ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം//കൊറോണക്കാലത്തെ ഒരു ഭൗമദിനം

കൊറോണക്കാലത്തെ ഒരു ഭൗമദിനം

മഞ്ഞുകണങ്ങളുടെ ചെറു കുളിരിൽ - കുയിലിന്റെ പുലർകാല പാട്ടിൽ അലിഞ്ഞ് പാടവക്കത്തെ ചെറുകുടിലിനു ചുറ്റും ഇളം കാറ്റിലാടുന്ന ഇലകളുടെ മർമരങ്ങൾ, ചെറുകിളികളുടെ കൊഞ്ചലുകൾ... പ്രകൃതിയുടെ ഈ നിശബ്ദ്ധതയിൽ അവൾ ഉറങ്ങുകയാണ് പൊട്ടിയ ജനാല ചില്ലുകൾക്കിടയിലൂടെ പതിക്കുന്ന സൂര്യകിരണങ്ങൾ അവളെ ഉണർത്തുംമുൻപേ ഉമ്മയുടെ വിളി കേട്ട് അവൾ ഉണർന്നു. "മോളേ സുഹറാ....: 'എന്താണുന്റുമ്മാ - മനുഷ്യന്റെ ഉറക്കം കെടുത്താൻ' അവൾ വീണ്ടും പായയിൽ ചുരുണ്ടു. 'ന്റെ മോളേ യ്യ് ന്നലെ പറഞ്ഞത് മറന്ന' പാതി ഉറക്കത്തിൽ ഉമ്മ പറഞ്ഞത് കേട്ട് ഒരുൾവിളിയാലെന്ന പോലെ അവൾ ചാടി എഴുന്നേറ്റു. ഇന്ന് ഏപ്രിൽ 22. അന്താരാഷ്ട്ര ഭൗമദിനം സ്കൂളിൽ ഒരു സെമിനാറുണ്ട് അതിൽ സംസാരിക്കുന്നത് ബഷീർ മാഷാണ്. സുഹറക്ക് സരസനായ ബഷീർ മാഷിനെ വല്ല്യ ഇഷ്ടമാണ്. അതുകൊണ്ടാണ് അവൾക്ക് ഇത്ര ഉൻമേഷത്തോടെ എഴുനേൽക്കാനായത്. വേഗത്തിൽ കുളിച്ച് അച്ഛൻ വാങ്ങി കൊടുത്ത വിഷുക്കോടിയും ധരിച്ച് സുന്ദരിയായപ്പോഴേക്കും അമ്മ ചായ തയ്യാറാക്കി. ചായ കുടിച്ചു കൊണ്ടിരിക്കെ പുറത്ത് നിന്ന് ഒരു വിളി 'സുഹറാ ജ് വര്ണില്യേ പരിപാടി പ്പ തൊടങ്ങീട്ടുണ്ടാകും' പുറത്ത് ശരത്തും ഡോണയും കാത്ത് നിൽക്കുകയാണ്.

പകുതി കഴിച്ച ഭക്ഷണം ഉമ്മ കാണാതെ ശശിക്ക് കൊടുത്തു.ശശി എന്റെ വീട്ടിൽ അടവച്ച് വിരിയിച്ച പൂവൻ കോഴിയാണ്. സന്തോഷ് പണ്ഡിറ്റ് എന്ന പേരിടാനായിരുന്നു എനിക്കിഷ്ടം. ഏട്ടനാണ് ശശി എന്ന പേര് നിർദ്ദേശിച്ചത്. " ഉമ്മാ... ഞാൻ പോവാട്ടാ...' 'ശരി പരിപാടി കഴിഞ്ഞാ അവിടേം ഇവിടേം തങ്ങാതെ വേഗംവരണം ഉപ്പ ഇവിടെ ഇല്ലാത്തതാ.' നേരം വൈകിയതിനാൽ ഒരോട്ടമായിരുന്നു സ്കൂളിലേക്ക്. സ്കൂളിലെത്തിയപ്പോഴേക്കും ആകെ തളർന്നിരുന്നു. കൊറോണ കാലമായതിനാൽ സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സാനിറ്റൈസർ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കി ഞങ്ങൾ സദസ്സിലേക്ക് കയറി. കുറച്ച് കൂട്ടുകാരൊക്കെ അവിടെ ഇരിപ്പുണ്ട്. ദിവസങ്ങൾക്ക് ശേഷം കാണുന്ന അവരുടെ ശബ്ദവീചികളാൽ സദസ്സ് നിറഞ്ഞു. നിശബ്ദ്ധരായിരിക്കാൻ അറിയിപ്പ് വരുന്നുണ്ടെങ്കിലും ശബ്ദ്ധ കോലാഹലത്തിന് കുറവുണ്ടായില്ല. "പോത്തിനോട് വേദമോതിയിട്ട് എന്തു കാര്യം' സുഹറ ഓർത്തു. തിരശ്ശീല പതുക്കെ ഉയർന്നു.ഓരോ കുഞ്ഞു മനസ്സിലും കൗതുകത്തിന്റെ വിത്തുകൾ നിറഞ്ഞു.

സ്റ്റേജിനു നടുവിൽ നീല ഷർട്ടും വെള്ള മുണ്ടും നരച്ച മീശയും നരച്ച മുടിയും.. പൗരുഷത്തോടെ മൈക്കിനു മുന്നിൽ ബഷീർ മാഷ് സദസ്സിൽ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത. ബഷീർ മാഷിന്റെ ചുണ്ടുകൾ ചലിച്ചു. ' ഇന്ന് എനിക്ക് പറയാനുള്ളത് കൊറോണ കാലത്തെ ഭൗമദിനം എന്ന വിഷയത്തെ കുറിച്ചാണ്.' ലോകമാകെ കൊറോണയെന്ന മഹാമാരിയുടെ പിടിയിലായതിനാലാകണം അദ്ദേഹം ഇങ്ങനെ തുടങ്ങിയത് - സുഹറ കരുതി. അദ്ദേഹം തുടർന്നു 'ഭൗമദിനത്തിന്റെ ഈ അമ്പതാം വാർഷികത്തിൽ കോവിഡ് 19 ന്റെ നിഴലിൽ ഏറെ ആഘോഷിക്കാതെ പോകുന്ന ഭൗമദിനം നമ്മൾ ഓർക്കാതിരുന്നു കൂടാ മഹാ പകർച്ചവ്യാധിയുടെ ഈ ഘട്ടത്തിലും പരിസ്ഥിതി ചിന്തകൾ വളരെ പ്രധാനപ്പെട്ടതാണ്. പരിസ്ഥിതി സംരക്ഷണവും ശുചിത്വ ശീലങ്ങളും മഹാമാരി പടർത്തുന്ന വൈറസുകളേയും മറ്റ് സൂക്ഷ്മജീവികളേയും തടയുന്നതിന് സഹായകമാണ്. കൊറോണയെന്ന പാൻഡമിക് ലോകത്തെ ലോക്ഡൗണിലേക്ക് നയിച്ചു.ഇത് വിസ്മയകരമായ മാറ്റമാണ് ഭൗമാന്തരീക്ഷത്തിൽ സൃഷ്ടിച്ചത്. വ്യാവസായിക വിപ്ലവാനന്തരം അന്തരീക്ഷ മലിനീകരണ നിരക്ക് ഇത്രയും കുറഞ്ഞത് ഈ കൊറോണ കാലത്ത് മാത്രമാണ്. ഭാരതത്തിന്റെ തലസ്ഥാന നഗരി പോലും ഗുരുതരമായി മലിനീകരിക്കപ്പെട്ട് ജനങ്ങൾ ശുദ്ധവായുവി നായി ക്യൂ നിന്നിരുന്നത് മറന്നു കൂടാ. ഇന്ന് ഡൽഹി മാലിന്യ മുക്തമാണ്. കോ വി ഡാനന്തരം ഒരു നവലോകം പടുത്തുയർത്തുന്നതിന് പരിസ്ഥിതി സംരക്ഷണം മൗലികമായ ഒരു അടിത്തറയൊരുക്കും എന്നതിൽ സംശയമില്ല. കുഞ്ഞുങ്ങൾ എന്ന നിലയിൽ നിങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തിന് ഏറെ കാര്യങ്ങൾ നിറവേറ്റാൻ കഴിയും. നിങ്ങളുടെ ശീലങ്ങൾ പങ്കുവച്ചാകണം ലോകം നിങ്ങളോട് നന്ദി പറയേണ്ടത്. നന്ദി' പ്രസംഗം കഴിഞ്ഞു. സുഹറയുടെ മനസിൽ ഒരു പുതിയ സൂര്യൻ ഉദിച്ചു. ഞാൻ നടക്കുന്നത് ആ ഉദയത്തിലേക്കാണെന്ന് അവൾക്ക് തോന്നി. സുഹറ ശരത്തിന്റേയും ഡോണയുടേയും കണ്ണുകളിലേക്ക് നോക്കി. അവിടേയും ഒരു പുതിയ തിളക്കം അവൾ കണ്ടു....

നിരഞ്ജന എ 8E

നിരഞ്ജന എ
8 E ജി.എച്ച്. എസ്.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ