ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
ഹസീനബീഗം പി . കെ
എന്റെ അക്ഷര പന്ഥാവിൽ മാർഗ്ഗദീപം തെളിയിച്ച എല്ലാ ഗുരുഭൂതരുടെയും സ്മരണകൾക്കു മുന്നിൽ
സ്നേഹാദരങ്ങളോടെ....................................................................................................................................................................................
കാലം എനിക്കായ് നല്കിയ സമ്മാനങ്ങളിൽ അമൂല്യ നിധിപോൽ കാത്തു സൂക്ഷിക്കുന്ന എന്റെ വിദ്യാലയ ജീവിതം . തുമ്പപ്പൂവിൻ വെൺമ തൂകുന്ന സൗഹൃദങ്ങൾ ,അറിവിൻ തോണി കയറിയപ്പോൾ ഉലയാതെ മുന്നോട്ട് കൊണ്ടുപോയ പ്രിയ ഗുരുക്കൾ ,ഇന്നും കാതുകളിൽ മുഴങ്ങുന്ന ഗതകാല സ്മരണകളുടെ കുയിൽ നാദങ്ങൾ, എഴുത്തച്ഛനും ന്യൂട്ടനും പൈതഗോറസും ഇന്നും മനസ്സിൻ്റെ തീരത്തെവിടെയോ നടക്കുന്നു .കനകച്ചിലങ്ക കിലുക്കിയ മലയാള ഭാഷയുടെ നൃത്തം ഇന്നും ശ്രവണ പഥങ്ങളിൽ നിന്നും ദൂരെ പോയിട്ടില്ല. പറയാതെ പറഞ്ഞ പ്രണയം, ക്ലാസ്സിലെ പഴയ ഇരിപ്പിടങ്ങൾ, അസംബ്ലിയിൽ റോസാപ്പൂവിലൂടെ കിട്ടുന്ന അംഗീകാരങ്ങൾ, അധ്യാപകർക്ക് ഓമന പേരുകൾ സമ്മാനിക്കുന്നവർ, കപ്പയും കാന്താരിയും നല്കിയ സേവനവാരങ്ങൾ, സൈക്കിൾ പOനം, കലോത്സവങ്ങൾ ,കായിക മത്സരങ്ങൾ, ആരും കാണാതെ കൈകളിൽ വച്ചു തന്ന പ്യാരി മിഠായികൾ എല്ലാം നനുത്ത ഓർമ്മകളായി ഇന്നും ഹൃദയ അറയ്ക്കുള്ളിൽ കുളിരുകൾ നിറക്കുന്നു. ഒരു മലയാളം അധ്യാപികയുടെയും കവയിത്രിയുടെയും വേഷം അണിയുവാൻ വിധി കല്പിച്ചപ്പോൾ നിമിത്തമായതും അധ്യാപകരുടെ സ്നേഹ പരിഗണനകൾ പ്രാർത്ഥനകൾ അനുഗ്രഹങ്ങൾ ഇവയെല്ലാമാണ്. നൂറുമേനി കൊയ്തു അഭിമാനത്തിന്റെ നെറുകയിലാണ് ഇന്നെന്റെ വിദ്യാലയം. ഇനിയും ഒരുപാട് പ്രതിഭകൾക്കു ജന്മം നൽകുവാൻ അക്ഷര മധുരം നുകരുവാൻ ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു തലമുറയെ അനുഗ്രഹിക്കുവാൻ എൻ്റെ വിദ്യാലയത്തിനാവട്ടെ. ജീവിതത്തിൽ പൊട്ടിപ്പോയ സൗഹൃദ ഹാരത്തെ വീണ്ടും കോർത്തണിയുവാനുള്ള ശ്രമത്തിലാണിപ്പോൾ. നല്ലോർമ്മകൾ നല്കിയ ഈ തിരുമുറ്റത്തെത്തുവാൻ മോഹമാണെന്നും. ഇന്നും ഞാനിവിടെയെത്തുമ്പോൾ ഗതകാല സ്മരണകളുടെ തേൻ മിഠായികൾ പെറുക്കുവാനുള്ള ഓട്ടത്തിലാണ്
...തിരികെ പോകാം... |
---|