ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/സ്നേഹത്തിൻറെ ചിറകുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹത്തിൻറെ ചിറകുകൾ

നാട്ടിലൂടെ ഒരു തടസ്സവുമില്ലാതെ വാഹനം മുന്നോട്ട് കുതിക്കുന്നുണ്ടായിരുന്നു. ഗതി കിട്ടാതെ പായുന്ന ഏതോ ഒരു പൂച്ചയെ പോലെ..... ചില ആളുകൾ അതിശയത്തോടെ തുറിച്ചുനോക്കുന്നു. ചില രാണെങ്കിൽ ഇടയ്ക്കിടെ കാണുന്ന മനോഭാവത്തിൽ നടന്നു പോകുന്നു. തുറിച്ചുനോക്കുന്നവരോട് ഡ്രൈവർ ചോദിക്കും; 'ജ്ജ് എന്താടോ പഴംപൊരി കണ്ട മാതിരി നോക്കണത് എന്ന് ' ഈ വാഹനം നിങ്ങൾക്കെല്ലാം സുപരിചിതമാണ് . ഒരു ആംബുലൻസ്. കണ്ടാലും അതിന്റെ ശബ്ദം കേട്ടാലും ഒന്ന് നോക്കാത്തവരായി ആരും ഉണ്ടാവില്ല. പക്ഷേ ഈ ആംബുലൻസ് കൂവി വിളിച്ചല്ല പോകുന്നത്, നിശബ്ദമായി. അതിൽ മുൻസീറ്റിൽ തന്നോടൊപ്പമുള്ള ബേബി സിസ്റ്റർ പറയുന്നതിനനുസരിച്ച് ബ്രേക്ക് ചവിട്ടാൻ നിയമിക്കപ്പെട്ട ഡ്രൈവർ ഷംസു. ധാരാളം രോഗികളുടെ സങ്കടങ്ങളും അവരുടെ കണ്ണുനീരും കണ്ട് മങ്ങിയ കണ്ണുകളുമായി അവർ രണ്ടുപേരും. നാലടി നീളത്തിൽ ആ മെലിഞ്ഞ ശരീരത്തിൽ തിരക്കുപിടിച്ച് ഓടുന്നതിനിടയിൽ എപ്പോഴോ ഞൊറിഞ്ഞുടുത്ത സാരി. രോഗികളുടെ ഏതു ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധയോടെ നോക്കാൻ മൂക്കിന് തൊട്ടു മീതെയായി ഒരു കണ്ണാടി. ഇതാണ്... ആ മാലാഖ... ബേബി സിസ്റ്റർ . ഇതിനിടയിൽ ഒരു പാൻറും ഷർട്ടും ധരിച്ച് കയ്യിൽ ഒരു വാച്ചും കെട്ടി ഗിയറും ബ്രേക്കും പിടിക്കാൻ ഷംസു ഡ്രൈവർ . ഇവരുടെ കൂടെ ചില ആത്മാർത്ഥ മനസ്സുള്ള വളണ്ടിയേഴ്സും. ചിലർ കടമ നിർവഹിക്കാൻ വരുന്നവർ മറ്റു ചിലർ ആത്മാർത്ഥമായി വരുന്നവർ.ഇത് ഒരു പ്രസ്ഥാനമാണ്, പാലിയേറ്റീവ് - "ഇനിഷ്യേറ്റീവ് പാലിയേറ്റീവ് ". ഇവിടെ ഓടിച്ചു പോകുന്ന ആംബുലൻസിൽ നിറയെ മരുന്നുകളാണ്. അത് ആർക്കെന്നില്ല. പാവപ്പെട്ടവനും പണക്കാരനും, ആശുപത്രിയിൽ പോകാൻ കഴിയുന്നവനും അല്ലാത്തവനും , എല്ലാവർക്കും ഇത് നല്കും.ഓരോ രോഗിയുടെ വീട്ടിൽ നിന്ന് വിളി വരുമ്പോഴും അവിടെ ഓടിയെത്തുന്നു. ഇപ്പോൾ ഈ തിരക്കിട്ട് പോകുന്നത് നമ്മുടെ ചി രുതമ്മുടെ വീട്ടിലേക്കാണ്. കണ്ടാൽ അധികം ആൾ താമസം ഇല്ലാത്ത ഒരു ഏരിയ. ഒരു കുടുസ്സു ഇടവഴിയിലൂടെ അവർ കറുത്ത ബാഗും മുറി കെട്ടാനുള്ള ബിന്നും നീണ്ട രണ്ട് പുസ്തകവുമായി നീങ്ങുകയാണ്. അതാ ഒരു നീളം കുറഞ്ഞ അമ്മ. കവിളിൽ ഒരു മുറിവ്. വെറും മുറിവ് അല്ല, വലിയ പാറ പോലെ മാസം പുറത്തേക്ക് വന്നിരിക്കുന്നു . തന്റെ ഒരേ ഒരു മകൻ അടുത്തില്ല. അവനും ഭാര്യയും വേറെയാണ് താമസിക്കുന്നത്. ഒരു മകളും താനും മാത്രം. ആ കണ്ണുകൾ ധാരാളം കെട്ട കാഴ്ചകൾ കണ്ടു മങ്ങിതുടങ്ങിയിരിക്കുന്നു. തൻറെ സങ്കടങ്ങളും ദുഃഖങ്ങളും അവർ പങ്കിട്ടു. ആ മുറിവ് വെച്ചുകെട്ടിക്കൊണ്ടിരിക്കുന്ന ബേബി സിസ്റ്ററെ ദൈന്യതയോടെ അമ്മ നോക്കുന്നുണ്ടായിരുന്നു. പിന്നീട് ഏതോ ഒരാൾ വിളിച്ചു പറഞ്ഞു; മറ്റൊരു കേസ്, മറ്റേതോ വീട്ടിൽ അനാഥമായി കഴിയുന്ന ഒരു അമ്മയും മകളും. അത്രമാത്രം പറഞ്ഞു ഫോൺ വച്ചു. കൂടെ സ്ഥലവും പറഞ്ഞു. അവർ വേഗം അങ്ങോട്ടേക്ക് കുതിച്ചു' അവിടെ സമനില തെറ്റി നടക്കുന്ന ഒരു മകൾ അകത്ത് കിടക്കയിൽ മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്ന ഒരു അമ്മ. ആ വീട് ഒരു വാടക വീടാണ്. അമ്മയെ മക്കൾ എല്ലാവരും കയ്യൊഴിഞ്ഞ് പോയി. ദിവസങ്ങളായി ഭക്ഷണം കിട്ടാതെ മെലിഞ്ഞ് ഞരമ്പുകൾ തെളിഞ്ഞു കാണുന്ന ശരീരം. മെലിഞ്ഞൊട്ടിയ കവിൾ, കുഴിക്കണ്ണുകൾ..... അവർ ആ വീട് ഒന്ന് കണ്ണോടിച്ചു നോക്കി. ദിവസങ്ങളായി പാചകം ഇല്ലാത്ത അടുക്കള. ഉടനെ അവർ അടുത്ത വീട്ടിൽ പോയി കഞ്ഞി വെള്ളം വാങ്ങിക്കൊണ്ടു വന്നു. ദിവസങ്ങളായി ഉമിനീരുമാത്രം പോയിക്കൊണ്ടിരുന്ന അന്നനാളത്തിലൂടെ ആ കഞ്ഞി വെള്ളം ഇറങ്ങിച്ചെന്നു. ആ അമ്മ കുറച്ചു നിമിഷം കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞു. മരണത്തിന് തൊട്ട്മുൻപ് അന്ത്യകർമ്മം ചെയ്യാനെത്തിയ മാലാഖയെപ്പോലെയാണ് അവർ അവിടെയും എത്തിയത്. ആ അമ്മയുടെ അന്ത്യ കർമ്മങ്ങൾ കഴിഞ്ഞ് അവർ തിരിച്ചു പോന്നു. ഇങ്ങനെ ധാരാളം ആളുകളുടെ മാലാഖയായി ഇന്നും അവർ നിലകൊള്ളുന്നു . എന്നും അവർ നിലകൊള്ളുകയും ചെയ്യും. സ്നേഹത്തിന്റെ പൊൻതൂവലായി .... ജീവിതയാത്ര അവസാനിക്കുന്നത് വരെ.

ഫാത്തിമ റിൻസി
10 B ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ