ജി.എച്ച്. എസ്.എസ്. കക്കാട്ട്/എന്റെ ഗ്രാമം
ഭൂതകാലത്തെ കുറിച്ചുള്ള അറിവ് നിലനിൽക്കുന്ന ജിവിതസാഹചര്യവുമായി ബന്ധപ്പെടുത്തുന്നതാണ് ചരിത്രം. ഓരോ നാടിനും തനതായ ഒരു ചരിത്രമുണ്ട്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്കിൽ ഹൊസ്ദുർഗ് താലൂക്കിലാണ് മടിക്കെ ഗ്രാമ പഞ്ചായത്ത്. തെക്കാ ഭാഗത്ത് നിലേശ്വരം മുൻസിപ്പാലിറ്റിയും , കിനാനനൂർ കരിന്തളം പഞ്ചായത്തും വടക്ക് അാജനൂർ ,പില്ലൂർ പെരിയ, കോടോം ബേളൂർ പഞ്ചായത്തുകളും, കിഴക്ക് കിനാനൂർ കരിന്തളം കോടോം ബേളൂർ പഞ്ചായത്തുകളും പടിഞ്ഞാറ് കാഞ്ഞങ്ങാട് നഗര സഭയാലും ചുറ്റപ്പെട്ട് കിടക്കുന്നതാണ് മടിക്കെ പഞ്ചായത്ത്. ആകെ പതിനഞ്ച് വാർഡുകൾ. പന്ത്രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
പേരും പൊരുളും ജല സമൃദ്ധിയുടെ നാടാണ് മടിക്കൈ. "കൈ" എന്നാൽ ശുദ്ധജലം കെട്ടി നിൽക്കുന്ന സ്ഥലം. മടിക്കൈയുടെ പരിസ്ഥിതി ഘടന ഇത്തരം കൈകൾ നിറഞ്ഞതാണ്.കൈകളുടെ മടിത്തട്ട് എന്ന വിവക്ഷയായിരിക്കാം മടിക്കൈ. മടിക്കൈ "മട്ക്ക" എന് വാക്കിൽ നിന്ന് ഉത്ഭവിച്ചതാണ് എന്നാണ് മറ്റൊരു അഭിപ്രായം. മട്ക്ക എന്നാൽ കന്നട ഭാക്ഷയിൽ കലം എനാനണ് അർത്ഥം. മടിക്കൈയിലെ ചില പ്രദേശങ്ങളിൽ പണ്ട് മുതൽക്കേ കുശവന്മാർ അധിവാസമുറപ്പിച്ചിട്ടുണ്ട് എന്നത് ഈ അഭിപ്രായത്തെ സാധൂകരിക്കുന്നു. മടിക്കെയിലെ കാട് ചേർന്ന് വരുന്ന സ്ഥലനാമങ്ങളിലൊന്നാണ് കക്കാട്ട്. കക്കാട്ട് എന്നാൽ ഇളം കാട്."കക്ക്" എന്ന പദത്തിന് ഇളം എന്ന അർത്ഥം ഉണ്ട്. ഇതിൽ നിന്നും രൂപപ്പെട്ടതാവാം കക്കാട്ട്. കാവുകൾ അപ്രത്യക്ഷമാകുന്ന ഈ സാഹചര്യത്തിൽ മടിക്കൈയിൽ മാത്രം 22 കാവുകളാണ് ഉള്ളത്. വളരെ വിസ്തൃതമായ കുളങ്ങാട്ട് കാവ് മുതൽ പരിമിതമായ ചുറ്റളവുള്ള കാവുകൾ വരെ മടിക്കൈയിലുണ്ട്. മാവിലർ, പുലയർ തുടങ്ങിയ വിഭാഗക്കാരാണ് കാവുകളിലെ ആരാധനയ്ക്ക് രൂപം നല്കിയത്. ചരിത്ര ശേഷിപ്പുകൾ പ്രാചീന ശിലായുഗത്തിന്റെ അവശിഷ്ടങ്ങൾ മടിക്കൈയിലെ പലഭാഗത്ത് നിന്നും കണ്ടെത്തിയിടിടുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മടിക്കൈയിലെ ജനവാസത്തിന്റെ ചരിത്രം മഹാശിലാ സംസ്കാരത്തോളം പഴക്കമുള്ളതാണ്. കണ്ണാടിപ്പാറ, അമ്പലത്തറ, മലപ്പച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വലിയ ശിലകൾ കൊണ്ട് മൂടപ്പെട്ട ചെങ്കല്ലറകളും കോതോട്ട് നിന്ന് ഒരാളെ അടക്കം ചെയ്യാവുന്നത്രയും വലിപ്പമുള്ല ഭരണികളും കണ്ടെത്തിയിട്ടുണ്ട്. മടിക്കൈയിലെ ചെരണത്തല, മേക്കാട്ട്, മലപ്പച്ചേരി തുടങ്ങിയ അടുത്തടുത്ത പ്രദേശങ്ങളിൽ കാണപ്പെടുന്ന ശാസ്താങ്കാവുകൾ മടിക്കൈയിലെ ബുദ്ധ-ജൈന അധിവാസത്തിന് അടിവരയിടുന്നു. ഇവർക്ക് പുറമെ 10-11 നൂറ്റാണ്ടുകളിൽ മടിക്കൈയിലേക്ക് ബ്രാഹ്മണ കുടിയേറ്റം നടന്നതായും കരുതപ്പെടുന്നു.
വിദ്യാഭ്യാസം
പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വ്യാപനം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഗ്രാമങ്ങളിലേക്കും പുതുവെളിച്ചം കൊണ്ട് വന്നു. ആധുനിക വിദ്യാഭ്യാസം നേടിയ അധ്യാപകരും ഇപ്പോഴത്തെ രീതിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും 1920 കൾക്ക് ശേഷം വ്യാപകമാകുകയും ദേശത്തിന്റെ ചരിത്രത്തേയും സംസ്കാരത്തെയും സ്വാധീനിച്ച നിർണ്ണായക ഘടകങ്ങളായി മാറുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രചീന രൂപങ്ങളായ "എഴുത്തൂട്ടുകൾ" മടിക്കൈയിലെ പല സ്ഥലങ്ങളിലും നില നിന്നിരുന്നു. 1920 ൽ ഏച്ചിക്കാനം ഇല്ലത്തിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയം
കേരള രാഷ്ട്രീയ ചരിത്രത്തിലേക്ക് ഒത്തിരി നേതാക്കളെയും പ്രവർത്തകരെയും സമ്മാനിച്ച ഇടമാണ് മടിക്കൈ. നിരവധി സമരങ്ങൾക്ക് മടിക്കൈയിലെ ഓരോ മൺതരിയും സാക്ഷിയാണ്. ഇതിൽ ജന്മിത്ത വിരുദ്ധ സമരത്തിനാണ് പ്രാധാന്യം."വിത്തിട്ടവൻ വിളകൊയ്യും" എന്നതായിരുന്നു ഇതിന്റെ മുദ്രാവാക്യം. 1936 ൽ മടിക്കൈയിൽ കർഷക സംഘം രൂപീകരിച്ചു. ജന്മിത്തത്തിനെതിരെ പ്രതിരോധിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം..
തൊഴിലുകൾ
ഇപ്പോഴും കേന്ദ്രീകൃതമായ ആവാസ വ്യവസ്ഥ പിൻതുടരുന്ന ഒരു തൊഴിൽ കൂട്ടമാണ് മടിക്കൈയിലെ കുശവന്മാർ. ഇവരുടെ കലങ്ങൾ ഇപ്പോഴും പ്രചാരത്തിലുണ്ട്. ഇത്തരം കലങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്. എരിക്കുളം പാടത്തെ കൃഷിയാണ് ഇവരുടെ ഉപതൊഴിൽ. മടിക്കൈയിലെ ചിലഭാഗത്ത് മൂവാരിമാർ കൂട്ടനെയ്ത്തും മാവിലന്മാർ മോതിരവള്ളി കൊണ്ട് വള്ളിക്കൂട്ടയും കോപ്പാളന്മാർ പാളതൊപ്പി നാിർമ്മാണത്തിലും ഏർപ്പെടുന്നുണ്ട്.
ഇതരസ്ഥാപനങ്ങൾ
ബീഡി വ്യവസായം, ബെസ്ക്കോട്ട് മടിക്കൈ ഹോമിയോ അശുപത്രി, മൃഗാശുപത്രി എന്നിവയാണ് മടിക്കൈയിലെ ഇതരസ്ഥാപനങ്ങൾ. 1974ൽ ബെസ്ക്കോട്ട് മടിക്കൈയിൽ നിലവിൽ വന്നു. 1994ൽ എരിക്കുളത്ത് ഹോമിയോ ആശുപത്രിയും 2001ൽ അടുക്കത്ത് പറമ്പിൽ മൃഗാശുപത്രിയും നിലവിൽ വന്നു.
ആരാധനാലയങ്ങൾ
മടിക്കൈയിൽ ഒത്തിരി ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നു. 40ഓളം ക്ഷേത്രങ്ങളും തറവാടുകളും അഞ്ച് മുസ്ലീം പള്ളികളും മടിക്കൈയിലുണ്ട്.
കന്നാടം പള്ളി
കോട്ടക്കുന്നിനും തീയർപാലത്തിനും ചുറ്റളവിലായി ഏകദേശം ഒന്നര ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കന്നാടം പള്ളി. കന്നാടം പള്ളിയ്ക്ക് ക്ഷേത്രങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. പള്ളിയ്ക്ക് തെക്ക് വടക്കായി ഖബറിനടുത്ത് സ്ഥിതി ചെയ്യുന്ന തൂക്ക് വിളക്ക് ഇതിന് ഉദാഹരണമാണ്. ഈ വിളക്കിൽ സന്ധ്യാ നേരത്ത് ഏത് മതസ്ഥനും തിരി തെളിയിക്കാം എന്നതാണ് ഇതിന്റെ പ്രാധാന്യം.
കലകൾ
തെയ്യം, ആലാമിക്കളി, പൂരക്കളി, പാട്ടുത്സവം, കളംപാട്ട്, തിടമ്പ് നൃത്തം, യക്ഷഗാനം തുടങ്ങിയവയാണ് മടിക്കൈയിൽ പ്രചാരത്തിലുള്ള കലകൾ. വടക്കെ മലബാറിന്റെ സ്വന്തം കലാ രുപമായ തെയ്യത്തിന് തന്നെയാണ് പ്രാധാന്യം. ഇവയ്ക്ക് പുറമെ കളരിയും പ്രചാരത്തിലുണ്ട്.
തെയ്യം
വളരെ വ്യത്യസ്ഥമായ ഒരു കലാ രൂപമാണ് തെയ്യം. മടിക്കൈയിലെ ക്ഷേത്രം, തറവാടുകൾ, കാവുകൾ തുടങ്ങിയവ തുലാം പത്ത് മുതൽ തെയ്യത്തിന്റെ ചിലമ്പൊലിയാൽ മുഖരിതമാകുന്നു. മടിക്കൈയിൽ പൊതുവേ മലയർ, വണ്ണാൻ, കോപ്പാളൻ, മാവിലൻ തുടങ്ങിയ വിഭാഗക്കാരാണ് തെയ്യം കെട്ടിയാടാറ്. മടിക്കൈയ്ക്ക് മാത്രം അവകാശപെട്ട തെയ്യക്കോലങ്ങളുമുണ്ട്. മടിക്കൈയിലെ കക്കാട്ട്, വാവില്ലം, മേക്കാട്ട് എന്നിവിടങ്ങളിൽ മാത്രം കെട്ടിയാടുന്ന കണ്ടം ഭദ്ര, മലപ്പച്ചേരിയിൽ മാത്രമുള്ള മാനക്കോടച്ചി, അതുപോലെ മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിരൂപമായ ഉമച്ചിതെയ്യം എന്നിവ ഉദാഹരണം.
ആധുനികതയിലേക്ക്
മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ 1950 കൾക്ക് ശേഷമാണ് മടിക്കൈയിലും ആധുനിക വത്കരണം പൂർണ്ണമായ രീതിയിൽ സാധ്യമാകാൻ തുടങ്ങിയത്. 1950 ൽ മടിക്കൈയിൽ ആദ്യമായി ജനകീയ പഞ്ചായത്ത് രൂപീകരിച്ചു. കനിംകുണ്ടിൽ അപ്പു കാരണവരായിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. ചെറിയ ഇടവഴികൾ മാത്രമായിരുന്ന മടിക്കൈയിലെ സഞ്ചാര പാതകൾ ഇപ്പോൾ റോഡുകളായി മാറി. സാം,സ്കാരിക മേഖലയിലും മടിക്കൈ ഇന്ന് മുൻപന്തിയാലാണ്.