ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/പുത്തൻ പ്രതീക്ഷകളുമായി രണ്ട് മത്സ്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പുത്തൻ പ്രതീക്ഷകളുമായി രണ്ട് മത്സ്യങ്ങൾ

കവ്വായിക്കായലിലെ സ്നേഹിതരായ രണ്ട് മത്സ്യങ്ങൾ ആണ് അഴകനും പൂവാലിയും. ഇവർക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം എന്ന് വെച്ചാൽ അത് യാത്രയാണ്. പ്രകൃതിയെ ആസ്വദിക്കുക. ഇത്തവണ അവർ പോകാൻ തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലം ശൂലാപ്പ് കാവ് ആണ്. ശൂലാപ്പ് കാവിനെ കുറിച്ച് അവർ ഒരുപാട് കേട്ടിട്ടുണ്ട്. ജൈവ സമ്പന്നവും വളരെ മനോഹരവുമായ ആ സ്ഥലം കാണാൻ അഴകനും പൂവാലിയും ഒരു പാട് കൊതിച്ചിട്ടുണ്ട്.

സന്തോഷത്തോടെ അവർ യാത്ര പുറപ്പെട്ടു. പക്ഷേ അവർക്ക് ഉള്ളിൽ നല്ല ഭയമുണ്ടായിരുന്നു. ജലജീവികളേക്കാൾ അവർ ഭയപ്പെട്ടിരുന്നത് മനുഷ്യരെയായിരുന്നു. "പൂവാലീ, ആദ്യമൊക്കെ മുട്ടയിടാൻ പോയിരുന്ന നെടുംചൂരി മത്സ്യങ്ങൾ പേടിച്ചിരുന്നത് മുതലകളെയും മീൻകൊത്തികളേയും നീർനായ്ക്കളെയും ഒക്കെയായിരുന്നു. ഇപ്പോൾ ഇവരുടെയൊക്കെ വംശം തന്നെ മനുഷ്യൻ ഇല്ലാതാക്കിയിരിക്കുന്നു. ഇപ്പോൾ നമുക്ക് ശത്രു മനുഷ്യൻ മാത്രമേ ഉള്ളൂ. നമുക്ക് മാത്രമല്ല പ്രകൃതിയുടെ തന്നെ ശത്രുവാണ് മനുഷ്യൻ." "ശരിയാ അഴകാ, എന്തൊക്കെ ദുഷ്ടത്തരങ്ങളാണ് മനുഷ്യൻ കാണിച്ചുകൂട്ടുന്നത്! എന്നിട്ട് അതിന്റെയൊക്കെ പേര് വികസനം. എനിക്ക് ഇതൊന്നും മനസ്സിലാകുന്നില്ല, പൂവാലീ"

യാത്ര തുടങ്ങി. ഇപ്പോൾ പകുതി ദൂരമെങ്കിലും ആയിക്കാണും . ഇതുവരെയും അവർ സന്തോഷത്തോടെയാണ് യാത്ര ചെയ്തത്. മനുഷ്യരുടെ ഒരു ആക്രമണവും ഉണ്ടായില്ല. അഴകന് നെഞ്ചിടിപ്പേറി വന്നു. ശൂലാപ്പ് കാവിലെത്താനായി . അഴകന് അതിയായ സന്തോഷം തോന്നി. ഇതുവരെയും ഒരു ആപത്തും കൂടാതെ എത്തിച്ചതിന് അഴകനും പൂവാലിയും ശൂലാപ്പ് ദേവിയോട് നന്ദി പറഞ്ഞു. അപ്പോഴാണ് അവർ ഒരു തവളയെ കണ്ടത്. അവർ പരിചയപ്പെട്ടു. അഴകനും പൂവാലിയും തവള പറഞ്ഞപ്പോഴാണ്, ഇതുവരെയും മനുഷ്യൻറെ ക്രൂരതകൾ നേരിടാത്തതിൻറെ കാരണം അറിഞ്ഞത്. മനുഷ്യർക്ക് എന്തോ ഒരു മഹാവ്യാധി ബാധിച്ചിരിക്കുന്നു. അത് കാരണമാണ് അവർ പുറത്തിറങ്ങാതെ വീടുകളിൽ അടച്ചിരിക്കുന്നത്. "വീടുകളിൽ അടങ്ങി ഇരിക്കാതെ അതിവേഗം പകരുന്ന ഈ മഹാമാരിയെ തടയാൻ മനുഷ്യർക്ക് വേറെ ഒരു മാർഗ്ഗവുമില്ലത്രേ." തവള പറഞ്ഞു, "എത്ര ദിവസം നീളും എന്ന് അറിയില്ല പക്ഷേ ഇത് അവന് ഒരു പാഠമാണ്".

ലോകം മുഴുവനും അടക്കി വാഴണം എന്ന അവൻറെ ദുരാഗ്രഹം ശരിയല്ലെന്ന് ദൈവം കാണിച്ചു കൊടുക്കുന്ന പാഠം. ഭൂമിയിലെ സകല ജന്തുജാലങ്ങളും അവന് കീഴിൽ ആണെന്ന വിശ്വാസം തകർക്കുന്ന പാഠം. പ്രകൃതി നമ്മളെ പോലുള്ളവർക്ക് വാസയോഗ്യമല്ലാത്തതാക്കുന്ന മനുഷ്യന് അവൻറെ ആഗ്രഹത്തിന് നൽകുന്ന പാഠം. ഈ പരിസരം ഇത്രയും മലിനമാക്കിയതിന്, ശോചനീയമാക്കിയതിന് എല്ലാം ഒരുപാഠമാണിത്. പക്ഷേ എന്ത് കാര്യം. ഒരു കാര്യവുമില്ല. അവൻ ഇതിനെയും കീഴടക്കും. അത് നല്ലത് തന്നെ. പക്ഷേ വീണ്ടും അതിജീവിച്ച് വരുന്ന മനുഷ്യന് അവൻറെ ദുഷ്ട മനസ്സ് മാറ്റാൻ പറ്റുമോ? വീണ്ടും അവൻ പ്രകൃതിയോട് ഇതൊക്കെ തന്നെ ചെയ്യും.

അഴകനും പൂവാലിയും തവളയും ശൂലാപ്പ് കാവിലെത്തി. മനുഷ്യൻ തിന്നുന്ന ബാക്കി ഇപ്പോൾ ആ കാവിൽ അവശേഷിക്കുന്നു. കുറച്ച് ദിവസം മനുഷ്യൻ വീട്ടിൽ ഇരുന്നപ്പോൾ തന്നെ പ്രകൃതി മനോഹരിയായിരിക്കുന്നു. പ്രകൃതി വീണ്ടും തളിർക്കുന്നു. പരിസരം പഴയപോലെ ഊർജസ്വലവും ഊഷ്മളവും ആയിരിക്കുന്നു. പ്രകൃതിയുടെ വരദാനമായ സ്വച്ഛമായ ശുദ്ധജലം ദൃശ്യമാകുന്നു.

പൂവാലിയും അഴകനും തവളയോട് യാത്ര പറഞ്ഞു കവ്വായി കായലിലേക്ക് തിരിച്ചുപോയി. മനുഷ്യൻറെ മനസ്സ് മാറണമെന്ന്, പ്രകൃതിക്ക് പുതുജീവൻ നൽകണമെന്ന് അഴകനും പൂവാലിയും പ്രാർത്ഥിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ തവളയും അതുതന്നെയാവും ഓർത്തിരിക്കുക എന്ന് തവളയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിലൂടെ അവർക്ക് മനസ്സിലായി.



പ്രിയംവദ എം കെ
9 A ജി എച്ച് എച്ച് എസ് ഒതുക്കുങ്ങൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ