്തെ പോസ്റ്റുമാൻ പൂന്തല ഉമ്മർക്കായുടെ മൂത്താപ്പ). നന്ദിയായി മരണം വരെ 'ഇക്ഷ'യായി കഴിയുന്നതിനു ഒരു ഇടങ്ങഴി അരിക്കുള്ള വകയിരുത്തി തൊണ്ണൂറു പറ പാടത്തിന്റെ നിലം പതിച്ചു നൽകിയ നമ്പൂതിരി എന്റെ ദേശക്കാരനായിരുന്നു.

    കിഴക്കേയിൽ ഇടവഴിയിലൂടെ ഒലിച്ചിറങ്ങി മാങ്ങോട്ടിൽ പുറായ വഴി നാണു നായരുടെ കടയുടെ പുറകിലൂടെ ഒഴുകി തോട്ടോളി പള്ള്യാറക്കൽ ഭാഗത്ത് നിന്നെത്തുന്ന കൈവഴികളെ ആവാഹിച്ച് 'ഇലഞ്ഞിക്കൽ' വഴി കടന്നു പോകുന്ന ദേശത്തിന്റെ അരഞ്ഞാണമാകുന്ന കിന്നരിത്തോട് അങ്ങ് വല്ലയിൽ തൊട്ടിലെത്തി' മുണ്ടൂഴിയിൽ' എത്തുമ്പോഴേക്കും ഗ്രാമീണരുടെ കൃഷിയിടങ്ങളെയും മനസ്സുകളേയും കുളിർപ്പിക്കുമെങ്കിലും കാലവർഷത്തിന്റെ കാഠിന്യത്തിൽ ഇടിഞ്ഞു പൊളിഞ്ഞു അതിരുകൾ കരകവിഞ്ഞൊഴുകുമ്പോൾ പലരുടേയും മനസ്സിൽ തീയാണ്,അടുപ്പിൽ തീയില്ലെങ്കിലും..

   ദൈവങ്ങളുടെ നാടായി അറിയപ്പെടുന്ന ദേശത്ത് കുംഭ-മീന മാസങ്ങൾ കുലദൈവങ്ങളുടെ പ്രീതിക്കായുള്ള ഉത്സവഘോഷങ്ങളുടെ തിരക്കായിരിക്കും. ജാതിമതഭേദമന്യേ ചെമ്രക്കാട്ടൂകാർ കൊണ്ടാടുന്ന ആഘോഷമാണ് 'പൂക്കാട്ട് തിറ' ഇത് ദേശത്തിന്റെ സാംസ്കാരിക ഉത്സവവും, കോലാർ വീട് തറവാട്ടുകാർ ഇതിന്റെ അമരക്കാരാകുമ്പോൾ ചാത്തമംഗലം തിറയാട്ടു കലാ സമിതിയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന വെള്ളാട്ട്, തെയ്യം,ചാന്താട്ടം ,ചക്കുപുലി തുടങ്ങിയ കലാരൂപങ്ങൾ ദേശവാസികൾക്ക് സുപരിചിതമാകുന്നു. തട്ടകത്തിന്റെ ആരോഗ്യരക്ഷക്കായി അരിയെറിയാനെത്തുന്ന 'കാക്കുട' ചൂടിയ ചോപ്പനും വാല്യേക്കാരനും കുന്നത്തുകാവിൽ നിന്നെത്തുന്ന വാല്യേക്കാരൻ, കളിയാട്ടം കാവിലേക്ക് പുറപ്പെടുന്നതിന് മുമ്പായി വീടുകൾ കയറി ഇറങ്ങുന്ന കുതിരകളിക്കാരനും വാദ്യ സംഘവും തുടർന്നുള്ള പൂത പ്പുറപ്പാടുമെല്ലാം ദേശത്തിന്റെ മിടിപ്പുകളായി ശേഷിക്കുന്നുണ്ട്.ക്ഷേത്ര പരിസരത്തു നിന്നു വരുന്ന ശരണ മന്ത്രങ്ങളും ,സുപ്രഭാതഗീതങ്ങളും ,സുന്നി,മുജാഹിദ് പള്ളികളിൽ നിന്നുയരുന്ന ബാങ്കു വിളികളും ഈ ഹരിതലതാ നികുഞ്ജതത്തിന്റെ ഭിത്തികളിൽ തട്ടി പ്രതിഫലിക്കുന്നു.

 
പൂക്കാട്ട്  തിറയിൽ നിന്നും


       'കാളവണ്ടി'യിൽ നിന്ന് 'ഹ്യൂണ്ടായ്' വരെ എത്തി നിൽക്കുന്ന യാത്രക്കിടയിൽ പല മാറ്റങ്ങളും ഉണ്ടായി.ജീവിതം ലളിതമാക്കുന്ന ആധുനിക യന്ത്രങ്ങൾ ഉൾക്കൊള്ളുന്ന മില്ലുകൾ, ഇടതടവില്ലാതെ ഓടുന്ന വാഹനങ്ങൾ, കുടിലുകളിൽ വെള്ളമെത്തിക്കാനായി സ്ഥാപിച്ച പൈപ്പ് ലൈനുകൾ, കായികരംഗത്തിന്റെ വികസനം മുന്നിൽ കണ്ട് പഞ്ചായത്ത് സ്റ്റേഡിയം, അംഗൻവാടികൾ, പ്രൈമറി വിദ്യാലയം ,ആയുർവേദ ആശുപത്രി, ഹെൽത്ത്‌സെന്റർ, ലൈവ് ആയി കാര്യങ്ങൾ എത്തിക്കുന്ന കേബിൾ ശൃംഖല, കോൺക്രീറ്റ് കെട്ടിടങ്ങൾ, ഗ്രാമീണരുടെ വായന

 
ചെമ്രക്കാട്ടൂർ പുല്ലൂർമണ്ണ ഇല്ലം സ്മാരക പൈതൃകത്തിൽ സൂക്ഷിച്ചിരിക്കുന്ന ചീനഭരണി

വർദ്ധിപ്പിക്കാൻ 'യങ് മെൻസ്' റീഡിങ് റൂം, കേബിൾ ശൃംഖലയിൽ നിന്നും വൈഫൈ ശൃംഖലയിലേക്ക് മാറിയ ഇന്റർനെറ്റ് കണക്ഷൻ, എല്ലാം ഒരു കടയിൽ നിന്ന് ലഭിക്കുന്ന സൂപ്പർ മാർക്കറ്റുകൾ...... അങ്ങനെ നീളുന്നു ചെമ്രക്കാട്ടൂരിന്റെ ജൈത്രയാത്ര. വൈകാതെ തന്നെ 60 മീറ്റർ വീതിയിൽ ഭാരത്മാല റോഡ്[4] കൂടി ചെമ്രക്കാട്ടൂരിലൂടെ കടന്നു പോവുമ്പോൾ ചെമ്രക്കാട്ടൂരിന്റെ മുഖച്ഛായ മുഴുവനായും മാറിപ്പോവുമെന്നു ഉറപ്പാണ്.


ചെമ്രക്കാട്ടൂരിൽ പുല്ലൂർമണ്ണ ഇല്ലം ,വിഷ്ണുനമ്പൂതിരി സ്മാരകം, പൈതൃകം സ്ഥിതിചെയ്യുന്നു. 500 കൊല്ലം പഴക്കം ഈ ഇല്ലത്തിനുണ്ട്.ഇല്ലത്ത് സ്മാരക പൈതൃകങ്ങളെല്ലാം സംരക്ഷിച്ചുപോരുന്നു.

കാവിലാട്ടിന്റെ ഐതിഹ്യത്തെപ്പറ്റി

ശങ്കരൻ കേട്ട അറിവ്

നൂറ്റാണ്ടുകൾക്ക്മുൻപ് ചെമ്രക്കാട്ടൂർദേശംഉൾപ്പെട്ട ഭൂമി മുണ്ടകശ്ശേരി ഇല്ലത്തുകാർക്ക് ജന്മാവകാശം കിട്ടിയപ്പോൾ ആ സ്ഥലത്തേക്ക് പോകുന്നതിനുവേണ്ടി മഞ്ചൽ പിടിക്കുന്നതിനായി തൃക്കളയൂർ അമ്പലത്തിന്റെ തെക്കുഭാഗത് താമസിക്കുന്നവരായ ചെഞ്ചിലിയൻ തറവാട്ടിൽനിന്നും മൂന്ന് സഹോദരന്മാരെ കൊണ്ടുവരുകയും അവർ അടക്കം നാലുപേർ മഞ്ചൽ ഏറ്റി പോരുമ്പോൾ ആക്കോട് എത്തി വിശ്രമത്തിനായി മഞ്ചൽ ഇറക്കിവെച്ചു .വിശ്രമം കഴിഞ്ഞു മഞ്ചൽ എടുത്തപോരുകയും ചെയ്തു .ജന്മ സ്ഥലമായ ചെമ്രക്കാട്ടൂർ കാന്തക്കര പറമ്പിന്റെ മുകളിൽ എത്തി മഞ്ചൽ ഇറക്കിവെച്ചു .

 
കാന്തക്കര പുല്ലൂർമണ്ണ ഇല്ലക്കാർ കാലങ്ങളായ് സംരക്ഷിച്ചു പോരുന്ന കാവ്

ആ സമയത്ത് അവിടെ ഒരു സ്ത്രീയെ കാണുകയും കുടിക്കാനായി കുറച്ചു വെള്ളംആവശ്യപ്പെടുകയും വെള്ളം കൈവശമില്ലാത്ത ചെഞ്ചിലിയൻ സഹോദരങ്ങൾ വെള്ളത്തിനായി താഴോട്ടിറങ്ങി വെളുത്തപറമ്പിൽ എത്തിയപ്പോൾ ഒരാളെ കാണുകയും അയാൾ കുമ്പിളിൽ വെള്ളം തരുകയും ആ വെള്ളം കൊണ്ടുകൊടുത്ത് വെള്ളം കുടിച്ചു ആസ്ത്രീയെ കാണാതാവുകയും ചെയ്തു .ശേഷം ചെഞ്ചിലിയൻ സഹോദരങ്ങളോട് ആ പ്രേദേശത്ത് പണി എടുത്ത് താമസിക്കുവാൻ പറഞ്ഞ ഇല്ലത്തുകാർ ചെമ്പാഴി ഇല്ലത്തിനടുത്ത് പുല്ലൂർമണ്ണയിൽ പോയി താമസമാക്കി ചെഞ്ചിലിയൻ സഹോദരങ്ങൾ മൂന്ന് സ്ഥലത്തായി കാന്തക്കര ,വെളുത്തപറമ്പ് ,പൊട്ടംതൊടി എന്നീ സ്ഥലങ്ങളിൽ കുടിൽ കെട്ടി താമസിച്ചു.ഈ സമയത്ത് കാന്തക്കര പറമ്പിന്റെ മുകളിലും വെളുത്തപറമ്പിന്റെ താഴെയും ഉണ്ടായമാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയും ആ വിവരങ്ങൾ പുല്ലൂർമണ്ണ ഇല്ലത്ത് പോയി പറയുകയും ചെയ്തു .

 
ചെഞ്ചിലിയൻ തറവാട്ടുകാർ സംരക്ഷിച്ചു പോരുന്ന കാവ്


പിന്നീട് പ്രശ്നം വെച്ച് അറിയാൻ കഴിഞ്ഞത് വെളുത്തപറമ്പിൽ നിന്നും കുമ്പിളിൽ വെള്ളം തന്നത് ചെഞ്ചിലിയൻ മുത്തപ്പനാണെന്നും -കാന്തക്കരപറമ്പിന്റെ മുകളിൽനിന്നും ആ വെള്ളം കുടിച്ച് കാണാതായ സ്ത്രീ മുണ്ടകശ്ശേരി ഇല്ലം തറവാട്ടിലുണ്ടായിരുന്ന അമ്മയാണെന്നും ,ആക്കോട് മലയിൽ പ്രകൃതിയെ ആസ്വദിച്ച് കഴിയുകയായിരുന്നു എന്നും മുണ്ടകശ്ശേരി ഇല്ലത്തുള്ള അതിന്റെ സന്താനങ്ങൾ പോകുന്നത്കണ്ട് കൂടെപോന്നതാണെന്നും ,കാന്തക്കരപ്പറമ്പിന്റെ മുകളിൽ പ്രെകൃതിയെ ആസ്വദിച്ച് കഴിയുകയാണെന്നും അറിയാൻ കഴിഞ്ഞു .

ഇതെല്ലാം അറിഞ്ഞ ശേഷം ഇല്ലത്തുകാർ അമ്മയുടെ കാവിന് സമീപം കാന്തക്കരപ്പറമ്പിൽ താമസമാക്കുകയും അവിടെ താമസിച്ചിരുന്ന ചെഞ്ചിലിയൻ കുടുംബം വെളുത്തപറമ്പ ഭാഗത്തേക്ക് പോവുകയും ചെയ്തു .ശേഷം കാവിലമ്മയ്ക് ഇല്ലത്തുകാർ പൂജാകർമ്മങ്ങൾ ചെഞ്ചിലിയൻ തറവാട്ടുകാരാണ് ചെയ്യേണ്ടത് എന്നും ഉത്സവം നടത്താൻവേണ്ട സഹായങ്ങൾ ഇല്ലത്തുനിന്നും കൊടുക്കണം എന്നും അറിഞ്ഞു.

ശേഷം കാവിന്റെ ഭാഗംഅതിര് തിരിച്ച് മാങ്ങോട്ടുകുളം അടക്കം വെളുത്തപറമ്പ് വരെ ചെഞ്ചിലിയൻ തറവാട്ടുകാർക്ക് ഏല്പിച്ചുകൊടുത്തു .

പിന്നീട് ബ്രിട്ടീഷുകാർ റോഡുണ്ടാക്കി രണ്ടു ഭാഗമായി തീരുകയും ഇല്ലത്തുകാർ അവിടെ നിന്നും പഴയ അമ്പലം ഉണ്ടായിരുന്ന പടിഞ്ഞാറേ കരയിലേക്ക് താമസം മാറുകയും ചെയ്‌തു .

കാവിൽ അമ്പലം പണിയാൻ പാടില്ലെന്നും പ്രകൃതിയെ ആസ്വദിച്ച് കഴിയുന്നു എന്നും ജാതിഭേദമില്ലാതെ എല്ലാവിഭാഗം ജനങ്ങളുടെയും പ്രീതിക്കുവേണ്ടി നിലകൊള്ളുന്നു എന്നും ഐതഹ്യം




 
ജി എൽ പി എസ് ചെമ്രക്കാട്ടൂർ

പൊതുസ്ഥാപനങ്ങൾ

  • ഗവണ്മെന്റ് മൃഗാശുപത്രി
  • പി എച്ച് സി
  • ഗവണ്മെന്റ് ആയുർവേദ ആശുപത്രി

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ജി.എൽ. പി. എസ് . ചെമ്രക്കാട്ടൂർ


ശ്രദ്ധേയരായ വ്യക്തികൾ

കാന്തക്കര പുല്ലൂർമണ്ണ ഇല്ലം ശ്രീ.ചെറിയനാരായണൻ നമ്പൂതിരി: വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും ഉണ്ടാക്കുന്നതിനായി സൗജന്യമായി സ്ഥലം വിട്ടുനല്കി പരിസരപ്രദേശങ്ങളിൽ വിജ്ഞാനത്തിന്റെ കൈത്തിരി തെളിയിച്ച കാന്തക്കര പുല്ലൂർമണ്ണ കുടുംബം ചെമ്രക്കാട്ടൂരിലും ഒരു വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം കൊളുത്താനെടുത്ത തീരുമാനം തങ്കലിപികളാൽ ചെമ്രക്കാട്ടൂരിന്റെ ചരിത്ര പുസ്തകത്തിൽ ആലേഖനം ചെയ്യപ്പെടുകയായിരുന്നു. പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കൾ പലയിടങ്ങളിലും വിദ്യാലയത്തിനും പൊതുസ്ഥാപനങ്ങൾക്കുമായി ദാനം ചെയ്ത കഥകൾ ചരിത്രത്തിലുണ്ട്. എന്നാൽ വിലക്കു വാങ്ങിയ സ്ഥലം വിദ്യാലയമുണ്ടാക്കാൻ സൗജന്യമായി വിട്ടു നല്കിയ ചരിത്രം അധികം കേട്ടിട്ടില്ല.എന്നാൽ കാന്തക്കര പുല്ലൂർമണ്ണ ഇല്ലം ശ്രീ.ചെറിയ നാരായണൻ നമ്പൂതിരി താൻ വിലകൊടുത്തു വാങ്ങിയ ഒരു ഏക്കർ സ്ഥലമാണ് ചെമ്രക്കാട്ടൂരിൽ സ്കൂളുണ്ടാക്കാൻ ദാനമായി നല്കിയത്.

ചിത്രശാല

അവലംബം